ദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ ജബൽ അലിയിൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്രത്തിൽ ഒരു വർഷത്തിനിടെ എത്തിയത് 16 ലക്ഷം സന്ദർശകർ. വിവിധ രാജ്യങ്ങളിൽനിന്നായി വ്യത്യസ്ത വിശ്വാസധാരകളിലുള്ളവർ ക്ഷേത്രത്തിൽ എത്തിയവരിൽ ഉൾപ്പെടും.
പ്രാർഥനക്കു പുറമെ സാമൂഹിക ഒത്തുചേരലുകൾക്കും ക്ഷേത്രം വേദിയാകുന്നുണ്ട്. നവജാത ശിശുക്കളുമായി പ്രത്യേക പ്രാർഥനകൾക്ക് എത്തുന്നവരും ജന്മദിന ആഘോഷങ്ങൾക്കും പരമ്പരാഗത രീതിയിലുള്ള ഇന്ത്യൻ വിവാഹങ്ങൾക്കും വേദിയാകാറുണ്ട്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, ചൈന, യുക്രെയ്ൻ, കൊളംബിയ തുടങ്ങിയ രാജ്യക്കാരാണ് കൂടുതലായി എത്തിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നത്. ആഘോഷദിവസങ്ങളിലും അവധിദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ പേർ എത്തുന്നത്. 20,000ത്തിനു മുകളിൽ സന്ദർശകരെത്തിയ ദിവസങ്ങളുമുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേരെത്തിയത് ഒക്ടോബറിലാണ്. ദീപാവലി, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇത്തവണ ഓണാഘോഷദിവസങ്ങളിലും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
ജബൽ അലിയിലെ ഏഴു ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമാണം പൂർത്തിയാക്കി തുറന്നത്. ബഹുനില ക്ഷേത്രത്തിൽ 16 മൂർത്തികളുടെ പ്രതിഷ്ഠയാണുള്ളത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലെയും പ്രധാന ആരാധനാമൂർത്തികൾക്കു പുറമെ സിഖ് ആരാധനക്കുള്ള സൗകര്യവും ക്ഷേത്രത്തിലുണ്ട്. സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി മലയാളികളുടെ പ്രധാന ആരാധനാമൂർത്തികളുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
ത്രീഡി പ്രിന്റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥനാഹാളിലാണ് പ്രതിഷ്ഠകളുള്ളത്. ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് പ്രവേശനം. ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടത്തെ വർധിച്ച തിരക്കുകൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്. മൂന്നുവർഷം മുമ്പാണ് ക്ഷേത്രനിർമാണം ആരംഭിച്ചത്. അബൂദബിയിൽ മറ്റൊരു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.