ഖത്തറിലെയും മിഡിൽ ഈസ്റ്റിലെയും വാഹന പ്രേമികൾക്കു മുമ്പാകെ, ആഡംബര കാറുകളുടെ അതിശയ ലോകം തുറന്നു നൽകിയ ജനീവ ഇൻറർനാഷനൽ മോട്ടോർഷോയുടെ പ്രഥമ ഖത്തർ പതിപ്പിന് ശനിയാഴ്ച കൊടിയിറങ്ങുകയാണ്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ വേദിയായ മോട്ടോർഷോയിലേക്ക് സ്വദേശികളും പ്രവാസികളും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഖത്തർ വേദിയായ പ്രഥമ മോട്ടോർഷോയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിലായിരുന്നു വ്യത്യസ്ത പരിപാടികൾ അരങ്ങേറിയത്. അവയിൽ ശ്രദ്ധേയമായിരുന്നു ദോഹയിൽനിന്നും 75 കിലോമീറ്റർ അകലെ മരുഭൂമിയും കടലും ഒന്നായി നിഗൂഢ സൗന്ദര്യം സമ്മാനിക്കുന്ന സീലൈനിലെ അഡ്വഞ്ചർ ഹബ്.
മോട്ടോർഷോ തുടങ്ങിയതിനു പിന്നാലെ ഒക്ടോബർ ഏഴു മുതൽ ആരംഭിച്ച സീലൈനിലെ അഡ്വഞ്ചർ ഹബിന് വെള്ളിയാഴ്ച സമാപനമായി. സാൻഡ് ഡ്യൂണുകളും, മരുഭൂകാഴ്ചകളും ഒട്ടകസഫാരിയും ഉൾപ്പെടെ അറേബ്യൻ മണ്ണിന്റെ സൗന്ദര്യങ്ങളെല്ലാം പ്രദർശിപ്പിച്ച സീ ലൈനിലേക്ക് ഓരോ ദിവസവും നിരവധി പേരാണ് വിരുന്നുകാരായി എത്തിയത്. ഖത്തർ ടൂറിസം ആതിഥേയരായ പ്രദർശനം വ്യത്യസ്തമായൊരു അനുഭവം കൂടിയാണ് സമ്മാനിച്ചത്.
ദോഹ ടു സീലൈൻ
ദോഹയിൽനിന്നായിരുന്നു ഞങ്ങളുടെ സംഘം അഡ്വഞ്ചർ ഹബിനെ അറിയാനായി യാത്ര പുറപ്പെട്ടത്. അഞ്ച് ലാൻഡ്ക്രൂയിസർ വാഹനങ്ങളിലായി 20ഓളം പേരുടെ സംഘം. ഉച്ച രണ്ടു മണിയോടെ ആരംഭിച്ച യാത്ര ഒരു മണിക്കൂറിലേറെ ദൂരം ഓടിയ ശേഷം ലക്ഷ്യസ്ഥാനത്തെത്തുേമ്പാൾ മൂന്നു മണിയും കടന്നിരുന്നു. സീലൈൻ ബീച്ച് റോഡും പിന്നിട്ട്, അൽ ബറാറി ഔട്ട്പോസ്റ്റിലെ റിസോർട്ടാണ് ജനീവ അഡ്വഞ്ചർ ഹബിന്റെ വേദി. ദേശീയപാത വിട്ട്, മണൽ കുന്നുകളും, പൊടിപാറുന്ന മരുഭൂമിയും ഓഫ് റോഡും കടന്ന് കിലോമീറ്റർ നീണ്ടുനിൽക്കുന്ന യാത്ര. വഴിയിലുടനീളം മോട്ടോർ ഷോ അഡ്വഞ്ചർ ഹബ് എന്ന് വഴികാണിക്കുന്ന ബോർഡുകളുണ്ടെങ്കിലും, പരിചയ സമ്പന്നരായ ഡ്രൈവർ സംഘം പിഴക്കാതെ തന്നെ കുതിക്കുന്നു.
വൈകുന്നേരമെത്തുന്ന സംഘങ്ങൾക്ക് ഖത്തറിന്റെ പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തുന്ന ആതിഥ്യത്തോടൊപ്പം മരുഭൂമിയുടെ സാഹസികതയും വിനോദവുമെല്ലാം സമ്മാനിക്കുന്ന അഞ്ചു മണിക്കൂർ നേരമാണ് അൽ ബറാറി ഔട്ട്പോസ്റ്റ് കാത്തുവെക്കുന്നത്. അതിനൊപ്പമാണ് ജനീവ മോട്ടോർഷോയുടെ എക്സ്ക്ലൂസിവ് കാഴ്ചകൾ. മരുഭൂമിയുടെ കാഴ്ചകളാണ് സർപ്രൈസ് എങ്കിലും, ഇവിടെ മുഖ്യം ആ ചുവന്ന നിറത്തിലെ ആകാശക്കാഴ്ചക്കു കീഴിൽ രാജകീയ പ്രൗഢിയോടെ കാത്തിരിക്കുന്ന വാഹനങ്ങളാണ്.
ഓഫ് റോഡ് ഡ്രൈവിലും, സാഹസിക കുതിപ്പിലുമെല്ലാം വിശ്വസ്തരാവുന്ന അന്താരാഷ്ട്ര വാഹന ബ്രാൻഡുകളുടെ ഒരുപിടി വാഹനങ്ങൾ അണിനിരന്നു നിൽക്കുന്നു. പുതിയതും ക്ലാസിക് നിരയിലുള്ളതുമായ ഒരുപിടി ഓഫ് റോഡ് വാഹനങ്ങളുടെ അതുല്യമായ പ്രദർശനമാണ് സീലൈൻ സമ്മാനിക്കുന്നത്. മരുഭൂമിയിലെ റേസിങ് ഇഷ്ടപ്പെടുന്നവർക്ക് കണ്ണഞ്ചിപ്പിക്കും കാഴ്ചകൾ സമ്മാനിക്കുന്ന വാഹന നിര സ്വദേശികൾക്കും യൂറോപ്യൻ സന്ദർശകർക്കും, ജി.സി.സി രാജ്യങ്ങളിലെ സന്ദർശകർക്കുമെല്ലാം അപൂർവമായൊരു വിരുന്നായിരുന്നു.
നിസാൻ പട്രോൾ, വിവിധ ബ്രാൻഡുകളുടെ ഓഫ് റോഡ് ജീപ്പുകൾ, സാൻഡ് കാറുകളിലെ കരുത്തനായ ഫൺകോ ജി.ടി.യു വാഹനങ്ങൾ, ലാൻഡ്റോവർ ഡിഫൻഡർ തുടങ്ങി മരുഭൂ യാത്രകളിൽ വിശ്വസ്തനാവുന്ന ഒരുപിടി വാഹനങ്ങളായിരുന്നു പ്രദർശിപ്പിച്ചത്. ഫാൽകൺ വേട്ടക്കും മറ്റുമുള്ള പ്രത്യേക വാഹനങ്ങൾ, മലമ്പാതകളും, മണൽ കൂനകളും നിസ്സാരമായി കീഴടക്കുന്ന ജീപ്പുകൾ, ഡെസേർട്ട് സഫാരി ബഗി അങ്ങനെ നീണ്ടുകിടക്കുന്നു. ഇതിനു പുറമെ, സന്ദർശകർക്ക് സാൻഡ് ഡ്യുൺ ബാഷിങ്, ഒട്ടകസഫാരി ഉൾപ്പെടെ വിനോദങ്ങളും ഖത്തർ ടൂറിസം ആതിഥേയരാവുന്ന വിരുന്നിൽ ഒരുക്കിയിരുന്നു. സംഗീതവും സാഹസിക പ്രകടനങ്ങളും മരുഭൂ തമ്പിലെ വിരുന്നും, ഫാൽകൺ പ്രദർശനവുമെല്ലാം ഉൾക്കൊള്ളുന്ന അഡ്വഞ്ചർ ഹബ് തീർത്തും മനോഹരമായൊരു അനുഭവം പകർന്നാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.