അബൂദബി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ പറുദീസയായ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഈ വർഷം 44.9 കോടിയായി വർധിക്കുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) റിപോർട്ട്. കോവിഡ് കാലമായ 2019നെ അപേക്ഷിച്ച് 110 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിലും വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുമെന്നാണ് എ.സി.ഐയുടെ കണക്ക് കൂട്ടൽ.
കോവിന്‍ ശേഷം മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും വിമാന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഏഷ്യ-പെസഫിക് മേഖലയിൽ വിമാന യാത്രക്കാരുടെ എണ്ണം 13 ശതമാനം വർധിച്ച് 340 കോടിയിലെത്തും. ആഫ്രിക്കയിലെ യാത്രക്കാരുടെ എണ്ണം ഈ വർഷം അവസാനം 24.4 കോടിയിലെത്തും. 2019നെ അപേക്ഷിച്ച് 106 ശതമാനമാണ് വർധനവുണ്ടാവുക. വടക്കേ അമേരിക്കൻ മേഖലയിൽ ഈ വർഷം 220 കോടി വിമാന യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷ. 2019നെ അപേക്ഷിച്ച് 107 ശതമാനം വർധനവുണ്ടാകും.
യൂറോപ്പിൽ ഈ വർഷം 206 കോടി യാത്രക്കാരെത്തുമെന്നും വാർഷിക റിപോർട്ട് പറയുന്നു. 2019നെക്കാൾ 102 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, എ.സി.ഐ കണക്കുപ്രകാരം മിഡിൽ ഈസ്റ്റിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഈ വർഷം അവസാനത്തിൽ 540 കോടിയാകും. ഈ വർഷം ആദ്യ പകുതിയിൽ തന്നെ മൊത്തം യാത്രക്കാരുടെ എണ്ണം 2019നെ അപേക്ഷിച്ച് 102 ശതമാനം വർധനയുണ്ട്.
180ലേറെ രാജ്യങ്ങളിലായി 2700ലേറെ വിമാനത്താവളങ്ങളിലാണ് എ.സി.ഐ പഠനം നടത്തിയത്. രാജ്യങ്ങൾ തമ്മിൽ ഭൂമിശാസ്ത്രപരമായ സംഘർഷം തുടരുമ്പോഴും വ്യോമഗതാഗത മേഖലയിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് എ.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.