Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമരുഭൂമിയിലൊരു...

മരുഭൂമിയിലൊരു അഡ്വഞ്ചർ ഹബ്

text_fields
bookmark_border
Adventure
cancel
camera_alt

സന്ദർശകർക്കായി ഒരുക്കിയ ഒട്ടക സഫാരി, സീലൈനിലെ അൽ ബറാറി ഔട്ട്​പോസ്​റ്റിൽ സമാപിച്ച ജനീവ മോ​ട്ടോർഷോ അഡ്വഞ്ചർ ഹബിൽ പ്രദർശിപ്പിച്ച ഓഫ്​ റോഡ്​ വാഹനങ്ങൾ

ഖത്തറിലെയും മിഡിൽ ഈസ്​റ്റിലെയും വാഹന പ്രേമികൾക്കു മുമ്പാകെ, ആഡംബര കാറുകളുടെ അതിശയ ലോകം തുറന്നു നൽകിയ ജനീവ ഇൻറർനാഷനൽ മോ​ട്ടോർഷോയുടെ പ്രഥമ ഖത്തർ പതിപ്പിന്​ ​ശനിയാഴ്​ച കൊടിയിറങ്ങുകയാണ്​. ദോഹ എക്​സിബിഷൻ ആൻഡ്​ കൺവെൻഷൻ സെൻറർ വേദിയായ മോ​ട്ടോർഷോയിലേക്ക്​ സ്വദേശികളും പ്രവാസികളും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുമായി ആയിരങ്ങളാണ്​ ഒഴുകിയെത്തിയത്​. ഖത്തർ വേദിയായ പ്രഥമ മോ​ട്ടോർഷോയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിലായിരുന്നു വ്യത്യസ്​ത പരിപാടികൾ അരങ്ങേറിയത്​. അവയിൽ ശ്രദ്ധേയമായിരുന്നു ദോഹയിൽനിന്നും 75 കിലോമീറ്റർ അകലെ മരുഭൂമിയും കടലും ഒന്നായി നിഗൂഢ സൗന്ദര്യം സമ്മാനിക്കുന്ന സീലൈനിലെ അഡ്വഞ്ചർ ഹബ്​.

മോ​ട്ടോർഷോ തുടങ്ങിയതിനു പിന്നാലെ ഒക്​ടോബർ ഏഴു​ മുതൽ ആരംഭിച്ച സീലൈനിലെ അഡ്വഞ്ചർ ഹബിന്​ വെള്ളിയാഴ്​ച സമാപനമായി. സാൻഡ്​ ഡ്യൂണുകളും, മരുഭൂകാഴ്​ചകളും ഒട്ടകസഫാരിയും ഉൾപ്പെടെ അറേബ്യൻ മണ്ണിന്റെ സൗന്ദര്യങ്ങളെല്ലാം പ്രദർശിപ്പിച്ച സീ ലൈനി​ലേക്ക്​ ഓരോ ദിവസവും നിരവധി പേരാണ്​ വിരുന്നുകാരായി എത്തിയത്​. ഖത്തർ ടൂറിസം ആതിഥേയരായ പ്രദർശനം വ്യത്യസ്​തമായൊരു അനുഭവം കൂടിയാണ്​ സമ്മാനിച്ചത്​.

ദോഹ ടു സീലൈൻ

ദോഹയിൽനിന്നായിരുന്നു ഞങ്ങളുടെ സംഘം അഡ്വഞ്ചർ ഹബിനെ അറിയാനായി യാത്ര പുറപ്പെട്ടത്​. അഞ്ച്​ ലാൻഡ്​ക്രൂയിസർ വാഹനങ്ങളിലായി 20ഓളം പേരുടെ സംഘം. ഉച്ച രണ്ടു മണിയോടെ ആരംഭിച്ച യാത്ര ഒരു മണിക്കൂറിലേറെ ദൂരം ഓടിയ ശേഷം ലക്ഷ്യസ്​ഥാനത്തെത്ത​ു​േമ്പാൾ മൂന്നു​ മണിയും കടന്നിരുന്നു. സീലൈൻ ബീച്ച്​ റോഡും പിന്നിട്ട്​, അൽ ബറാറി ഔട്ട്​പോസ്​റ്റിലെ റിസോർട്ടാണ്​ ജനീവ അഡ്വഞ്ചർ ഹബിന്റെ വേദി. ദേശീയപാത വിട്ട്​, മണൽ കുന്നുകളും, പൊടിപാറുന്ന മരുഭൂമിയും ഓഫ്​ റോഡും കടന്ന്​ കിലോമീറ്റർ നീണ്ടുനിൽക്കുന്ന യാത്ര. വഴിയിലുടനീളം മോ​ട്ടോർ ഷോ അഡ്വഞ്ചർ ഹബ്​ എന്ന് വഴികാണിക്കുന്ന ബോർഡുകളുണ്ടെങ്കിലും, പരിചയ സമ്പന്നരായ ഡ്രൈവർ സംഘം പിഴക്കാതെ തന്നെ കുതിക്കുന്നു.

വൈകുന്നേരമെത്തുന്ന സംഘങ്ങൾക്ക്​ ഖത്തറിന്റെ പാരമ്പര്യവും സംസ്​കാരവും പരിചയപ്പെടുത്തുന്ന ആതിഥ്യത്തോടൊപ്പം മരുഭൂമിയുടെ സാഹസികതയും വിനോദവുമെല്ലാം സമ്മാനിക്കുന്ന അഞ്ചു മണിക്കൂർ നേരമാണ് അൽ ബറാറി ഔട്ട്​പോസ്​റ്റ്​ കാത്തുവെക്കുന്നത്​. അതിനൊപ്പമാണ്​ ജനീവ മോ​ട്ടോർഷോയ​ുടെ എക്​സ്​ക്ലൂസിവ്​ കാഴ്​ചകൾ. മരുഭൂമിയുടെ കാഴ്​ചകളാണ്​ സർപ്രൈസ്​ എങ്കിലും, ഇവിടെ മുഖ്യം ആ ​ചുവന്ന നിറത്തിലെ ആകാശക്കാഴ്​ചക്കു കീഴിൽ രാജകീയ പ്രൗഢിയോടെ കാത്തിരിക്കുന്ന വാഹനങ്ങളാണ്​. ​

ഓഫ്​ റോഡ്​ ഡ്രൈവിലും, സാഹസിക കുതിപ്പിലുമെല്ലാം വിശ്വസ്​തരാവുന്ന അന്താരാഷ്​ട്ര വാഹന ബ്രാൻഡുകളുടെ ഒരുപിടി വാഹനങ്ങൾ അണിനിരന്നു നിൽക്കുന്നു. പുതിയതും ക്ലാസിക്​ നിരയിലുള്ളതുമായ ഒരുപിടി ഓഫ്​ റോഡ്​ വാഹനങ്ങളുടെ അതുല്യമായ പ്രദർശനമാണ്​ സീലൈൻ സമ്മാനിക്കുന്നത്​. മരുഭൂമിയിലെ റേസിങ്​ ഇഷ്​ടപ്പെടുന്നവർക്ക്​ കണ്ണഞ്ചിപ്പിക്കും കാഴ്​ചകൾ സമ്മാനിക്കുന്ന വാഹന നിര സ്വദേശികൾക്കും യൂറോപ്യൻ സന്ദർശകർക്കും, ജി.സി.സി രാജ്യങ്ങളിലെ സന്ദർശകർക്കുമെല്ലാം അപൂർവമായൊരു വിരുന്നായിരുന്നു.

നിസാൻ പട്രോൾ, വിവിധ ബ്രാൻഡുകളുടെ ഓഫ്​ റോഡ്​ ജീപ്പുകൾ, സാൻഡ്​ കാറുകളിലെ കരുത്തനായ ഫൺകോ ജി.ടി.യു വാഹനങ്ങൾ, ലാൻഡ്​റോവർ ഡിഫൻഡർ തുടങ്ങി മരുഭൂ യാത്രകളിൽ വിശ്വസ്​തനാവുന്ന ഒരുപിടി വാഹനങ്ങളായിരുന്നു പ്രദർശിപ്പിച്ചത്​. ഫാൽകൺ വേട്ടക്കും മറ്റുമുള്ള പ്രത്യേക വാഹനങ്ങൾ, മലമ്പാതകളും, മണൽ കൂനകളും നിസ്സാരമായി കീഴടക്കുന്ന ജീപ്പുകൾ, ഡെസേർട്ട്​ സഫാരി ബഗി അങ്ങനെ നീണ്ടുകിടക്കുന്നു. ഇതിനു പുറമെ, സന്ദർശകർക്ക്​ സാൻഡ്​ ഡ്യുൺ ബാഷിങ്​, ഒട്ടകസഫാരി ഉൾപ്പെടെ വിനോദങ്ങളും ഖത്തർ ടൂറിസം ആതിഥേയരാവുന്ന വിരുന്നിൽ ഒരുക്കിയിരുന്നു. സംഗീതവും സാഹസിക പ്രകടനങ്ങളും മരുഭൂ തമ്പിലെ വിരുന്നും, ഫാൽകൺ പ്രദർശനവുമെല്ലാം ഉൾക്കൊള്ളുന്ന അഡ്വഞ്ചർ ഹബ്​ തീർത്തും മനോഹരമായൊരു അനുഭവം പകർന്നാണ്​ സമാപിച്ചത്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - An adventure hub in the desert
Next Story