ഷയോക്ക് നദീതീരങ്ങളും നീലത്തടാകവും

മനോഹരമായ പ്രഭാതത്തിലേക്കാണ് ബുധനാഴ്ച ഉണര്‍ന്നത്. നുബ്ര വാലിയുടെ സൗന്ദര്യം റൂമിലെ ജാലകക്കാഴ്ചയിലൂടെ മുമ്പില്‍ നിറയുന്നു. അങ്ങകലെ മഞ്ഞുപുതച്ചുറങ്ങുന്ന മലനിരകള്‍. മഞ്ഞുരുകി കലങ്ങിമറിഞ്ഞൊഴുകുന്ന പുഴ. തലക്ക് മുകളിലൂടെ ഒച്ചപ്പാടണ്ടാക്കി പട്ടാളത്തിൻെറ ഹെലികോപ്റ്റര്‍. റോഡുകളില്‍ സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്കുള്ള പട്ടാള വണ്ടികള്‍ നിരനിയായി നീങ്ങുന്നു. ഇങ്ങനെ കാഴ്ചകളുടെ ഉത്സവം തന്നെ സുമൂര്‍ ഒരുക്കിത്തരുന്നു.

സുമൂറിലെ ഹോംസ്റ്റേക്ക് മുന്നിലെ പൂന്തോട്ടം
 


രാവിലെ ഞങ്ങളുടെ ആതിഥേയ ഡിസ്കിറ്റ് തയാറാക്കിത്തന്ന ചായ കുടിച്ച് പുറത്തേക്കിറങ്ങി. ഹോം സ്റ്റേക്ക് മുന്നില്‍ വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു. ചെറിയ മരങ്ങളില്‍ പൂത്തുലഞ്ഞ് ആപ്പിളുകള്‍. പിന്നെ ഉള്ളിയും തക്കാളിയുമടക്കമുള്ള പച്ചക്കറി കൃഷി. ഇതിനിടയില്‍ ഡിസ്കിറ്റ് ഞങ്ങളുമായി കൊച്ചുവര്‍ത്തമാനത്തിനെത്തി. സമീപത്ത് കാണുന്ന മലകള്‍ വര്‍ഷത്തില്‍ പകുതിയിലധികം സമയവും മഞ്ഞു മൂടിക്കിടക്കുമെന്ന് അവര്‍ പറഞ്ഞു. മഞ്ഞുകാലത്തേക്കുള്ള ഭക്ഷണ സാമഗ്രികളെല്ലാം അവര്‍ നേരത്തെത്തന്നെ സൂക്ഷിച്ചുവെക്കാറാണത്രെ പതിവ്. നുബ്രയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അടുത്ത തവണ കുടുംബത്തെയും കൂട്ടിവരണമെന്ന നിര്‍ദേശവുമായി അവര്‍ ഞങ്ങളെ യാത്രയാക്കി.

സുമൂറിലെ ചെറിയ കവല
 


പനാമിക്കിലുള്ള ഹോട്ട് സ്പ്രിങ്ങാണ് ആദ്യത്തെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും ഉയരത്തിലെ യുദ്ധഭൂമിയായ സിയാച്ചിന്‍ മഞ്ഞുമലയിലേക്കുള്ള റോഡിലൂടെ സഞ്ചരിച്ച് വേണം പനാമിക്കിലെത്താന്‍. നുബ്ര നദിയുടെ തീരത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. സിയാച്ചിന്‍ മഞ്ഞുമലയില്‍നിന്ന് ഉരുകി വരുന്ന വെള്ളമാണ് നദിയെ സമ്പന്നമാക്കുന്നത്. സുമൂറില്‍ നുബ്ര നദിയും ഷയോക്ക് നദിയും ഒരുമിച്ച് പടിഞ്ഞാറോട്ട് ഒഴുകി സിന്ധുനദിയില്‍ സംഗമിക്കും. സുമൂറില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരമുണ്ട് പനാമിക്കിലേക്ക്. തണുത്തുറഞ്ഞ ഹിമനിരകളില്‍നിന്ന് തെളിനീരായി വരുന്ന ചൂടുവെള്ളം ഒരു അത്ഭുതം തന്നെയാണ്. സള്‍ഫറിൻെറ സാന്നിധ്യമുള്ളതിനാലാണ് വെള്ളത്തിന് ചൂടുണ്ടാകാന്‍ കാരണം. ത്വക് രോഗങ്ങളുള്‍പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും മരുന്നായി ഈ വെള്ളം ഉപയോഗിക്കുന്നു. ഇതിന് സമീപം സഞ്ചാരികള്‍ക്കായി കുളിക്കാന്‍ ചെറിയ മുറിയും ഒരുക്കിയിട്ടുണ്ട്. ഞങ്ങള്‍ എത്തുമ്പോള്‍ കുറെ സായിപ്പുമാര്‍ അവിടെ കുളിക്കുകയായിരുന്നു.

പനാമിക്കിലെ ചെറിയ ഒരു താഴ്വാരം
 


പനാമിക്കില്‍ നിന്ന് ഇറങ്ങി വണ്ടിയുമായി വന്നവഴിലൂടെ തന്നെ മടക്കയാത്ര തുടങ്ങി. വൈകുന്നേരമാകുമ്പോഴേക്കും ലോകപ്രശസ്തമായ പാന്‍ഗോങ് തടാകമെത്തണം. സുമൂര്‍ കഴിഞ്ഞ് കല്‍സാര്‍ എന്ന സ്ഥലത്തുനിന്ന് കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും റോഡ് രണ്ടായി തിരിഞ്ഞു. വലത്തോട്ടുള്ള റോഡ് ഖര്‍ദുങ് ല വഴി ലേഹിലേക്കും ഇടത്തോട്ട് ഷയോക്ക് നദിയുടെ തീരത്തിലൂടെ പാന്‍ഗോങ് തടാകത്തിലേക്കുമാണ്. 130 കിലോമീറ്റര്‍ ദൂരമുണ്ട് അവിടെ നിന്ന് പാന്‍ഗോങ്ങിലേക്ക്. വളരെ കുറഞ്ഞ സമയം മാത്രമേ ഷയോക്ക് വഴി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവൂ. നദിയില്‍ നിന്ന് റോഡിലേക്ക് വെള്ളം കയറുന്നതാണ് പ്രശ്നം. അതുവഴി വന്ന വണ്ടിക്കാരോട് റോഡിൻെറ അവസ്ഥയെ കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് ഞങ്ങള്‍ ആ വഴി തെരഞ്ഞെടുത്തത്.

നുബ്ര പുഴയുടെ തീരത്തിലൂടെ മണല്‍ മൂടിയ റോഡ്
 


മിക്കയിടത്തും ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാനുള്ള വീതിയേയുള്ളൂ. പക്ഷെ, വളരെ അപൂര്‍വമായി മാത്രമെ എതിര്‍വശത്തു നിന്ന് വാഹനങ്ങള്‍ വരികയുള്ളൂ എന്നത് ആശ്വാസമാണ്. യാത്രയുടെ മുക്കാല്‍ സമയവും ഷയോക്ക് നദി കൂട്ടിനുണ്ട്. കൂടെ കൂറ്റന്‍ മലനിരകളും അറ്റം കാണാത്ത അഗാധമായ കൊക്കകളും. പാകിസ്താൻെറ അതിര്‍ത്തിയിലുള്ള റിമോ മഞ്ഞുമലയാണ് ഷയോക്ക് നദിയുടെ ഉല്‍ഭവസ്ഥാനം. പല സമയത്തും നദിക്ക് കുറുകെയുള്ള കല്ല് നിറഞ്ഞ വഴികളിലൂടെയാണ് യാത്ര. ഈ ഭാഗത്തൊന്നും വെള്ളം നിറയുന്ന സമയം സഞ്ചരിക്കാന്‍ സാധ്യമല്ല.

ഷയോക്ക് നദിയുടെ തീരത്തിലൂടെയുള്ള റോഡ്
 


ഉച്ചയായപ്പോഴേക്കും ഷയോക്ക് നദിയുടെ തീരത്തുള്ള ചെറിയ ഒരു ക്യാമ്പിന് അടുത്തെത്തി. മലയുടെ താഴെ പട്ടാളക്കാര്‍ക്ക് താമസിക്കാനുള്ള രണ്ട് ടെൻറും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻെറ കീഴിലെ ജീവനക്കാര്‍ക്കുള്ള ടെൻറും ചെറിയ ഒരു മെഡിക്കല്‍ എയ്ഡ് പോസ്റ്റുമാണ് അവിടെയുള്ളത്. കൂടാതെ ചെറിയ ഭക്ഷണശാലയും. ന്യൂഡില്‍സ് മാത്രമാണ് ആകെയുള്ള വിഭവം. ലഡാകിൻെറ 'ദേശീയ' വിഭവമായ ന്യൂഡില്‍സും അകത്താക്കി വീണ്ടും വണ്ടിയില്‍ കയറി.

പാതയോരത്തെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പ് സൈറ്റ്
 


വണ്ടി ഏതാനും മീറ്റര്‍ മുന്നോട്ടുനിങ്ങിയപ്പോഴേക്കും ടെൻറില്‍നിന്ന് ഒരു പട്ടാളക്കാരന്‍ ഇറങ്ങിവന്ന് കൈ കാണിച്ചു. ആള്‍ തിരുവനന്തപുരം സ്വദേശിയാണ്. നാട്ടില്‍നിന്നുള്ള സഞ്ചാരികളെ കണ്ടപ്പോള്‍ കുശലാന്വേഷണത്തിന് വന്നതാണ്. കഴിഞ്ഞ ദിവസവും ഇതുപോലെ സഞ്ചാരികള്‍ കേരളത്തില്‍ നിന്ന് ബൈക്കില്‍ വന്നതായി അദ്ദേഹം പറഞ്ഞു. ഞങ്ങളെത്തിയപ്പോള്‍ പുള്ളിക്കാരനും കൂട്ടരും അവിടെ ഭയങ്കര തിരച്ചിലിലായിരുന്നവത്രെ. ഭീകരവാദികളല്ല അവരുടെ ശത്രു, മൂട്ടയാണ് കഥയിലെ വില്ലന്‍. അകത്തുള്ള കിടക്കയെല്ലാം പുറത്തിട്ട് വെയിലു കൊള്ളിക്കുകയാണ്. ഹിമാലയത്തിൻെറ നെറുകയിലും മൂട്ടയുണ്ടെന്ന വിവരം ഞങ്ങളില്‍ കൗതുകമുണര്‍ത്തി.

ഷയോക്കിലെ ഒരു വീട്
 


ഷയോക്ക് എന്ന ചെറിയ ഗ്രാമം എത്താറായപ്പോഴേക്കും വഴിയരികുകളില്‍ വീടുകളും മരങ്ങളും കാണാന്‍ തുടങ്ങി. വീടിന് മുകളിലെല്ലാം പുല്ലുകള്‍ ഉണക്കാന്‍ വെച്ചിട്ടുണ്ട്. ഡര്‍ബുക്കില്‍ എത്തിയതോടെ വീണ്ടും റോഡ് രണ്ടായിത്തിരിയുന്നു. വലത്തോട്ടുള്ള റോഡ് ലേഹില്‍ നിന്ന് വരുന്നതാണ്. ജങ്ഷനില്‍നിന്ന് ഇടത്തേക്കാണ് പാന്‍ഗോങ്ങിലേക്കുള്ള വഴി. ടാങ്സയെന്ന എന്ന സ്ഥലത്തെത്തിയപ്പോള്‍ ചെക്ക് പോസ്റ്റില്‍ വണ്ടി തടഞ്ഞു. അവിടെ യാത്രാ വിവരങ്ങള്‍ അടങ്ങിയ പെര്‍മിറ്റ് ഫോറം പൂരിപ്പിച്ച് നല്‍കി. ചെക്ക്പോസ്റ്റ് കഴിഞ്ഞതോടെ പട്ടാള ക്യാമ്പിനകത്തേക്ക് പ്രവേശിച്ചു. റോഡിന് ഇരുവശവും പട്ടാളക്കാരുടെ താമസസ്ഥലവും ഓഫിസുകളും മറ്റുമാണ്. ഇതിന് സമീപം നിരനിരയായി പട്ടാള വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.

വെള്ളം നിറഞ്ഞ റോഡിലൂടെ അല്‍പ്പം സാഹസികത
 


ഏകദേശം 40 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും പാന്‍ഗോങ് തടാകത്തിൻെറ ആദ്യ ദര്‍ശനം കണ്ണുകളിലെത്തി. മലനിരകള്‍ക്കിടയില്‍ നീലത്തടാകം സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങി നില്‍ക്കുന്നു. തടാകത്തിന് സമീപം ചെറിയ പട്ടാള ക്യാമ്പുമുണ്ട്. വൈകുന്നേരം ഇവിടത്തെ ദേശീയ പാതാക താഴ്ത്തുന്ന സമയത്താണ് ഞങ്ങള്‍ എത്തുന്നത്. ക്യാമ്പിന് മുന്നില്‍ വിവിധ രാജ്യങ്ങളിലെ തലസ്ഥാനങ്ങളിലേക്കുള്ള ദൂരം അടയാളപ്പെടുത്തിയ നാഴികക്കല്ല് കാണാം. അതിലുള്ള ഓരോ സ്ഥലങ്ങള്‍ വായിക്കുമ്പോഴും വീണ്ടും വീണ്ടും യാത്ര പോകാന്‍ കൊതിച്ചുപോകും.

പാന്‍ഗോങ്ങ് തടാകത്തിന് സമീപം വിവിധ രാജ്യങ്ങളിലേ നഗരങ്ങളിലേക്കുള്ള ദൂരം അടയാളപ്പെടുത്തിയ നാഴികക്കല്ല്
 


നാഴികക്കല്ലും പിന്നിട്ട് തടാകക്കരയിലെത്തി. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങിയതോടെ തടാകത്തിൻെറ നീലഛായവും മെല്ലെ മാഞ്ഞുതുടങ്ങി. 14,270 അടി ഉയരത്തില്‍ ഇന്ത്യയിലും ചൈനയിലുമായാണ് പാന്‍ഗോങ് തടാകം സ്ഥിതിചെയ്യുന്നത്. തടാകത്തിൻെറ 45 കിലോമീറ്റര്‍ ഇന്ത്യയിലും 90 കിലോമീറ്റര്‍ ചൈനയിലുമാണ്. ത്രീ ഇഡിയറ്റ്സ്,  ദില്‍സേ, ജബ്തക് ഹേ ജാന്‍ തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ്ങിന് ഈ തടാകം വേദിയായിട്ടുണ്ട്. മഞ്ഞുകാലത്ത് പൂര്‍ണമായും തണുത്തുറക്കുന്ന തടാകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

പാന്‍ഗോങ്ങിലേക്കുള്ള പാതക്ക് സമീപം തീറ്റതേടുന്ന ചെമ്മരിയാടുകള്‍
 


അന്ന് രാത്രി തടാകക്കരയിലെ ടെൻറിലാണ് താമസം കരുതിയിരുന്നത്. എന്നാല്‍, സൂര്യന്‍ അസ്തമിച്ചതോടെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറാന്‍ തുടങ്ങി. കൂടാതെ അടുത്ത ദിവസം 400 കിലോമീറ്ററിനടുത്ത് സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ തടാകക്കരയിലെ തണുത്ത കാറ്റിനോട് വിടചൊല്ലി വണ്ടിയില്‍ കയറി. രാത്രി എട്ട് മണിയായപ്പോഴേക്കും വീണ്ടും ദുര്‍ബുക്കിലെത്തി. റൂമിനായി കൂടുതല്‍ അലയാതെ അവിടെ കണ്ട ആദ്യത്തെ ഹോംസ്റ്റേയില്‍ തന്നെ താമസം ഉറപ്പിച്ചു.

തുടരും...

Day 14 (September 7, 2016, Wednesday)
Sumur to Pangong Lake (Jammu And Kashmir) ^ 196 KM
Route: Panamik Hot spring, Terith, Agham, Shyok, Durbuk, Tangtse
Stay: Durbuk
Journey Time: 8.00 AM^8.00 PM (12 hrs)

 

 

 

Tags:    
News Summary - shyok river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.