??????????? ?? ??????

ആശങ്കയോടെയാണ്​​ ൈവകുന്നേരം നാലര കഴിഞ്ഞ് ഇസ്​തംബൂൾ നഗര സിരാകേ​ന്ദ്രമായ തക്​സിമിൽ നിന്ന്​ മെട്രോ കയറിയത്​. സൂര്യനസ്​തമിക്കുന്നതിന്​ മുമ്പ്​ ലക്ഷ്യത്തിലെത്തണം. ഇല്ലെങ്കിൽ ഒരു ആയുഷ്​കാലത്തെ സ്വപ്​നം അങ്ങനെ ത​െന്ന ശേഷിക്കും. അഞ്ചരക്ക്​ സൂര്യനസ്​തമിക്കുന്ന ഡിസംബറാണ്​ കാലം. ലക്ഷ്യം സുൽത്താൻ അഹമദ്​ മേഖല. അവിടെയാണ്​ ലോക വിസ്​മയമായ അയ സോഫിയ സ്​ഥിതിചെയ്യ​ുന്നത്​. അസ്​തമയത്തിന്​ മുമ്പ്​ അവിടെ എത്തുമോ എന്ന ആധിയിലാണ്​ യാത്ര.

തുർക്കിയിലെ ഇസ്​തംബൂളിൽ താമസിച്ച കുറഞ്ഞദിവസങ്ങൾക്കുള്ളിൽ ​മൂന്നുതവണയെങ്കിലും ഇവിടേക്ക്​ വന്നിരുന്നു​. കുട്ടിക്കാലം മു​തലേ വായിച്ച്​ വിസ്​മയിച്ച ആ മന്ദിരം കാണാൻ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയിരുന്നില്ല. ആദ്യസന്ദർശനത്തിൽ തന്നെ മന്ദിരത്തിനുള്ളിൽ കയറി കൺനിറയെ കണ്ടതാണ്​. ഒന്നര സഹസ്രാബ്​ദം പഴക്കമുള്ള അയ സോഫിയയുടെ ഇ​രുണ്ട തളങ്ങളിലേക്ക്​ കിഴക്കൻ ചില്ലുജനാലകൾ വഴി ഉദയ സൂര്യ​​​​​െൻറ പൊൻകിരണങ്ങൾ വീഴുന്ന സമയമായിരുന്നു അത്​. നൂറ്റാണ്ടുക​േ​ളറെ പഴക്കമുള്ള ബൈസാന്തിയൻ, ഒ​ാ​​േട്ടാമൻ തൂക്കുവിളക്കുകളിലും അലങ്കാര വസ്​തുക്കളിലും സൂര്യപ്രകാശം അഭൗമമായ ഒരു പ്രഭ തീർക്കുന്നു.

ഉണ്ണിയേശുവിനെ മടിയിലിരുത്തിയ കന്യാമറിയത്തി​​​​​െൻറ ചിത്രം കിഴക്കൻ മച്ചിൽ അവ്യക്​തമായി കാണാം. മാലാഖമാരുടെയും ബൈബിൾ കഥകളുടെയും ചിത്രീകരണവും മച്ചിൽ പലയിടത്തും. ഒാ​േട്ടാമൻ കരവിരുതിൽ ഒരുങ്ങിയ മുസ്​ലിം ശേഷിപ്പുകൾ. വലിയ വെങ്കല പാളികളിൽ അല്ലാഹുവി​​​​​െൻറയും പ്രവാചക​​​​​െൻറയും ഖലീഫമാരുടെയും പേര്​ സ്വർണ വർണത്തിൽ ആലേഖനം ചെയ്​തിരിക്കുന്നു.

 

രണ്ടാം നിലയിലേക്ക്​ നടന്നുകയറിയാൽ ഇസ്​തംബൂൾ പട്ടണത്തി​​​​​െൻറയും മർമര കടലിടുക്കി​​​​​െൻറയും വിദൂരകാഴ്​ച കൂറ്റൻ ജനവാതിലുകൾ വഴി ലഭ്യമാകും. രണ്ട്​ മണിക്കൂറിലേറെ ആ മഹാമന്ദിരത്തിനുള്ളിൽ ചെലവിട്ടു. പക്ഷേ, ഇറങ്ങാൻ തോന്നുന്നില്ല. അതിഗംഭീരവും സംഭവബഹുലവുമായ ബൈസാന്തിയൻ, ഒാ​േട്ടാമൻ ചരിത്രവും ഇസ്​തംബൂളി​​​​​െൻറ അത്​ഭുതജനകമായ ചരിത്രവും മനസ്സിൽ അലയടിച്ചുകൊ​േണ്ടയിരുന്നു. ഇൗ ചരിത്രമൊക്കെയും കണ്ട മന്ദിരമാണിത്​. എങ്ങനെ ഇവിടെ നിന്നിറങ്ങും. പക്ഷേ, തിരക്കേറിയ ഷെഡ്യൂൾ ആണ്​ അന്ന്​ രാവിലത്തേത്​. മനസ്സില്ലാമനസ്സോടെ അയ സോഫിയയുടെ കുളിർ തണലിൽനിന്ന്​ തിളങ്ങുന്ന സൂര്യപ്രകാശത്തിലേക്ക്​ ഇറങ്ങി. നല്ലവെയിലാണെങ്കിലും തണുപ്പാണ്​.

അടുത്ത ദിവസങ്ങളിൽ പിന്നെയും വന്നു, ഇൗ മന്ദിരംകാണാൻ. വെറുതെ ഇതി​​​​​െൻറ മുന്നിൽ വന്നൊന്നുനിൽക്കാൻ യാത്രകളൊക്കെയും കഴിയുന്നത്ര ഇൗ വഴി തിരിച്ചുവിട്ടു. പക്ഷേ, അതൊക്കെയും പകൽ നേരങ്ങളിലായിരുന്നുവെന്ന്​ മാത്രം. അപ്പോ​ഴൊക്കെയും ഒരു ആഗ്രഹം മനസ്സിൽ നിന്ന്​ പോയിരുന്നില്ല. സായന്തനങ്ങളിൽ അയ സോഫിയ സവിശേഷമായ ഒരു അഭൗമഭാവം സ്വയം വാരിയണിയുമെന്ന്​ എവിടെയോ വായിച്ചിരുന്നു. അസ്​തമയ സൂര്യ​​​​​െൻറ കിരണങ്ങൾ ചുവപ്പുകല്ലിൽ തീർത്ത മന്ദിരത്തിൽ വീഴു​േമ്പാൾ അതിന് പ്രത്യേകമായൊരു സൗന്ദര്യം കൈവരുമത്രെ. സൂര്യാസ്​മയത്തി​ന്​ തൊട്ടുമുമ്പാണ്​ ആ കാഴ്​ച. അതുകാണാൻ സഞ്ചാരികൾ തടിച്ചുകൂടും. കഴിഞ്ഞ 1500​ വർഷങ്ങളിലെ പലലക്ഷം സായന്തനങ്ങളിൽ ഇൗ ദൃശ്യം ആവർത്തിച്ചിട്ടുണ്ടാകും. ബൈസാന്തിയൻ ചക്രവർത്തിമാരായ ജസ്​റ്റീനിയനും ബാസിലും ബാൾഡ്​വിൻ ഒന്നാമനും ഒാ​േട്ടാമൻ സുൽത്താൻമാരായ ​മെഹ്​മത്​ രണ്ടാമനും സുലൈമാനും ഇക്കണ്ടകാലങ്ങളിൽ ഇസ്​തംബൂളിൽ ജീവിക്കുകയും സന്ദർശിക്കുകയും ചെയ്​ത എത്രയെ​ത്ര​േയാ മനുഷ്യരും ആ കാഴ്​ച കണ്ടിരിക്കാം. ആ കാഴ്​ചയൊന്ന്​ എനിക്കും കാണണം.

ചെരിപ്പുകുത്തിയുടെ പ്രത്യുപകാരം
ഇസ്​തംബൂളിലെ അവസാന ദിനമാണിത്​. അർധരാത്രിക്കാണ്​ മടക്ക വിമാനം. ഇന്ന്​ കണ്ടില്ലെങ്കിൽ ഇനിയൊരിക്കലുമില്ല. ഇൗ ജീവിത കാലത്ത്​ ഇനി ഇൗ നഗരത്തിലേക്ക്​ ഒരു മടക്കം ഉണ്ടാകുമോ എന്ന്​ ഇൗശ്വരനുമാത്രം അറിയാം. ഒാരോ സ്​റ്റോപ്പിലും നിർത്തി മെ​േട്രാ സാ മട്ടിൽ മുന്നോട്ട്​. സമയം ​ൈവകുകയാണ്​. നിമിഷങ്ങൾ വൈകിയാൽ എന്നെന്നേക്കുമായി ആ കാഴ്​ച നഷ്​ടപ്പെ​േട്ടക്കാം. സൂര്യപ്രകാശം വേഗം ഒഴിയുകയാണോ, അതോ ആശങ്ക കൊണ്ട്​തോന്നുന്നതോ. ​

എങ്ങനെയൊക്കെയോ അയ സോഫിയ സ്​ഥിതിചെയ്യുന്ന സുൽത്താൻ അഹ്​മത്​ സ​്​റ്റേഷനിൽ മെട്രോ എത്തി. കുറച്ചുദൂരം ഒരു ഉദ്യാനത്തിലൂടെ നടന്നാലെ അവിടെയെത്തു. കൈയിലെ കാമറ ബാഗുമായി അതിവേഗം അവിടേക്ക്​ ഒാട്ടം തുടങ്ങി. അപ്പോഴേക്കും തൊട്ടുപിന്നിൽ മെട്രോ സ്​റ്റേഷനിൽ നിന്നുള്ള അനൗൺസ്​മ​​​​െൻറ്​ കേട്ടു. അടുത്ത മെട്രോ നിമിഷങ്ങൾക്കുള്ളിൽ സ്​റ്റേഷനിൽ എത്തും. ഇതുകേട്ടപാടെ ഉദ്യാനത്തിലെ ഒരു മരച്ചുവട്ടിൽ ഇരുന്ന ചെരുപ്പുകുത്തി ത​​​​​െൻറ ബാഗ്​ ഒക്കെ തിരക്കിട്ട്​ കെട്ടിയെടുക്കുന്നത്​ ഒാട്ടത്തിനിടയിൽ കണ്ടു. അയാളുടെ വീട്ടിലേക്കുള്ള അവസാന സർവിസ്​ ആകാം.

തിരക്കിനിടയിൽ അയാളുടെ ഒരു ​േപാളിഷ്​ബ്രഷ്​ നിലത്ത്​ വീണു. ആശാൻ അതുകാണുന്നില്ല. ബാഗി​​​​​െൻറ സിപ്പ്​ വലിച്ചിട്ട്​ അയാൾ സ്​റ്റേഷനിലേക്ക്​ പായാനുള്ള തിടുക്കത്തിലാണ്​. അഭിമുഖമായി ഒാടി വന്ന അ​യാളുടെ കൈയിൽ പിടിച്ച്​നിർത്തി, ബ്രഷ്​ വീണത്​ കാണിച്ചുകൊടുത്തു. വേഗത്തിൽ മരച്ചുവട്ടിലേക്ക്​ പാഞ്ഞ അയാൾ ബ്രഷ്​ എടുത്ത്​ ബാഗിലിട്ട്​ നന്ദി പറഞ്ഞ്​ സ്​റ്റേഷനിലേക്ക്​ പോയി. അപ്പോഴേക്കും അയ സോഫിയ ലക്ഷ്യമാക്കിയുള്ള എ​​​​​െൻറ ഒാട്ടം പുനരാരംഭിച്ചിരുന്നു. 

ഏതാനും ചുവടുകൾ മുന്നോട്ടുപോയില്ല. ആരോ തോളിൽ പിടിച്ചുനിർത്തി. തിരിഞ്ഞുനോക്കു​േമ്പാൾ ആ ചെരുപ്പുകുത്തി. എന്താണെന്ന ഭാവത്തിൽ ​നോക്കു​േമ്പാൾ അയാൾ ചിരിക്കുന്നു. ‘നിങ്ങൾ എനിക്ക്​ ഒരു ഉപകാരം ചെയ്​തു, പ്രത്യുപകാരത്തിന്​ എനിക്ക്​ അവസരം നൽകൂ’ എന്ന്​ സ്​ഫുടമായ ഇംഗ്ലീഷിൽ അയാൾ പറഞ്ഞു. അതി​​​​​െൻറ ആവശ്യമില്ല, നിങ്ങൾ​ പൊയ്​ക്കോളു എന്ന മറുപടി അയാ​െള തൃപ്​തനാക്കിയില്ല. ഏതുവിധേനയും നന്ദി പ്രകടിപ്പി​ച്ചി​േട്ട പോകൂ എന്ന്​ അയാളും ആവശ്യമില്ലെന്ന്​ ഞാനും. തർക്കത്തിനിടെ അയാളുടെ മെട്രോ എത്തി. അത്​ ചൂണ്ടിക്കാട്ടിയിട്ടും അയാൾ വിടാൻ ഒരുക്കമല്ല. 

പോളിഷ്​ ചെയ്യാനുള്ള തരത്തിലുള്ളത്​ അല്ല എ​​​​​െൻറ ഷൂ എന്ന്​ പറഞ്ഞൊഴിയാൻ ശ്രമിച്ചപ്പോൾ എന്നാൽ പൊടി തട്ടി വൃത്തിയാക്കാമെന്നായി. സമയം കഴിഞ്ഞുപോകുകയാണ്​. സൂര്യൻ ഏതാണ്ട്​ അസ്​തമിക്കാറായിരിക്കുന്നു. പ്രകാശം കുറഞ്ഞുവരുന്നു. ഇയാളാണെങ്കിൽ വിടുന്നുമില്ല. ഒടുവിൽ അയാളോട്​ പറഞ്ഞു. ‘ഇരുട്ടും മുമ്പ്​ ഹഗിയ സോഫിയയുടെ പടം എടുക്കാൻ വന്നതാണ്​, ഇന്ന്​ രാത്രി തന്നെ മടങ്ങണം, ദയവായി വിടണം’... അയാൾ കൈയിലെ പിടിവിട്ടു. തിരിഞ്ഞുനോക്കാതെ ഞാൻ അയ സോഫിയക്ക്​മുന്നിലേക്ക്​ പാഞ്ഞു. പിന്നിൽനിന്ന്​ ഇംഗ്ലീഷിലും ടർക്കിഷിലും നന്ദി വാക്കുകൾ പ്രവഹിക്കുന്നത്​ ഏറെനേരം കേട്ടു. അയ സോഫിയക്ക്​ മുന്നിലെത്തിയപ്പോൾ ജനസാഗരം. എല്ലാവരും ആ മഹാമന്ദിരത്തിലേക്ക്​​ നോക്കി ആശ്ചര്യംപൂണ്ട്​ നിൽക്കുകയാണ്​. അസ്​തമയ കിരണങ്ങൾ മിനാരങ്ങളിലും എടുപ്പുകളിലും എന്തൊക്കെയോ ചിത്രപണികൾ നടത്തുന്നു. ഹഗിയസോഫിയ ഇപ്പോഴൊരു തങ്കശൈലം പോലെ തിളങ്ങുന്നു, തിളക്കുന്നു. ജീവിതത്തിലെ ഏറ്റവും അമൂല്യമായ കാഴ്​ചകളിലൊന്നിൽ സ്വയംമറന്ന്​ അവിടെനിന്നു.

രാജസ്​ഥാനം
എന്താണ് അയ സോഫിയ. എന്തല്ല എന്ന് പറയുകയായിരിക്കും കൂടുതൽ എളുപ്പം. പൗരസ്​ത്യ ഓർത്തഡോക്സ്​ കത്തീഡ്രൽ, പാത്രിയാർക്കീസി​​​​െൻറ ആസ്​ഥാനം, കത്തോലിക്ക കത്തീഡ്രൽ, ചക്രവർത്തിമാരുടെ സ്​ഥാനരോഹണസ്​ഥാനം, ജുമാമസ്​ജിദ്, മ്യൂസിയം... ഇസ്​തംബൂളിലെ അയ സോഫിയയെന്ന മഹാമന്ദിരത്തി​​​​െൻറ വിശേഷണങ്ങൾ ഇവയിലൊതുങ്ങില്ല. ബൈസാൻറിയൻ വാസ്​തുവിദ്യയുടെ മകുടോദാഹരണമായി ഒന്നര സഹസ്രാബ്​ദത്തിലേറെയായി നിലകൊള്ളുന്ന ഈ കെട്ടിടം യുനെസ്​കോ ലോകപൈതൃക സ്​ഥാനം കൂടിയാണ്.

എ.ഡി 537 ൽ ബൈസാൻറിയൻ ചക്രവർത്തിയായ ജസ്​റ്റീനിയൻ നിർമിച്ചതാണ് ഇപ്പോൾ കാണുന്ന ആഷ്​ലർ കല്ലിലും ഇഷ്​ടികയിലും പടുത്ത കെട്ടിടം. ഇതിന് മുമ്പ് രണ്ടുകൂറ്റൻ ദേവാലയങ്ങൾ ഇതേ സ്​ഥാനത്ത് നിലനിന്നിരുന്നു. 360ൽ കോൺസ്​റ്റാൻറിയസ്​ രണ്ടാമ​​​​െൻറ കാലത്ത് പണിപൂർത്തിയാക്കിയ കെട്ടിടം 404ൽ തകർക്കപ്പെട്ടു. രണ്ടാം ഹഗിയ സോഫിയ 415ൽ തിയഡോഷ്യസ്​ രണ്ടാമൻ നിർമിച്ചതാണ്. 532ൽ അതും അഗ്നിക്കിരയായി. ബൈസാൻറിയൻ സാമ്രാജ്യത്തിലെ ആഭ്യന്തര കലാപങ്ങളിലാണ് രണ്ടുകെട്ടിടങ്ങളും തകർക്കപ്പെട്ടത്. രണ്ടാം കെട്ടിടത്തിലെ തീ അണഞ്ഞതിന് പിന്നാലെ ആഴ്ചകൾക്കുള്ളിൽ അതേ സ്​ഥലത്ത് അതിലും മഹത്തായൊരു കെട്ടിടത്തിന് ജസ്​റ്റീനിയൻ ചക്രവർത്തി ഉത്തരവിട്ടു.

ബൈസാൻറിയൻ സാമ്രാജ്യത്തിലെ വാസ്​തുവിദ്യ പ്രമാണിമാരെ ഇവിടേക്ക് വിളിച്ചുവരുത്തി. ഏറ്റവും മികച്ച ശിലകളും മാർബിളുകളും കൊണ്ടുവരപ്പെട്ടു. വിശാലമായ സ്​ഥലമേഖലയിൽ യൂറോപ്പ് അതുവരെ കണ്ടിട്ടില്ലാത്ത വലിപ്പത്തിലുള്ള മന്ദിരം നിർമിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. ഗ്രീക്ക് ഗണിത ശാസ്​ത്രജ്ഞനും എൻജിനീയറുമായ അലക്സാൻഡ്രിയയിലെ ഹീറോയുടെ പ്രമാണങ്ങൾ അനുസരിച്ചാണ് കൂറ്റൻ മകുടത്തോട് കൂടിയ ദേവാലയത്തി​​​​െൻറ പണി പൂർത്തിയാക്കിയത്. പതിനായിരത്തിലേറെ ജോലിക്കാർ ആറുവർഷത്തോളം അഹോരാത്രം ഇതിനായി പണിയെടുത്തു. 537 ഡിസംബർ 27ന് വൻ ആഘോഷത്തോടെ മന്ദിരം വിശ്വാസികൾക്കായി തുറന്നുകൊടുത്തു.

ദേവലായം എന്നതിലുപരി ബൈസാൻറിയൻ ചക്രവർത്തിമാരുടെ സ്​ഥാനാരോഹണ സ്​ഥാനവും ആയി, പിൽക്കാലത്ത് അയ സോഫിയ. ഭൂമികുലുക്കത്തിലും മറ്റും പലതവണ കേടുപാടുകൾ പറ്റിയെങ്കിലും അടിസ്​ഥാന ഘടനാകൃതിക്ക് മാറ്റമൊന്നും ഉണ്ടായില്ല. മകുടങ്ങളും മിനാരങ്ങളും സ്​തംഭങ്ങളും പലകാലങ്ങളിൽ അറ്റകുറ്റപ്പണിക്ക് വിധേയമായി. ഈ കാലങ്ങളിൽ മന്ദിരം കൈമറിഞ്ഞുകൊണ്ടേയിരുന്നു.

സഭകളിൽനിന്ന് സഭകളിലേക്ക്, വിശ്വാസങ്ങളിൽനിന്ന് വിശ്വാസങ്ങളിലേക്ക്. കോൺസ്​റ്റാൻറിനോപ്പിളിലെ ഓർത്തഡോക്സ്​ പാത്രിയാർക്കീസി​​​​െൻറ ആസ്​ഥാനമായിരുന്നു തുടക്കത്തിൽ. ഗ്രീക്ക് ഓർത്തഡോക്സ്​, റോമൻ കാത്തലിക്, വീണ്ടും ഗ്രീക്ക് ഓർത്തഡോക്സ്​. അവകാശികൾ മാറിവന്നു. സുൽത്താൻ മെഹ്മദ് രണ്ടാമ​​​​െൻറ നേതൃത്വത്തിൽ 1453ൽ ഉസ്​മാനി സാമ്രാജ്യം കോൺസ്​റ്റാൻറിനോപ്പിൾ പിടിച്ചതോടെ രാജകീയ മസ്​ജിദായി അയ സോഫിയ രൂപംമാറി. 1935ൽ തുർക്കി പ്രസിഡൻറ് മുസ്​തഫ കമാൽ അതാതുർക്ക് ഇതിനെ ഒരു മ്യൂസിയം ആയി പ്രഖ്യാപിച്ചു.

വെണ്ണക്കൽത്തറകളിലെ ചിത്രങ്ങൾ
ബൈസാൻറിയൻ വാസ്​തുകലയുടെയും പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ട ഉസ്​മാനി ശൈലിയുടെയും മനോഹര ലയമാണ് അയ സോഫിയ. സുൽത്താൻ അഹ്മദ് മൈതാനത്തിന് വടക്ക്, ടോപ്കാപി കൊട്ടാരത്തോട് ചേർന്നാണ് ഇതി​​​​െൻറ സ്​ഥാനം. എത്രയോ തലമുറകൾ നടന്ന് പതംവന്ന മാർബിളുകൾ പാകിയ ഇടനാഴി കടന്നുവേണം അകത്തളത്തിലേക്കെത്താൻ. ഇടനാഴിയുടെ നീളൻ മതിലുകളിൽ മധ്യകാലരചനാ സങ്കേതങ്ങൾ ഉപയോഗിച്ച് വരച്ച ചുവർചിത്രങ്ങൾ. ചക്രവർത്തിയുടെ കവാടം എന്നറിയപ്പെടുന്ന മൂന്നാം വാതിൽ വഴി മധ്യഭാഗത്തേക്ക് കടക്കാം.

നൂറുക്കണക്കിന് തൂക്കുവിളക്കുകൾ ചൊരിയുന്ന പ്രഭയിൽ കുളിച്ചുനിൽക്കുന്ന ഭീമാകാരമായ അകത്തളം. ചുവരുകളിലെ എണ്ണമില്ലാത്ത സ്​ഫടികജാലകങ്ങൾ ഭേദിച്ചുവരുന്ന സൂര്യരശ്മികൾ വെണ്ണക്കൽത്തറകളിൽ ചിത്രം വരക്കുന്നു. മച്ചിലും തൂണുകളിലും ൈക്രസ്​തവ ബിംബങ്ങളുടെ ചിത്രീകരണം. മുസ്​ലിം പള്ളിയാക്കി മാറ്റിയപ്പോൾ ചായമടിച്ച് മറച്ച ഈ ചിത്രങ്ങൾ പിൽക്കാലത്ത് വീണ്ടെടുത്തതാണ്. അതുകൊണ്ട് തന്നെ അംഗഭംഗം ബാധിച്ച നിലയിലാണ് പലതും. യേശുക്രിസ്​തു, കന്യാമറിയം, ഗബ്രിയേൽ മാലാഖ, ഉണ്ണിയേശുവുമൊത്തിരിക്കുന്ന കന്യാമറിയം, മറ്റുൈക്രസ്​തവ പ്രധാനികൾ എന്നിവരെ ആലേഖനം ചെയ്ത ചിത്രങ്ങൾ എങ്ങും കാണാം.

തൂണുകളിൽ ഇസ്​ലാമിക ചിഹ്നങ്ങൾ ആലേഖനം ചെയ്ത പടുകൂറ്റൻ വെങ്കല പ്ലേറ്റുകൾ. ‘അല്ലാഹ്’, ‘മുഹമ്മദ്’ എന്നിവയാണ് പ്രധാന രണ്ടുതൂണുകളിലെ പ്ലേറ്റുകളിൽ എഴുതിയിരിക്കുന്നത്. നാല്​ ഖലീഫമാരുടെയും പ്രവാചക​​​​​െൻറ ചെറുമക്കളായ ഹസൻ, ഹുസൈൻ എന്നിവരുടെയും നാമം ആലേഖനം ചെയ്ത പ്ലേറ്റുകൾ മറ്റുതൂണുകളിൽ. 19ാം നൂറ്റാണ്ടി​​​​െൻറ പകുതിയിൽ ഉസ്​മാനി യുഗത്തിലെ ഏറ്റവും പ്രശസ്​തനായ കാലിഗ്രാഫർ മുസ്​തഫ ഇസ്സത്ത് എഫൻഡിയാണ് ഇവ സൃഷ്​ടിച്ചത്. കെട്ടിടത്തിലെ ഉസ്​മാനി കൂട്ടിച്ചേർക്കലായ മിഹ്റാബിന് ചുറ്റും സ്വർണനിറത്തിൽ ഖുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

ബൈസാൻറിയൻ രാജാക്കൻമാർ കിരീടധാരണം നടത്തിയിരുന്ന സ്​ഥലത്ത് പ്രത്യേകം മാർബിൾ പാകിയിട്ടുണ്ട്. അകത്തളത്തിന് വലതുവശത്തുള്ള പടികൾ കയറി മുകൾ നിലയിലേക്ക് പോകം. മുകൾ നിലയിൽ നിന്നാൽ ഈ അതിശയ നിർമിതിയുടെ ഒരുവിശാല കാഴ്ച ലഭിക്കും. പിൻഭാഗത്ത് ഉയരമേറിയ ജനവാതിലുകളിലൂടെ എതിർവശത്തെ ബ്ലൂമോസ്​ക്കി​​​​െൻറ മിനാരങ്ങളിലേക്ക് വരെ കാഴ്ചയെത്തുകയും ചെയ്യും. വിസ്​മയസ്​തബ്​ധനായല്ലാതെ ചരിത്രബോധമുള്ള ഒരാൾക്കും ഇവിടെനിന്ന് പുറത്തുകടക്കാനാകില്ല. എത്രയോ തവണ ഈ മന്ദിരത്തി​​​​െൻറ സൗന്ദര്യത്തിൽ മതിമറന്നുപോയ തുർക്കി കവി അഹ്മത് നസിപ് ഫാസിൽ എഴുതിയതെത്ര സത്യം: ‘അയ സോഫിയ വെറും ശിലയല്ല, വർണമല്ല, ഗാത്രമല്ല, ദ്രവ്യലയമല്ല. അതൊരു ബോധമാണ്, ബോധം മാത്രം.

 

Tags:    
News Summary - travel to hagia sophia in turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.