കോട്ടയം: കൊടും ചൂട് കടന്ന് മഴക്കാലമെത്തിയതോടെ മൺസൂൺ ടൂറിസത്തെ വരവേൽക്കാൻ കുമരകം ഒരുങ്ങി. കായലിൽ മഴ പെയ്യുന്നത് കാണാൻ വിദേശികൾ മാത്രമല്ല, സ്വദേശികളും വൻതോതിൽ വരുന്ന ഇടമാണ് കുമരകം. കായൽ സൗന്ദര്യം ആസ്വദിച്ച് ഹൗസ്ബോട്ട് യാത്രയും ആയുർവേദചികിത്സയും അടക്കം വ്യത്യസ്ത പാക്കേജുകളാണ് റിസോർട്ടുകളും ഹോംസ്റ്റേകളും ഹൗസ്ബോട്ടുകളും ഒരുക്കുന്നത്. കലാരൂപങ്ങൾ, നാടൻ ഭക്ഷണം, രാത്രിയാത്ര എന്നിവയും പാക്കേജുകളുടെ ഭാഗമാണ്. ജൂൺ മുതൽ സെപ്തംബർ വരെ നീളും മൺസൂൺ ടൂറിസം സീസണെങ്കിലും ജൂൺ, ജൂലൈ മാസത്തിലാണ് തിരക്ക് കൂടുതൽ.
അറബ് രാജ്യങ്ങളിൽനിന്നുള്ളവർ ഈ സമയത്താണ് കൂടുതൽ എത്തുക. ഉത്തരേന്ത്യയിലെ കനത്ത ചൂടും കുമരകത്തിന്റെ ടൂറിസം പ്രതീക്ഷകൾക്ക് സഹായകരമാവും. ഉത്തരവാദ ടൂറിസം മിഷന്റെ നേതൃത്വത്തിൽ മഴ നടത്തം, ഗ്രാമീണ കാഴ്ചകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൈത്തോടുകളുടെ കരയിലൂടെയും പാടവരമ്പിലൂടെയും മഴ നനഞ്ഞും നാടിനെ അറിഞ്ഞുമുള്ള യാത്രകളാണ് മഴ നടത്തം കൊണ്ടുദ്ദേശിക്കുന്നത്. ഗ്രാമീണരുടെ തനത് ജീവിതം, തൊഴിൽ എന്നിവ കണ്ടറിയാനും അവസരമുണ്ടാകും. കഴിഞ്ഞ വർഷവും ഉത്തരവാദ ടൂറിസം മിഷൻ മഴ നടത്തം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.