വരാനുള്ള അവസാന യാത്രക്കാരനെക്കാത്ത് മുക്കാൽ മണിക്കൂർ വൈകിയ ശേഷ മാണ് ഷാർജയിൽ നിന്ന് അർമേനിയയിലേക്കുള്ള വിമാനം പുറപ്പെട്ടത്. ദേശീയ ഫലമായ ആപ്രിക്കോട്ട് കൊണ്ട് തയ്യാറാക്കിയ അതി സ്വാദിഷ്ടമായ വെൽകം ഡ്രിങ്ക് നൽകി ആ രാജ്യം ഞങ്ങളെ സ്വീകരിച്ചു. പുറത്തെ ചൂട് കണ്ടപ്പോൾ അൽപം നിരാശ തോന്നി. സഹിക്കാൻ പറ്റാത്ത തണുപ്പായിരിക്കുമെന്നു കേട്ട് ജാക്കറ്റുകളും ചൂടു കുപ്പായങ്ങളുമെല്ലാം കെട്ടിപ്പൊതിഞ്ഞാണല്ലോ പോയിരിക്കുന്നത്. പ്രിയപ്പെട്ടവരേ എന്നർഥം വരുന്ന അർമേനിയൻ വാക്കായ ‘ജാൻ’ എന്നു വിളിപ്പേരുള്ള ഗൈഡ് രാജ്യ തലസ്ഥാനമായ യെരിവാനിലെ ഹോട്ടലിൽ എത്തിച്ചു. നഗരം ചുറ്റാനിറങ്ങിയപ്പോൾ എന്തെങ്കിലും വാങ്ങേണ്ടി വന്നാലോ എന്നു കരുതി അൽപം പണം എക്സ്ചേഞ്ച് ചെയ്തു. ഒരു യു.എ.ഇ ദിർഹത്തിന് പകരമായി 130 ഡ്രാം ലഭിക്കും. കുറച്ച് ദിർഹം നൽകിയതും ബാഗിെൻറ ഒരു ഭാഗം നിറയെ ഡ്രാം നിറഞ്ഞു. എട്ടുവയസുകാരിയായ മകൾ ആദ്യമായിട്ടാണ് അത്രയധികം പണം ഒന്നിച്ചു കാണുന്നത്. ഏതു നാട്ടിൽ പോയാലും അവിടുത്തെ തനത് രുചി വൈവിധ്യങ്ങൾ ആസ്വദിക്കണമല്ലോ. ഒരു ഭോജനശാലയിലേക്ക് പോയി. ഭക്ഷണം കഴിച്ച് ബില്ല് നൽകിയതോടെ ബാഗിെൻറ ഭാരം അൽപമൊന്നു കുറഞ്ഞു.
ജാക്കറ്റില്ലാതെ നടക്കുന്ന മകളെ ഏവരും കൗതുകത്തോടെ നോക്കി. ചിലർ കൈകൊടുത്തു, മറ്റു ചിലർ ഒപ്പം നിർത്തി സെൽഫിയെടുത്തു. പൊലീസുകാരും ഏറെ സഹൃദയാരണ്. അവർക്കൊപ്പം നിന്ന് ഞങ്ങളും പടമെടുത്തു. ഇൗ തണുപ്പൊക്കെ എന്ത് എന്ന മട്ടിൽ നല്ല കൂൾകൂളായി നടന്നു മകൾ. അപ്പോഴേക്ക് ജാൻ സ്വന്തം ജാക്കറ്റഴിച്ച് മകളെ ധരിപ്പിച്ചു. തണുത്ത കാറ്റു കൊണ്ട് പനി പിടിച്ചാലോ എന്നു പറഞ്ഞ്. തെരുവുകൾ ഏറെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഒപ്പം പഴങ്ങളുടെ ഹൃദ്യമായ മണവും. വിക്ടോറിയ പാർക്കിലെ മദർ ഓഫ് അർമേനിയ പ്രതിമ കാണുകയായിരുന്നു അടുത്ത ദൗത്യം. ഏകദേശം 100 പടികൾ കയറണം. പകുതി വഴിയെത്തിയപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. തിരിച്ചിറങ്ങാൻ പേടിയായതു കൊണ്ട് ധൈര്യം സംഭരിച്ച് വെച്ചകാൽ മുന്നോട്ടു തന്നെ വെച്ചു. സ്ത്രീയാണ് രാജ്യത്തെ സംരക്ഷിക്കുന്നത് എന്ന ആപ്തവാക്യത്തോടെ കൈയിൽ വാളുമായി നിൽക്കുന്ന സ്ത്രീയുടെ പ്രതിമ. അതു കാണുേമ്പാൾ മനസിൽ ആത്മവിശ്വാസം അൽപം വർധിച്ചുവെന്നു തോന്നി. എന്തായാലും നൂറു പടികൾ കയറിയത് വെറുതെയായില്ല.
പിറ്റേ ദിവസം യാത്ര മറ്റൊരു കോണിലേക്കായിരുന്നു. മഞ്ഞുമലകളിൽ നിന്ന് ഒഴുകിെയത്തിയ കണങ്ങൾ പുതപ്പുവിരിച്ച പാതയിലൂടെ ഒരു മനോഹര സഞ്ചാരം. ഒരു രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിവിധ കാലാവസ്ഥകൾ എന്നത് നല്ല അനുഭവം തന്നെ. കാരി, അർപി, ഷിറാക്... അക്ത തടാക ഭംഗി ആസ്വദിക്കുേമ്പാൾ കാണാം പ്രൗഢഗംഭീരമായ മൗണ്ട് അറാറത്ത്. നമ്മൾ തെക്കനേഷ്യക്കാർക്ക് ഹിമാലയമെന്ന പോലെ അർമേനിയ, തുർക്കി, അസൈർബൈജാൻ, ഇറാൻ തുടങ്ങിയ രാജ്യക്കാരുടെ മഹാശൈലമാണ് അറാറത്ത്.
സാഗ്ഖഡസർ റോപ്പ്വേയിലൂടെയുള്ള യാത്രയും മറക്കാനാവില്ല. യാതൊരു പരിചയമില്ലാത്തവർക്കും കയറാൻ പാകത്തിലാണ് കേബിൾ കാർ വരിക. ചാടിക്കയറിയിരിക്കണമെന്നു മാത്രം. മലമുകളിലൂടെ വളരെ പതുക്കെയാണ് മൂപ്പരുടെ പോക്ക്. തണുപ്പ് കുത്തിക്കയറും, നഖങ്ങൾപോലും വേദനിക്കുന്ന തണുപ്പ്. സ്റ്റോപ്പ് പോയിൻറിലെത്തിയാൽ ചാടിയിറങ്ങണം. ഞങ്ങളുടെ സഹയാത്രികന് ഒരൽപ്പം ബേജാറും സാഹസവും കൂടുതലായിരുന്നു. അദ്ദേഹം ചാടി ഇറങ്ങവെ എന്നെയും തട്ടിത്തെറിപ്പിച്ചു. നട്ടുച്ച ഒരു മണിയായിട്ടും സൂര്യൻ ചൂടുപിടിച്ചിരുന്നില്ല. നാട്ടിലെ റോഡ് പണിക്കാർ ധരിക്കുന്നതു കണക്കെ ഫുൾ ഷൂസും ഗ്ലൗസുമെല്ലാം ധരിച്ചിരുന്നുവെങ്കിലും തണുപ്പിന് ഒരു കൂസലുമില്ലായിരുന്നു. എല്ലു തുളച്ചു കയറി. അവിടെ നിന്ന് വേഗം നീങ്ങൂന്നതാണ് നല്ലതെന്ന ഗൈഡിെൻറ ഉപദേശം ഏവർക്കും ഒരേ പോലെ സ്വീകാര്യമായി എന്നു പറയേണ്ടതില്ലല്ലോ.
കായൽ ഭംഗി ആസ്വദിച്ച് കഷ്ലാമ എന്ന വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ചു. പിന്നെ ഗ്രാമങ്ങളിലൂടെ നീണ്ട യാത്ര. അപ്പൂപ്പൻ താടി കണക്കെ ഞങ്ങൾ പ്രകൃതി സുന്ദരമായ ദേശത്തു കൂടെ പാറി നടന്നു. യൂറോപിെൻറയും ഏഷ്യയുടെയും ഇടയിലെ ക്രൈസ്തവ രാഷ്ട്രമായകയാൽ പഴമയുടെ ഭംഗിയുള്ള ഒേട്ടറെ ചർച്ചുകളും കാണാനായി. കൃഷിടയിടങ്ങൾ ഒരുക്കുന്നത്, പഞ്ഞിക്കെട്ടുപോലുള്ള ആട്ടിൻ പറ്റങ്ങൾ േമഞ്ഞു നടക്കുന്നത് എന്നിവയെല്ലാം കാണുേമ്പാൾ ചെറുപ്പത്തിലെന്നോ വായിച്ച നാടോടിക്കഥകളുടെ പശ്ചാത്തലങ്ങളും മനസിലെത്തി. ഇടക്ക് പെയ്ത ചാറ്റൽ മഴയും ഞങ്ങൾ നന്നായി ആസ്വദിച്ചു.
കേബിൾ ബസ്, ട്രെയിൻ, ട്രാം തുടങ്ങി വാഹനങ്ങളെല്ലാം ഇവിടെയോടുന്നത് ഗ്യാസ് ഉപയോഗിച്ചാണ്. മടങ്ങേണ്ട നാലാം ദിവസം ജാൻ തന്നെയാണ് എയർപോർട്ടിൽ കൊണ്ടുപോകാനെത്തിയത്. അത്യാവശ്യം നല്ല ഗതാഗതക്കുരുക്കുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഏതൊക്കെയോ വഴികളിലൂടെ കൃത്യ സമയം ഞങ്ങളെ വിമാനത്താവളത്തിലെത്തിച്ചു. യാത്രകളിൽ ഒരിടത്തും ജാൻ വാഹനം ലോക്ക് ചെയ്തിരുന്നില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ കള്ളൻമാരില്ല എന്നായിരുന്നു മറുപടി. നമ്മെപ്പോലുള്ള സഞ്ചാരികളുടെ ആദരവ് കവർന്നെടുക്കുന്ന അനുഭവം തന്നെയായിരുന്നു അത്. ആ നാടിെൻറ നറുമണം, ആ തണുപ്പ്......ഹൃദയം വെളിപ്പെടുന്ന മട്ടിൽ പുഞ്ചിരിക്കുന്ന നാട്ടുകാർ.... അവരെല്ലാം ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.