കാഞ്ഞങ്ങാട്: പരിസ്ഥിതി സൗഹൃദപരമായ വിനോദ സഞ്ചാരത്തിൽ മാറ്റേകുകയാണ് ജില്ലയുടെ കായൽ ടൂറിസം. സഞ്ചാരികളെ വരവേറ്റ് ഓടുപാകി മനോഹരമാക്കിയ മേൽക്കൂരയിൽ തലയെടുപ്പോടെ നിൽക്കുന്ന ഹൗസ് ബോട്ട് ടെർമിനൽ. കായൽ ടൂറിസത്തിന്റെ ആസ്വദന മധുരം നുകരാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെർമിനൽ.
ഉത്തര കേരളത്തിൽ നീലേശ്വരം കോട്ടപ്പുറമാണ് കായൽ ടൂറിസത്തിന്റെ ഈറ്റില്ലം. ബോട്ട് ടെർമിനൽകൂടി വന്നതോടെ കായൽ ടൂറിസം രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് ജില്ല. കോട്ടപ്പുറം ബോർട്ട് ടെർമിനലിൽനിന്നും ആരംഭിക്കുന്ന കായൽ സൗന്ദര്യ ആസ്വാദന യാത്ര കവ്വായിവരെ നീളുന്നു. കണ്ടൽക്കാടിനെ അറിഞ്ഞുള്ള യാത്ര ഓരോ യാത്രികനും സമ്മാനിക്കുന്നത് നവ്യാനുഭവമാണ്. കടലിൽനിന്നും കായലിലേക്ക് വേർതിരിക്കപ്പെട്ട വലിയപറമ്പ ദ്വീപ് പ്രകൃതി സൗന്ദര്യത്താൽ പ്രശസ്തമാണ്.
കായല്‍ത്തീരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ബോട്ട് സർവിസുകള്‍ ഇഷ്ടംപോലെ. എടയിലക്കാടും അയിറ്റിയും സമ്മാനിക്കുന്നത് പ്രകൃതി ആസ്വാദനത്തിന്റെ പുത്തൻ തലങ്ങൾ. ദേശാടന പക്ഷികൾ ഉൾപ്പെടെ വൈവിധ്യമാർന്ന പക്ഷികളുടെ പ്രധാന കേന്ദ്രം. ജലസവാരിക്കു പുറമെ കായൽമത്സ്യങ്ങളുടെ രുചിക്കൂട്ടിലൊരുക്കുന്ന ഭക്ഷണ വിഭവങ്ങളും മറക്കാത്ത അനുഭൂതി പകരും.
മികച്ച വിശ്രമാനുഭവം കൂടിയാണ് സാവധാനത്തിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിലെ യാത്ര നൽകുന്നത്. പഴയകാലത്തെ കെട്ടുവള്ളങ്ങളുടെ പുനർനിർമിച്ച പതിപ്പാണ് ഇന്നത്തെ ഹൗസ്ബോട്ടുകൾ. ശാന്തമായ കായലുകൾ എന്നതാണ് ഇവിടത്തെ പ്രത്യേകത. തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയിലെ കായലുകളിൽ മാലിന്യങ്ങൾ കുറവാണ്. കായൽ ടൂറിസം അനുദിനം വളർന്നുവരുമ്പോൾ ഉത്തര മലബാറിലെ വിനോദ സഞ്ചാര മേഖലക്ക് വലിയ മുതൽക്കൂട്ടാണ് ജില്ലയിലെ കായൽ ടൂറിസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.