രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ മാർഗമാണ് ട്രെയിനുകൾ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ ട്രെയിൻ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. 2023-24 വർഷത്തിൽ 673 കോടി യാത്രികരാണ് ഇന്ത്യയിലെ ട്രെയിനുകളിൽ സഞ്ചരിച്ചത്. 158 കോടി ടൺ ചരക്ക് ഗതാഗതവും ട്രെയിൻ വഴിയുണ്ടായി. 12 ലക്ഷത്തിലേറെ തൊഴിലാളികളും പൊതുമേഖല സ്ഥാപനമായ റെയിൽവേക്കുണ്ട്.
കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന പാസഞ്ചർ ട്രെയിനുകൾ മുതൽ അതിവേഗത്തിൽ എത്തിച്ചേരാവുന്ന, ടിക്കറ്റ് നിരക്ക് കൂടിയ വന്ദേഭാരത് ട്രെയിനുകൾ വരെ രാജ്യത്ത് സർവിസ് നടത്തുന്നുണ്ട്. എന്നാൽ, ടിക്കറ്റില്ലാതെ, ഒരു പൈസ പോലും ചിലവഴിക്കാതെ സർവിസ് നടത്തുന്ന ഒരു ട്രെയിനുണ്ട് ഇന്ത്യയിൽ. നീണ്ട 76 വർഷമായി സമ്പൂർണ സൗജന്യ സർവിസാണ് ഈ ട്രെയിൻ നടത്തുന്നത്. പഞ്ചാബിന്‍റെയും ഹരിയാനയുടെയും അതിർത്തിമേഖലയിലൂടെ ഓടുന്ന ഭക്രാ-നംഗൽ ട്രെയിനാണ് ഈ സൗജന്യ യാത്ര ഇന്നും തുടരുന്നത്. എന്നാൽ, ഈ ട്രെയിൻ സർവിസ് ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ളതല്ല. ഭക്രാ-ബിയാസ് മാനേജ്മെന്‍റ് ബോർഡാണ് ഈ ട്രെയിൻ ഓടിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമാണ സമയത്ത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഞ്ചാരസൗകര്യം മുൻനിർത്തിയാണ് ഈ റൂട്ട് പണിതത്. ഡാം തൊഴിലാളികൾക്ക് പണിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാര്‍ഗ്ഗമായിരുന്നു ഇത്. 1948ലാണ് ഈ റെയിൽപാതയുടെ പണി പൂർത്തിയായത്. ആദ്യകാലത്ത് ആവിയന്ത്രത്തിലായിരുന്നു ട്രെയിൻ ഓടിയിരുന്നത്. പിന്നീട് യു.എസിൽ നിന്ന് പുതിയ മൂന്ന് ഡീസൽ എഞ്ചിനുകൾ കൊണ്ടുവന്നു. 1963ൽ ഡാം നിർമാണം പൂർത്തിയായെങ്കിലും സർവിസ് തുടർന്നു. പുതിയ കാലത്ത് പുതിയ എഞ്ചിനുകൾ ലഭ്യമാണെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള അതേ എഞ്ചിനുകളാണ് ട്രെയിൻ ഇപ്പോഴും ഉപയോഗിക്കുന്നത്.
ദിവസവും രാവിലെയും വൈകീട്ടും സർവിസുണ്ട്. നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ ശിവാലിക് നിരകളിലൂടെ സഞ്ചരിച്ച് 13 കിലോമീറ്റർ അകലെയുള്ള ഭക്രയിലെത്തും. തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ 300ഓളം യാത്രികർ ഈ ട്രെയിൻ ഉപയോഗിക്കുന്നുണ്ട്. കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മരംകൊണ്ടുള്ള കോച്ചുകളും ബെഞ്ചുകളുമാണ് ഈ ട്രെയിനിലുള്ളത്. എല്ലാം മനോഹരമായി സംരക്ഷിക്കുന്നു. ലേബർ ഹട്ട്, ബാർമല, നഹ്ല, ഒലിൻഡ എന്നീ സ്റ്റേഷനുകളുമുണ്ട് ഭക്രക്കും നംഗലിനുമിടയിൽ.
വർധിച്ചുവരുന്ന ചെലവ് കണത്തിലെടുത്ത് 2011ൽ സൗജന്യ യാത്ര അവസാനിപ്പിക്കാൻ ഭക്രാ ബിയാസ് മാനേജ്മെന്‍റ് ബോർഡ് ആലോചിച്ചിരുന്നു. എന്നാൽ, ട്രെയിനിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് നഷ്ടം കണക്കിലെടുത്തും ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു. മാറിമാറി ഉപയോഗിക്കുന്ന മൂന്ന് എൻജിനുകളുടെ പാർട്സുകൾ കിട്ടാനുള്ള പ്രയാസും അറ്റകുറ്റപ്പണികളും വെല്ലുവിളിയാകുന്നുണ്ട്.
മറ്റ് ഗതാഗത സൗകര്യങ്ങൾ വർധിച്ചതോടെ ഈ ട്രെയിനിന് യാത്രക്കാർ കുറഞ്ഞിട്ടുണ്ട്. എന്നാലും, ഡാം തൊഴിലാളികളും ഈ ട്രെയിനിലെ യാത്രയെ സ്നേഹിക്കുന്ന നിരവധിയാളുകളും ഇന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.