ബ്രെമ്ബോ നദിക്ക്​ കുറ​ുകെയുള്ള നടപ്പാലം. പഴയ പോർട്ട് കെട്ടിടവും കാണാം

ക്ലാനെട്സൊ - ഇറ്റാലിയൻ ഗ്രാമത്തിലെ പുരാതന വഴികളിലൂടെ

ബെർഗമോയിലെ കാഴ്​ചകൾ അവസാനിച്ചിട്ടില്ല. പിയാസ ഡെൽ ഡ്യുമോ കത്തീഡ്രൽ സ്​ക്വയർ ചുറ്റിക്കറങ്ങി ഞങ്ങൾ നടത്തം തുടരുകയാണ്​. ബെർഗമോയുടെ ഓൾഡ് സിറ്റി അവസാനിക്കുന്നിടത്ത്​ മറ്റൊരു ഫ്യൂണിക്കുലാർ കൂടിയുണ്ട്. ആ കൊച്ചുട്രെയിനിൽ കയറിയാൽ തൊട്ടടുത്ത്​ കാണുന്ന മലമുകളിലെത്താൻ കഴിയും.

നടന്ന്​ അതി​ന്​ മുമ്പിൽ എത്തിയപ്പോൾ ഗേറ്റ് അടഞ്ഞുകിടക്കുന്നു. ഫ്യൂണിക്കുലാർ മുകളിലേക്ക് പോകുമ്പോൾ ഗേറ്റ് അടക്കും. പിന്നെ തിരിച്ച്​ താഴെ എത്തിയാലേ തുറക്കുകയുള്ളൂ. അതി​െൻറ തിരിച്ചുവരവിനായി കുറച്ചുനേരം അവിടെ കാത്തുനിന്നു. അപ്പോഴാണ്​ ഒരാൾ അടുത്തുവന്നിട്ട് ചോദിച്ചത്​, നിങ്ങൾ ഫ്യൂണിക്കുലാറിനായി കാത്തുനിൽക്കുകയാണോ? എങ്കിൽ കാര്യമില്ല. ഫ്യൂണിക്കുലാർ ഇപ്പോൾ അറ്റകുറ്റ പണികൾക്കായി നിർത്തിവെച്ചിരിക്കുകയാണത്രെ.

മലമുകളിലെ ഭൂഗർഭ കോട്ടയുടെ മുകൾവശം

സത്യത്തിൽ അവിടെ നോട്ടീസ് എഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ശ്രദ്ധയിൽപെട്ടില്ല. ഇനി ബസിൽ പോകാൻ തീരുമാനിച്ചു. മുകളിൽ പോകാനുള്ള ബസ് നമ്പറും തപ്പിപിടിച്ച്​ അതിൽ കയറിപ്പറ്റി. കോവിഡ്​ കാലമായതിനാൽ ഏതാനും യാത്രക്കാരെ ബസിൽ ഉണ്ടായിരുന്നുള്ളൂ. ബസ് റൂട്ട് വളരെ മനോഹരമാണ്. വളഞ്ഞുപുളഞ്ഞ ഹെയർപിൻ വളവുകൾ ഒരുപാടു കടന്നുവേണം മുകളിലെത്താൻ.

Also read: മധ്യകാലഘട്ടത്തിലെ നിധി തേടി ബെർഗമോയിൽ - ഭാഗം ഒന്ന്​

പച്ചപുതച്ച്​ കിടക്കുന്ന മലഞ്ചെരിവുകളും താഴത്തെ നഗര കാഴ്ചയുമെല്ലാം ആവോളം ആസ്വദിച്ചുള്ള യാത്ര. മുകളിൽ ബസിറങ്ങി ഞങ്ങൾ നടക്കാൻ തുടങ്ങി. മനോഹരമായ തട്ടുതട്ടുകളായി അടുക്കി വെച്ചതുപോലെയുള്ള മലഞ്ചെരിവ്. അവിടെനിന്ന് നോക്കിയാൽ പഴയതും പുതിയതുമായ ബെർഗമോ നഗരം മൊത്തത്തിൽ ആസ്വദിക്കാം. പക്ഷെ വെളിച്ചക്കുറവ് കൊണ്ട് മുഴുവൻ കാണാൻ പറ്റില്ല. ചൂടുകാലത്താണ് ഇവിടെ ശരിക്കും വരേണ്ടത്.

മലമുകളിലെ നടപ്പാത

അവിടെ കുന്നിന്​ മുകളിലായി ടോറെ കാസ്റ്റെല്ലോ സാൻ വിജിലിയോ (torre castello san vigilio) എന്ന പേരിൽ അറിയപ്പെടുന്ന ഒരു കോട്ടയുണ്ട്. ഭൂഗർഭ തുരങ്കമൊക്കെയുള്ള ഇവിടെയായിരുന്നത്രെ ഭരണാധികാരികൾ നൂറ്റാണ്ടുകളായി താമസിച്ചിരുന്നത്. മലമുകളിലായതിനാൽ തന്നെ അവിടെനിന്നും നാല്​ ഭാഗത്തേക്കും വ്യക്തമായി നിരീക്ഷിക്കാൻ കഴിയും.

ഇറ്റലിയുടെ മര്യാദകൾ

രാവിലെ തുടങ്ങിയ നടത്തമാണ്. വിശന്ന്​ തുടങ്ങിയിരുന്നു. ഒരു മണിക്ക് ഭക്ഷണം കഴിക്കാൻ ഇവിടത്തെ ഒരു റെസ്റ്റോറൻറിൽ ടേബിൾ ബുക്ക് ചെയ്തിട്ടുണ്ട്​. അതും ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഇറ്റലിയിൽ ടേബിൾ മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പറ്റിയെന്ന് വരില്ല. പ്രത്യേകിച്ച് മെയിൻ സിറ്റിയിൽ അല്ലെങ്കിൽ. ഇറ്റാലിയൻ അല്ലാത്ത കടകളിൽ അത്ര പ്രശ്നമുണ്ടാകില്ല. സിറ്റിയിലാണെങ്കിൽ മേക്ടി, ബർഗർ ഷോപ്പുകളൊക്കെ ഉണ്ടാകും. പക്ഷെ പ്രാദേശിക വിഭവങ്ങൾ കിട്ടാൻ പാടാണ്. ഇറ്റലിക്കാർക്ക്​ ഭക്ഷണത്തിന് കൃത്യമായ സമയക്രമമുണ്ട്. ഏഴു മുതൽ 10.30 വരെ പ്രഭാത ഭക്ഷണം. 12.30 മുതൽ 2.30 വരെ ഉച്ച ഭക്ഷണം. വൈകീട്ട് 7.30 മുതൽ 11 വരെ രാത്രി ഭക്ഷണം. ആ സമയത്തിന് ശേഷമോ മു​േമ്പാ ലോക്കൽ റെസ്റ്റോറെൻറുകളിൽ ഭക്ഷണം കിട്ടില്ല. മാത്രമല്ല സീറ്റ് കപ്പാസിറ്റിക്ക് മുകളിൽ ഒരിക്കലും ആളുകളെ കയറ്റുകയുമില്ല.

ചിലപ്പോഴൊക്കെ ഒരുപാട്​ മേശകൾ കാലിയായിക്കിടക്കുന്ന കടയിൽ ഒഴിവുണ്ടല്ലോ എന്ന് കരുതി നമ്മൾ കയറിയാൽ, എല്ലാം ബുക്ക്​ഡ്​ ആണെന്ന് അവര് പറയും. ഇനിയിപ്പോൾ രണ്ടുമണിക്ക് ബുക്ക് ചെയ്ത മേശയാണ്, അതിനുമുമ്പേ നമുക്ക് രണ്ടുവട്ടം ഭക്ഷണം കഴിച്ചുതീർക്കാൻ സമയമുണ്ടെങ്കിലും അവർ സീറ്റില്ല എന്നെ പറയൂ. നമ്മൾ സീറ്റ്‌ ബുക്ക് ചെയ്യുമ്പോൾ ആളുകളുടെ എണ്ണം മാത്രമാണ് പറയുന്നത്. നമുക്കവർ മേശ നമ്പർ ഒന്നും പറഞ്ഞുതരികയുമില്ല എന്നോർക്കണം.

ഉച്ചഭക്ഷണമായ നീരാളിക്കുട്ടിയും പോലെന്തായും

അതുകൊണ്ട് തന്നെ അവർക്ക്​ വേണമെങ്കിൽ നമുക്ക്​ ഒരു സീറ്റ്‌ തന്നിട്ട് ബുക്ക് ചെയ്തവരെ കാലിയുള്ള സീറ്റിലേക്ക്​, അല്ലെങ്കിൽ മറ്റൊരു സമയം ബുക്ക് ചെയ്തടത്തേക്ക് മാറ്റിയിരുത്താം. പക്ഷെ, അവരത് ചെയ്യില്ല. ഒന്നാമത്തെ കാരണം പറഞ്ഞ വാക്കിനവർ മാന്യത കൽപ്പിക്കുന്നു. രണ്ട്​ പണത്തിനോട് അവർക്ക്​ ആർത്തി കുറവാണ്. ഉള്ളതുകൊണ്ട് തൃപ്തിപെട്ട് ജീവിക്കുന്ന അവർ ആവശ്യമില്ലാത്ത പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ എപ്പോഴും ശ്രമിക്കും.

12.30ന്​ തന്നെ ഞങ്ങൾ റെസ്റ്റോറെൻറിലെത്തി. മെനു മൊത്തം തപ്പി. ഓർഡർ ചെയ്യേണ്ട സാധനം തീരുമാനിച്ചു. പ്രിമോ (ഫസ്റ്റ് കോഴ്സ്) നീരാളിക്കുട്ടിയും പോലെന്തായും (ചോളത്തി​െൻറ പൊടികൊണ്ടുണ്ടാക്കുന്നത്​). പിന്നെ സെക്കൻദോ (സെക്കൻഡ്​​ കോഴ്സ്) രണ്ട്​ വ്യത്യസ്ത തരത്തിലുള്ള പിറ്റ്സയും ഓർഡർ ചെയ്തു. ഞങ്ങൾ ഇരിക്കുന്ന മേശയിൽനിന്നും പുറത്തേക്ക് നല്ല കാഴ്ചയാണ്. ഭക്ഷണം വരുന്നതുവരെ അതും ആസ്വദിച്ചിരുന്നു. ഭക്ഷണം കുറച്ച്​ കൂടിപ്പോയെങ്കിലും നല്ല രുചിയുള്ളതിനാൽ കഴിച്ചുതീർത്തു.

വീണ്ടും പുതിയ നഗരത്തിൽ

അവിടന്നിറങ്ങിയപ്പോഴാണ് ഞാൻ മുമ്പ്​ നോക്കിവെച്ചിരുന്ന ബെർഗമോയിൽനിന്നും പത്ത്​ കിലോമീറ്റർ ദൂരം, അതായത്​ 40 മിനിറ്റ്​ ബസിൽ യാത്ര ചെയ്താൽ എത്തുന്ന ഒരു ഗ്രാമത്തെക്കുറിച്ച്​ സുഹൃത്തിനോട്​ സംസാരിച്ചത്. ബെർഗമോയുടെ പുതിയ നഗരം കാണണോ അതോ ഗ്രാമം കാണാൻ പോകണോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു, ഗ്രാമം മതിയെന്ന്. ഗൂഗ്​ളിൽ പരതി അവിടേക്കുള്ള ബസ് കണ്ടുപിടിച്ചു. ഈ മലമുകളിൽനിന്ന് ആദ്യം ബസിൽ പുതിയ സിറ്റിയിൽ പോകണം. പിന്നീട് വേറെ ബസ് പിടിക്കണം. പുതിയ സിറ്റിയിൽ എത്തിയപാടെ അടുത്തുള്ള ടോബോക്കൊ ഷോപ്പിൽ കയറി ടിക്കറ്റ് വാങ്ങി. ഇനിയങ്ങോട്ട്​ രാവിലെ എടുത്ത വൺഡേ പാസിന്​ വിലയില്ല. സിറ്റിയുടെ പുറത്തേക്കുള്ള യാത്ര ആയതിനാലാണ്​ വേറെ ടിക്കറ്റ് എടുക്കേണ്ടി വന്നത്​. ബസ് നമ്പറൊക്കെ ആകെ ആശയക്കുഴപ്പമാണ്. ഒരു വിധത്തിൽ തപ്പി കണ്ടുപിടിച്ച ബസിൽ കയറി യാത്ര തുടർന്നു.

ബെർഗമോ നഗരത്തി​െൻറ കാഴ്​ച

പ്രകൃതിരമണീയമായ കുന്നിൻപ്രദേശങ്ങളിലൂടെ ബസ് മുന്നോട്ട് കുതിച്ചു. ഏകദേശം മുക്കാൽ ദൂരം സഞ്ചരിച്ചപ്പോൾ ബസ് ഒരിടത്ത്​ നിർത്തി. പിന്നെ ഞങ്ങൾ രണ്ടുപേരും മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ എഴുന്നേറ്റിട്ട് പറഞ്ഞു, ഇത് ലാസ്​റ്റ്​ സ്റ്റോപ്പാണെന്ന്. ഞങ്ങൾ പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തപ്പോൾ പുള്ളി അടുത്ത ബസ് നമ്പർ പറഞ്ഞുതന്നു. അരമണിക്കൂർ കഴിഞ്ഞാണ് അടുത്ത ബസ്. കുന്നിൻ പ്രദേശമായതിനാൽ ജാക്കറ്റും തുളഞ്ഞ് തണുപ്പ്​ കയറുന്നുണ്ട്.

ബസ് വരുന്നത് വരെ അവിടെയങ്ങനെ ഇരിക്കുക അത്ര സുഖമുള്ള പരിപാടിയല്ല. അപ്പോഴാണ് സഹസഞ്ചരിക്കൊരു ഐഡിയ തോന്നിയത്. അടുത്ത്​ വല്ല സൂപ്പർമാർക്കറ്റും ഉണ്ടോ എന്ന്​ നോക്കാം. പിന്നെ ഒന്നും നോക്കിയില്ല, അവിടെ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ കയറി ഒന്ന് കറങ്ങിത്തിരിഞ്ഞു. തണുപ്പിന്​ ഇത്തിരി ആശ്വാസം കിട്ടി. പുള്ളി ഒരു കുപ്പി വെള്ളവും വാങ്ങി. തിരിച്ച്​ ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അടുത്ത ബസിനുള്ള സമയമായി. ബസ് കൃത്യമായി അവിടെ എത്തിക്കണേ എന്ന പ്രാർത്ഥനയോടെ വീണ്ടും യാത്ര. കുറച്ചുദൂരം ചെന്നപ്പോൾ ബസ് ഹൈയവേയിൽനിന്നും ചെറിയ വീതി കുറഞ്ഞ റോഡിലേക്കിറങ്ങി. മലൻചെരിവിലൂടെ മുന്നോട്ട് പോവുകയാണ്​. അവസാനം കുന്നും മലയും കയറിയിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തി. ഡ്രൈവറോട് ഗ്രാത്സ്യേ (നന്ദി) പറഞ്ഞ്​ ബസിൽ നിന്നിറങ്ങി.


ഗ്രാമത്തിലെ റോഡും അതിനിരുവശത്തായുള്ള വീടുകളും

പാലങ്ങളുടെ ഗ്രാമം

ഒരു ചെറിയ മലയോര ഗ്രാമം. ക്ലാനെട്സൊ (Clanezzo) അതാണ് പേര്. പാലങ്ങളുടെ ഗ്രാമമാണ്​. അധികം വീടുകളൊന്നുമില്ല. നാലുഭാഗത്തും നോക്കെത്താദൂരത്തോളം മലനിരകൾ. അതിനിടയിലൂടെ തെളിനീരുമായി ബ്രെമ്​ബോ നദിയൊഴുകുന്നു. വല്ലാത്തൊരു ഫീൽ. ഗ്രാമങ്ങളുടെ ഭംഗി അതെവിടെയാണെങ്കിലും ഒന്ന് വേറെതന്നെയാണ്, പ്രത്യേകിച്ച് യൂറോപ്പിൽ. റോഡിലും മറ്റും മാലിന്യമൊന്നും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുന്ന ഇടമാകുമ്പോൾ പിന്നെ പറയും വേണ്ടല്ലോ. ഇടുങ്ങിയ റോഡിലൂടെ രണ്ട്​ ഭാഗത്തുമുള്ള ചെറിയ ചെറിയ വീടുകൾക്കിടയിലൂടെ മലനിരകളും നദിയും നിറഞ്ഞ ഗ്രാമീണ സൗന്ദര്യം ആവോളം ആസ്വദിച്ച്​ ഞങ്ങൾ മുന്നോട്ട് നടന്നു.

ഒരു കോട്ടയുണ്ടിവിടെ. അതും ലക്ഷ്യംവെച്ചാണ് നടത്തം. നടന്നുകൊണ്ടിരിക്കുമ്പോൾ ഫോട്ടോയും വിഡിയോയുമെല്ലാം എടുക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട്​ പ്രായമുള്ള ഒരു സ്ത്രീ വന്നുചോദിച്ചു, നിങ്ങൾ വീടുകളുടെ ഫോട്ടോയാണോ എടുക്കുന്നതെന്ന്. അറിയാവുന്ന ഇറ്റാലിയൻ വെച്ച്​, അല്ല പ്രകൃതി ദൃശ്യങ്ങളാണെടുക്കുന്നതെന്ന് പറഞ്ഞുകൊടുത്തു. ആദ്യമായിട്ടാണ് യൂറോപ്പിൽ ഒരാളെന്നോട് അങ്ങനെ ചോദിക്കുന്നത്.

ബ്രെമ്ബോ നദി

ഞാൻ എവിടെപ്പോയാലും മിക്ക സമയത്തും എ​െൻറ ഗോപ്രോയിൽ വിഡിയോ എടുത്തുകൊണ്ടാണ് നടക്കാറ​്​. എവിടെ പോയാലുമുണ്ടാകുമല്ലോ വെറുതെ ചൊറിയാൻ നടക്കുന്ന ആളുകൾ. അവരെ അവരുടെ വഴിക്ക് വിട്ട് ഞങ്ങൾ പ്രകൃതി വിരുന്നൊരുക്കിയ കാഴ്​ചയിലേക്ക് മടങ്ങി വന്നു. യൂറോപ്പ്​ വളരെ ഉയർന്ന ചിന്താഗതിയുള്ളവരാണെന്ന് പലരും പറയുമെങ്കിലും ഇപ്പോഴും വിവേചനം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരുപാട്​ പേർ ഇവിടെയുണ്ട്. പ്രത്യേകിച്ച് പഴയ തലമുറ. പല പെരുമാറ്റത്തിലും നമുക്കത് മനസ്സിലാക്കിയെടുക്കാൻ കഴിയും. ഏഷ്യൻ വംശജരോട് പലർക്കും ഒരു പുച്ഛവും പേടിയുമെല്ലാമുണ്ട്. നമ്മൾ സംസ്കാരമില്ലാത്തവരും അക്രമികളും ക്രൂരന്മാരുമാണ് അധികപേരുടെ കാഴ്ചപ്പാടിലും.

ഒരു പരിധിവരെ അവരെ പറഞ്ഞിട്ടും കാര്യമില്ല. നമ്മളിൽ പലരും കാട്ടിക്കൂട്ടുന്നതും നാട്ടിലെ വാർത്തകളിൽനിന്ന്​ അവർ കേൾക്കുന്നതും മനസ്സിലാക്കുന്നതും അതായിരിക്കാം. മാത്രമല്ല, നമ്മുടെ നാടൊക്കെ സന്ദർശിച്ചവർ പറയുക മനോഹരമായ സ്ഥലമാണ്, പക്ഷെ ആളുകൾ ഭയങ്കര തുറിച്ചുനോട്ടക്കാരാണെന്നാണ്. കാരണം അവരെ സംബന്ധിച്ചെടുത്തളം നിങ്ങൾ എന്ത് വസ്ത്രം ധരിച്ചാലും യൂറോപ്പിൽ ആരും ശ്രദ്ധിക്കുകയോ തുറിച്ചനോക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ നാട്ടിലെ തുറിച്ചുനോട്ടം അവർക്ക്​ വളരെ അസ്വസ്ഥത തോന്നിക്കുന്നു.

ക്ലാനെട്സൊ കോട്ട

ഞങ്ങൾ നടന്ന്​ കോട്ടയുടെ അടുത്തെത്തി. ഒറ്റനോട്ടത്തിൽ കോട്ടയാണെന്ന്​ പറയാൻ പറ്റില്ല. ഒരു വലിയ കെട്ടിടം. പഴയ ഭരണാധികാരികളുടെ താമസസ്ഥലം. പലരുടെ കൈകളിലൂടെ ഉടമസ്ഥാവകാശം മാറിമാറി വന്ന്​ ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ അധീനതയിലാണ്. ഇപ്പോൾ ഇവിടെ കല്യാണങ്ങളും പൊതുപരിപാടികളുമാണ്​ നടക്കാറ്​. തൊട്ടടുത്തൊരു ചെറിയ പള്ളിയുമുണ്ട്.

കോട്ട കാണാനൊന്നുമല്ല ഇത്ര ദൂരം വന്നത്. സത്യത്തിൽ ഇവിടത്തെ ഹൈലൈറ്റ്​ ഈ നദിയും അതിനു മുകളിലെ മൂന്നു പാലങ്ങളും ഒരു തൂക്കുപാലവുമാണ്​. കല്ലുകൊണ്ട് കമാനാകൃതിയിലുള്ള മറ്റൊരു പാലവും പിന്നെ വാഹനങ്ങൾ പോകുന്ന കമാനാകൃതിയിലുള്ള പാലവും. കോട്ടയിൽ നിന്നിറങ്ങി പാലങ്ങൾ ലക്ഷ്യമാക്കി വീണ്ടും നടന്നു.

കല്ലുകൾ പാകിയ പുരാതന നടപ്പാത

ബ്രെമ്​ബോ നദിക്കരിയിൽ

റോഡിലൂടെ മുന്നോട്ട് നടന്നുനീങ്ങുമ്പോൾ ആദ്യം എത്തുക വാഹനങ്ങൾ പോകുന്ന കോൺക്രീറ്റ്​ പാലമാണ്. ഒരുവാഹനത്തിന് പോകാനുള്ള വീതിയേയുള്ളൂ. നല്ല ഉയരത്തിൽ രണ്ടു മലകളെ ബന്ധിപ്പിക്കുന്ന കമാനാകൃതിയിലുള്ള പാലം. അവിടെനിന്നും നോക്കിയാൽ മറ്റു രണ്ടു പാലങ്ങളും ബ്രെമ്ബോ നദിയും കാണാം. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ റോഡിൽ നിന്നും താഴോട്ടിറങ്ങാൻ നടപ്പാത കണ്ടു. ചെറിയ കല്ലുകൾ പാകിയ നടപ്പാതയിലൂടെ നടക്കുമ്പോൾ നമ്മൾ പുരാതനകാലത്തേക്ക് തിരിച്ചുനടക്കുകയാണെന്ന്​ തോന്നിപ്പോകും.

പുരാതനകാലത്ത്​ കോവർ കഴുതകളിൽ ആളുകൾ സഞ്ചരിച്ചിരുന്ന വഴിയാണിത് (mule track). അതിലൂടെ ഹെയർപിൻ വളവുകൾ തിരിഞ്ഞു താഴെ നദിയിലേക്ക്​ ഇറങ്ങാം. കുറച്ചുകൂടി മുന്നോട്ട് പോയതോടെ വഴി രണ്ടായി പിരിഞ്ഞു. ഒന്ന് തൂക്കുപാലത്തിലേക്കും മറ്റേത് കമാനാകൃതിയിലുള്ള കല്ലുകൊണ്ട് നിർമിച്ച നടപ്പാലത്തിലേക്കും. ഞങ്ങളാദ്യം നടന്നത് രണ്ടാമത്തെ പാലത്തിലേക്കാണ്​.

പുരാതന നടപ്പാതയിൽനിന്നും ​പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്ന യാത്രികൻ

അവിടേക്ക് നടക്കുന്ന വഴിയിൽ വെനീഷ്യൻ ഭരണകാലത്തെ കസ്റ്റംസ് കെട്ടിടം കാണാം. ഇതിലൂടെ കടന്നുപോയിരുന്ന കച്ചവടസംഘങ്ങൾ ഇവിടെ കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നുവത്രേ. അത് കഴിഞ്ഞപാടെ മധ്യകാലഘട്ടത്തി​െൻറ വാസ്തുശിൽപ്പ നിർമിതിയായ അറ്റൊൻണെ പാലമെത്തി (Attone Bridge). 975ൽ അറ്റോൻണെ ഗുബെർട്ടോ എന്ന ഭരണാധികാരി നിർമിച്ചതാണിത്​​. റോമനെസ്‌ക് ശൈലിയിലാണിതി​െൻറ നിർമാണം.

അതിനടിയിലൂടെ ബ്രെമ്ബോ നദിയിലേക്ക് ചേരുന്ന ഒരു കൈവരി ഒഴുകുന്നു. അതി​െൻറ രണ്ടു കരകളെ ബാന്ധിപ്പിക്കുന്നതാണീ പാലം. അവിടത്തെ പ്രകൃതിദൃശ്യം എങ്ങനെ വർണിക്കണമെന്നറിയില്ല. അത്രയും മനോഹരം. പത്താം നൂറ്റാണ്ടിൽ ആണിപ്പോൾ നമ്മൾ നിൽക്കുന്നതെന്ന്​ ഓർക്കണം. 1000 വർഷങ്ങളായി എത്ര ജീവിതങ്ങൾ ഇതിലൂടെ നടന്നുതീർത്തിട്ടുണ്ടാകും. പാലത്തി​െൻറ കൈവരികളിൽ ഇരുന്നു എത്രകഥകളും സങ്കടങ്ങളും പറഞ്ഞു തീർത്തിട്ടുണ്ടാകും. ആ പഴമയുടെ സൗന്ദര്യത്തിന്​ നമ്മെ പിടിച്ചിരുത്താനുള്ള ഒരു കഴിവുണ്ട്.

അറ്റൊൻണെ പാലം

ഞങ്ങളും കുറച്ചുനേരം കൈവരികളിലിരുന്നു. അവിടെനിന്ന്​ ഇരു താഴ്വവരകളും അതിനെ തൊട്ടുരുമ്മി ഒഴുകുന്ന നദിയുടെയും സൗന്ദര്യവും കൺകുളിർക്കെ ആസ്വദിച്ചു. ഇനി ലക്ഷ്യം തൂക്കുപാലമാണ്​. പോകുന്ന വഴിയിൽ നദിയിലേക്ക്​ ഇറങ്ങാനുള്ള ഒരു ഇടമുണ്ട്. ഞാൻ പതിയെ അങ്ങോട്ടിറങ്ങി. നദിയിൽ വെള്ളം കുറവാണ്. മധ്യഭാഗത്തുകൂടി മാത്രമേ വെള്ളം ഒഴുകുന്നുള്ളൂ. ബാക്കി വെള്ളാരം കല്ലുകൾ പരന്നുകിടക്കുന്നു. നല്ല തണുപ്പുണ്ട് വെള്ളത്തിന്. ഒഴുകിവരുന്ന വെള്ളവും വെള്ളാരം കല്ലുകളും ചേർന്ന് ഒരുക്കിയ പ്രകൃതിയുടെ സംഗീതവിരുന്നാസ്വദിച്ചുകൊണ്ട് ഞാൻ കുറച്ചുനേരം അവിടെ നിന്നു. ആ സംഗീതത്തിനൊത്ത്​ തലക്കുമുകളിൽ നൃത്തമാടുന്ന തൂക്കുപാലവുമുണ്ട്.

ഈ സംഗീതമാസ്വദിച്ചുകൊണ്ട് പ്രണയം പങ്കിട്ട എത്ര കമിതാക്കൾ അവരുടെ സായാഹ്നം ഇവിടെ ചെലവഴിച്ചുകാണും. എനിക്ക് നാട്ടിലെ തിരൂർ പുഴയിൽ ചാടികുളിച്ചിരുന്ന കുട്ടിക്കാലമാണ്​ ഒാർമവന്നത്. മിക്ക അവധി ദിവസങ്ങളിലും പുഴയിൽ കുളിച്ചു തിമിർക്കലായിരുന്നു പതിവ്​. പിന്നെ പനിയും ജലദോഷവും പിടിച്ച്​ വീട്ടിലിരിക്കുമ്പോഴുള്ള വഴക്കി​െൻറ കാര്യം പറയുകയും വേണ്ട. ഇതിലിറങ്ങി കുളിക്കണമെന്നുണ്ട്. പക്ഷെ, കൊടും തണുപ്പും സമയവും സാഹചര്യവും പിന്നോട്ടുവലിച്ചു.

റോമനെസ്‌ക് ശൈലിയിലാണ്​ അറ്റൊൻണെ പാലത്തി​െൻറ നിർമാണം

നദിയോട് യാത്ര പറഞ്ഞ്​ തിരിച്ച്​ തൂക്കുപാലത്തിലേക്കുള്ള വഴിയിൽ കയറി. തൂക്കുപാലം തുടങ്ങുന്നിടത്തൊരു ചെറിയ പോർട്ടുണ്ട്. ഏകദേശം 1000 വർഷത്തോളം യാത്രികരെയും കച്ചവടക്കാരെയും ഈ നദി മുറിച്ചുകടക്കാൻ സഹായിച്ച തോണിക്കാരുടെ താമസസ്ഥലമാണത്. 19ാം നൂറ്റാണ്ടി​െൻറ അവസാനം വരെ ഇതുപയോഗിച്ചു. കഴിഞ്ഞവർഷം അതി​െൻറ അറ്റകുറ്റപ്പണികൾ നടത്തി പഴമയെ സംരക്ഷിച്ചുനിർത്തി.

ഞങ്ങൾ മെല്ലെ തൂക്കുപാലത്തിലേക്ക് വലതുകാലും വെച്ച് കയറി. Passerella Sul Brembo (ബ്രെമ്ബോയുടെ മുകളിലെ നടപ്പാലം) അല്ലെങ്കിൽ Ponte Che Balla (നൃത്തംചെയ്യുന്ന പാലം) എന്നറിയപ്പെടുന്ന ടിബറ്റൻ തൂക്കുപാലം 1878ലാണ് നിർമിച്ചത്. 74.4 മീറ്റർ നീളമുള്ള ഈ പാലത്തിന് മരപ്പലക കൊണ്ടുള്ള നടപ്പാതയാണുള്ളത്. അതിലൂടെ കമ്പിയും പിടിച്ചു പാലത്തോടൊപ്പം ഡാൻസ് ചെയ്തുകൊണ്ട് ഞങ്ങൾ നദിയുടെ മാറുകരയിലേക്ക്​ നടന്നു. പാലത്തി​െൻറ നടുവിൽ നിന്നുകൊണ്ട് താഴെയുള്ള നദിയും ചുറ്റുമുള്ള പ്രകൃതിയുടെ മാസ്മരിക മനോഹാരിതയും ആസ്വദിക്കാൻ പ്രത്യേക സുഖമാണ്​. പുഴയുടെ ഒരരികിലൂടെ നടക്കാനും സൈക്കിൾ സവാരിക്കുമുള്ള പാതയുമുണ്ട്.

വെനീഷ്യൻ ഭരണകാലത്തെ കസ്റ്റംസ് കെട്ടിടം

ഗൂഗ്​ൾ ആശാൻ തന്ന എട്ടി​െൻറ പണി

തിരിച്ചുപോകാനുള്ള ബസ് സമയം ഗൂഗ്​ളിൽ നോക്കിവെച്ചിരുന്നു. മനസ്സില്ലാ മനസ്സോടെ മനോഹരമായ ആ ഗ്രാമത്തോടും അവിടത്തെ ചരിത്ര ശേഷിപ്പുകളോടും യാത്രപറഞ്ഞ്​ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. നദിയുടെ മാറുകരയിലൂടെ ഒരു ഹൈവേ പോകുന്നുണ്ട്. അതായത് ഗ്രാമത്തിന് മറുവശമുള്ള താഴ്വരയിൽ. തൂക്കുപാലം കടന്ന്​ അവിടെയെത്തി. ഹൈയവയിലൂടെ 100 മീറ്റർ നടന്ന്​ ബസ് സ്റ്റോപ്പ്​ കണ്ടുപിടിച്ചു. ബസ് വരൻ സമയമാകുന്നേയുള്ളൂ. നടന്ന്​ ക്ഷീണിച്ചതിനാൽ അവിടെ ഇരുന്നു.

ഗൂഗ്​ൾ പറഞ്ഞ സമയം കഴിഞ്ഞും ബസ് വന്നില്ല. ഇറ്റലിയിൽ ചിലയിടത്തെല്ലാം ബസുകൾ പലപ്പോഴും സമയത്തോടാറില്ല. ഞങ്ങൾ റോഡിലേക്ക് കണ്ണുംനട്ടിരുന്നു. അരമണിക്കൂർ ആയപ്പോൾ സുഹൃത്ത്​ മറ്റൊരു ആപ്പിൽ നോക്കിയപ്പോഴാണ് മനസ്സിലായത്, അങ്ങനെ ഒരു ബസ് ഇപ്പോൾ ഇല്ലെന്ന്. ഗൂഗിൾ ആശാൻ എട്ടി​െൻറ പണിതന്നു. ഏകദേശം ആറ്​ മണിയായിട്ടുണ്ട്. ഇനി ഇവിടന്ന് തിരിച്ചുപോകാൻ ബസില്ല. ടാക്സി വിളിക്കുകയെല്ലാതെ രക്ഷയില്ലെന്ന്​ മനസ്സിലായി.

അറ്റൊൻണെ പാലത്തിന് മുകളിൽനിന്നും കാണുന്ന കസ്റ്റംസ് കെട്ടിടവും വാഹനങ്ങൾ പോകുന്ന റോമൻസ്​ക്യു ശൈലിയിലുള്ള പുതിയ പാലവും. ബ്രെമ്ബോ നദിയുടെ കൈവരിയും കാണാം

അല്ലെങ്കിൽ അരമണിക്കൂറിന്​ മുകളിൽ നടന്നാൽ അടുത്ത ബസ് കിട്ടുന്ന സ്ഥലത്തെത്താം. പക്ഷെ ഹൈവേയിലൂടെയുള്ള നടത്തം സുരക്ഷിതമല്ലെന്ന് പറഞ്ഞ്​ എ​െൻറ സാഹസഞ്ചാരി തടഞ്ഞു. മാത്രമല്ല, കോവിഡ്​ നിയ​ന്ത്രണങ്ങൾ ഉള്ളതിനാൽ രാത്രി പത്തിന്​ മുമ്പ്​ താമസസ്ഥലത്തെത്തണം. അതുകഴിഞ്ഞാൽ പിന്നെ പൊലീസ് പിടിച്ച്​ നല്ല പിഴ എഴുതിത്തരും. പണി പാളിയ മട്ടാണ്​.

ഒടുവിൽ ഓൺലൈൻ ടാക്സി വിളിക്കാൻ തീരുമാനിച്ചു. ഈ കുഗ്രാമത്തിലേക്ക്​ ടാക്സി വേറെ എവിടന്നോ വരണം. ഇങ്ങോട്ട് വരാൻ മാത്രം 30 യൂറോ ആകും. പക്ഷെ ഞങ്ങൾക്ക്​ പോകാനുള്ള ദൂരം അതിലും കുറവ് കാശി​െൻറ ഓട്ടമേയുള്ളൂ. വേറെ ഒരു മാർഗവും ഇല്ലാത്തതിനാൽ ടാക്സിക്കാരനോട് വരാൻ പറഞ്ഞു. ഞങ്ങൾക്ക് പോകേണ്ട അടുത്ത ബസ് കിട്ടുന്ന സ്ഥലത്തേക്ക് 55 യൂറോയായി.

നൃത്തംചെയ്യുന്ന പാലം

ടാക്സിക്കാരൻ ഞങ്ങളോട് ഓൺലൈനിൽ ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്യാൻ പറഞ്ഞു. എന്നിട്ട് പുള്ളി 45 യൂറോ മതി എന്ന് പറഞ്ഞു. പുള്ളിയുടെ കാശും കൊടുത്തിറങ്ങി ഓടിച്ചെന്ന് ബെർഗമോയിലേക്കുള്ള ബസ് പിടിച്ചു. ഏഴു മണിക്ക്​ മിലാനിലേക്കൊരു ട്രെയിനുണ്ട്. അതുപിടിക്കണം. ഇല്ലേൽ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് അടുത്തത്​.

അതിനിടക്ക് അടുത്ത പണികിട്ടി. ഞങ്ങൾ കറയിയ ബസ് റെയിൽവേ സ്റ്റേഷനിൽ പോകുന്നില്ല. പോകുന്ന വഴിയിൽ ഒരു സ്റ്റോപ്പിലിറങ്ങി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ട്​ ഒരോട്ടമായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്തിങ്ങനെ ഓടിയിരുന്നെങ്കിൽ വല്ല സമ്മാനവും കിട്ടിയേനെ. ഇതിപ്പോൾ പൊലീസി​െൻറ സമ്മാനം കിട്ടാതിരിക്കാനുള്ള ഓട്ടമാണ്. ഭാഗ്യത്തിന് ഞങ്ങൾ ട്രെയിനിൽ കയറലും ഡോർ അടയലും ഒരുമിച്ചായിരുന്നു.

74.4 മീറ്റർ നീളമുള്ള ഈ പാലത്തിന് മരപ്പലക കൊണ്ടുള്ള നടപ്പാതയാണുള്ളത്

അടുത്തുകണ്ട സീറ്റിലിരുന്നു ഒന്ന് ദീർഘശ്വാസം വലിച്ചു. എട്ടി​െൻറ പണി തന്നതിന് ഗൂഗ്​ൾ ആശാനോട് മനസ്സിൽ നന്നായി നന്ദിയും പറഞ്ഞു. സത്യം പറഞ്ഞാൽ ഞാൻ വിദൂരഗ്രാമങ്ങളിക്ക് യാത്ര ചെയ്യുമ്പോൾ എപ്പോഴും അവരുടെ ബസ് ട്രാൻസ്പോർട് ഡിപ്പാർട്മെൻറി​െൻറ ഒഫീഷ്യൽ വെബ്സൈറ്റിൽ നോക്കി സമയക്രമം ഉറപ്പുവരുത്താറുണ്ട്. ഇവിടെ ഓരോ പ്രവിശ്യക്കും പ്രത്യേക ബസ് കമ്പനിയും ഡിപ്പാർട്മെൻറുമുണ്ടാകും. പക്ഷെ, രാവിലെ യാത്ര തിരിക്കുമ്പോൾ ക്ലാനെട്സൊ ഗ്രാമം എ​െൻറ ലിസ്റ്റിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ സമയക്രമം നോക്കിവെച്ചതുമില്ല.

മാത്രമല്ല, വാഹന സമയം ഗൂഗ്​ളിൽ നോക്കാതെ മറ്റു ആപ്പുകളെയാണ് മിലാൻ സിറ്റിയിൽ ഉപയോഗിക്കാറ്​. ആ ആപ്പുകൊളൊന്നും അവിടെ ലഭ്യമെല്ലാത്തതിനാലാണ്​ ഗൂഗ്​ളിനെ ആശ്രയിച്ചത്. പുള്ളി ഇങ്ങനെ ഒരു പണിതരുമെന്ന് കരുതിയതുമില്ല. നല്ല രീതിയിൽ ആസ്വദിച്ച ഒരു യാത്ര അവസാനത്തെ ഓട്ടപ്പാച്ചിലിൽ കുളമായെന്നോർത്തു ഞാൻ സുഹൃത്തിനോട്​ ക്ഷമ ചോദിച്ചു. കാരണം എ​െൻറ ഐഡിയ ആയിരുന്നല്ലോ ആ ഗ്രാമത്തിലേക്കുള്ള യാത്ര. പുള്ളി പറഞ്ഞു, ഒരിക്കലുമില്ല. ഇത്രയും മനോഹരമായ ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്ത അനുഭൂതി ​െവച്ചുനോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. മാത്രമല്ല, യാത്രയിൽ നമ്മളിതുപോലെ ഒരുപാടു അനുഭവങ്ങളിലൂടെ കടന്നുപോകൽ സാധാരണയാണ്.

പാലത്തി​െൻറ നടുവിൽ നിന്നുകൊണ്ട് നദിയും ചുറ്റുമുള്ള കാഴ്​ചകളും ആസ്വദിക്കാൻ പ്രത്യേക സുഖമാണ്

ശരിയാണ്, ഇത്രയും മനോഹരവും ചരിത്ര പ്രധാന്യവുമായ, പ്രകൃതി സൗന്ദര്യം കൊണ്ടും വാസ്തു ശിൽപം കൊണ്ടും അനുഗ്രഹീതമായ, തികച്ചും വ്യത്യസ്തമായ ഒരു ഗ്രാമവും നൂറ്റാണ്ടുകൾ പിറകിലേക്കുള്ള, കൃത്യമായി പറഞ്ഞാൽ പത്താം നൂറ്റാണ്ടിലേക്കുള്ള യാത്രയും അന്നത്തെ ആളുകളുടെ ജീവിത ചിത്രവുമെല്ലാം തരുന്ന ഒരു അനുഭവം. അതൊരു അസാധാരണ അനുഭവം തന്നെയാണ്. ഏത് സഞ്ചാരിയെയും വശീകരിക്കുകയും എന്നും ഒാർമിക്കാനുള്ള കാഴ്​ചകളും നൽകുന്ന അനുഭവങ്ങൾ.

ഒരു മണിക്കൂർ കൊണ്ട് മിലാനിലെത്തി ​ട്രെയിനിറങ്ങി സാഹസഞ്ചാരിയോട് യാത്ര പറഞ്ഞു. എ​െൻറ താമസസ്ഥലത്തേക്കുള്ള ട്രെയിൻ പിടിക്കാനായി നടന്നു. അതെ, പത്താം നൂറ്റാണ്ടിലെ പൗരാണികതയുടെ നിധി കണ്ടെത്തിയ സന്തോഷത്തോടെയുള്ള നടത്തം.

(അവസാനിച്ചു)

https://instagram.com/nazu_wanderlust?r=nametag

Tags:    
News Summary - Clanetzo - Through the ancient roads of the Italian village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.