കോവിഡ് കാലം പിന്നിട്ട് വിനോദസഞ്ചാരം സജീവമായിത്തുടങ്ങുന്ന സമയം. അടച്ചിടലിന്റെയും ഒറ്റപ്പെടലിന്റെയും ഓർമ കഴുകിക്കളയാൻ കാടുകളിലേക്കും കുന്നിൻചരിവുകളിലേക്കും പലരുമെത്തിയത് വലിയ സ്പീക്കറും പാർട്ടിക്കുള്ള ഒരുക്കങ്ങളുമായിട്ടാണ്. രാത്രി മുഴുവൻ ഉച്ചത്തിലുള്ള പാട്ടും നൃത്തവുമായി പുലരുവോളം നീളുന്ന ആഘോഷരാവുകൾ അവർക്ക് സന്തോഷം പകർന്നപ്പോഴും പക്ഷേ ചുറ്റുമുള്ള പ്രകൃതിയിൽ നിന്നേറെ ദൂരെ നിന്നു. കിളികളും മരങ്ങളും ഉച്ചത്തിലുള്ള സംഗീതത്തിന്റെ പ്രകമ്പനത്തിൽ വിറച്ചു. ക്യാമ്പ് ചെയ്ത ഇടത്തെ അരുവിയോ തൊട്ടടുത്തുള്ള മലനിരകളിലെ തണുപ്പാർന്ന പ്രഭാതക്കാഴ്ചകളോ ഒന്നും കാണാതെ വന്നെത്തിയവർ ആഘോഷം കഴിഞ്ഞ് മടങ്ങുകയും ചെയ്തു. ചെന്നെത്തിയ ഇടത്തിന്റെ ആത്മാവും തുടിപ്പുമറിയാതെ പോകുന്ന ഇത്തരം ഒത്തുകൂടലുകൾ പലത് കണ്ടപ്പോഴാണ് കലാകാരനായ മുബാറക്ക് വാഴക്കാടിന് ഒരു ക്യാമ്പൊരുക്കാനുള്ള മോഹമുദിച്ചത്. മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന, പരസ്പരം സംസാരിച്ചാൽ കേട്ടിരിക്കാനാവുന്ന, ചെന്നെത്തുന്ന ഇടത്തേക്ക് അലിഞ്ഞുചേരുന്ന വിധം പ്രകൃതിസൗഹൃദമായൊരു കൂട്ടംകൂടൽ. നാട്ടുകാരനും സുഹൃത്തുമായ മാനിഹിനോട് ആശയം പങ്കുെവച്ചപ്പോൾ അവനും കൂടെക്കൂടി.
ലൊക്കേഷനായി വയനാട് ഉറപ്പിച്ചു. ക്യാമ്പിന് എന്തു പേരിടുമെന്നതായിരുന്നു കൺഫ്യൂഷൻ. തനി നാടനായി സംഘടിപ്പിക്കുന്ന പരിപാടിയായതുകൊണ്ട് ‘ഒരു നാടൻ ക്യാമ്പ്’ എന്ന പേര് തൽക്കാലമിട്ടു. സമൂഹമാധ്യമത്തിലൂടെ പങ്കുെവച്ച വിവരമറിഞ്ഞ് 25 പേർ വന്നു, പങ്കെടുത്തു. പാട്ടും കഥകളും പാകത്തിനു ചേർത്ത് നല്ല സൗഹൃദങ്ങൾ നെയ്തെടുത്ത് മനസ്സ് നിറഞ്ഞ് അവർ മടങ്ങിയതോടെ, ക്യാമ്പ് വിശേഷം പലയിടങ്ങളിലേക്ക് ചിതറിയതോടെ കൂടുതൽ പേർ ചോദിച്ചു തുടങ്ങി, ‘ഇനിയെന്നാണ് അടുത്ത നാടൻ ക്യാമ്പ്?’
നാടൻ ക്യാമ്പ് കൂട്ടം
വെറുതെയിട്ടതാണെങ്കിലും ആ പേര് യാത്രാപ്രേമികളുടെ മനസ്സിൽ പതിഞ്ഞു, നാടൻ ക്യാമ്പ് എന്ന ആശയവും. മലപ്പുറത്തെ വാഴക്കാട്ടുനിന്ന് മുബാറക്കും മാനിഹും ചേർന്ന് തുടങ്ങിയ നാടൻ കൂട്ടംകൂടൽ ഇന്ന് വയനാട്, മൂന്നാർ, വാഗമൺ, ലക്ഷദ്വീപ്, കശ്മീർ, മണാലി, രാജസ്ഥാൻ എന്നിങ്ങനെ വിവിധയിടങ്ങളിൽ കൂടിച്ചേരുന്നു. പ്രശസ്തമായ വിനോദകേന്ദ്രങ്ങളിൽ ഒതുങ്ങിനിൽക്കാതെ ആനക്കാംപൊയിലും ഷൊർണൂരും വട്ടവടയിലെ ഗ്രാമങ്ങളുമെല്ലാം നാടൻ കൂടിച്ചേരലുകൾക്ക് വേദിയാകുന്നു. സ്ത്രീകൾക്കുവേണ്ടി മാത്രമായി സ്ത്രീകൾ ഒരുക്കുന്ന ‘ലേഡീസ് ഓൺലി’ ഇവന്റുകളടക്കം, 80 ക്യാമ്പുകൾ ഇതുവരെ സംഘടിപ്പിച്ചുകഴിഞ്ഞു. പല പശ്ചാത്തലങ്ങളിൽനിന്നും വരുന്ന പല പ്രായത്തിലുള്ള നാലായിരത്തോളം പേരടങ്ങുന്ന ‘നാടൻ കമ്യൂണിറ്റി’.
അപരിചിത സൗഹൃദങ്ങൾ
പരിസ്ഥിതി സൗഹൃദ ക്യാമ്പിങ് പ്രചരിപ്പിക്കുക മാത്രമല്ല, മനുഷ്യർക്ക് ഉള്ളുതുറക്കാനും കാമ്പുള്ള സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനുമുള്ള വേദിയായും നാടൻ ക്യാമ്പ് മാറുന്നുണ്ട്. പരസ്പരം കേട്ടിരിക്കാനും സ്വസ്ഥമായി വർത്തമാനം പറഞ്ഞിരിക്കാനുമുള്ള നേരം ഈ ഒത്തുചേരലുകളുടെയെല്ലാം ഭാഗമാണ്. ലിസണിങ് സെഷനുകൾതൊട്ട് ഒരു ക്യാമ്പ് ഫയറിന് ചുറ്റും തീ കാഞ്ഞിരുന്ന ജീവിതാനുഭവങ്ങൾ പങ്കുെവക്കുന്ന രാത്രികളും ഒരുമിച്ചുള്ള ട്രക്കിങ്ങുമെല്ലാം ചേരുന്ന അനുഭവം. നാടൻ ക്യാമ്പ്, ഒരു പ്രത്യേക നിബന്ധനകൂടി െവച്ചിട്ടുണ്ട്. കേരളത്തിലെ ക്യാമ്പുകളിൽ ഒരാൾക്ക് ഒരുതവണയേ പങ്കെടുക്കാനാവൂ.
‘വരുന്ന എല്ലാവരുടെയും ഫ്രഷ് അനുഭവമായിരിക്കണം, ഒരുപോലെ പരിചയപ്പെടുകയും സൗഹൃദമുണ്ടാവുകയും വേണം. ഗ്യാങ്ങുകളും മറ്റുമുണ്ടായാൽ അതിന്റെ രസം പോകും’ സംഘാടകർ പറയുന്നു.
കുട്ടികൾക്ക് തണൽ
കഴിഞ്ഞവർഷം രാജസ്ഥാനിലെ ഉൾനാടൻ ഗ്രാമമായ കോട്രിയിൽ, മന്ദൻ എന്ന സന്നദ്ധസംഘടനയുമായി ചേർന്ന് നാടൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പിൽ പങ്കെടുത്തവർ ഗ്രാമീണരോടൊപ്പം അവരുടെ വീടുകളിലാണ് താമസിച്ചത്. ആ കൂടിച്ചേരലിന്റെ വരുമാനം മുഴുവൻ ആ ഗ്രാമീണർക്കു തന്നെ കിട്ടുന്ന നിലക്കാണ് എല്ലാം ഒരുക്കിയത്. ഗ്രാമീണവീടുകളിൽ താമസിച്ച ക്യാമ്പ് അംഗങ്ങൾ അതത് വീട്ടുകാരോടൊപ്പം കൃഷിപ്പണിയെടുത്തു, പശുവിനെ കറന്നു, ഉപ്പുപാടങ്ങളിലേക്ക് പോയി ഉപ്പു കോരി, വൈകുന്നേരും വീട്ടിലേക്ക് മടങ്ങുമ്പോൾ പച്ചക്കറി വാങ്ങുകയുമെല്ലാം ചെയ്ത ഏഴു ദിവസം. പല പ്രതിസന്ധികൾ നേരിടുന്ന ആ ഗ്രാമത്തിലൊരാളായി ജീവിച്ച നാളുകൾ പലരുടെയും ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി.
ജലക്ഷാമം നേരിടുന്ന ഗ്രാമത്തിൽ വെള്ളം കോരാൻ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ആ ഉത്തരവാദിത്തം പെൺകുട്ടികൾക്കാണ്. അതുകൊണ്ട് പെൺകുട്ടികളെ സ്കൂളിൽ അയക്കാറുമില്ല. ഈ സാഹചര്യം മാറ്റിയെടുക്കാൻ ‘മന്ദൻ’ നടത്തുന്ന ശ്രമങ്ങളും അതിന്റെ ഫലവുമെല്ലാം അടുത്തു നിന്ന് കാണാനുള്ള അവസരം കൂടി ക്യാമ്പൊരുക്കിയിരുന്നു.
കാഴ്ചകൾക്കും തിരിച്ചറിവുകൾക്കുമപ്പുറം തിളങ്ങുന്ന മറ്റൊരടയാളംകൂടി രാജസ്ഥാനിലെ ആ നാടൻ ക്യാമ്പ് അവശേഷിപ്പിച്ചു. പഠിക്കാൻ വേണ്ടത്ര സൗകര്യങ്ങളോ സാഹചര്യമോ ഇല്ലാത്ത ആ ഗ്രാമത്തിലെ 30 കുട്ടികൾക്ക് വേണ്ട വിദ്യാഭ്യാസസൗകര്യങ്ങളെല്ലാം പങ്കെടുത്തവർ സ്വയം ഏറ്റെടുത്തു. ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് അവർക്ക് വേണ്ട പുസ്തകങ്ങളും ഫീസുമെല്ലാം ഒരുക്കി. വീണ്ടും അവരെ കാണാനും അവർക്കൊപ്പം താമസിക്കാനും മറ്റൊരു ക്യാമ്പും ഒരുങ്ങുന്നുണ്ട്.
നല്ലൊരു ചിരിപോലെ
ഒരു പരിചയവുമില്ലാതെ വന്നെത്തി, പരസ്പരം പരിചയപ്പെട്ട്, ക്യാമ്പിന് ശേഷം ഒരുമിച്ച് കച്ചവടം ചെയ്യുന്നവരും യാത്രപോകുന്നവരുമെല്ലാം നാടൻ ക്യാമ്പ് കഥകളുടെ തുടർച്ചയാണ്. ഒന്നിച്ചുകൂടലിന്റെ ആഘോഷം എന്നതിനെക്കാളേറെ, പരസ്പരം കേട്ടിരിക്കാനും കാമ്പുള്ള സൗഹൃദങ്ങളുണ്ടാവാനുമുള്ള വേദിയായി മാറുന്നത് കൊണ്ടുതന്നെ നാടൻ ക്യാമ്പിലേക്കെത്തുന്നവർ പലരും പിന്നീട് ഈ ആശയങ്ങളുടെ പ്രചാരകരായി മാറാറുണ്ട്. മറ്റുള്ള മനുഷ്യരെ ബഹുമാനിക്കുകയും മുൻവിധികളില്ലാതെ മനുഷ്യരെ ചേർത്തുനിർത്തുകയും ചെയ്യേണ്ടത് ഏറെ പ്രധാനമായി മാറുന്ന കാലത്ത് നാടൻ ക്യാമ്പിന്റെ മാതൃക പിൻപറ്റി പുതിയ കൂട്ടായ്മകളുണ്ടാവുന്നു. ‘‘ഞങ്ങൾ തുടങ്ങുന്ന സമയത്ത് ഇതുപോലെയുള്ള കൂടിച്ചേരലുകൾ കുറവായിരുന്നു. ഇപ്പോൾ ധാരാളമുണ്ട്. ക്യാമ്പിന്റെ ഭാഗമായി വന്നവർ പിന്നീട് സ്വന്തം നിലക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും പുതിയ കൂട്ടായ്മകളാവുന്നതുമെല്ലാം അറിയുന്നത് വലിയ സന്തോഷമാണ്’’ -മുബാറക്കും മാനിഹും പറയുന്നു.
നാടൻ സ്റ്റേയും നല്ല നാടൻ ചായയും
നാടൻ ചായയാണ് മറ്റൊരു ആശയം. വാഴക്കാട് പുഴയോരത്ത് തുടങ്ങിയ നാടൻ ചായ, ചായക്കട എന്നതിനപ്പുറം നാടിന്റെ തനത് രുചികൾ കലാപരമായി അവതരിപ്പിക്കുന്ന, മനുഷ്യന്മാർക്ക് പൂതിതീരും വരെ വർത്തമാനം പറഞ്ഞിരിക്കാനുള്ള ഇടമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ‘നാടൻ കണക്ട്സ്’ എന്നനിലക്ക് യാത്രകളും കൂടിച്ചേരലുകളും സംഘടിപ്പിച്ചുകൊടുക്കുന്ന കൂട്ടായ്മയും രാജസ്ഥാനിലെ ക്യാമ്പിന്റെ മാതൃകയിൽ കേരളത്തിൽ ഗ്രാമീണവീടുകളിലും ആതിഥേയത്വമൊരുക്കി അവർക്ക് വരുമാനമാർഗവും അതേസമയം, സാംസ്കാരികമായ പുതിയ അറിവുകളും പകരുക എന്ന ആശയവും അണിയറയിൽ തയാറാണ്.
വയനാട്ടിലെ ദുരന്തസമയത്ത് സജീവമായിരുന്നു നാടൻ ക്യാമ്പിന്റെ പ്രവർത്തകർ. ഓൺലൈനായും ഓഫ് ലൈനായും ഇവർ ഒത്തുചേർന്നു പ്രവർത്തിച്ചു. അതിന്റെ ചുവടുപിടിച്ച് നാടൻ ക്യാമ്പിനെ കുറച്ചുകൂടി സജീവമായ, പ്രഫഷനൽ സ്വഭാവമുള്ള കൂട്ടായ്മയായിക്കൂടി മാറ്റിയെടുക്കുന്നതാണ് മുബാറക്കും മാനിഹും പങ്കുവെക്കുന്ന സ്വപ്നം.
ക്യാമ്പുകളൊരുക്കുക എന്നിടത്തുനിന്നാരംഭിച്ച നാടൻ ആശയം ഒരുമിച്ചിരുന്നും പങ്കുെവച്ചും ചുരുങ്ങിയ കാലത്തിനിടക്കുതന്നെ ശ്രദ്ധിക്കപ്പെടുന്ന സംരംഭ മോഡലായി വളർന്നിട്ടുണ്ട്. കോളജ് വിദ്യാർഥികളും തൊഴിൽ അന്വേഷകരുമടക്കം ക്യാമ്പുകളുടെ ഭാഗമാവുന്നവരിൽ ഭൂരിഭാഗം പേരും സ്വന്തം നിലക്ക് സ്ഥിരവരുമാനങ്ങളില്ലാത്തവരാണ് എന്ന ആലോചനയിൽനിന്ന്, അവർക്ക് കൂടി ഉപകാരപ്രദമാവുന്ന വിധം അവരെ പങ്കാളികളാക്കിക്കൊണ്ട് നല്ല നാടൻ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. ‘നാടൻ വെഞ്ചേഴ്സ്’ എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ കോഴിക്കോട്ടെയും
മലപ്പുറത്തെയും ഉൾനാടൻഗ്രാമത്തിലെ സ്ത്രീകളുണ്ടാക്കുന്ന അച്ചാറുകളും മറ്റ് ചെറു ഉൽപന്നങ്ങളും നിർമിക്കുന്നുണ്ട്. തയാറാക്കാൻ അവർക്കു വേണ്ടിവരുന്ന മുതൽമുടക്കും ശേഷം കച്ചവടത്തിൽനിന്ന് കിട്ടുന്ന ലാഭത്തിന്റെ പങ്കും നിർമിക്കുന്നവർക്കും കിട്ടുന്ന വിധത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.