കിളിമഞ്ചാരോ ദിനങ്ങൾ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ തന്നെ ഒരു പർവത നിരകളുടെയും ഭാഗമല്ലാതെ തനിയെ നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും വലുതുമാണ് നിർജീവ അഗ്നിപർവതമായ കിളിമഞ്ചാരോ (world's tallest free-standing mountain). സമുദ്ര നിരപ്പിൽ നിന്നു 5895 മീറ്റർ (19341 അടി) ആണ് ഉയരം. ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികളുടെ കണക്കിൽ (Seven Summits) നാലാമതായി വരും കിളിമഞ്ചാരോ. ആഫ്രിക്കയുടെ മേൽക്കൂര എന്നും കിളിമഞ്ചാരോ അറിയപ്പെടുന്നു.

കിബോ, മവെൻസി, ഷിരാ എന്നിങ്ങനെ മൂന്ന് അഗ്നിപർവത മുഖങ്ങൾ ഉണ്ടായിരുന്നതിൽ ആദ്യത്തെ രണ്ടെണ്ണമാണ് ഇന്നുള്ളത്. ഷീര അനേകായിരം വർഷങ്ങൾക്കു മുമ്പ് നടന്ന അഗ്നിപർവത വിസ്ഫോടനത്തിൽ തകർന്നു പോയി. ഏറ്റവും ഉയരം കൂടിയ ഉഹുറു പീക്ക് കിബോയിൽ ആണുള്ളത്. ഇതു കീഴടക്കാനായി ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമായി ആയിരങ്ങളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. അമ്പതു ശതമാനത്തിനു മുകളിൽ വിജയ സാധ്യത ഉള്ളതും, ടെക്നിക്കൽ ആയ മലകയറ്റ കഴിവുകൾ ഒന്നും വേണ്ട എന്നുള്ളതും ധാരാളം മലകയറ്റക്കാരെ ഇങ്ങോട്ടു ആകർഷിക്കുന്നു.

കെനിയയിലെ അംബോസെലി നാഷനൽ പാർക്കിൽ നിന്നുമാണ് കിളിമഞ്ചാരോയുടെ ആദ്യ ദർശനം വർഷങ്ങൾക്കു മുമ്പ് ലഭിച്ചത്. അപ്പോൾ തന്നെ കിളിമഞ്ചാരോ ട്രെക്കിങ്ങിനായുള്ള ആഗ്രഹം മുളപൊട്ടിയെങ്കിലും, ആഗ്രഹ പൂർത്തിക്കായി പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

ഉഗാണ്ടയിൽ തന്നെ ജോലി ചെയ്യുന്ന തൃശൂർ ഒല്ലൂർ നിന്നുമുള്ള ആർതർ ആന്‍റണി എന്ന സുഹൃത്തുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ യാദൃച്ഛികമായി കിളിമഞ്ചാരോ കടന്നു വരികയും, അത് കിളിമഞ്ചാരോ ട്രെക്കിങ് എന്ന ആശയത്തിൽ എത്തിച്ചേരുകയും ചെയ്തു. യാത്ര തൽപരനായ കരുനാഗപ്പള്ളിക്കാരൻ സുഹൃത്ത് ജിജോ ബാബുവിനെ വിളിച്ചപ്പോൾ അദ്ദേഹവും റെഡി. പിന്നീട് എന്റെ കൂടെ ജോലി ചെയ്യുന്ന ജിക്കു ജോർജ്, പൂണക്കാരനായ അതുൽ ഗിരി എന്നിവർ കൂടി ചേർന്നതോടെ ഞങ്ങളുടെ സംഘം പൂർത്തിയായി.

യാത്രക്കുള്ള ഒരുക്കങ്ങൾ

ആദ്യത്തെ കടമ്പ ട്രെക്കിങ്ങിനായുള്ള വഴി തെരഞ്ഞെടുക്കൽ ആയിരുന്നു. കിളിമഞ്ചാരോ കയറാൻ ഏഴു വഴികൾ ആണുള്ളത്. മറാങ്കു, മച്ചാമേ, ലെമോഷോ, നോർത്തേൺ സർക്യൂട്, റൂങ്കായ്, ഉംവെ, ഷീര എന്നിവയാണ് അത്. തിരിച്ചു ഇറങ്ങാനായി mweka, മറാങ്കു എന്നീ രണ്ടു വഴികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽ, ഏറ്റവും മനോഹരമായ, എട്ടു ദിവസം നീളുന്ന ലെമോഷോ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്. പ്രധാനമായും, AMS (acute mountain sickness) ഉണ്ടാകുവാനുള്ള സാധ്യതയും ദീർഘമേറിയ ഈ വഴിക്കു കുറവാണ്‌. ഏറ്റവും കൂടുതൽ ട്രെക്കിങ് നടക്കുന്നത് മറാങ്കു വഴിയിൽ ആണ്. നല്ല താമസ സൗകര്യം ഉണ്ടെന്നത് തന്നെ പ്രധാന കാരണം. എന്നാൽ, ഈ വഴിക്കുള്ള യാത്രയിൽ AMS സാധ്യത വളരെ കൂടുതലും സബ്മിറ്റ് സാധ്യത കുറവും ആണ്.

അടുത്തതായി യാത്ര ദിവസങ്ങൾ തെരഞ്ഞെടുക്കൽ ആയിരുന്നു. പൂർണ ചന്ദ്രനുള്ള ജൂലൈ 14 ആണ് ഞങ്ങൾ സബ്‌മിറ്റ് ദിവസമായി തെരഞ്ഞെടുത്തത്. ജൂലൈ ഒമ്പതിന് ട്രെക്കിങ് ആരംഭിക്കണം. പിന്നീട്, ചുറ്റിലും നക്ഷത്രങ്ങളുമായി, നിലാവിൽ കുളിച്ചു നിൽക്കുന്ന കിളിമഞ്ചാരോയുടെ കാഴ്ച ഈ തെരഞ്ഞെടുപ്പ് വളരെ ശരിയായി എന്ന് തെളിയിച്ചു. അനേകം ടൂർ കമ്പനികളുമായി ബന്ധപ്പെട്ടതിനു ശേഷം ZAFS tours (https://zafstours.com) എന്ന കമ്പനിയുമായി കരാറിൽ എത്തിച്ചേർന്നു. ടാൻസാനിയയിൽ ജോലി ചെയ്യുന്ന സുഹൃത്ത് സഫ്‌വാൻ ഈ കമ്പനി വഴി മുമ്പ് ട്രെക്കിങ് ചെയ്തു, നല്ല അഭിപ്രായം പറഞ്ഞതും ZAFS തെരഞ്ഞെടുക്കാൻ കാരണമായി.

വളരെ ചെറിയൊരു തുക മുൻ‌കൂറായി കൊടുത്തു ടൂർ ബുക്കിങ് നടത്തി. താമസം മോഷിയിലുള്ള ഹോസ്റ്റലിൽ ആകാമെന്ന് തീരുമാനിച്ചു. മറ്റു പല ബ്ലോഗിൽ നിന്നും മനസിലാക്കിയത് പ്രകാരം ഒരു പ്രൈവറ്റ് ടൊയ്‌ലറ്റും ടൂർ കമ്പനിയോട് പറഞ്ഞു വെച്ചു. ശാരീരികമായി നല്ല ക്ഷമത വേണ്ടുന്ന ഒന്നാണ് കിളിമഞ്ചാരോ ട്രക്കിങ്. അതിനാൽ തന്നെ സൈക്ലിങ്ങും ദീർഘദൂര നടത്തവും കാർഡിയോ പരിശീലനങ്ങളും എല്ലാം നേരത്തെ തന്നെ ആരംഭിച്ചു. ZAFS കമ്പനി വളരെ നല്ലൊരു പരിശീലന സഹായി അയച്ചു തന്നിരുന്നു. അതിനോടൊപ്പം മലകയറ്റത്തിന് ആവശ്യമായ വസ്ത്രങ്ങളുടെയും മറ്റു വസ്തുക്കളുടെയും ഒരു ലിസ്റ്റും അയച്ചു. സബ്‌മിറ്റ് ദിവസത്തിന് വേണ്ടുന്ന എല്ലാം തന്നെ കമ്പനി തരും. കൂടാതെ, ട്രെക്കിങ് പോൾ , സ്ലീപിങ് ബാഗ്, ഡുഫൽ ബാഗ് എന്നിവയും കമ്പനി വകയാണ്. എങ്കിലും ഏറ്റവും പ്രധാനമായ ട്രെക്കിങ് ബൂട്ടും തെർമൽ സോക്‌സുകളും തെർമൽ വസ്ത്രങ്ങളും ഡേ പാക്ക് ബാഗും എല്ലാം ഞങ്ങൾ സ്വന്തമായി വാങ്ങിച്ചു.

ജൂലൈ അഞ്ചിനു ജിജോ നാട്ടിൽ നിന്നും ഉഗാണ്ടയിൽ എത്തി. ഞങ്ങൾ എല്ലാവരും കൂടി, ഏഴിന് ഉച്ചയോടെ എന്റ്റബെയിൽ നിന്നും എയർ ഉഗാണ്ടയുടെ വിമാനത്തിൽ ടാൻസാനിയയിലെ കിളിമഞ്ചാരോ എയർപോർട്ടിൽ എത്തിച്ചേർന്നു. ഇന്ത്യക്കാർക്ക് ഇവിടെ ഓൺ അറൈവൽ വിസ കിട്ടും. പുറത്തു, ZAFS കമ്പനി അയച്ച ഡ്രൈവർ ഞങ്ങൾക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. 45 മിനിട്ടോളം യാത്ര ചെയ്തു മോഷിയിലെ ക്ലൈമ്പേഴ്സ് ഹോം എന്ന ഹോസ്റ്റലിൽ എത്തിച്ചേർന്നു. രാത്രിയിൽ മോഷിയിലുള്ള സിഖുകാരനായ പാജി നടത്തുന്ന പാജിസ് റസ്റ്റാറന്‍റിൽ പോയി കുശാലായ രാത്രിഭക്ഷണം കഴിച്ചു. ZAFS കമ്പനി ഉടമസ്ഥൻ ഹുസൈഫ ഹോട്ടലിൽ എത്തി ഞങ്ങളെ കണ്ടശേഷം തുടർന്നുള്ള കാര്യങ്ങളെക്കുറിച്ചു വിവരിച്ചു. ZAFS കമ്പനി ഉടമസ്ഥൻ ഹുസൈഫയുടെ പൂർവികർ, ഇന്ത്യയിൽ നിന്നും അനേക വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലേക്ക് കുടിയേറി പാർത്തവരാണ്.

എട്ടാം തീയതി രാവിലെ ഹുസൈഫ ഏർപ്പാടാക്കിയ ഗൈഡുമാർ ഞങ്ങളെയും കൊണ്ട് ട്രെക്കിങ് ഗിയറുകൾ വാടകക്ക് എടുക്കുന്ന കടയിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കൈവശം ഇല്ലാതിരുന്നതെല്ലാം അവിടെനിന്നും ഞങ്ങൾ തരപ്പെടുത്തി തിരിച്ചു ഹോസ്റ്റലിൽ എത്തി. വൈകീട്ട് വീണ്ടും പാജിയുടെ കടയിലേക്ക്. അവിടെവച്ചു, ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉയരക്കാരനായ (6.3 അടി) ജിജോയെയും ഞെട്ടിച്ചുകൊണ്ട് 6.8 അടി ഉയരക്കാരനായ ഒരു സർദാർജിയെ പരിചയപ്പെടുകയുണ്ടായി.

ഒന്നാം ദിനം

Trekking Day 1: Lemosho Trailhead (2,400m/7,880ft) to Big Tree Camp (2,800m/9,190ft)

Elevation Gain: 400m/1,310ft

Trekking Time: 3-4 Hours

Distance:6km/3.5miles

Habitat: Rainforest

രാവിലെ തന്നെ ZAFSന്‍റെ ഗൈഡുമാരും പോർട്ടറുമാരും എല്ലാം കൂടി ഒരു വണ്ടിയിൽ ഞങ്ങളുടെ ഹോസ്റ്റലിനു മുമ്പിലെത്തു. ഞങ്ങളുടെ പ്രധാന ഗൈഡ് ആബേലും അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റുമാരായി നിക്കോളാസും ഇമ്മാനുവേലും കൂടാതെ കുക്കായി സക്കറിയയും മേൽനോട്ടക്കാരനായി മാത്യുവും ടോയ്‌ലറ്റ് പോർട്ടറായി മൈക്കലും പിന്നെ പതിനഞ്ചോളം പോർട്ടറുമാരും ആണുള്ളത്. ഒരു പോർട്ടർക്കു 15 കിലോയാണ് അനുവദനീയം. കുടിക്കാനുള്ള വെള്ളവും മഴക്കോട്ടുകളും സ്‌നാക്‌സും ഒഴികെ എല്ലാം ഈ പോർട്ടറുമാറാണ് ചുമക്കുന്നത്.

ഉച്ചയോടുകൂടി ഞങ്ങൾ ലെമോഷോ റൂട്ടിന്റെ ആരംഭസ്ഥലത്തു എത്തിച്ചുചേർന്നു. ഉച്ചഭക്ഷണവും രജിസ്ട്രേഷനും കഴിഞ്ഞു ട്രെക്കിങ് ആരംഭിച്ചു. അതിമനോഹരമായ മഴക്കാടുകളിൽ കൂടിയുള്ള യാത്ര എടുത്തു പറയേണ്ടുന്ന ഒന്നുതന്നെയാണ്. നാലുമണിക്കൂറോളം നടന്നു 9,190 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന MTI MKUBWA Camp ൽ എത്തിച്ചേർന്നു. ഈ ക്യാമ്പ് ബിഗ് ട്രീ ക്യാമ്പ് എന്ന പേരിലും അറിയപ്പെടുന്നു. ചെന്നയുടനെ ചൂട് ചായയും പോപ്‌കോണും കഴിച്ചു. താമസിക്കാതെ തന്നെ വളരെ നല്ലൊരു ഡിന്നറും കഴിച്ചു. മലമുകളിൽ ഇത്രയും നല്ലൊരു ഡിന്നർ പ്രതീക്ഷിച്ചില്ല. പിന്നീട്, അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചു ഗൈഡ് ആബേൽ ഒരു വിവരണം തരികയും എല്ലാവരുടെയും ഓക്സിജൻ നില അളക്കുകയും ചെയ്തു. കുറച്ചു നേരം സംസാരിച്ചിരുന്നശേഷം എല്ലാവരും ഉറക്കത്തിലേക്കു കടന്നു.

രണ്ടാം ദിനം

Trekking Day 2: Big Tree Camp (2,800m/9,190ft) to Shira 1 Camp (3,550m/11,650ft)

Elevation Gain: 750m/2,460ft

Distance: 8km/5miles

Trekking Time: 5-6 hours

Habitat: Moorland

രാവിലെ 6.30നു തന്നെ മാത്യു ചൂട് ചായയുമായെത്തി വിളിച്ചുണർത്തി. നല്ലതണുപ്പുണ്ടെങ്കിലും കുറെ അധികം സഞ്ചരിക്കാൻ ഉള്ളതിനാൽ എല്ലാവരും വളരെ പെട്ടെന്ന് റെഡി ആയി. പ്രഭാത ഭക്ഷണവും കഴിഞ്ഞു മൂന്ന് ലിറ്ററോളം വെള്ളവും ബാക്ക്പാക്കിൽ നിറച്ചു, കുറച്ചു സ്‌നാക്‌സും എടുത്തു നടത്തം ആരംഭിച്ചു. ധാരാളം വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും AMSനെ ഒരു പരിധി വരെ ചെറുക്കും. ധാരാളം ഊർജം നൽകുന്ന രീതിയിൽ ക്രമീകരിച്ച രുചികരമായ ഭക്ഷണമാണ് ഞങ്ങൾക്ക് യാത്രയിലുടനീളം ലഭിച്ചത്.

മഴക്കാടുകളിൽ കൂടി തുടങ്ങിയ യാത്ര താമസിയാതെ തന്നെ കുറ്റിച്ചെടികളും കല്ലുകളും പൊടിയും നിറഞ്ഞ moorlandലേക്ക് കടന്നു. ആറു മണിക്കൂറോളം എടുത്തു ഞങ്ങൾ എട്ടു കിലോമീറ്റർ മാറിയുള്ള shira 1 ക്യാമ്പിൽ എത്തിച്ചേർന്നു. സമുദ്രനിരപ്പിൽ നിന്നു 11,650 അടി ഉയരത്തിലാണ് ഈ ക്യാമ്പുള്ളത്. ഈ യാത്രയിൽ elephant back എന്നൊരു ഭാഗം കുറച്ചു കഠിനം തന്നെ ആയിരുന്നു. ഷീറ 1 ക്യാമ്പിൽ നിന്നു കിബോ കൊടുമുടിയുടെ അതിമനോഹരമായ കാഴ്ചയാണ് ലഭിക്കുക. സക്കറിയ തയാറാക്കിയ രുചികരമായ ഡിന്നറും കഴിച്ചു ഹെൽത്ത് ചെക്കപ്പും കഴിഞ്ഞു ഉറക്കത്തിലേക്കു വഴുതി. ഉയരക്കൂടുതൽ കാരണം ആർക്കും നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല.

മൂന്നാം ദിനം

Trekking Day 3: Shira 1 Camp (3,550m/11,650ft) to Shira 2 Camp (3,850m/12,650ft)

Elevation Gain: 300m/1,000ft

Distance:14km/8.5 miles

Trekking Time: 5-7 hours

Habitat: Moorland

രാവിലെ മാത്യുവിന്റെ വിളികേട്ടു ഉണർന്നു നോക്കുമ്പോൾ കാണുന്നത് എല്ലായിടത്തും ഐസ് ആണ്. ടെന്റിന്റെ മുകളിൽ എല്ലാം ഐസ് മൂടിക്കിടക്കുന്നു. കൂടാതെ പാത്രത്തിൽ ഇരുന്ന വെള്ളമെല്ലാം ഐസ് ആയി മാറിയിരിക്കുന്നു. മേഘങ്ങളുടെ മറയില്ലാതെ, കിളിമഞ്ചാരോയുടെ അതിമനോഹരമായൊരു കാഴ്ചയാണ് രാവിലെ ലഭിച്ചത്.

 നല്ലൊരു പ്രഭാത ഭക്ഷണവും കഴിഞ്ഞു നടത്തം ആരംഭിച്ചു. ഓക്സിജന്റെ അളവ് കുറവുണ്ടെങ്കിലും അധികം കയറ്റിറക്കങ്ങൾ ഇല്ലാത്തതിനാൽ ട്രെക്കിങ് സുഖകരമായിരുന്നു എന്ന് പറയാം. ഏകദേശം ഏഴു മണിക്കൂറോളം നടന്നു 13800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഷീര 2 ക്യാമ്പിൽ എത്തിച്ചേർന്നു. ഇവിടെനിന്നും, കിബോ കൊടുമുടിയുടെയും, താൻസാനിയയിൽ തന്നെയുള്ള മേരു പർവതത്തിന്റെയും അതി മനോഹര കാഴ്ചയാണ് ലഭിക്കുക. രാത്രി ഒരു സുഹൃത്തിനു ചെറിയ തോതിൽ ശ്വാസം മുട്ടൽ ഉണ്ടായെങ്കിലും രാവിലെ ആയപ്പോൾ ശരിയായി. മറ്റൊരു സുഹൃത്തിനും AMS ന്റെ ചെറിയ അസ്വസ്ഥതകൾ ഉണ്ടായെങ്കിലും നേരം പുലർന്നപ്പോൾ ആൾ ഉഷാറായി.

നാലാം ദിനം

Trekking Day 4: Shira 2 Camp (3,850m/12,650ft) to Barranco Camp (3,900m/12,800ft)

Elevation Gain: 750m/2,400ft

Elevation Loss: 700m/2,300ft

Distance:12km/7.5miles

Trekking Time: 4-6 hours

Habitat: Semi Desert

ഇന്ന് പർവതത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാനായി 15000 അടി ഉയരത്തിലുള്ള ലാവാ ടവർ വരെ കയറി പിന്നീട് താഴോട്ട് ഇറങ്ങി 12,800 അടി ഉയരത്തിൽ ഉള്ള ബറാൻകോ ക്യാമ്പിൽ എത്തണം. രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞു നടത്തം ആരംഭിച്ചു. കുറച്ചു വിഷമം പിടിച്ച യാത്ര തന്നെ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിനു ശാരീരിര അസ്വസ്ഥകളുണ്ടായി. ഓക്സിജൻ ലെവൽ വളരെയധികം കുറഞ്ഞു. ഉടനെ ഗൈഡ് ഓക്സിജൻ സപ്പോർട്ട് നൽകുകയും ലെവൽ ഉയരുകയും ചെയ്തു. കുറച്ചു വിശ്രമത്തിനു ശേഷം വീണ്ടും നടത്തം ആരംഭിച്ചു. എങ്കിലും 15000 അടി ഉയരത്തിലുള്ള ലാവാ ടവറിൽ എത്തിയപ്പോൾ അദ്ദേഹത്തിന് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തിരിച്ചിറക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് വളരെ വിഷമം ഉണ്ടാക്കിയെങ്കിലും വേറെ മാർഗം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രധാന ഗൈഡ് ആബേൽ അദ്ദേഹവുമായി ഷീര 2 ക്യാമ്പിലേക്ക് തിരിച്ചു.


ഉയർന്ന അൾട്ടിറ്റ്യൂഡ് കാരണം ആരുംതന്നെ ഭക്ഷണം നന്നായി കഴിച്ചില്ല. പോരാത്തതിന് സുഹൃത്തിനു തിരിച്ചു പോകേണ്ടി വന്നതിലുള്ള വിഷമവും. താമസിക്കാതെ തന്നെ ശേഷിച്ച ഞങ്ങൾ നാലുപേരും ബരാൻകോ ക്യാമ്പിലേക്ക് തിരിച്ചു. കുറച്ചു വിഷമകരമായ ചെങ്കുത്തായ പാതകളിൽ കൂടിയുള്ള യാത്രയായിരുന്നു ഇതെങ്കിലും , വളരെ വ്യത്യസ്തങ്ങളായ ധാരാളം കാഴ്ചകളാണ് ഞങ്ങൾക്ക് ലഭിച്ചത്. കിളിമഞ്ചാരോയിൽ മാത്രം കാണപ്പെടുന്ന Dendrosenecio Kilimanjari എന്ന ചെടി വളരെ കൗതുകകരമാണ്. giant groundsel ഇനത്തിൽ പെടുന്ന ഇവയുടെ ആയുസ് നൂറുകണക്കിന് വർഷങ്ങളാണ്. അതുപോലെ തന്നെ കിഴക്കൻ ആഫ്രിക്കയിലെ ഉയർന്ന സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന Lobelia deckenii എന്ന ചെടിയും ധാരാളമായി കാണുവാൻ കഴിഞ്ഞു. മറ്റൊന്ന് Everlasting flowers (Helichrysum meyeri-johannis) ചെടികളാണ്. ധാരാളം പൂക്കളുമായി ഇവയെ കിളിമഞ്ചാരോയിൽ അങ്ങോളമിങ്ങോളം കാണാനായി. Stoebe Kilimandscharica, Protea Kilimandscharica, Hebenstretia Dentata , Old Man's Beard തുടങ്ങി ഇതുവരെ കണ്ടിട്ടില്ലാത്ത പലതരം ചെടികൾ ഈ യാത്രയിൽ ഞങ്ങൾക്ക് കാണാനായി.

വളരെ തിരക്ക് കൂടിയ ക്യാമ്പാണ് ബറാൻകോ. മച്ചാമേ, ഉംവേ എന്നീ വഴികളിൽ നിന്നുമുള്ള യാത്രികരും ഈ ക്യാമ്പിൽ ഒത്തുചേരുന്നു. കുറഞ്ഞ അൾട്ടിറ്റ്യൂഡിലേക്കു വന്നതിനാൽ എല്ലാവരും ആരോഗ്യം വീണ്ടെടുത്തു. എല്ലാവരുടെയും ഓക്സിജൻ ലെവൽ 80 നു മുകളിൽ ആണ്. തിരിച്ചുപോയ സുഹൃത്ത് ഒരു പ്രശ്നവും കൂടാതെ മോഷിയിൽ എത്തി എന്നറിഞ്ഞതോടെ എല്ലാവർക്കും ആശ്വാസം ആയി.

അഞ്ചാം ദിനം

Trekking Day 5: Barranco Camp (3,900m/12,800ft) to Karanga Camp (3,950m/12,960ft)

Elevation Gain: 300m/1,000ft

Elevation Loss: 250m/820ft

Distance: 7km/4miles

Trekking Time: 4-5 hours

Habitat: Alpine Desert

പ്രഭാത ഭക്ഷണത്തിനു ശേഷം വളരെ പ്രശസ്തമായ ബാരൻകോ മതിൽ കയറ്റം തുടങ്ങി. വളരെ സാഹസികമായ ഒരു കയറ്റം തന്നെയാണിത്. പോർട്ടർമാർ ഭാരവും വഹിച്ചു അനായാസം കയറുന്നതു എല്ലാവരിലും അത്ഭുതം ഉളവാക്കി. ബാരൻകോ മതിൽ കയറി എത്തുന്നത് 13800 അടി ഉയരത്തിലേക്കാണ്. അവിടെനിന്നും മേരു പർവതത്തിന്റെ മനോഹര കാഴ്ചയോടൊപ്പം കിബോ കൊടുമുടിയുടെ അടുത്തുനിന്നുള്ള കാഴ്ചയും ലഭിക്കും. വിശ്രമത്തിനു ശേഷം കറങ്ങാ ക്യാമ്പിലേക്കുള്ള യാത്ര തുടർന്നു. അർധ മരുഭൂമി ആയ സ്ഥലങ്ങളിലൂടെ അഞ്ചുമണിക്കൂറോളം പല കയറ്റിറക്കങ്ങൾ കടന്നു ഞങ്ങൾ 13106 അടി ഉയരത്തിൽ ഉള്ള karanga ക്യാമ്പിൽ എത്തിച്ചേർന്നു.ആർക്കും തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.


അത്ഭുതം തോന്നിയ കാര്യം ഇത്രയും ഉയരത്തിലും തണുപ്പിലും ചില പക്ഷികൾ ജീവിക്കുന്നുണ്ട് എന്നതാണ്. White-necked raven, Dusky turtle dove, African hill babbler എന്നീ പക്ഷികളെ പല ക്യാമ്പുകളിലും കാണാൻ കഴിഞ്ഞു. ഇതിൽ White-necked raven ഉഹുറു പീക്കിൽ വരെ കാണാറുണ്ടത്രെ.

ആറാം ദിനം

Trekking Day 6: Karanga Camp (3,950m/12,960ft) to Barafu Camp (4,650m/15,300ft)

Elevation Gain: 700m/2300ft

Distance: 6km/3.5miles

Trekking Time: 4-5 hours

Habitat: Alpine Desert

സ്വാഹിലി ഭാഷയിൽ ബരാഫു എന്നാൽ ഐസ് എന്നാണ് അർഥം. ഈ ക്യാമ്പിലേക്ക് താരതമ്യേന എളുപ്പമായ നടത്തം ആണ്. ഏകദേശം നാലുമണിക്കൂറോളം ആല്പൈൻ മരുഭൂമിയിലൂടെ നടന്നു 15300 അടി ഉയരത്തിലുള്ള ബാറാഫു ക്യാമ്പിൽ എത്തിച്ചേർന്നു. അവിടെനിന്നും മാവേൻസിയുടെയും കിബോയുടെയും മനോഹരമായ കാഴ്ച ലഭിക്കും. ഉയര കൂടുതൽ കാരണം ഓക്സിജന്റെ അളവ് കുറവും തണുപ്പ് വളരെ കൂടുതലും ആണ് ഇവിടെ. ഒരു പോർട്ടറിനു AMS ന്റെ പ്രശനങ്ങൾ തുടങ്ങിയതിനാൽ തിരിച്ചു പോകേണ്ടി വന്നു. രാത്രി 12 മണിയോടുകൂടി സബ്‌മിറ്റ് ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങും. അതിനാൽ വൈകീട്ട് ആറുമണിയോടുകൂടി ഡിന്നറും കഴിഞ്ഞു മൂന്ന് ലെയർ വസ്ത്രങ്ങളും ധരിച്ചു കിടന്നു. ഉറക്കം വന്നില്ലെങ്കിലും, എപ്പോഴോ ചെറുതായൊന്നു മയങ്ങി.

ഏഴാം ദിനം

Trekking Day 7: Barafu Camp (4,650m/15,300ft) to Uhuru Peak (5,895m/19,341ft) then descending to High Camp (3,950m/13,000ft)

Elevation Gain:1245m/4050ft

Elevation Loss: 1945m/6400ft

Distance: 4.5km/3mile ascent, 7.5km/4miles descent

Trekking Time: 7-8 hours ascent, 4-6 hours descent

Habitat: Arctic Ice

പതിനൊന്നു മണിയോടെ എഴുന്നേറ്റു ഒരു ചായ കുടിച്ചു. നാലാമത് ഒരു ലെയർ വസ്ത്രം കൂടി ധരിച്ചു. 15300 അടിയിൽ നിന്നും 19341 അടി ഉയരത്തിലേക്കാണ് പോകുന്നത്. രാത്രി പന്ത്രണ്ടു മണിയോടുകൂടി ഉഹുറു പീക്ക് ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു. ഞങ്ങളെ നയിക്കുന്നത് ഗൈഡ് ഇമ്മാനുവേൽ ആണ്. അതി കഠിനമായ ഏഴു മണിക്കൂറുകൾക്കു ശേഷം ഞങ്ങൾ സ്റ്റെല്ല പോയിന്റിൽ എത്തിച്ചേർന്നു. മനോഹരമായ സൂര്യോദയം ആയിരുന്നെങ്കിലും കൊടിയ തണുപ്പുമൂലവും (-10 to -15) ഓക്സിജന്റെ കുറവുമൂലവും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പിന്നെയും മുക്കാൽ മണിക്കൂറോളം നടന്നു 8.10 നു ഞങ്ങൾ ഉഹുറു പീക്കിൽ എത്തിച്ചേർന്നു. സൂര്യപ്രകാശം പരന്നതിനാൽ തണുപ്പിനും ചെറിയ കുറവുവന്നു. ഉഹുറു പീക്കിൽ എത്തിച്ചേർന്നപ്പോഴുണ്ടായ സന്തോഷം എഴുതി ഫലിപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

ഉഹുറു പീക്കിൽ, സമ്മിറ്റ് ബോർഡിന്‍റെ അടുത്ത് ഐസ് ഇല്ലായിരുന്നെങ്കിലും ചുറ്റും ഐസ് മലകളും ഹിമാനികളും ധാരാളം കാണാനായി. ഗ്ലോബൽ വാമിങ് കാരണം 2050 നുള്ളിൽ ഈ ഐസെല്ലാം ഉരുകി തീരുമെന്നാണ് കണക്കുകൾ പറയുന്നത്. മുക്കാൽ മണിക്കൂറോളം ഉഹുറു പീക്കിൽ ചെലവഴിച്ചു ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം ഇറക്കം ആരംഭിച്ചു. വളരെ ചെരിവ് കൂടിയ മറ്റൊരു വഴിയിലൂടെ ആണ് തിരിച്ചുള്ള ഇറക്കം. ഉച്ചയോടു കൂടി ബറാഫു ക്യാമ്പിൽ തിരിച്ചെത്തി, ഷൂ പോലും ഉരാതെ ടെന്റിലേക്കു മറിഞ്ഞത് മാത്രം ഓർമയുണ്ട്. 3700 കലോറി ഊർജമാണ് ഈ കയറ്റത്തിനും ഇറക്കത്തിനും വേണ്ടി മാത്രം വേണ്ടി വന്നത്.


വൈകീട്ടാണ് എന്തെങ്കിലും ഭക്ഷണം കഴിക്കുന്നത്. തിരിച്ചെത്താൻ താമസിച്ചതിനാൽ, അടുത്ത് തന്നെയുള്ള ഹൈ ക്യാമ്പിൽ (high camp) - 13000 അടി - ആണ് താമസം. വീണ്ടും രണ്ടു മണിക്കൂറോളം ഇറക്കം ഇറങ്ങി ക്യാമ്പിൽ എത്തി. രാത്രി ഭക്ഷണവും കഴിച്ചു, കിളിമഞ്ചാരോ കീഴടക്കിയ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.

എട്ടാം ദിനം

Trekking Day 8: High Camp (3,950m/13,000ft) to Mweka Gate (1,830m/6,000ft)

Elevation Loss: 2120m/7000ft

Distance: 13.5km/8.5miles

Trekking Time: 6-7 hours

Habitat: Rainforest

രാവിലെ ഉണർന്നു, പ്രഭാത ഭക്ഷണവും കഴിച്ചു mweka gate ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു. നിബിഡമായ മഴക്കാടുകളിലൂടെയാണ് യാത്ര. അവതാർ സിനിമയിലൊക്കെ കാണുന്നതുപോലെയുള്ള കാഴ്ച്ചകളാണ് ചുറ്റും. 13.5 കിലോമീറ്റർ ഇറങ്ങി ഉച്ചയോടു കൂടി Mweka ഗേറ്റിൽ എത്തിച്ചേർന്നു. മോഷിയിലേക്കു ഏകദേശം നാൽപതു മിനിറ്റു യാത്രയാണുള്ളത്. ZAFS കമ്പനി ഏർപ്പാടാക്കിയ ബസിൽ ഞങ്ങൾ മോഷി ലക്ഷ്യമാക്കി യാത്ര തിരിച്ചു. പോരുന്ന വഴിയിൽ ഇത്രയും ദിവസം നല്ല രുചികരമായ ഭക്ഷണം പാകം ചെയ്‌തു തന്ന സക്കറിയക്കും സംഘത്തിനും ഞങ്ങളുടെ വകയായി Nyama Choma യും ബിയറും വാങ്ങികൊടുക്കാനും ടിപ്പും മറ്റു സമ്മാനങ്ങളും നൽകാനും മറന്നില്ല. എട്ടു ദിനങ്ങൾ ഒന്നിച്ചു കഴിഞ്ഞിട്ട് എല്ലാവരോടും വിടപറഞ്ഞപ്പോൾ ഒരു വിഷമം തോന്നി.


ഹോസ്റ്റലിൽ ഞങ്ങളെയും കാത്തു ZAFS കമ്പനി ഉടമ ഹുസൈഫ നിൽക്കുന്നുണ്ടായിരുന്നു. കിളിമഞ്ചാരോ കീഴടക്കിയതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകിയശേഷം വാടകക്കെടുത്തിരുന്ന ഗിയറുകൾ തിരിച്ചു നൽകാൻ സഹായിക്കുകയും ചെയ്തു. കിളിമഞ്ചാരോ ട്രെക്കിങ്ങിന്റെ ഓർമക്കായി ട്രെക്കിങ് പോളുകൾ ഞാനും ആർതറും വിലകൊടുത്തു വാങ്ങിച്ചു. രാത്രി വീണ്ടും പാജിയുടെ റസ്റ്റാറന്റിലേക്ക്. ഹുസൈഫയും ഞങ്ങളോടൊപ്പം ചേർന്നു.

ഈ യാത്രയിൽ 64 കരാനായ ഒരു ഇസ്രായേലി യാത്രികനെ കാണാനും പരിചയപ്പെടുവാനും സാധിച്ചു. അതുപോലെ, IIM ഇൻഡോർ ഡയറക്ടർ Dr. Himanshu Rai യെയും അദ്ദേഹത്തിന്റെ രണ്ടു ശിഷ്യന്മാരേയും പരിചയപ്പെട്ടു. അനായാസം ട്രെക്കിങ്ങ് നടത്തുന്ന, പത്തു വയസിൽ താഴെയുള്ള ചില യൂറോപ്യൻ കുട്ടികളെയും ഈ യാത്രയിൽ കണ്ടിരുന്നു. അടുത്ത ദിവസം രാവിലെ, ഉഗാണ്ട എയർലൈൻസിന്റെ വിമാനത്തിൽ ഉഗാണ്ടയിലേക്കു തിരിച്ചു.

ട്രാവൽ ടിപ്സ്:

VISA : ടാൻസാനിയയിൽ ഇന്ത്യക്കാർക്ക് on arrival വിസ കിട്ടും. eVISA യും ഉണ്ട്.

Tour Cost : ഞങ്ങൾക്ക്, ഒരാൾക്ക് ഏകദേശം 1800 USD+ ടിപ്സ് + air ticket ആണ് ചെലവായത്. ടൂർ കമ്പനികൾ അനുസരിച്ചു വ്യത്യാസം വരാം. ഇതിൽ 1000 USD പാർക്ക് ഫീ ഇനത്തിൽ താൻസാനിയൻ സർക്കാറിനാണ്.

Season : January-March and June-October

Other attractions : Serengeti NP, Ngorongoro, Zanzibar തുടങ്ങി ധാരാളം ഒപ്ഷൻസ് ഉണ്ട്.

Food: ട്രെക്കിങ്ങിൽ വെജ് ആൻഡ് നോൺ-വെജ് ലഭ്യമാണ്. നമുക്ക് വേണ്ട രീതിയിൽ മാറ്റം വരുത്താനാകും.

Tags:    
News Summary - Kilimanjaro days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.