കടുവയും പുലിയും വിഹരിക്കുന്ന കാടിന് മുകളിലൂടെ ബലൂണിൽ സഞ്ചരിക്കണോ? എങ്കിൽ നേരെ മധ്യപ്രദേശിലെ പ്രശസ്തമായ ബാന്ധവ്ഗഡ് ടൈഗർ റിസർവിലേക്ക് വന്നോളൂ. പുതുവർഷ സമ്മാനമായിട്ടാണ് അധികൃതർ ഇവിടെ ഹോട്ട് എയർ ബലൂൺ സർവിസ് ആരംഭിച്ചത്.
മധ്യപ്രദേശ് വനം മന്ത്രി വിജയ് ഷാ ഇതിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ടൈഗർ റിസർവിന്‍റെ ബഫർ സോണിലൂടെയായിരിക്കും യാത്ര. പുള്ളിപ്പുലി, കടുവ, കരടികൾ തുടങ്ങി നിരവധി വന്യമൃഗങ്ങൾ ഈ കാട്ടിലുണ്ട്. ഇവയെയെല്ലാം ഉയരത്തിൽനിന്ന് കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
ഹോട്ട് എയർ ബലൂൺ സഫാരി നടത്തുന്ന രാജ്യത്തെ ആദ്യ കടുവ സംരക്ഷണ കേന്ദ്രമാണിത്. മധ്യപ്രദേശിലെ തന്നെ കൻഹ, പെഞ്ച്, പന്ന എന്നീ കടുവ സംരക്ഷണ കേന്ദ്രങ്ങളിലും ഈ സേവനം ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.
സ്കൈവാൾട്ട്സ് ബലൂൺ സഫാരി എന്ന കമ്പനിയാണ് ഇവിടെ സർവിസ് നടത്തുന്നത്. മൃഗങ്ങളുടെയുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സർവിസ് ആരംഭിച്ചത്. പുതിയ ആശയം മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഉപകരിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.