പലെർമോയിലെ പൗരാണിക കെട്ടിടങ്ങൾ

മാഫിയകൾ നാടുവാണ നാട്ടിൽനിന്ന്​ മടങ്ങു​േമ്പാൾ

ഇറ്റലിയിലെ ഗ്രാമങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ മലയിടുക്കുകളിലൂടെ ട്രെയിൻ പായുകയാണ്​. അ​ഗ്രിജെന്തോയിൽനിന്ന്​ സിസിലിയുടെ തലസ്ഥാനമായ പലെർമോയിലേക്കാണ്​ യാത്ര​. കഴിഞ്ഞദിവസങ്ങളിൽ അധികവും ബസുകളെയാണ്​ ആശ്രയിച്ചിരുന്നത്​. എന്നാൽ, പലെർമോയിലേക്ക്​ ട്രെയിൻ യാത്രയാണ്​ നല്ലത്​. 9.90 യൂറോയാണ് ടിക്കറ്റ് നിരക്ക്​. നല്ല വൃത്തിയുള്ള ട്രെയിൻ. വഴിയിൽ ഒരുപാട്​ സ്​റ്റോപ്പുണ്ട് ഈ വണ്ടിക്ക്. ​ഗ്രാമങ്ങളുടെ അതിമനോഹരമായ കാഴ്​ചകൾ ചില്ലുജാലകത്തിലൂടെ നിറയുന്നു. വിശാലമായ വയലുകളും തനത്​ ശൈലിയിലെ വീടുകളുമെല്ലാം വിരുന്നൂട്ടുന്നു. രണ്ട്​ മണിക്കൂർ കൊണ്ട് ട്രെയിൻ എന്നെ പലെർമോയിലെത്തിച്ചു.

സ്​റ്റേഷന്​ അടുത്ത്​ തന്നെയാണ് റൂമെടുത്തിരിക്കുന്നത്. ഹോസ്​റ്റൽ തപ്പി കണ്ടുപിടിച്ചു. അവിടത്തെ ജോലിക്കാരന്​ ഇറ്റാലിയൻ അല്ലാതെ ഒരു വാക്കുപോലും ഇംഗ്ലീഷ്​ അറിയില്ല. പിന്നെ പുള്ളിയോട് ചുറ്റുപാടുകളെ കുറിച്ച് ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലായി. സമയം വൈകുന്നേരമായിട്ടുണ്ട്​.

സിസിലി ഒരുപാട്​ കുടിയേറ്റക്കാരുള്ള നാടാണ്

പുറത്തിറങ്ങി ഒരു മൊറോക്കൻ റെസ്​റ്റോറൻറിൽ കയറി ഡോണർ കബാബ് കഴിച്ചു. സിസിലി ഒരുപാട്​ കുടിയേറ്റക്കാരുള്ള നാടാണ്​.ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയോട് വളരെ അടുത്താണ് സിസിലിയുടെ പല പ്രദേശങ്ങളും. അതുകൊണ്ട്​ തന്നെ ബോട്ട് വഴി അനധികൃത കുടിയേറ്റം സർവസാധാരണം​. പലെർമോയിലും ഒരുപാട്​ ആഫ്രിക്കൻ-ഏഷ്യൻ ആളുകളെ കാണാം.

മാഫിയകളുടെ വിളനിലം

തിരിച്ച്​ റൂമിലേക്ക്​ നടക്കു​േമ്പാൾ രാത്രിയായിട്ടുണ്ട്​. മനസ്സിൽ ചെറിയൊരു ഭയം ഇല്ലാതില്ല. കാരണം, കേട്ടറിഞ്ഞ പലെർമോ കഥകൾ അത്രയും ഭീകരമാണ്​. യാത്രയുടെ ആദ്യ ഭാഗത്തിൽ പറഞ്ഞതുപോലെ ലോകത്തിന്​ മാഫിയ എന്ന വാക്കുപോലും സംഭാവന ചെയ്​ത മണ്ണാണ്​ സിസിലി. സിസിലിയുടെ മാത്രമല്ല, മാഫിയകളുടെയും തലസ്​ഥാനം കൂടിയാണ് പ​െലർമോ.

നിരവധി കുറ്റകൃത്യങ്ങൾക്ക്​ സാക്ഷിയായ മണ്ണാണ്​ ഇവിടത്തെ തെരുവുകൾ

ലോകത്തെ ഞെട്ടിച്ച പല ക്രൂരതയും നടന്നയിടം. പ​െലർമോയുടെ തെരുവുകളിൽ കൊലപാതകങ്ങൾ നടക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ലാത്ത കാലഘട്ടമുണ്ടായിരുന്നു. വിദേശ അധിനിവേശം പ്രതിരോധിക്കാൻ വേണ്ടി അവിടത്തെ പല കുടുംബങ്ങൾ ചേർന്ന് അവരവരുടെ ​ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്​ 19ാം നൂറ്റാണ്ടി​െൻറ തുടക്കത്തിൽ തുടങ്ങിയ കൂട്ടായ്മയാണ് പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാഫിയകളിലൊന്നായി രൂപപ്പെട്ടത്.

സിസിലി ഇറ്റലിയുടെ ഭാഗമായപ്പോൾ ഭരണാധികാരികൾ ഇവിടത്തെ സ്പന്ദനങ്ങൾ അറിയുന്ന ഈ കൂട്ടായ്മയുമായി സഹകരിക്കാൻ തീരുമാനിച്ചു. ഭരണം എളുപ്പമാക്കാനാണ് അവർ അങ്ങനെ ചെയ്തത്. പക്ഷെ, സത്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ്. സിസിലിയുടെ എല്ലാ മേഖലയിലും ഈ സംഘം വേരുറപ്പിച്ചു. സർവവും അവരുടെ അധീനതയിലായി.

കെട്ടിടങ്ങൾക്കിടയിലെ കല്ലുപാകിയ വഴികൾ

ലോക ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത മാഫിയ ശക്തിയായി അവർ പിന്നീട് മാറി. കോസ നോസ്ത്ര (നമ്മുടെ കാര്യം) എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. പൊതുജനങ്ങൾ അവരെ മാഫിയോസി (മാഫിയയുടെ ആൾ) എന്ന് വിളിക്കും. മാഫിയക്ക് കൃത്യമായ ഭരണ സംവിധാനങ്ങളും ഭരണഘടനയുമുണ്ട്. മാത്രമല്ല, ഓരോ കുടുംബം - വില്ലജ് - ജില്ലതല അടിസ്ഥാനത്തിൽ ശക്തമായ സംഘടനയും നേതാക്കൻമാരുമുണ്ട്. ഇതിനെല്ലാം മുകളിലായി എല്ലാം നിയ​​ന്ത്രിക്കുന്നൊരു ലീഡറും. 'ബോസ് ഓഫ് ബോസ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

മയക്കുമരുന്ന്, കള്ളക്കടത്ത്​, പെൺവാണിഭം എന്നിവ അന്താരാഷ്​ട്ര തലത്തിൽ തന്നെ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. അതുപോലെ ചെറിയ കച്ചവട സ്ഥാപനങ്ങൾ മുതൽ വലിയ ബിസിനസുകാർ വരെ ഇവർക്ക്​ ഗുണ്ടാപിരിവ് നൽകണം. നോർത്ത് ^ സൗത്ത് അമേരിക്കകളിലും ഇവരുടെ പ്രവർത്തനം ശക്തമായിരുന്നു. അതേസമയം, സിസിലി തങ്ങളുടെ കൈയിൽനിന്നും പോ​െയന്ന് മനസ്സിലായതോടെ ഇറ്റാലിയൻ ഭരണാധികാരികൾ ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചു. അതോടെ അധികാരികളും മാഫിയകളും തമ്മിൽ ശത്രുതയിലായി. അതി​െൻറ പേരിൽ ഒരുപാട്​ അറസ്​റ്റും കൊലപാതകങ്ങളും നടന്നു. ശിക്ഷ വിധിച്ച ന്യായാധിപരും പാർലമെൻറ്​ അംഗങ്ങളും വരെ കൊല ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും.

വഴിയോര കാഴ്​ചകൾ

നീണ്ടനാളത്തെ പരിശ്രമത്തിന് ശേഷം ഒരുപാട്​ പേരെ ജയിലിലടക്കാനും 21ാം നൂറ്റാണ്ടോടെ ഒരു പരിധിവരെ മാഫിയയുടെ പ്രവർത്തനം കുറക്കാനും സിസിലിയെ ഇറ്റാലിയൻ സർക്കാറി​െൻറ അധീനതയിലാക്കാനും അവർക്ക്‌ കഴിഞ്ഞു. ഇവരുടെ പ്രതാപം ക്ഷയിച്ചപ്പോൾ നൈജീരിയൻ മാഫിയയാണ് ഇപ്പോൾ സിസിലിയിൽ ശക്തി പ്രാപിക്കുന്നത്. നൈജീരിയൻ കുടിയേറ്റക്കാരാണ് ഒട്ടുമിക്ക കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നത്​. ഇവരിലധികവും അനധികൃതമായി കടൽമാർഗം വന്നവരാണ്​. അതേസമയം, ഇറ്റാലിയൻ മാഫിയയുടെ അറിവോടെ തന്നെയാണ് നൈജീരിയൻ മാഫിയയുടെ പ്രവർത്തനം. ലാഭത്തി​െൻറ നല്ലൊരു പങ്കും ഇറ്റാലിയൻ മാഫിയ കൈപ്പറ്റുന്നു.

അവസാന ദിവസത്തെ ഒാട്ടപ്പാച്ചിൽ

സിസിലി യാത്രയിലെ നാലാമത്തെയും അവസാനത്തെയും പ്രഭാതം പിറന്നിരിക്കുന്നു​. പലെർമോയും ചെഫാലുവും കണ്ടുതീർക്കാനാണ്​ പ്ലാൻ. കലയിലും സംസ്​കാരത്തിലും വൈവിധ്യമാർന്ന നാടാണ്​ പലെർമോ. ആഫ്രിക്കൻ ഭൂഖണ്ഡത്തോട് അടുത്തുകിടക്കുന്നതിനാൽ കാലാവസ്ഥയിലും വ്യത്യാസമുണ്ട്. നല്ല ചൂടാണ്​. എല്ലായിടത്തും ഈന്തപ്പനകളും വാഴയുമെല്ലാം കാണാം. മിക്ക വീടിന്​ മുമ്പിലും അലങ്കാരമായി വെച്ചിരിക്കുന്നത് വാഴയാണ്. സിസിലിയിൽ തങ്ങൾ രാജാക്കാൻമാരാണെന്ന്​ നമ്മുടെ നാട്ടിലെ വാഴകൾ അറിയേണ്ട​. അതുപോലെത തന്നെ ഓട്ടോറിക്ഷകളാണ്​ ഇവിടത്തെ ടൂറിസ്​റ്റ്​ ടാക്സി​.

വീടുകൾക്ക്​ മുന്നിലെ അലങ്കാര​ ചെടികൾ

യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഒരുപാട്​ ചരിത്ര സ്മാരകങ്ങളുണ്ടിവിടെ. 'അറബ്​^നോർമാൻ പലെർമോ ആൻഡ്​ ദെ കത്രീഡൽ ചർച്ചസ്​ ഒാഫ്​ ചെഫേലു ആൻഡ് മോൺറിയൽ'​ എന്ന പേരിലാണ് ഇവയെല്ലാം അറിയപ്പെടുന്നത്. അറബികളും ഇവിടെ ഭരിച്ചതിനാൽ പല പൗരാണിക കെട്ടിടങ്ങളിലും അറബിക് വസ്തുവിദ്യ തെളിഞ്ഞുകാണാം. രാവിലെ തന്നെ ഗൂഗിളിൽ 'oneday in palermo' എന്ന് തപ്പിനോക്കി. അവർ ഒരു ദിവസം എന്ന് പറയുന്നത് നമ്മൾ അര ദിവസത്തിൽ കണ്ടുതീർക്കണം. അതാണ് ലക്ഷ്യം. കാരണം എ​െൻറ കൈയിൽ സമയം കുറവാണ്​.

ആദ്യം പോയത് 'വുചിരിയ' മാർക്കറ്റിലേക്ക്​. ചരിത്രപ്രസിദ്ധമായ ഒാപൺ മാർക്കറ്റാണത്​. കെട്ടിടങ്ങൾക്കിടയിലെ ചെറിയ തെരുവി​െൻറ ഇരുവശവുമായി ചെറിയ സ്​റ്റാളുകൾ. മത്സ്യം, മാംസം, പഴങ്ങൾ, പച്ചക്കറികൾ, കരകൗശലവസ്തുക്കൾ, ചെറിയ ഭക്ഷണശാലകൾ, പാനീയ കടകൾ തുടങ്ങി എല്ലാമുണ്ടിവിടെ. ഉച്ചത്തിൽ വിളിച്ചുകൂവി ആളുകളെ വിളിച്ചുവരുത്തിയുള്ള കച്ചവടം. പകൽ ഇതൊരു സാധാരണ മാർക്കറ്റാണെങ്കിൽ രാത്രി എട്ടിന്​ ശേഷം സ്വഭാവം മാറും. പിന്നെ, ഉത്സവങ്ങളുടെ പൂരമാണ്​. വഴിയോരങ്ങളിൽ ഭക്ഷണ കേന്ദ്രങ്ങൾ നിറയും. ഭക്ഷണവും മദ്യവും കഴിച്ച്​ ഡാൻസും പാട്ടുമായി പുലരുവോളമുള്ള നൈറ്റ് ലൈഫി​െൻറ ലഹരിയിൽ മതിമറക്കും ഏവരും.

 'വുചിരിയ' മാർക്കറ്റ്​

യൂറോപ്പി​െൻറ മറ്റൊരു മുഖം

മാർക്കറ്റിൽനിന്ന്​ ഇറങ്ങി ഗൂഗിൾ മാപ്പും കൈയിലേന്തി​ കത്തീഡ്രലുകൾ, കൊട്ടാരങ്ങൾ തുടങ്ങി ഓരോരോ ചരിത്ര സ്മാരകങ്ങൾ കണ്ടുനടന്നു. ഒരു കൊട്ടാരത്തിന്​ മുമ്പിലായി കിടിലൻ തോട്ടം കാണാനിടയായി. ഇൗന്തപ്പനകളാണ് അതിലധികവും​. കുറച്ചുനേരത്തേക്ക് താൻ ഗൾഫിലാണോ എന്ന്​ തോന്നി. ക്ഷീണം മാറ്റാൻ അവിടെ ഒന്നിരുന്നു. വഴിയോരത്തെല്ലാം നല്ലതിരക്കാണ്​​​. നിറയെ സഞ്ചാരികൾ. അവരെ കേന്ദ്രീകരിച്ചുള്ള കച്ചവട സ്ഥാപനങ്ങളും ഭക്ഷണ ശാലകളും ധാരാളം.

ഒരു ചരിത്ര സ്മാരകത്തിന് മുമ്പിൽ ചെറിയ ഗുഡ്സ് ഓട്ടോയിൽ ശീതള പാനീയവും മറ്റും കച്ചവടം ചെയ്യുന്നത്​ കണ്ടു. നഗരത്തി​െൻറ ഒരു ഭാഗത്ത്​ സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമുണ്ട്​​. പഴക്കം ചെന്ന കെട്ടിടങ്ങളാണ്​ മിക്കതും​. ചിലതെല്ലാം പൊളിഞ്ഞു വീഴാറായത് പോലെ.

കൊട്ടാരത്തിന്​ മുമ്പിലെ ഇൗന്തപ്പനകൾ നിറഞ്ഞ തോട്ടം

അതിനിടയിലൂടെ ഇടുങ്ങിയ വഴികൾ. വൃത്തിഹീനമായ തെരുവുകൾ. തുണികൾ അലക്കി പുറത്ത്​ ഉണങ്ങാനിട്ടിരിക്കുന്നു. കഴുകിക്കളയുന്ന വെള്ളമെല്ലാം റോഡിലേക്ക് ഒലിച്ചെത്തുന്നു. ചുമരിലെല്ലാം കുത്തിവരച്ചിട്ടുണ്ട്​.

പ്രധാന നഗരത്തിൽനിന്ന്​ ​ഏറെ വ്യത്യസ്തമായൊരിടം. ഇവിടെ എത്തു​േമ്പാൾ യൂറോപ്പിനെ കുറിച്ചുണ്ടായിരുന്ന എല്ലാ സങ്കൽപ്പങ്ങളും തിരുത്തി എഴുതേണ്ടിവരും. അവിടെനിന്ന് നേരെ തുറമുഖം ലക്ഷ്യമാക്കി നടന്നു. വഴിയരികിൽ പഴയ കോട്ടയുടെ അവശിഷ്​ടം കാണാം. പലെർമോ ഒരു ചരിത്ര നഗരമാണെന്ന്​ വീണ്ടും അത്​ നമ്മെ ഒാർമിപ്പിക്കുന്നു.

ടൂറിസ്​റ്റുകളെ കൊണ്ടുപോകുന്ന ഒാ​േട്ടാറിക്ഷ

പണി തന്ന മൊബൈൽ

ഇതിനിടയിൽ മൊബൈൽ ഫോൺ ചെറിയ ഒരു പണിതന്നു. ഫോണിലെ സൂം ഓപ്ഷൻ ആക്​ടീവായതുപോലെ​. എന്താണ്​ പ്രശ്​നമെന്ന്​ മനസ്സിലായില്ല. എന്ത് ചെയ്തിട്ടും ഫോൺ തുറക്കാൻ കഴിയുന്നില്ല. കൈയിലുണ്ടായിരുന്ന കമ്പനി ഫോൺ എടുത്ത് നോക്കുമ്പോൾ 'നോ സർവിസ്'.

ഏറെദൂരം നടന്ന്​ നഗരത്തി​െൻറ ഏതോ മൂലയിലാണ്​ ഇപ്പോഴുള്ളത്​​. ഗൂഗിൾ മാപ്പില്ലാതെ എങ്ങനെ തിരിച്ച്​ റെയിൽവേ സ്​റ്റേഷനിൽ എത്തും? റൂം സ്​റ്റേഷന്​ അടുത്തായതിനാൽ, അവിടെ എത്തിയാൽ ബാക്കി അറിയാമെന്ന പ്രതീക്ഷയുണ്ട്​. അല്ലെങ്കിലും ഒരു സഞ്ചാരിയുടെ പ്രതീക്ഷകൾ ഒരിക്കലും അസ്​തമിക്കാൻ പാടില്ല. യാത്രയി​ൽ ഇത്തരം പ്രതിബദ്ധങ്ങൾ പതിവാണല്ലോ. അവ മറികടക്കാനുള്ള വഴികൾ കൂടിയാണ്​ ഒാരോ യാത്രയും തുറന്നുതരുന്നത്​.

നഗരത്തി​െൻറ മറ്റൊരു മുഖം

കുറച്ചുപേരോട് വഴി ചോദിച്ചു. ചിലർക്കൊന്നും മനസ്സിലായില്ല, അല്ലെങ്കിൽ വഴി അറിയില്ല. ഒടുവിൽ ഒരാളെ കിട്ടി. വളരെ നല്ല മനുഷ്യൻ. പുള്ളി അയാളുടെ കൂടെ നടക്കാൻ പറഞ്ഞു. ഒരു കവല വരെ കൊണ്ടുപോയിട്ട് അവിടെനിന്ന് തിരിഞ്ഞ്‌ നേരെ നടക്കാൻ പറഞ്ഞു. 15 മിനിറ്റ്​ നടന്നപ്പോൾ സ്​റ്റേഷൻ എത്തി.

മൊബൈൽ സർവിസ്​ സെൻററുകൾ അന്വേഷിച്ച്​ കുറെ ചുറ്റിനടന്നു. പക്ഷെ, അവധി ദിനമായതിനാൽ ആരും തുറന്നിട്ടില്ല. ഹോസ്​റ്റലി​െൻറ അടുത്തേക്ക്​ നടന്നു. വീണ്ടും പ്രതിബദ്ധങ്ങൾ മുന്നിൽനിൽക്കുന്നു. ഹോസ്​റ്റലി​െൻറ ഗേറ്റ്​ അടച്ചിട്ടുണ്ട്​. രാവിലെ റൂം ചെക്ക് ഔട്ട് ചെയ്​തിരുന്നു​. പക്ഷെ, ലഗ്ഗേജ് റിസപ്​ഷനിലാണുള്ളത്​​. അതുകൊണ്ട് തന്നെ എ​െൻറ കൈയിൽ താക്കോലില്ല. ഇവിടെ ആളില്ലെങ്കിൽ വിളിച്ചാൽ മതി എന്നാണ് ഹോട്ടലുടമ പറഞ്ഞത്. ഫോണില്ലാത്തതിനാൽ അയാളെ എങ്ങനെ വിളിക്കും? അവസാനം കെട്ടിടത്തി​ന്​ താഴെ പോയിരിക്കാമെന്ന്​ ഉറപ്പിച്ചു. ആരെങ്കിലും വന്ന്​ ഗേറ്റ് തുറക്കുമ്പോൾ കയറാമല്ലോ.

കൊട്ടാരങ്ങളുടെ നാട്​ കൂടിയാണ്​ പലെർമോ

നമ്മുടെ ജീവിതം എത്രത്തോളം മൊബൈൽ ഫോണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരിക്കും തിരിച്ചറിഞ്ഞ നിമിഷമായിരുന്നുവത്​. ഭാഗ്യത്തിന് രാത്രി തിരിച്ച് ജോലിസ്​ഥലമായ​ മിലാനിലേക്ക്​ പോകാനുള്ള ട്രെയിൻ ടിക്കറ്റ് ബാഗിൽ പ്രി​െൻറടുത്ത്​ വച്ചിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഞാൻ എപ്പോഴും ടിക്കറ്റുകളും ഡോക്യുമെൻറ്സും മൂന്ന് സ്ഥലങ്ങളിൽ സൂക്ഷിക്കും. മൊബൈലിനും ഇ-മെയിലിനും പുറമെ ഒരു കോപ്പി പ്രിൻറുമെടുക്കും. എപ്പോഴാണ് ഉപയോഗം വരിക എന്നറിയില്ലല്ലോ.

ആരെയും കാണാനില്ല. ചെഫാലു പോകാനുള്ള പ്ലാൻ മിക്കവാറും ഉപേക്ഷിക്കേണ്ട അവസ്​ഥയാണ്​. കെട്ടിടത്തി​െൻറ മുമ്പിൽ ആരെങ്കിലും ഗേറ്റ് തുറക്കുന്നതും കാത്തിരുന്നു​. ഇതിനിടയിൽ കമ്പനി ഫോൺ ഒന്നുകൂടി എടുത്തു. കുറച്ചുനേരം സെറ്റിങ്​സിൽ പരി​േശാധിച്ച​േ​പ്പാൾ നെറ്റ്​വെർക്ക്​ ലഭിച്ചു.. ദൈവത്തിന് നന്ദി !! ആദ്യം തന്നെ യൂട്യൂബ് തുറന്നു. ഐ ഫോൺ ഫുൾ സൂം ആയാൽ എന്ത് ചെയ്യണമെന്ന് പരിശോധിച്ചു. നിസ്സാര സംഗതിയാണ്​. മൂന്നുവിരൽ ഒരുമിച്ചു ​െവച്ച് സ്വൈപ്പ്​ ചെയ്താൽ സംഭവം പഴയപോലെയാകും. ഇതിനായിരുന്നോ ഇത്രയും നേരം ടെൻഷൻ അടിച്ചത്.

നഗരത്തിലെ പഴയ ചർച്ച്​

ചെഫാലുവി​ലെ കാഴ്​ചകൾ

ശ്വാസം നേരെ വീണതോടെ എ​െൻറയുള്ളിലെ ട്രാവൽ മോഡ്​ വീണ്ടും ഉണർന്നു. മൊബൈലിൽ ട്രെയിൻ സമയം നോക്കി നേരെ ​െറയിൽവേ സ്​റ്റേഷനിലേക്ക്​ വിട്ടു. അവിടെനിന്ന്​ ചെഫാലുവിലേക്ക്​ ട്രെയിൻ കയറി. ഒരു മണിക്കൂർ കൊണ്ട്​ ലക്ഷ്യസ്​ഥാനമെത്തി. അംബരിപ്പിക്കുന്ന കാഴ്​ചയാണ്​ അവിടെ എന്നെ സ്വാഗതം ചെയ്​തത്​.

പ്രൗഢഗംഭീരമായ മലയുടെ താഴെ അടിപൊളി ബീച്ചും ചെറിയ ടൗണും. നല്ല വൃത്തിയുള്ള സ്ഥലം. തെരുവ് നിറച്ചും ടൂറിസ്​റ്റുകൾ. എല്ലാവരും ബീച്ചിൽ നീരാടാൻ പോകുന്നവർ. തീരത്തി​െൻറ ഒരു വശത്ത്​ പാറക്കെട്ടുകളാണ്​. തിരമാലകൾ അതിൽ തട്ടിത്തെറിച്ചു കൊണ്ടിരിക്കുന്നു.

കടൽ തീരത്തെ ചെഫാലു നഗരം

ബീച്ചിൽ നല്ല തിരക്കാണ്. ഒരു വശത്ത്​ പാറയിൽനിന്നും ചാടിക്കുളിക്കുന്നവർ. മറ്റൊരു ഭാഗത്തു സൺ ബാത്ത് ആസ്വദിക്കുന്നവർ. നമ്മൾ കാലങ്ങളായി ചകിരി കൊണ്ടുരച്ചും ഫെയർ ആൻഡ്​ ലൗലി തേച്ചും തൊലി വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇവർ സൺബാത്ത് നടത്തിയും ക്രീം തേച്ചും തൊലിയുടെ വെളുപ്പ് മാറ്റാൻ ശ്രമിക്കുന്നു.

എത്ര വിചിത്രമായ ആചാരങ്ങൾ !! ബീച്ചിനടുത്ത്​ പണ്ട് സ്ത്രീകൾ ഒരുമിച്ചിരുന്നു അലക്കിയിരുന്ന പൊതു അലക്കു കേന്ദ്രമുണ്ട്. നമ്മുടെ നാട്ടിൽ കാണാറുള്ള അലക്ക്​ കല്ലെല്ലാമുണ്ടവിടെ. അവയെല്ലാം ഒരു ഓർമകുറിപ്പായി സൂക്ഷിച്ചിരിക്കുന്നു.

ചെഫാലു തീരത്തി​െൻറ ഒരുവശം പാറക്കെട്ടുകളാണ്​

അൽപ്പനേരം നഗരത്തിലൂടെ ചുറ്റിയടിച്ച ശേഷം വീണ്ടും സ്​റ്റേഷനിലേക്കെത്തി. പലെർമോയിലേക്ക്​ തിരിച്ച്​ ട്രെയിൻ കയറു​േമ്പാൾ, ചെഫാലുവെന്ന മനോഹരമായ നാട്​ സാഹസപ്പെട്ട്​ കാണാൻ സാധിച്ചതിലെ നിർവൃതിയായിരുന്നു മനസ്സിൽ​. റൂമിൽ ചെന്ന് ലഗ്ഗേജുമെടുത്ത്​ പുറത്തേക്ക്​ നടന്നു. പലെർമോയുടെ തെരുവുകളിലൂടെ ചുറ്റിക്കറങ്ങി സ്​റ്റേഷനി​ൽ വീണ്ടുമെത്തി. രാത്രി ഒമ്പതിനാണ്​​ മടക്ക യാത്രക്കുള്ള ട്രെയിൻ. മൂന്നുപേർക്ക്​ കിടക്കാനുള്ള കാബിനാണ്.

കോവിഡ്​ കാരണം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. അതിനുള്ളിൽ തന്നെ വാഷ് ബേസിനുമുണ്ട്. കുടിക്കാനുള്ള വെള്ളവും അവർ തന്നു. നല്ല വൃത്തിയുള്ള ബെഡ് ഷീറ്റ്​ ആയിരുന്നു. ബെഡ് ഷീറ്റും തലയണയും പൊതിഞ്ഞ കവറിൽ ഒരു പേപ്പറുണ്ട്. ''ഇതിൽ മൈക്രോചിപ്പുണ്ട്, അതിനാൽ ഇതി​െൻറ ലൊക്കേഷൻ ട്രെനിറ്റാലിയക്ക്​ (ഇറ്റാലിയൻ സർക്കാറി​െൻറ ട്രെയിൻ കമ്പനി) കണ്ടെത്താൻ കഴിയും'' എന്ന്​ പേപ്പറിൽ എഴുതിയിട്ടുണ്ട്​.

ചെഫാലുവിലെ അലക്കുകേന്ദ്രം

ബെഡ് ഷീറ്റ് ആളുകൾ എടുത്ത് കൊണ്ടുപോകുന്നതിനാലാകം അങ്ങനെ പ്രത്യേകം എഴുതിയിട്ടുള്ളത്​. അടുത്തദവിസം രാവിലെ ഭക്ഷണവും കാബിനിൽ കൊണ്ടുവന്നു. രാവിലെ 7.25ന്​ നാപോളിയിലെത്തേണ്ട വണ്ടി 25 മിനുറ്റ്​ നേരത്തെ തന്നെ എത്തി. അഥവാ, നേരം​ വൈകിയാലോ എന്നുകരുതി അവിടെനിന്ന് മിലാനിലേക്ക്​ 9.20നുള്ള വണ്ടിയായിരുന്നു ബുക്ക് ചെയ്തത്. ഫെറാരിയുടെ കീഴിലുള്ള ഇറ്റാലോയുടെ സ്വകാര്യ ട്രെയിനാണത്. യൂറോപ്പിലെ ആദ്യത്തെ സ്വകാര്യ ഹൈ സ്പീഡ് ട്രെയിനും ഇതുതന്നെ. മണിക്കൂറിൽ 300 കിലോമീറ്റർ ആണ് പരമാവധി വേഗത. 7.20ന് മിലാനിലേക്ക്​ മറ്റൊരു ട്രെയിനുണ്ട്. അതിലേക്ക് ടിക്കറ്റ് മാറ്റാൻ കഴിയുമോ എന്ന് അവരുടെ ഓഫിസിൽ പോയി തിരക്കി. പക്ഷെ, നിരാശയായിരുന്നു ഫലം. ആ ട്രെയിനിൽ സീറ്റ്​ ഒഴിവില്ല. അടുത്ത ട്രെയിൻ വരുന്നത് വരെ കാത്തിരിക്കുകയല്ലാതെ രക്ഷയില്ല.

കൃത്യം 9.20ന്​ തന്നെ ട്രെയിൻ എത്തി. അഞ്ച്​ മണിക്കൂർ യാത്രയുണ്ട് മിലാനിലേക്ക്​. ഏറെ സൗകര്യങ്ങളു​ള്ള മികച്ച ട്രെയിനുകളാണ്​ ഇറ്റാ​േലായുടേത്​. വിമാനത്തിന്​ സമാനമാണ്​ ഉൾവശവും സീറ്റുമെല്ലാം. വൈഫൈ സൗകര്യവും യഥേഷ്​ടം. ഇടക്കിടക്ക് ട്രോളിയിൽ വെള്ളവും സ്‌നാക്‌സും കൊണ്ടുവരുന്നു. കൃത്യസമയത്തു തന്നെ മിലാനിൽ എത്തി. ഇവിടത്തെ സ്പീഡ് ട്രെയിനുകൾ നേരാം വൈകിയാൽ യാത്രക്കാർക്ക്​ നഷ്​ടപരിഹാരം നൽകണം. ഇത്തരമൊരു നിയമം ഇന്ത്യയിലുണ്ടെങ്കിൽ യാത്രക്കാർ ചിലപ്പോൾ ലക്ഷപ്രഭുക്കളായി മാറിയിട്ടുണ്ടാകും.

ട്രെയിനി​െൻറ ഉൾവശം

അങ്ങനെ ഒമ്പത്​ ദിവസം നീണ്ടുനിന്ന സംഭവബഹുലമായ യാത്രക്ക്​ ഇവിടെ അന്ത്യംകുറിക്കുകയാണ്​. നാപോളി, സിസിലി. രണ്ടും പിടിച്ചുപറിയിലും മാഫിയ പ്രവർത്തനത്തിലും കുപ്രസിദ്ധമായ സ്ഥലങ്ങൾ. മിക്കവാർക്കും അതി​െൻറ കഥകളാണ് പറയാനുള്ളത്. ഇവിടേക്കാണ് ഞാൻ ഒറ്റക്ക്​ കടന്നുചെന്നത്​. അതും ഇൗ കോവിഡ്​ കാലത്ത്​.

തനിച്ചാണ്​ പോകുന്നതെന്ന് പറഞ്ഞപ്പോൾ ഇറ്റലിയിൽ വർഷങ്ങളായി താമസിക്കുന്ന പലരും സൂക്ഷിക്കാൻ പറഞ്ഞിരുന്നു. പക്ഷെ, ഈ യാത്രയിൽ പല തെറ്റിദ്ധാരണകൾ മാറ്റാനും അതി​െൻറ സത്യാവസ്ഥ മനസ്സിലാക്കാനും കഴിഞ്ഞു. അവിടത്തെ ചരിത്രശേഷിപ്പുകൾ​ തൊട്ടറിയാനും പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിക്കാനും സാധിച്ചു. അതിനെല്ലാം ഉപരി കൊറോണ വരുത്തിവെച്ച ലോക്​ഡൗൺ ഹാങ്​ഒാവറിനെ മനസ്സിൽനിന്ന്​ തൂത്തെറിയാനുമായി.

(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.