കോട്ടക്കൽ: ഇന്ത്യയടക്കം 10 രാജ്യങ്ങൾ, ഒരു വർഷത്തോളം യാത്ര, അതും കാർ മാർഗം. മലപ്പുറത്തുനിന്ന് സിംഗപ്പൂരിലേക്ക് ഉലകം ചുറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സുഹൃത്തുക്കളായ കൊപ്പം നടുവട്ടം 'കൃഷ്ണകൃപ'യിലെ അജിത്തും ആതവനാട് അയ്യപ്പൻകാവിൽ അക്കുവും. വിവിധ യാത്രകളിൽ പങ്കെടുത്തിരുന്ന ട്രാവലർമാരായ ഇരുവരും പിന്നീട് സൗഹൃദത്തിലായി. ഇതോടെ തുടർ യാത്രകൾ ഒരുമിച്ചായി. ഇതിനകം ഏഴു തവണയാണ് ഇന്ത്യ ചുറ്റിയെത്തിയത്. പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള വിസ നടപടികളായിരുന്നു മുന്നിലുള്ള ഏക പ്രതിസന്ധി. പക്ഷേ, ആഗ്രഹത്തിനു മുന്നിൽ തടസ്സങ്ങളെല്ലാം നീങ്ങുകയായിരുന്നു.
ഇത്തവണ പുത്തനത്താണിയിൽനിന്ന് ആരംഭിച്ച യാത്ര രാജസ്ഥൻ വഴി ആദ്യം കശ്മീരിലെത്തും. തുടർന്നുള്ള രാജ്യം നേപ്പാളാണ്. ഭൂട്ടാൻ, മ്യാന്മർ, ലാവോസ്, കംബോഡിയ, വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സിംഗപ്പൂരിൽ സമാപിക്കും. പക്ഷേ, ചില രാജ്യങ്ങൾ സന്ദർശിച്ച ശേഷം വീണ്ടും ഇന്ത്യയിൽതന്നെ എത്തണം. എന്നാൽ മാത്രമേ, ഇതര രാജ്യങ്ങളിലേക്ക് പ്രവേശനമുള്ളൂ. 35 ലക്ഷം രൂപയാണ് ചെലവെന്ന് ഇരുവരും പറഞ്ഞു. കാമറ, കിച്ചൺ, ബെഡ് തുടങ്ങി ആധുനിക രീതിയിൽ ഒരുക്കി മഹീന്ദ്രയുടെ എക്സ്.യു.വി 500ലാണ് യാത്ര.
50,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. സൗദിയിലാണ് അജിത് ജോലി ചെയ്യുന്നത്. ഭാര്യ ദീപ്തി, മകൾ തൻവി എന്നിവരുടെ പ്രോത്സാഹനത്തോടെയാണ് യാത്ര. യു.എ.ഇയിൽ ജോലി ചെയ്യുന്ന അക്കുവിനും ഭാര്യ ഹഫ്സയുടെയും മക്കളായ ലൈബ, സായിദ് എന്നിവരുടെയും കട്ട സപ്പോർട്ടുണ്ട്. ഇരുവരും കുടുംബമായും നേരത്തേ സവാരി നടത്തിയവരാണ്. പുത്തനത്താണിയിൽ എം.വി.ഐ സുൽഫിക്കർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യൂട്യൂബർ നജീബ് റഹ്മാൻ മുഖ്യാതിഥിയായിരുന്നു. യാത്ര വിവരങ്ങൾ നവ മാധ്യമങ്ങൾ വഴി നൽകിയാണ് യാത്ര. മലപ്പുറം ടു സിംഗപ്പൂർ എന്നാണ് പേരിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.