ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്രചെയ്യാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു ഹോട്ട് എയർ ബ`ലൂണും പാരാഗ്ലൈഡിങ്ങും. തുർക്കിയ യാത്രയിൽ തന്നെ ആ സ്വപ്നവും സാക്ഷാത്കരിക്കാൻ അവസരമൊരുങ്ങി. കപ്പഡോക്കിയയിലെ ഹോട്ട് എയർ ബലൂണിൽ കയറി ആദ്യമായി സീറ്റ് ബെൽറ്റും ജനാലയും മറ്റു തടസ്സങ്ങളിലാതെ ഭൂമിയിൽ നിന്നും ആകാശത്തേക്ക് ഒരു യാത്ര.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപർവതം പൊട്ടിയതിനെ തുടർന്നുണ്ടായ മഴയിലും വെള്ളം കെട്ടിക്കിടക്കുകയും, അങ്ങനെ ഇടക്ക് കൂറ്റൻ പാറകളും ഇടക്ക് ചതുപ്പും പച്ചപ്പും മണ്ണും കൂടികലർന്ന ഭൂപ്രകൃതിയുള്ള കപ്പഡോക്കിയയുടെ വ്യത്യസ്ത കാഴ്ചകൾ നൽകിയ യാത്രയായിരുന്നു അത്.
അവിടത്തെ മറ്റൊരു മറക്കാനാവാത്ത കാഴ്ച പാറക്കല്ലിൽ കൊത്തിയുണ്ടാക്കിയ വീടുകളും മണ്ണിനടിയില്‍ തീര്‍ത്ത ടണലുകളുമാണ്. ബൈസാന്റിയൻ കാലത്ത് ആളുകൾ നിർമിച്ച ഭൂമിക്കടിയിലെ എട്ടു നിലകളുള്ള ഒരു നിർമിതി. പുറത്തെ ഭീകരജീവികളിൽനിന്നും കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്നും രക്ഷപ്പെടാൻ അവർ നിർമിച്ച ഈ ഭൂഗർഭ കെട്ടിടം വല്ലാതെ ആശ്ചര്യപ്പെടുത്തി. അവയെല്ലാം ടൂറിസ്റ്റുകൾക്ക് കടന്നുപോകാൻ പറ്റുന്ന രീതിയിൽ തയാറാക്കിയതും വളരെ പ്രശംസനീയമാണ്.
ഇരുവശവും മഞ്ഞപൂക്കളാൽ വരവേൽക്കുന്ന കാഴ്ചകളാണ് കപ്പഡോക്കിയയിൽനിന്നും കോനിയയിലേക്കുള്ള യാത്ര സമ്മാനിച്ചത്. റൂമിയെ തിരഞ്ഞുള്ള യാത്ര എന്നെ മൗലാന ജലാലുദീന്‍ മുഹമ്മദ് ബല്‍ഖി പള്ളിക്ക് മുന്നിലെത്തിച്ചു. അതിനോട് ചേർന്നുനിൽക്കുന്ന ഒരു കെട്ടിടത്തിൽ റൂമിയുടെ (മൗലാന എന്നാണവർ സൂഫികളെ വിളിക്കുന്നത്) ഖബർ കാണുകയുണ്ടായി. അടുത്തുള്ള മ്യൂസിയത്തിൽ ഒരുപാട് സൂഫികളുടെ മെഴുകു രൂപങ്ങളും, അവരുടെ ദൈനംദിന കാഴ്ചകളും അവര്‍ ഉപയോഗിച്ച മറ്റു സാമഗ്രികളും കാഴ്ചക്കായി ഒരുക്കി വെച്ചിട്ടുണ്ട്.
യാത്രയുടെ അവസാനദിനങ്ങള്‍ അന്റാലിയയിലെ ഒരു വാട്ടര്‍ തീം പാര്‍ക്കായ ലാന്‍ഡ് ഓഫ് ലെൻഡ്സില് അല്പം സാഹസികതകള്‍ നിറഞ്ഞ അനുഭവങ്ങള്‍ക്കുശേഷം മെഡിറ്ററേനിയൻ കടലിനെ കൺനിറയെ കാണാനെത്തി. ഉയർന്നു നിൽക്കുന്ന കടൽക്കരയാണ് അന്റാലിയ. നിറയെ കെട്ടിടങ്ങളും വലിയ പാറകെട്ടുകള്‍ മുതല്‍ കുഞ്ഞു കല്ലുകള്‍കൊണ്ട് നിറഞ്ഞ കടല്‍ത്തീരം വ്യത്യസ്തമായി തോന്നി.
പിറ്റേ ദിനം പാമുകാലേ എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ഹോട്ട് സ്പ്രിങ്സ് എന്നറിയപ്പെടുന്ന പ്രകൃതിയാ ചൂടുവെള്ളം ലഭിക്കുന്ന വെള്ളക്കെട്ടുകളാണ് അവിടത്തെ പ്രത്യേകത. മഞ്ഞുപോലെ വെള്ളനിറത്തിൽ മണ്ണുകളുള്ള ആ കുന്നില്‍ നീലനിറത്തില്‍ വെള്ളം കെട്ടിനിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. റോമന്‍ ഭരണകാലത്തിന്റെ അവശേഷിപ്പുകളായ കരിങ്കല്‍ നിര്‍മിതികളും കൂറ്റന്‍ കരിങ്കല്‍ ശില്‍പങ്ങളുമുള്ള ഒരു മ്യൂസിയം(Hierapolis Archaeology Museum) അവിടെ കാണാന്‍ സാധിച്ചു.
യാത്രാമധ്യേ തുര്കിയയെ കൂടുതല്‍ ഹൃദ്യമാക്കിയത് മനംകവരുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ തന്നെയാണ്. ഇസ്കന്ദര്‍, ഡോണെര്‍, കബാബ്, കുനാഫ, അറിയുന്നതും അറിയാത്തതുമായ രുചികളറിയാന്‍ സാധിച്ചു.
ഒമ്പതു ദിനങ്ങള്‍ ചെലവഴിച്ച്, തുര്കിയയോട് വിടപറയുമ്പോള്‍ മനസ്സില്‍ ഒര്ഹാന് പാമുക്കിന്റെ കഥകളിലെ മഞ്ഞുപെയ്യുന്ന ഇസ്തംബൂളിനെ ഒന്നുകൂടി കണ്ണുനിറയെ കാണാന്‍ ഇനിയും വരണമെന്നൊരു ആഗ്രഹത്തോടെ യാത്രപറഞ്ഞു ഓര്‍മകളുടെ ചിത്രങ്ങളോട് കലപിലകൂട്ടി വിമാനത്തിലേക്ക് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.