നേപ്പാളിലേക്ക് പോവാൻ തീരുമാനം എടുത്തത് പെട്ടന്നായിരുന്നു. നാട്ടിൽ പോവുന്ന വഴിക്ക് വിവിധ ഇന്ത്യൻ നഗരങ്ങൾ സന്ദർശനം നടത്തുന്നത് ഞങ്ങൾ പതിവാക്കിയിരുന്നു. കോവിഡ് തുടങ്ങിയ സമയത്തും ഡൽഹി - മണാലി ട്രിപ്പിനുള്ള എയർ ടിക്കറ്റുകൾ എല്ലാം എടുത്തു െവച്ചിരുന്നു. പക്ഷെ നിയന്ത്രണങ്ങൾ കാരണം ആ ട്രിപ്പ് നടന്നില്ല. മുടങ്ങിപ്പോയ ഈ യാത്രയുടെ റീഫണ്ട് എയർ ഇന്ത്യ ഇനിയും തന്നിട്ടില്ല എന്നത് വേറൊരു സത്യം. ദുബൈയിലെ വേനലവധിക്കാലത്താണ് കശ്മീർ, ഡൽഹി-ആഗ്ര, രാജസ്ഥാൻ-പഞ്ചാബ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സന്ദർശനം നടത്തിയത്.
ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചു, യാത്ര നേപ്പാളിലേക്കാക്കി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നേപ്പാളിലെ പൊഖാറ ആയിരുന്നു ആദ്യം മനസ്സിൽ ഉദ്ദേശിച്ചതെങ്കിലും കുറഞ്ഞ ദിവസത്തെ യാത്ര ആയതിനാൽ കാഠ്മണ്ഡു മാത്രം ആക്കാം എന്ന് കരുതി. എന്നാൽ, ഭാര്യയുടെ സുഹൃത്തിന്റെ നേപ്പാൾ യാത്രയുടെ വിശദീകരണങ്ങൾ കേട്ടപ്പോൾ വീണ്ടും പൊഖാറ തന്നെ ഉറപ്പിച്ചു. കാഠ്മണ്ഡു മുതൽ പൊഖാറ വരെയുള്ള റോഡ് യാത്ര വളരെ സാഹസികമാണെന്ന് മുന്നേ വായിച്ചിരുന്നു. അത് നേരിട്ടറിയണം എന്നുണ്ടായിരുന്നെങ്കിലും സമയമില്ലാത്തിനാൽ ആഭ്യന്തര വിമാന സർവീസിനെ ആശ്രയിക്കാൻ തീരുമാനിച്ചു. ബസ് യാത്രക്ക് ഒരാൾക്ക് 800 ഇന്ത്യൻ രൂപയുടെ താഴേ വരുമ്പോൾ വിമാനത്തിന് 2200 ഓളം രൂപ കാത്മണ്ഡുവിൽ നിന്നും പൊഖാറയിലേക്കു ചെലവ് വരും.
വലിയ പെരുന്നാൾ ദിനത്തിലായിരുന്നു ഞങ്ങളുടെ യാത്ര തുടങ്ങിയത്. ഷാർജ ഈദ് ഗാഹിൽ നിന്നും പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷം രാവിലെ തന്നെ ദുബൈ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കുവൈത്ത് വഴി ജസീറ എയർവയസിലായിരുന്നു യാത്ര. എയർപോർട്ട് ലോഞ്ചിലെ ഭക്ഷണമായിരുന്നു പെരുന്നാൾ ഭക്ഷണം. കുവൈത്ത് എയർപോർട്ടിൽ കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം കാത്മണ്ഡുവിലേക്കു. പുറപ്പെട്ടു. കുറച്ചു മലയാളികളെയൊക്കെ ഫ്ലൈറ്റിൽ പ്രതീക്ഷിച്ചിരുന്നു , പക്ഷെ ആരും ഉണ്ടായിരുന്നില്ല. നാലര മണിക്കുർ യാത്ര ഉണ്ട് കുവൈറ്റിൽ നിന്ന് നേപ്പാളിലേക്ക്.
കാഠ്മണ്ഡു വിമാനത്താവളം
ചെറുതെങ്കിലും സുന്ദരമായ ഉൾവശങ്ങളോട് കൂടിയ വിമാനത്താവളമാണിത്. ബുദ്ധ പ്രതിമകളും ചിത്രപ്പണികളാലും അലങ്കരിച്ചിരിക്കുന്നു. അധികം സമയമെടുക്കാതെ തന്നെ പുറത്തേക്കിറങ്ങാൻ സാധിച്ചു. ഇന്ത്യക്കാർക്ക് നേപ്പാളിലേക്ക് വിസ ആവശ്യമില്ലല്ലോ. പുറത്തിറങ്ങി ടാക്സി പിടിച്ചു നേരെ കാത്മണ്ഡുവിലെ ഹോട്ടലിലേക്ക്. ഇന്നാണ് നേപ്പാളിൽ പെരുന്നാൾ. അവിടുത്തെ പെരുന്നാൾ ആഘോഷം നേരിൽ അറിയണമെന്നുണ്ടായിരുന്നു. പൊഖാറ എത്തുമ്പോഴേക്കും നമസ്കാരം കഴിയുമോ എന്ന് കരുതി കാഠ്മണ്ഡുവിലെ നമസ്കാര ശേഷമുള്ള വിമാനം ആയിരുന്നു ബുക്ക് ചെയ്തത്. അധിക സമയം നില്കാതെ പെട്ടെന്ന് തന്നെ പള്ളി തേടി പുറത്തിറങ്ങി. ഷാർജയിൽ ഞങ്ങളുടെ പെരുന്നാൾ നമസ്കാരം കഴിഞ്ഞതാണെങ്കിലും ഇവിടുത്തെ പള്ളിയിലെ നമസ്കാരം കാണാനും പെരുന്നാൾ അറിയാനുമായിരുന്നു യാത്ര. നേപ്പാളിലെ ഏറ്റവും പഴയ പള്ളിയായ കാശ്മീരി ജമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിനു കൂടാനായി. നമ്മൾ തുടർന്ന് വരുന്ന പെരുന്നാൾ നമസ്കാര രീതിയിൽ നിന്നും വിഭിന്നമായിരുന്നു ഇവിടെ. ഇതേ രീതി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ട് എന്നറിയാൻ സാധിച്ചു. നേപ്പാളികളേക്കാൾ കൂടുതൽ ഇന്ത്യയിൽ നിന്നും ജോലിക്കും കച്ചവടത്തിനുമായി ഇവിടെയെത്തിയ ബിഹാറികളെയാണ് പള്ളിയിൽ കൂടുതൽ കാണാൻ സാധിച്ചത്.
കാഠ്മണ്ഡുവിലെ മോമൊ കഴിക്കണം എന്നത് യാത്ര തീരുമാനിച്ച അന്ന് മുതലേ ഇർഫാന്റെ ആവശ്യമായിരുന്നു. കട തേടിപ്പിടിച്ച് പെട്ടെന്ന് തന്നെ ആ ആഗ്രഹം നടപ്പിലാക്കി. അടുത്ത ലക്ഷ്യം പൊഖാറയാണ്. ടാക്സിയിൽ നഗര പ്രദക്ഷിണം നടത്തി പെട്ടെന്ന് ഹോട്ടലിൽ എത്തി ഉടൻ എയർപോർട്ട് ലക്ഷ്യമാക്കി ഇറങ്ങി. ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യം ഹോട്ടലുകാർ നൽകിയിരുന്നു. അവിടുത്തെ മാനേജറായ രാജുവിന്റെ സഹകരണം എന്നും ഓർമയിൽ നില്കും. തിരിച്ചു പോവുമ്പോൾ ലഗേജുകൾ എയർപോർട്ടിൽ എത്തിക്കാം എന്ന് രാജു ഉറപ്പു നൽകിയിരുന്നു.
പൊഖാറ യാത്ര
കഴിഞ്ഞ ദിവസം അപകടമുണ്ടായ പൊഖാറ വിമാനത്താവളം അന്ന് തുറന്നിട്ടില്ല. ആഭ്യന്തര വിമാനത്താവളത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നേപ്പാളിൽ ആഭ്യന്തര സർവീസ് വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് തോന്നുന്നു. മീറ്ററുകളുടെ അകലത്തിൽ ചെക്ക് ഇൻ കൗണ്ടറുകൾ, പതിനഞ്ചോളം വിമാന കമ്പനികളുടെ കൗണ്ടറുകൾ... എല്ലായിടത്തും അത്യാവശ്യം ആളുകൾ വരി നില്കുന്നു. പൊഖാറക്കു പുറമെ ലുംബിനി, ബദ്രപുർ തുടങ്ങി പന്ത്രണ്ടോളം നേപ്പാളി നഗരങ്ങളിലേക്കും പിന്നെ വരാണസിയിലേക്കുമായുള്ള വിമാനങ്ങൾ ദിനേന സർവീസ് നടത്തുന്നു. ഇതിനു പുറമെ എവറസ്റ്റ് എക്സ്പീരിയൻസ്, അന്നപൂർണ എക്സ്പീരിയൻസ് തുടങ്ങി ഒരു മണിക്കൂർ ട്രിപ്പുകളും ഇവിടെ നിന്നു നടക്കുന്നുണ്ട്. ഞങ്ങൾ ബുദ്ധ എയർ വിമാനത്തിലാണ് ബുക്ക് ചെയ്തത്. നല്ല ചെറിയ വിമാനം. ഫ്ലൈറ്റിലേക്കു കയറാൻ ബസിൽ കയറി അൽപം ദൂരേക്ക് വന്നു. സുന്ദരമായ മലകളും പ്രകൃതി ദൃശ്യങ്ങളും എയർപോർട്ടിൽ നിന്ന് തന്നെ കാണാമായിരുന്നു. കാഠ്മണ്ഡു മുതൽ പൊഖാറ വരെ യാത്ര ചെയ്യുമ്പോൾ വിമാനത്തിലിരുന്ന് എവറസ്റ്റ് ഉൾപെടെയുള്ള കൊടുമുടികൾ കാണാം എന്ന് അബദ്ധത്തിൽ ധരിച്ചു വച്ചിരുന്നു. എന്നാൽ, ഈ വിമാനം ആ വഴിക്കൊന്നുമല്ല പോകുന്നത്. എവറസ്റ്റ് സ്പീരിയൻസിനായി ബുദ്ധ എയറും മറ്റു എയർലൈൻസുകളും വേറെ തന്നെ ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതിനു ഒരാൾക്ക് ഇന്ത്യൻ രൂപ 9000ത്തിനു മുകളിൽ ടിക്കറ്റ് ചാർജ് വരും. എന്നാൽ, ഇത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു എന്ന് പൊഖാറയിൽ വെച്ച് പരിചയപ്പെട്ട മസ്കത്തിൽ നിന്നും വന്ന മലയാളി കുടുംബം പറഞ്ഞിരുന്നു.
നേപ്പാളിന്റെ പ്രകൃതി ഭംഗി ആസ്വദിപ്പിച്ച് ചെറിയ മലകൾക്കു മുകളിലൂടെ താഴ്ന്നു പറക്കുന്ന വിമാനം അരമണിക്കൂർ കൊണ്ട് പൊഖാറ വിമാനത്താവളത്തിൽ എത്തിച്ചു. ചെറുതും സുന്ദരവുമായ എയർ പോർട്ട്. നേരിയ തണുത്ത കാലാവസ്ഥ. പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗി. ചെറിയ വിമാനത്തിന്റെ അടുത്തുനിന്നും വിമാനം പറന്നു തുടങ്ങുന്നതിന്റെയും ഉന്തു വണ്ടികളിൽ ലഗേജുകൾ കൊണ്ട് പോവുന്നതിന്റെയും എല്ലാം ദൃശ്യങ്ങൾ കാമറയിൽ പകർത്തി. ബാഗെടുത്ത് പുറത്തു കടന്നപ്പോൾ വണ്ടിയുമായി കാത്തുനില്കുന്നുണ്ടായിരുന്നു നമ്മുടെ ഹോട്ടൽ ഹോസ്റ്റ് വിട്ട ഡ്രൈവർ. സൗമ്യനായ അയാളെ പോലെ തന്നെയാവും നമ്മുടെ ഇനിയുള്ള നേപ്പാൾ അനുഭവങ്ങൾ എന്ന് മനസ്സിൽ കരുതി. കാർ ഹോട്ടലിൽ എത്തുന്നതിനു മുൻപ് തന്നെ രണ്ട് ദിവസത്തെ കാഴ്ചകളുടെ വിവരങ്ങൾ അദ്ദേഹം പറഞ്ഞു തന്നു. പോവേണ്ട സ്ഥലങ്ങൾ ഞങ്ങൾ കുറിച്ച് വച്ചിരുന്നു. അതിനു പുറമെ പൊഖാറയിലെ വിവിധ ആക്ടിവിറ്റികൾ, പാരാ ഗ്ലൈഡിങ് തുടങ്ങിയയെ പറ്റിയും വിവരിച്ചു. അതി സുന്ദരമായ ഫേവ തടാകത്തിന്റെ അടുത്തായിരുന്നു താമസം. ഹോട്ടലിൽ നിന്ന് തടാകത്തിന്റെ ഭംഗി നേരിൽ ആസ്വദിക്കാൻ പറ്റുന്നുണ്ട്. മിതമായ വാടകയേ ഉണ്ടായിരുന്നുള്ളൂ. എന്ത് സഹായത്തിനും അവിടുത്തെ ഉടമസ്ഥനും ഭാര്യയും തയാറായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.