കോവിഡ് കാലത്ത് ഏറ്റവുമധികം മാറ്റങ്ങൾ സംഭവിച്ചത് ആളുകളുടെ യാത്രാശൈലിയിലാണ്. അതിൽ തന്നെ വാൻലൈഫ് യാത്രകൾക്ക് ഏറെ പ്രാധാന്യമാണ് ലഭിച്ചത്. പലരും സ്വന്തം വാഹനത്തെ വീടാക്കി മാറ്റി യാത്രകൾ തുടരുകയാണ്. അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വാൻലൈഫ് യാത്രികർക്ക് മുന്നിൽ നിരവധി നൂലാമാലകളാണുള്ളത്. പ്രത്യേകിച്ച് വാഹനങ്ങളുടെ അകം രൂപാന്തരം വരുത്തുന്നതിൽ പോലും കടമ്പകൾ അനവധിയാണ്.
എന്നാൽ, ഇത്തരം യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. കാരവൻ ടൂറിസം, സാഹസിക ടൂറിസം എന്നിവയുൾപ്പെടെ കൂടുതൽ സംരംഭങ്ങളുമായി മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെൻറ് കോർപ്പറേഷൻ സംസ്ഥാനത്ത് വിനോദസഞ്ചാര പ്രവർത്തനങ്ങളെ കൈപിടിച്ച് ഉയർത്തുകയാണ്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ നയങ്ങൾ സംസ്ഥാന സർക്കാർ ഉടൻതന്നെ കൊണ്ടുവരും. സംസ്ഥാനത്ത് ടൂറിസം തിരിച്ചുവരവിെൻറ പാതയിലാണ്. കഴിഞ്ഞമാസം ഹോട്ടൽ ബുക്കിങ്ങുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. കൂടാെത ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി മഹാരാഷ്ട്രയിലെ നിരവധി റിസോർട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നും എം.ടി.ഡി.സി അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, വലിയ നഗരങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്നതിന് പകരം യാത്രക്കാർ ചെറുതും ഓഫ്‌ബീറ്റ് സ്ഥലങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. പൊതുഗതാഗതത്തേക്കാൾ സുരക്ഷിതമായതിനാൽ വാൻലൈഫിലും റോഡ് ട്രിപ്പുകളിലും താൽപ്പര്യം വർധിച്ചിട്ടുണ്ട്.
കാരവൻ, അഡ്വഞ്ചർ ടൂറിസം എന്നിവയിലെ പുതിയ നയങ്ങൾ അത്തരം വിനോദ സഞ്ചാരികളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷിതമായ പാർക്കിംഗ് സ്ഥലങ്ങളടക്കം നൽകാനുള്ള ശ്രമങ്ങളും ഇതിൽ ഉൾപ്പെടും. വനംവകുപ്പിന് കീഴിലെ സ്ഥലങ്ങളും പാർക്കിങ്ങിന് അനുവദിക്കുമെന്നാണ് വിവരം.
ഇതോടൊപ്പം ഹൈക്കിംഗ്, സൈക്ലിംഗ്, ട്രെക്കിംഗ് എന്നിവയും പുതിയ സാഹസിക ടൂറിസം നയങ്ങളുടെ ഭാഗമാകും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും സർക്കാർ പുതിയ നയങ്ങൾ കൊണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.