കൽപറ്റ: വയനാട്ടിലെ കാന്തൻപാറയിൽ സാഹസിക സഞ്ചാരികൾക്കായി റാപ്പെലിംങ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പാറക്കെട്ടുകളിൽ റാപ്പെലിങ്ങിനു തുടക്കമിടുന്നത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്‍റെ ഭാഗമായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൗഡ് ഗ്രാജുവേറ്റ് ഓഫ് ബാംഗ്ലൂർ അഡ്വഞ്ചർ സ്കൂൾ പരീക്ഷണാടിസ്ഥാനത്തിൽ കാന്തൻപാറയിൽ റാപ്പെലിങ് നടത്തി. വെള്ളചാട്ടത്തിനു മുകളിൽനിന്ന് 40 അടി താഴ്ചയിലേക്ക് റോപ്പ് വഴി അതിസാഹസികമായി സംഘാംഗങ്ങൾ ഇറങ്ങി. വഴുക്കുള്ള പാറക്കെടുകളിൽ വെള്ളച്ചാട്ടത്തിനു നടവിലൂടെ താഴേക്ക് ഇറങ്ങുന്ന റാപ്പെലിങ് സാഹസിക ടൂറിസത്തിന്‍റെ മുന്നേറ്റമാകും. കേരളത്തിൽ സുപരിചിതമല്ലാത്ത റാപ്പെലിങ് അഡ്വഞ്ചർ ടൂറിസത്തെ ഇതോടെ വയനാടും വരവേൽക്കുകയാണ്.
ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് റാപ്പെലിങ് സാഹസിക ടൂറിസം നിലവിലുള്ളത്. സാഹസിക ടൂറിസത്തിൽ താൽപര്യമുള്ള സഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കാൻ ഇതുവഴി കഴിയും. കാന്തൻപാറയിൽ വിപുലമായ സൗകര്യമൊരുക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടന്ന ട്രയൽ റാപ്പെലിങ് നവ്യാനുഭവമാണ് എന്ന് ബി.എ.എസ് സംഘാംഗങ്ങൾ പറഞ്ഞു. പ്രധാനമായും യുവാക്കളായ സാഹസിക സഞ്ചാരികളെയാണ് ടൂറിസം കൗൺസിൽ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും.
സഞ്ചാരികൾക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, കാന്തൻപാറ മാനേജർ എം.എസ്. ദിനേശ്, മറ്റ് കേന്ദ്രങ്ങളിലെ മാനേജർമാർ തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.