കോവിഡിന് മുമ്പ് മലയാളികളടക്കമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായിരുന്നു തായ്ലാൻഡ്. കുറഞ്ഞചെലവിൽ പോയിവരാൻ കഴിയുന്ന വിദേശരാജ്യം എന്ന നിലയിലും തായ്ലാൻഡ് ഏറെ പ്രിയങ്കരമായിരുന്നു. എന്നാൽ, മഹാമാരി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. അതിർത്തികൾ അടച്ചിട്ടു. യാത്രകൾ മുടങ്ങി.
വാക്സിനെല്ലാം സാർവത്രികമായതോടെ തായ്ലാൻഡും തങ്ങളുടെ അതിർത്തികൾ തുറക്കുകയാണ്. പൂർണമായും കുത്തിവെപ്പ് എടുത്ത വിദേശ സഞ്ചാരികൾക്ക് ഒക്ടോബർ ഒന്ന് മുതൽ ബാങ്കോക്കിലേക്ക് യാത്ര ചെയ്യാനാകും. രാജ്യതലസ്ഥാനത്തിന് പുറമെ സമീപത്തെ മറ്റു നാല് പ്രവിശ്യകളിലേക്കും യാത്ര സാധ്യമാകും.
ഇത്തരക്കാർക്ക് 14 ദിവസം ക്വാറന്‍റീൻ ആവശ്യമില്ല. അതേസമയം, യാത്രക്കാർ 'സാൻഡ് ബോക്സ് തീം' പദ്ധതിയുടെ ഭാഗമാകണം. രാജ്യത്ത് എത്തിയശേഷം ഒരു സ്ഥലത്ത് തന്നെ ഒരാഴ്ച തങ്ങിയശേഷം കോവിഡ് പരിശോധന നടത്തണം.
ചിയാങ് മായ്, ചോൻ ബുരി, ഫെച്ചാബുരി, പ്രചുപ് ഖിരി ഖാൻ പ്രവിശ്യകൾ ഉൾപ്പെടെ അഞ്ച് മേഖലകളിൽ ഈ പദ്ധതി ലഭ്യമാകും. ഒക്ടോബർ 21ഓടെ ചിയാങ് റായ്, സുഖോതായ്, റയോംഗ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തും. ജൂലൈയിൽ ഈ പദ്ധതി ഫുക്കറ്റിൽ ആരംഭിച്ചിരുന്നു. 29,000ലധികം വിദേശസഞ്ചാരികളാണ് ഇവിടെ എത്തിയത്. ഇതുവഴി ഏകദേശം 50 മില്യൺ ഡോളർ വരുമാനവും രാജ്യത്തിന് ലഭിച്ചു.
കോവിഡിന് മുമ്പ് ടൂറിസം തായ്‌ലാൻഡിന്‍റെ ദേശീയ വരുമാനത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു. മഹാമാരി പടർന്നതോടെ 20 വർഷത്തെ ഏറ്റവും മോശം സ്ഥിതിയിലേക്ക് മടങ്ങി. മാസങ്ങളായി ടൂറിസം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു രാജ്യം. പക്ഷെ, കോവിഡ് വ്യാപനം ഇതിന് തടസ്സമായി. 2020ൽ കോവിഡ് കേസുകൾ രാജ്യത്ത് കുറവായിരുന്നു. എന്നാൽ, ഡെൽറ്റ വേരിയൻറ് വന്നതോടെ 1.3 ദശലക്ഷത്തിലധികം കേസുകളും ഏകദേശം 14,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.