മസ്കത്ത്: പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം സൂറിൽ നിര്‍മിക്കുന്ന മാരിടൈം ഹിസ്റ്ററി മ്യൂസിയത്തിന്റെ നിര്‍മാണ കരാറായി. 12 ദശലക്ഷം റിയാല്‍ ചെലവഴിച്ച് ഒരുക്കുന്ന പദ്ധതിക്കായി ഒമാന്‍ എല്‍.എ.ജിയും ഇന്ത്യ ഫെര്‍ട്ടിലൈസര്‍ കമ്പനിയുമാണ് കരാർ ഒപ്പുവെച്ചത്.
സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി ഒരുങ്ങുന്നത്. പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, ഒമാൻ എൽ.എൻ.ജി സി.ഇ.ഒ ഹമദ് ബിൻ മുഹമ്മദ് അൽ നുഅ്മാനി, ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെ സി.ഇ.ഒ ഡോ. അഹമ്മദ് ബിൻ സഈദ് അൽ മർഹുബി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
വികസന പദ്ധതികളെ പിന്തുണക്കുന്ന വിവിധ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സാമ്പത്തിക കരാറുകളിൽ ഒപ്പുവെക്കുന്നതെന്ന് പൈതൃക-ടൂറിസം മന്ത്രി അൽ മഹ്റൂഖി പറഞ്ഞു.
എൻജിനീയറിങ് വശം കൈകാര്യം ചെയ്യുന്നതിനായി ഒരു കൺസൾട്ടൻസി ഓഫിസ് ഒരുക്കി ആരംഭിച്ച ഈ പദ്ധതി നടപ്പാക്കുന്നതിൽ കരാർ സുപ്രധാന നാഴികക്കല്ലാണ്. ഒമാൻ എൽ.എൻ.ജിയിൽ നിന്നുള്ള 10 ദശലക്ഷം റിയാലും ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയിൽനിന്ന് രണ്ട് ദശലക്ഷവും ഉൾപ്പെടുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയാണന്നും മന്ത്രി പറഞ്ഞു.
സൂരിലെ മാരിടൈം മ്യൂസിയത്തിന് ധനസഹായം നൽകുന്നത് പൈതൃകത്തിനും വിനോദസഞ്ചാര മേഖലക്കും കാര്യമായ പ്രയോജനം ചെയ്യുമെന്ന് തെക്കൻ ശർഖിയ ഗവർണർ ഡോ യഹ്യ ബിൻ ബദർ അൽ മവാലി ചൂണ്ടിക്കാട്ടി. സൂര് വിലായത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന മാരിടൈം ഹിസ്റ്ററി മ്യൂസിയം പ്രദേശത്തിന് കൂടുതല്‍ ഉണര്‍വു പകരും.
ആര്കിടെക്ച്വറല് മേഖലയില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാരത്തിന്റെ രണ്ടാം എഡിഷനില്‍ വിജയിച്ച ഡിസൈനാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സൂര് വിലായത്തിലെ സമുദ്ര ചരിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകൽപ്പനകളാണ് ഇത്തവണ മത്സരത്തിന് ക്ഷണിച്ചിരുന്നത്. സൂറിലെ കടല്‍ ചരിത്രങ്ങളെ അവതരിപ്പിക്കുന്ന മരിടൈം മ്യൂസിയും ഉള്‍പ്പെടുന്ന രൂപകല്പനക്കാണ് ഒന്നാം സ്ഥാനം ലഭിച്ചിരുന്നത്.
മുഹമ്മദ് സലാഹ് അല്‍ ബലൂശിയുടെതാണ് ഡിസൈന്‍. കഫേകള്‍, റസ്റ്റാറന്റുകള്‍, പാര്‍ക്ക്, കടല്‍ കണ്ടുള്ള ഖോര്‍ അല്‍ ബത്തയെ ബന്ധിപ്പിക്കുന്ന നടപ്പാത തുടങ്ങിയവയ ഉള്‍പ്പെട്ടതാണ് പദ്ധതി രൂപകൽപ്പന. നിരവധി വ്യവസായ സാധ്യതകളും രൂപരേഖക മുന്നോട്ടുവെക്കുന്നു. കടല്‍ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന ഡിസൈനെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.