കൊല്ലം: അഞ്ചുമാസത്തെ സഞ്ചാരവിലക്കിനുശേഷം സാമ്പ്രാണിക്കോടി തുരുത്ത് 23ന് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. സാമ്പ്രാണിക്കോടി തുറക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡി.ടി.പി.സി ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
150 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക. ഡി.ടി.പി.സിക്ക് 30 രൂപയും ബോട്ടുകള്‍ക്ക് 90 രൂപയും ബാക്കി തുക ജി.എസ്.ടി ഇനത്തിലുള്പ്പെടെയാണ് 150 രൂപ നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതല്‍ ഡി.ടി.പി.സിയുടെ പൂര്‍ണനിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. തുരുത്തില് കച്ചവടത്തിന് പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ജൂലൈ ഒമ്പത് മുതലാണ് സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
കര്‍ശന നിയന്ത്രണങ്ങളോടെയും നിബന്ധനകളോടെയുമാണ് സാമ്പ്രാണിക്കോടി തുറക്കാന്‍ ഒരുങ്ങുന്നത്. 80 ശതമാനം ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം വഴിയായിരിക്കും പ്രവേശനം. 20 ശതമാനം മാത്രമേ ഓഫ്ലൈനായി ടിക്കറ്റ് ഉണ്ടാകൂ.
രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാലുവരെ മാത്രമേ തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് പോകുവാന്‍ അനുമതിയുള്ളൂ. 50 മിനിറ്റാണ് ഒരാള്‍ക്ക് തുരുത്തില് തങ്ങാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഇവര്‍ കൃത്യസമയത്ത് മടങ്ങിപ്പോകുന്നുണ്ടോ എന്നറിയാന്‍ ഡി.ടി.പി.സി അധികൃതരും പൊലീസും പരിശോധന നടത്തും.
മൂന്ന് പ്രധാന സ്ഥലങ്ങളില്‍നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് ബോട്ടുകളില്‍ ആളെ എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. പ്രാക്കുളത്തിന് പുറമേ കുരീപ്പുഴ ബോട്ട്ജെട്ടി, മണ്‍റോതുരുത്ത് എന്നിവിടങ്ങളില്‍നിന്ന് ബോട്ട് സര്‍വിസുകള്‍ ഉണ്ടാകും. ബോട്ടുകള്‍ രജിസ്റ്റര്‍ ചെയേണ്ട അവസാന തീയതി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇതില്‍ 52 ബോട്ടുകള്‍ രജിസ്റ്റര്‍ ചെയാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇവ ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിശോധനക്കായി അയച്ചിരിക്കുകയാണ്. പൂര്‍ണതോതില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള ബോട്ടുകള്ക്കായിരിക്കും അനുമതി നല്‍കുക. ഒരുദിവസം 900 പേര്‍ക്കാണ് തുരുത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. അനുമതി നല്‍കിയിട്ടുള്ള ബോട്ടുകളുടെ എണ്ണം കണക്കാക്കി ഒരുദിവസം 15 ബോട്ടുകള്‍ വീതമായിരിക്കും സർവിസ് നടത്തുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയജലപാതക്ക് ആഴംകൂട്ടിയപ്പോള് അടിഞ്ഞ മണ്ണും എക്കലും പിന്നീട് തുരുത്തായി മാറുകയായിരുന്നു.
തുരുത്തിലെത്തുന്ന സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. താല്‍ക്കാലികമായി ഡി.ടി.പി.സിയുടെ അധീനതയിലുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉപയോഗിക്കാനാകും. തുരുത്തില് കച്ചവടം അനുവദിക്കില്ലെങ്കിലും സഞ്ചാരികള്‍ കയറുന്നിടത്ത് തദ്ദേശീയമായി നിര്‍മിച്ച ഉല്പന്നങ്ങള് വില്‍ക്കുന്നതിനുള്ള സ്റ്റാളുകള്‍ തുടങ്ങാനും നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഡി.ടി.പി.സി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.
എം. മുകേഷ് എം.എല്‍.എയാകും തുരുത്ത് വീണ്ടും തുറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു.
അതേസമയം, തുരുത്തില് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് അഞ്ചാലുംമൂട് സി.ഐ ധര്‍മജിത്ത് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജില്ല പൊലീസ് മേധാവിയുമായി ചര്‍ച്ച ചെയ്തശേഷം അറിയിക്കാമെന്ന് എം. മുകേഷ് എം.എല്‍.എ മറുപടി പറഞ്ഞു. യോഗത്തില്‍ എം. മുകേഷ് എം.എല്‍.എ, ഡി. ടി.പി.സി സെക്രട്ടറി രമ്യ ആര്. കുമാര്‍, ഇന്‍ലാന്റ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി ജോയ്, അഞ്ചാലുംമൂട് സി.ഐ ധര്‍മജിത്ത്, തൃക്കരുവ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ അജ്മീന്‍ എം. കരുവ, രതീഷ്, സി.പി.എം കാഞ്ഞാവെളി ലോക്കല്‍ സെക്രട്ടറി ബൈജു ജോസഫ്, ഐലന്റ് ബോട്ട് ക്ലബിന് വേണ്ടി മെല്വിന്, മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രതിനിധിയായി തോംസൺ ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.