മാസങ്ങൾക്കു ശേഷം എതിരാളികളുടെ വലയിൽ ആദ്യം പന്തെത്തിച്ച് തിരിച്ചുവരവ് പ്രഖ്യാപിച്ച ടോട്ടൻഹാമിന് ആധികാരിക ജയം. ഹാരി കെയ്ൻ ഡബ്ളടിച്ചും സൺ ഹ്യൂങ് മിൻ ഒന്നടിച്ചും തിളങ്ങിയ പ്രിമിയർ ലീഗ് മത്സരത്തിലാണ് ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത നാലുഗോളിന് ടീം മുക്കിയത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷമായിരുന്നു ക്രിസ്റ്റൽ പാലസ് വല നാലുവട്ടം കുലുങ്ങിയത്. ഇവാൻ പെരിസിച്ച് നൽകിയ ക്രോസിൽ ഉയർന്നുചാടി 48ാം മിനിറ്റിൽ കെയിനാണ് ഗോൾവേട്ട തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബർ 15നു ശേഷം ആദ്യമായാണ് ഒരു ടീമിനെതിരെ ഹോട്സ്പർ ഗോളടിച്ച് ലീഡ് പിടിക്കുന്നത്. അതിനു ശേഷം ഇതുവരെ 10 കളികളിലും എതിരാളികളായിരുന്നു ആദ്യം സ്കോർ ചെയ്തത്. മുൻനിരയിൽ അതിവേഗവുമായി ഓടിക്കളിച്ച കെയ്ൻ തന്നെ അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ആതിഥേയ വല തുളച്ചു. ബ്രയാൻ ഗിൽ നൽകിയ പാസിലായിരുന്നു അനായാസ ഗോൾ. ക്ലബിനായി ഇതോടെ താരത്തിന്റെ ഗോൾ സമ്പാദ്യം 264 ആയി- ജിമ്മി ഗ്രീവ്സിന്റെ പേരിലുള്ള റെക്കോഡിനൊപ്പമെത്താൻ രണ്ടു ഗോൾ കൂടി മതി.
പിന്നെയും ഹോട്സ്പർ രണ്ടുവട്ടം ലക്ഷ്യം കണ്ടതിലും കെയ്ൻ സാന്നിധ്യമുണ്ടായിരുന്നു. സൺ ഹ്യൂങ് മിന്നിന് താരം നൽകിയ പാസാണ് ഡൊഹെർട്ടി വലയിലെത്തിച്ചതെങ്കിൽ തൊട്ടുപിറകെ സൺ തന്നെയടിച്ച ഗോളിന് സഹായമൊരുക്കിയതും ഇംഗ്ലണ്ട് ദേശീയ ടീം നായകനായിരുന്നു.
കെയ്ൻ മാസ്മരിക ഫോമിലേക്ക് തിരിച്ചെത്തിയതും സൺ ഗോളടിച്ചതുമടക്കം ടോട്ടൻഹാമിന് ഏറെ പ്രതീക്ഷ നൽകിയ ദിനമായിരുന്നു ബുധനാഴ്ച. ഏറെയായി ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച സൺ സ്കോർഷീറ്റിൽ ഇടം പിടിച്ചതോടെ ടീമിന്റെ മുന്നേറ്റത്തിന് മൂർച്ച കൂടും. കഴിഞ്ഞ സീസൺ ഗോൾഡൻ ബൂട്ടിനുടമയായിരുന്നു സൺ.
മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണെ കടന്നപ്പോൾ വെസ്റ്റ്ഹാം- ലീഡ്സ് മത്സരവും (2-2) ആസ്റ്റൺ വില്ല- വുൾവ്സ് പോരാട്ടവും (1-1) സമനിലയിൽ പിരിഞ്ഞു.
17 കളികളിൽ 44 പോയിന്റുമായി ആഴ്സണലാണ് പോയിന്റ് നിലയിൽ ഒന്നാമത്. 16 കളികളിൽ 36 പോയിന്റ് എടുത്ത് മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 18 കളി പൂർത്തിയാക്കി 35 പോയിന്റുമായി ന്യൂകാസിൽ മൂന്നാം സ്ഥാനത്തുമുണ്ട്. അത്രയും പോയിന്റുള്ള യുനൈറ്റഡ് നാലാമതും 18 കളികളിൽ 33 പോയിന്റുമായി ടോട്ടൻഹാം അഞ്ചാമതുമാണ്. ആറാമന്മാരായ ലിവർപൂളിന് 28 പോയിന്റാണ്. ഓരോ മത്സരവും കടുത്ത പോരാട്ടമായി മാറിയ ലീഗിൽ ആദ്യ നാലിൽ ഇടമുറപ്പിക്കാമെന്ന സ്വപ്നം ചെൽസി ഉപേക്ഷിച്ച മട്ടാണ്. 25 പോയിന്റുമായി നിലവിൽ 10ാം സ്ഥാനത്താണ് ടീം. കഴിഞ്ഞ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന വെസ്റ്റ് ഹാം ഉൾപ്പെടെ ടീമുകൾ ഇത്തവണ ഏറെ പിറകിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.