ദുബൈ: വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പു തുടർന്ന് ദുബൈ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ദുബൈയിലേക്ക് ഒഴുകിയെത്തിയത് 13.9 ദശലക്ഷം ടൂറിസ്റ്റുകൾ. 2019ൽ ഈ കാലയളവിൽ 13.5 ദശലക്ഷമായിരുന്നു സഞ്ചാരികളുടെ ഒഴുക്ക്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും മെന മേഖലയിൽ നിന്നുമാണ് കൂടുതൽ പേർ ഈ വർഷം എത്തിയത്. 29ശതമാനം.
പടിഞ്ഞാറൻ യൂറോപ്പിൽനിന്ന് 19 ശതമാനവും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 18 ശതമാനം പേരും ദുബൈ സന്ദർശിച്ചു. കിഴക്കൻ യൂറോപ്പ്, റഷ്യ, സി.ഐ.എസ് എന്നിവയുടെ സംഭാവന 13 ശതമാനമാണ്. 2019നെ അപേക്ഷിച്ച് ഈ മേഖലയിൽ നിന്ന് എട്ട് ശതമാനം അധികം സഞ്ചാരികളാണ് ഇത്തവണ ദുബൈ സന്ദർശിച്ചത്. ദുബൈ ഡിപാർട്ട്മെന്റ് ഓഫ് എകണോമി ആൻഡ് ടൂറിസത്തിന്റെ വിശദീകരണ യോഗത്തിലാണ് വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടത്.
ജനുവരി മുതൽ ഒക്ടോബർ വരെ ദുബൈയിലെ ഹോട്ടൽ താമസക്കാരുടെ എണ്ണത്തിലും 76 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. 2019 കോവിഡ് കാലത്ത് ഇത് 74 ശതമാനമായിരുന്നു.
രണ്ടു ശതമാനമാണ് വളർച്ച. എസ്.ടി.ആർ ഗ്ലോബൽ ഹോട്ടൽ മോണിറ്ററിങ്ങിന്റെ കണക്കുകൾ പ്രകാരം താമസ സൗകര്യങ്ങളുടെ ശരാശരി കണക്കിൽ ന്യൂയോർക്ക്, ലണ്ടൻ നഗരങ്ങൾക്ക് ശേഷം ലോകത്ത് നാലാം സ്ഥാനത്താണ് ദുബൈ ഹോട്ടലുകളുടെ സ്ഥാനം. 2023ന്റെ അവസാനത്തോടെ ദുബൈയിൽ 818 ഹോട്ടലുകളിലായി 149,076 റൂമുകളാണ് സജ്ജമായിട്ടുള്ളത്. ടൂറിസം സമ്പദ് വ്യവസ്ഥയുടെ നെടുംതൂണെന്ന് ശൈഖ് ഹംദാൻ
വിനോദ സഞ്ചാര മേഖലയാണ് ദുബൈ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണെന്ന് യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടവകാശിയുമായി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ദുബൈ ഡിപാർട്ട്മെന്റ് ഓഫ് എകണോമി ആൻഡ് ടൂറിസിന്റെ സിറ്റി വിശദീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ സാമ്പത്തിക അജണ്ടയായ ഡി33യുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ ടൂറിസം മേഖലയുടെ പങ്ക് നിർണായകമാണ്. ലോകത്തെ പ്രമുഖരായ അന്താരാഷ്ട്ര വ്യവസായികളുടെ പങ്കാളിത്തത്തോടെ ദുബൈയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പ്രമുഖ ട്രാവൽ, ഹോസ്പിറ്റാലിറ്റി കമ്പനികളുമായുള്ള മികച്ച പങ്കാളിത്തം പ്രാദേശികമായും ആഗോള തലത്തിലും ടൂറിസം മേഖലയുടെ വളർച്ച പരിപോഷിപ്പിക്കുന്നതിൽ സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തുടനീളമുള്ള ടൂറിസ്റ്റുകൾക്ക് മികച്ച അനുഭവങ്ങൾ പ്രദാനം ചെയ്യാൻ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനൊപ്പം തന്ത്രപരമപരമായ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.