'നമുക്കൊരു യാത്ര പോയാലോ?' അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യമാണിത്. വിനോദസഞ്ചാരത്തിന് പേരുകേട്ട എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ) തയ്യാറായിക്കഴിഞ്ഞു.
ഒരുമിച്ചെത്തുന്ന വിഷു - ഈസ്റ്റർ അവധിയും പിന്നാലെയെത്തുന്ന റംസാൻ അവധിയും ലക്ഷ്യമിടുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനും സഹായിക്കുന്ന സ്ഥലങ്ങൾക്കാണ് ഡി.ടി.പി.സി മുൻഗണന നൽകുന്നത്. നഗരഭംഗി ആസ്വദിക്കാൻ എത്തുന്നവർക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് നഗരത്തിലുള്ള ചിൽഡ്രൻസ് പാർക്ക്. കുട്ടികൾക്കായുള്ള നിരവധി റൈഡുകൾക്ക് പുറമെ പെഡൽ ബോട്ടിംഗ് സംവിധാനവും ചിൽഡ്രൻസ് പാർക്കിലുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയാണ് പെഡൽ ബോട്ടിംഗ് സൗകര്യമുള്ളത്.
നഗരക്കാഴ്ചകൾ വിട്ട് എറണാകുളം ജില്ലയിലെ ഗ്രാമഭംഗി കാണാനാഗ്രഹിക്കുന്നവർക്കായി നിരവധി പാക്കേജുകൾ ഡി.ടി.പി.സി ഒരുക്കുന്നുണ്ട്. മുനമ്പത്തെ വാട്ടർ സ്പോർട്സ് സൗകര്യങ്ങളും കുമ്പളങ്ങിയിൽ നടത്തുന്ന വിവിധ പാക്കേജുകളും ഭൂതത്താൻകെട്ടിലും ഏഴാറ്റുമുഖത്തുമുള്ള പാക്കേജുകളും ഏത് പ്രായക്കാർക്കും ആസ്വാദ്യകരമാവും.
നിലവിൽ കുമ്പളങ്ങി കേന്ദ്രീകരിച്ച് മൂന്ന് പാക്കേജുകൾ ആണ് ഡി.ടി.പി.സി ഒരുക്കുന്നത്. 'വില്ലേജ് വിസിറ്റ്' പാക്കേജിൽ കുമ്പളങ്ങിയുടെ ഗ്രാമ ഭംഗിയും കായൽ സൗന്ദര്യവും ഭക്ഷണവും ബോട്ടിംഗുമെല്ലാം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരാൾക്ക് 2,000 രൂപയും , രണ്ട് മുതൽ നാല് പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് ആയിരം രൂപ വീതവും, അഞ്ച് മുതൽ ഒൻപത് പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് 800 രൂപ വീതവും, പത്ത് പേർക്ക് മുകളിലുള്ള സംഘത്തിന് ഒരാൾക്ക് 750 രൂപ വീതവുമാണ് ഈടാക്കുന്നത്.
ബോട്ടിംഗും ഫാം വിസിറ്റും മാത്രമുൾപ്പെടുത്തിയിട്ടുള്ള പാക്കേജിന് ഒരാൾക്ക് 900 രൂപയാണ് നിരക്ക്. കൊച്ചി കായലിലെ സന്ധ്യാ കാഴ്ചകൾ സമ്മാനിക്കുന്ന സൺസെറ്റ് ക്രൂയ്‌സ് ആണ് മറ്റൊരു ആകർഷണം. ഒരാൾക്ക് 1,750 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്.
വിവിധ വാട്ടർ സ്പോർട്സുകൾ പരിശീലിക്കാനും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് മുനമ്പം പാക്കേജ് ഒരുക്കിയിരിക്കുന്നത്. ബൂഗി ബോർഡ്, കയാക്കിങ്, ക്വാഡ് ബൈക്ക്, ബനാന റൈഡ്, സ്പീഡ് ബോട്ടുകൾ, കാറ്റാമറൻ ബോട്ടുകൾ, ലേ ലോ റൈഡ്, ബമ്പർ റൈഡ്, ജെറ്റ് സ്‌കി, സ്ക്യൂബ ഡൈവിങ്, വിൻഡ് സർഫിങ് എന്നിവ ഉല്ലാസത്തിനും പരിശീലനത്തിനുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
മലയോര മേഖലയുടെ ഭംഗി കാണാനാഗ്രഹിക്കുന്നവർക്ക് അത്തരത്തിലുള്ള സൗകര്യങ്ങളും ഡി.ടി.പി.സി ഒരുക്കിയിട്ടുണ്ട്. ഏഴാറ്റുമുഖത്തെ വശ്യമനോഹാരിതയും പാർക്കും ഉല്ലാസ സൗകര്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഭൂതത്താൻകെട്ടിൽ ഡാം കാഴ്ചകൾക്ക് പുറമെ പാർക്ക്, ബോട്ടിംഗ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് ചെലവഴിക്കാൻ അനുയോജ്യമായ ഇടമാണ് മലയാറ്റൂർ മണപ്പാട്ട് ചിറ. അല്പം സാഹസികത ആഗ്രഹിക്കുന്നവർക്ക് കൂരുമല വ്യൂ പോയിന്റിൽ എത്തി കാഴ്ചകൾ ആസ്വദിക്കാനാകും.
ഡി.ടി.പി.സിക്ക് പുറമെ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നടത്തുന്ന സാഗർ റാണി, നേഫേർട്ടിറ്റി ക്രൂയ്‌സ് ബോട്ടുകൾ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പുരാവസ്തുവകുപ്പിന് കീഴിൽ വരുന്ന വിവിധ സ്മാരകങ്ങൾ വിദ്യാർത്ഥികൾക്ക് ആനന്ദത്തോടൊപ്പം അറിവും സമ്മാനിക്കുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.