ചെറുതോണി: സുരക്ഷ വീഴ്ചയുടെ പേരിൽ ഇടുക്കി ഡാം അടച്ചിട്ട് ഒരുമാസം. സെപ്റ്റബർ 11നാണ് ഡാം അടച്ചത്. ഡാം അടച്ച വിവരമറിയാതെ ഇപ്പോഴും അന്തർ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള ടൂറിസ്റ്റുകളെത്തി നിരാശരായി മടങ്ങുകയാണ്. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഹൈഡൽ ടൂറിസത്തിന് നഷ്ടമാകുന്നത്.
ജൂലൈ 22ന് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ചുകയറി ഹൈമാസ്റ്റ് ലൈറ്റിനുതാഴെ താഴിട്ടുപൂട്ടുകയും ചെറുതോണി ഡാമിന്റെ ഷട്ടറിൽ ദ്രാവക മൊഴിക്കുകയും ചെയ്തിരുന്നു. ഇത് സെപ്റ്റബർ നാലിന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടുപിടിച്ചത്. തുടർന്ന് കെ.എസ്.ഇ.ബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് 24 ദിവസം കഴിഞ്ഞിട്ടും ഇയാളെ നാട്ടിലെത്തിക്കാനൊ അറസ്റ്റ് ചെയ്യാനോ ലോക്കൽ പൊലീസിനു സാധിക്കാത്ത സാഹചര്യത്തിൽ സെംപ്റ്റബർ 30ന് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പൂർണ സുരക്ഷ ഉറപ്പാക്കിയശേഷം ഇനി ഡാം സന്ദർശകർക്കായി തുറന്നുകൊടുത്താൽ മതിയെന്നാണ് തീരുമാനം.
പൂർണ സുരക്ഷ ഉറപ്പാക്കണമെങ്കിൽ രണ്ട് ഡിവൈ.എസ്.പിമാർ, ആറ് സി.ഐമാർ, എസ്.ഐ ഉൾപ്പെടെ 300 പൊലീസുകാരെ ചെറുതോണി, കുളമാവ് അണക്കെട്ടിലായി നിയമിക്കണമെന്നാണ് റിപ്പോർട്ട്. പക്ഷേ, ഇത്രയും പേരെ നിയമിച്ചാൽ വൈദ്യുതി ബോർഡിന് പ്രതിമാസം വലിയ ബാധ്യതയുണ്ടാകും. ഇപ്പോൾ ഓരോവർഷവും ശരാശരി 10ലക്ഷം വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.