യാംബു: ആഗോളതലത്തിൽ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മദീന. ഡാറ്റ അനലിറ്റിക്സ് കമ്പനിയായ ‘യൂറോമോണിറ്റർ ഇന്റർനാഷനൽ’ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 88ഉം ഗൾഫിലെ നഗരങ്ങൾക്കിടയിൽ അഞ്ചും സൗദി നഗരങ്ങൾക്കിടയിൽ ഒന്നും റാങ്കിലാണ് വിശുദ്ധ നഗരങ്ങളിലൊന്നായ മദീന.
പ്രവാചകന്റെ നഗരം എന്നറിയപ്പെടുന്ന മദീന അറബ് ലോകത്ത് ആറാം സ്ഥാനത്തും പശ്ചിമേഷ്യയിൽ ഏഴാം സ്ഥാനത്തുമായാണ് മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. ഉംറക്കും സിയാറത്തിനും ഹജ്ജിനുമെത്തുന്ന ദൈവത്തിന്റെ അതിഥികളെ വരവേൽക്കാനും അവരുടെ സന്ദർശനാനുഭവം സമ്പന്നമാക്കാനും സേവനങ്ങളുടെ നിലവാരം ലോകോത്തര നിലവാരത്തിലാക്കാനും സൗദി ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് മദീനക്ക് ലഭിച്ച ആഗോള അംഗീകാരമെന്ന് ഗവർണറേറ്റ് അധികൃതർ ‘എക്സി’ൽ വ്യക്തമാക്കി.
ആറ് പ്രധാന വിഭാഗങ്ങളിലെ 55 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ‘യൂറോമോണിറ്റർ ഇന്റർനാഷനൽ’ ആഗോള തലത്തിൽ മികച്ച വിനോദസഞ്ചാര നഗരങ്ങളുടെ പട്ടിക പുറത്തിറക്കി യിരിക്കുന്നത്. സാമ്പത്തിക, വാണിജ്യ പ്രകടന സൂചിക, ടൂറിസം പെർഫോമൻസ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, നയങ്ങൾ, നഗരങ്ങളുടെ ആകർഷണീയത, ആരോഗ്യവും സുരക്ഷയും, ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരതയും, സമഗ്രമായ വികസനം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ഓരോ നഗരങ്ങളുടെയും റാങ്ക് നിശ്ചയിക്കുന്നത്.
മുഹമ്മദ് നബി ഭരണനേതൃത്വം നൽകിയ ഇസ്ലാമിക രാജ്യത്തിന്റെ തലസ്ഥാനവും മുസ്ലിംകളുടെ വിശുദ്ധ നഗരിയുമാണ് മദീന. പ്രവാചക പള്ളിയായ മസ്ജിദുന്നബവി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ ചരിത്ര പ്രസിദ്ധമായ നിരവധി പള്ളികളും ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന ശേഷിപ്പുകളും ഉള്ളത് മദീനയിലാണ്. ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയായ മദീനയാണ് ലോകത്തെ ആദ്യത്തെ ഇസ്ലാമിക രാഷ്ട്രമായി ചരിത്രത്തിൽ ഇടം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.