അതിരപ്പിള്ളി: സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡി.എം.സിയുടെ നേതൃത്വത്തിൽ മഴയാത്ര ഞായറാഴ്ച പുനരാരംഭിക്കും. വിനോദ സഞ്ചാരികൾക്ക് ആവേശം പകർന്ന മഴയാത്ര വർഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. മഴക്കാലത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്ക് ഹരിത മനോഹരമായ അതിരപ്പിള്ളി കാടുകൾ കാണാനാണ് മഴയാത്ര ഒരുക്കുന്നത്.
2019ൽ ആരംഭിച്ച മഴയാത്ര വൻ ഹിറ്റായിരുന്നു. മഴക്കാലത്ത് മാത്രം കാണാവുന്ന ചാർപ്പ വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി പകർന്നു. പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ കാണാനുള്ള അസുലഭ അവസരം കൂടിയായിരുന്നു.
ഈ പദ്ധതിയിൽനിന്നും ഒരുലക്ഷം രൂപയുടെ പ്രതിദിന വരുമാനം ഉണ്ടായിരുന്നു. 10 തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന പദ്ധതി കേരളത്തിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്വതന്ത്ര ടൂറിസ്റ്റ് പദ്ധതിയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടിന് ചാലക്കുടി റസ്റ്റ് ഹൗസ് അങ്കണത്തിൽ ആദ്യത്തെ സർവിസിന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
ജൂലൈ മാസത്തിലേക്കാണ് കൂടുതൽ ബുക്കിങ്. രാവിലെ എട്ടിന് ചാലക്കുടിയിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് തിരിച്ചെത്തും വിധമാണ് യാത്ര. തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ എന്നിവിടങ്ങൾ സന്ദർശിക്കും. മഴ യാത്ര സഞ്ചാരികൾക്ക് കുടയും ഭക്ഷണവും നൽകും. 1,500 രൂപയാണ് ഒരാൾക്ക് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9497069888,0480 2769888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.