യു.എ.ഇയില് ശൈത്യകാലത്തിന്റെ വരവറിയിച്ച് കനത്ത ചൂടിന് ശമനമായതോടെ പാര്ക്കുകളും ബീച്ചുകളും ഉൾപ്പെടെ ഉല്ലാസ കേന്ദ്രങ്ങൾ സജീവമാകുകയാണ്. കനത്ത ചൂടിൽ വീടുകളിലും ഷോപ്പിങ് മാളുകളിലുമായി കഴിഞ്ഞവർ ഇനി ആഘോഷ പരിപാടികൾക്കായി പുറത്തിറങ്ങും. രാജ്യത്തെ പ്രധാന ഉല്ലാസ കേന്ദ്രളെല്ലാം പുതു സീസണിനെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു.
ആറു മാസത്തെ നവീകരണ പ്രവൃത്തികൾക്ക് ശേഷം സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കാനും വർണക്കാഴ്ചകൾ വിതറാനുമായി തയ്യാറെടുക്കുകയാണ് രാജ്യം. ശരത്കാലം വിരുന്നെത്തുന്നതോടെ നഗരം പൂക്കൾ കൊണ്ട് സുന്ദരിയായി മാറും. റോഡരികുകളിൽ വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഇടം പിടിക്കും. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിനോദ സഞ്ചാരികൾ യു.എ.ഇയിലേക്ക് പറന്നിറങ്ങും. കുടുംബമായി കഴിയുന്നവരുടെ വാരാന്ത്യങ്ങൾ അവിസ്മരണീയമാകുന്ന നാളുകൾ കൂടിയാണ് വരാൻ പോകുന്നത്.
ദുബൈയിലെ ഏറ്റവും മികച്ച വിനോദ കേന്ദ്രമായി അറിയപ്പെടുന്ന ഗ്ലോബൽ വില്ലേജ് ഒക്ടോബർ 16ന് മിഴി തുറക്കും. മേയ് 11 വരെ നീളുന്ന ആഘോഷങ്ങളിലായി ഒരു കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവിലിയനുകളിലൂടെ വിവിധ രാജ്യങ്ങളുടെ കലാ സാംസ്കാരിക, ഭക്ഷണ രീതികൾ അടുത്തറിയാനുള്ള മികച്ച വേദി കൂടിയാണ് ഗ്ലോബൽ വില്ലേജ്. കലാ, സാംസ്കാരിക പരിപാടികൾ, ജലധാര, സ്റ്റണ്ട് ഷോ, തെരുവ് പ്രകടനങ്ങൾ, കാർട്ടൂൺ മേളകൾ, സ്ത്രീകൾക്കും കുട്ടികൾക്കും ആസ്വാദിക്കാൻ കഴിയുന്ന വിവിധ റൈഡുകൾ, ഫുഡ് കോർട്ടുകൾ, തദ്ദേശീയ, രാജ്യാന്തര കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ തുടങ്ങി ആഘോഷങ്ങളുടെ വൈവിധ്യങ്ങളെ ആസ്വദിക്കാൻ സന്ദർശകർ ഗ്ലോബൽ വില്ലേജിലേക്കൊഴുകിയെത്തും. ഓരോ ദിവസവും വിത്യസ്ത കലാപ്രകടനങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കുന്നത്.
ലോക നിലവാരത്തിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സന്ദർശകർക്കായി ആഗോള ഗ്രാമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ലോകാത്ഭുതങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ, ഭക്ഷണ വൈവിധ്യം എന്നിവ കൊണ്ട് കുടുംബ സന്ദർശകരുടെ ഇഷ്ട കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ രാത്രി 12 വരെയാണ് പ്രവേശനം. റമദാൻ കാലങ്ങളിൽ സമയക്രമത്തിൽ മാറ്റമുണ്ടാകും. നോമ്പ് കാലത്തിന്റെ വരവറിയിച്ച് പ്രത്യേക പീരങ്കി വെടിയും ഇവിടെ മുഴക്കാറുണ്ട്. ലോക പ്രശസ്തരായ നർത്തകരുടെ കലാ സൃഷ്ടികളും ഇവിടെ ആസ്വദിക്കാം. 22.5 ദിർഹമാണ് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക്.
വന്യ ജീവികളെ അടുത്തറിയാനും ആസ്വദിക്കാനും കഴിയുന്ന ഏറ്റവും മികച്ച ഇടമാണ് ദുബൈ സഫാരി പാർക്ക്. സന്ദർശകർക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ജൈവ വൈവിധ്യങ്ങളെ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. ദുബൈയിലെ ഏറ്റവും മികച്ച ഔട്ട്ഡോർ ഡെസ്റ്റിനേഷനുകളിലൊന്നായ സഫാരി പാർക്കിന്റെ ആറാം സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും. നവീകരണത്തിന് ശേഷം സന്ദർശകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർക്ക്.
സന്ദർശകർക്ക് കാൽനടയായോ അല്ലെങ്കിൽ ആറ് വ്യത്യസ്ത തീം സോണുകളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ ട്രെയിൻ വഴിയോ പാർക്കിലെ വിസ്മയങ്ങളിലൂടെ സഞ്ചരിക്കാം. ഓരോ സോണും വൈവിധ്യമാർന്ന വന്യജീവികളുമായി അടുത്തിടപഴകാൻ സന്ദർശകർക്ക് അവസരം നൽകുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ദുബായ് സഫാരി പാർക്കിൽ 78 സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ എന്നിങ്ങനെ 3,000 ത്തിലധികം മൃഗങ്ങളുണ്ട്. ഇഷ്ട മൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും ഫോട്ടോ എടുക്കാനും അവസരമുണ്ട്. ഇലക്ട്രിക് ട്രെയ്നിലിരുന്ന് ആഫ്രിക്കൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, അറേബ്യൻ ഡസർട്ട് സഫാരി, കിഡ്സ് ഫാം എന്നീ ആറ് സോണുകളിലൂടെ സഞ്ചരിച്ച് മൃഗങ്ങളെ കണ്ട് ആസ്വദിക്കാം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം.
അത്ഭുതങ്ങൾ നിറഞ്ഞ വർണക്കാഴ്ചകളുടെ സുന്ദര ലോകവുമായി സബീൽ പാർക്കിൽ ഗാർഡൻ ഗ്ലോ തുറന്നു കഴിഞ്ഞു. അഞ്ച് വിഭാഗങ്ങളിലായി 500 ലേറെ കലാസൃഷ്ടിക്ലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു കോടിയിലേറെ എൽ.ഇ.ഡി ലൈറ്റുകൾ കൊണ്ടാണ് കാഴ്ചകളുടെ അത്ഭുതലോകം തീർത്തിരിക്കുന്നത്. ഗേറ്റ് ആറ്, ഏഴ് ഗേറ്റുകളിലൂടെ അകത്തു കടന്നാൽ ഗാർഡൻ ഗ്ലോയിലെത്താം. പ്രവേശനം ഞായർ മുതൽ വെള്ളി വരെ വൈകിട്ട് അഞ്ചു മുതൽ രാത്രി വരെ. ശനിയും പൊതു അവധി ദിവസങ്ങളിലും രാത്രി 12 വരെയാണ് സന്ദർശന സമയം.
ആഫ്രിക്കൻ മൃഗങ്ങളുടെയും പക്ഷികളുടെയും വേറിട്ട പ്രദർശനമൊരുക്കുന്ന ഷാർജ സഫാരി പാർക്ക് സെപ്റ്റംബർ 23ന് തുറന്നു. മുന്നൂറിലേറെ പക്ഷി, മൃഗ കുഞ്ഞുങ്ങളാണ് ഇത്തവണത്തെ പാർക്കിലെ ഹൈലൈറ്റ്. അൽ ദെയ്ദിലെ അൽ ബ്രൈദി നാച്വറൽ റിസർവിനുള്ളിൽ എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക്. ആഫ്രിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കാണിത്.
2021ൽ ആരംഭിച്ച പാർക്കിന്റെ മൂന്നാം സീസണാണ് ഇത്തവണ ആരംഭിക്കുന്നത്. പാർക്കിലെ ആംഫി തിയറ്ററിൽ ഒരുക്കിയ ആഫ്രിക്കൻ പക്ഷികളേയും മൃഗങ്ങളേയും കുറിച്ചുള്ള പ്രത്യേക പ്രദർശനവും ഇത്തവണയുണ്ട്. മരഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വന അന്തരീക്ഷത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപ്പെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേക തരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് പാർക്കിനെ ആകർഷണീയമാക്കുന്നത്. രാവിലെ 8.30 മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം.
ലോകത്തിലെ ഏറ്റവു വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബൈയിലെ മിറക്കിൾ ഗാർഡൻ പുതിയ സീസണിനായി ഉടൻ തുറക്കും. 120 ഇനത്തിൽപെട്ട 15 കോടി പൂക്കളാണ് ഇവിടെ വിരിയുക. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ട് നിർമിച്ച വിമാനം, ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവ സന്ദർശകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നതാണ്. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബൈ ലാൻഡിന്റെ ഹൃദയ ഭാഗത്താണ് മിറക്കിൾ ഗാർഡൻ. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.
സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ ഹത്തയും പുതു സീസണിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
മലകയറ്റം, സൈക്കിൾ, ബൈക്ക് സവാരി, ഫ്രീഫാൾ ജംപ്, സിപ് ലൈൻ റൈഡ് തുടങ്ങിയ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു പിടി വിനോദപരിപാടികൾ ഹത്തയിലുണ്ട്. ഒക്ടോബർ ഒന്നു മുതൽ കയാക്കിങ്, ബോട്ടിങ് ഉൾപ്പെടെ ജലകായിക വിനോദവും ആസ്വദിക്കാം. പ്രവേശനം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴുവരെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.