ആലപ്പുഴ: മകളുടെ സൈക്ലിങ് പരിശീലനം കണ്ടിരുന്ന അമ്മയിൽ വളർന്ന മോഹം മികച്ച സൈക്ലിസ്റ്റിലേക്കുള്ള യാത്രയായി. സൈക്ലിങ്ങിൽ ഉയരങ്ങൾ കീഴടക്കുകയാണ് ആലപ്പുഴ തോണ്ടൻകുളങ്ങര മന്നത്ത് വാർഡ് അറയ്ക്കൽ ധനലക്ഷ്മി (42) എന്ന വീട്ടമ്മ. ഫ്രാൻസ് ആസ്ഥാനമായ ഒഡാക്സ് ക്ലബ് പാരിസിൽ നടത്തിയ മത്സരത്തിൽ 'സൂപ്പർ റാൻഡനിയർ' പുരസ്കാരവും തേടിയെത്തി. 200, 300, 400, 600 കിലോമീറ്റർ ദൂരങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ഫിനിഷ് ചെയ്താണ് ഈ നേട്ടം. ജില്ലയിൽ ആദ്യമായാണ് ഒരു വനിതക്ക് ഈ ബഹുമതി.
ഒന്നേകാൽ വർഷം മുമ്പാണ് ധനലക്ഷ്മി സൈക്ലിങ് രംഗത്തേക്ക് ചുവടുവെച്ചത്. മകൾ അഖിലയെ ആലപ്പി സൈക്ലിങ് ക്ലബിൽ പരിശീലനത്തിനു വിടാൻ പോകുമായിരുന്നു. ക്രമേണ മകൾക്കൊപ്പം അമ്മയും സൈക്കിൾ ചവിട്ടിക്കയറി. ഇതിനിടെ, വനിതകൾക്കായുള്ള ആലപ്പി സൈക്ലിങ് പിങ്ക് ക്ലബിെൻറ പ്രസിഡൻറായും പ്രവർത്തിച്ചു. ചിട്ടയായ പരിശീലനത്തിലൂടെയാണ് സൂപ്പർ റാൻഡനിയർ പദവിയിലേക്ക് എത്താൻ കഴിഞ്ഞതെന്ന് ധനലക്ഷ്മി പറഞ്ഞു. പുലർച്ച മൂന്നിന് തുടങ്ങുന്ന പരിശീലനം 10വരെ നീളും. എറണാകുളം വൈറ്റിലയിലും തൃപ്പൂണിത്തുറയിലുമൊക്കെയുള്ള ബന്ധുവീടുകളിലേക്കുപോലും ഒരു വർഷമായി സൈക്കിളിലാണ് ഈ വീട്ടമ്മയുടെ യാത്ര. പെൺകുട്ടികളെയും വീട്ടമ്മമാരെയും സൈക്ലിങ്ങിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ ധനലക്ഷ്മിക്ക് ഹരം.
ഭർതൃസഹോദരിയെയും കുടുംബാംഗങ്ങളെയുമടക്കം ഈ രംഗത്തെത്തിച്ചു. ധനലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാർ, മകൻ അക്ഷയ് എന്നിവരും സൈക്ലിങ് മേഖലയിലുണ്ട്. ലഡാക്കുവരെ സൈക്കിളിൽ പോകണമെന്ന മോഹം മനസ്സിലിട്ട് നടക്കുന്ന ധനലക്ഷ്മി 2022 ജനുവരിയിൽ നടക്കുന്ന 1000 കിലോമീറ്റർ മത്സരത്തിനുള്ള പരിശീലനത്തിലുമാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ചെലവേറെയാണ്. മികച്ചയിനം സൈക്കിൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവക്കെല്ലാം നല്ല തുകയാകും. പാം ഫൈബർ ജീവനക്കാരനായ ഭർത്താവിെൻറ വരുമാനമാണ് ആശ്രയം. ഭർത്താവ് അനിൽകുമാറും മക്കളായ അഖിലയും അക്ഷയും ഭർതൃമാതാവ് പൊന്നമ്മയും പിന്തുണക്കുന്നതാണ് നേട്ടങ്ങൾക്ക് കരുത്തെന്ന് ധനലക്ഷ്മി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.