വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ മ​ല​ങ്ക​ര ടൂ​റി​സം പ്ര​ദേ​ശ​ത്ത് നി​ർ​മി​ച്ച ​െജ​ട്ടി

വികസനത്തിന്‍റെ മറുകര തേടി മലങ്കര

വർഷങ്ങൾക്ക് മുമ്പ് സഞ്ചാരികൾക്കായി തുറന്ന് നൽകിയ മലങ്കര ടൂറിസം പദ്ധതി ഇപ്പോഴും പരാധീനതകൾക്ക് നടുവിലാണ്. കുടിക്കാൻ വെള്ളമോ വിശ്രമിക്കാൻ ആവശ്യത്തിന് ഇരിപ്പിടങ്ങളൊ തണൽ മരങ്ങളോ ഇവിടെ ഇല്ല. 2.50 കോടിയിലധികം മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ദാഹം തീർക്കണമെങ്കിൽ പാർക്കിൽനിന്ന് പുറത്തിറങ്ങി 500 മീറ്റർ സഞ്ചരിക്കണം.

മാസംതോറും ലക്ഷക്കണക്കിന് രൂപ വരുമാനമുണ്ടെങ്കിലും ഇത് അടിസ്ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുന്നില്ല. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്‍റെയും (എം.വി.ഐ.പി) ടൂറിസം വകുപ്പിന്‍റെയും മേൽനോട്ടത്തിലാണ് മലങ്കര ടൂറിസം പദ്ധതി.

ഇനിയും എത്ര ജീവനുകൾ?

ജില്ലയിൽ ലോ റേഞ്ചിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ് മലങ്കരയും സമീപത്തെ കാഞ്ഞാർ വാട്ടർ തീം പാർക്കും. രണ്ടും മലങ്കര ജലാശയത്തിന്‍റെ തീരത്താണ്. സുരക്ഷിതമായി ജലാശയത്തിൽ ഇറങ്ങാനുള്ള സൗകര്യം ഒരുക്കാത്തതിനാൽ ചുരുങ്ങിയ കാലയളവിൽ നിരവധി ജീവൻ ഇവിടെ പൊലിഞ്ഞു. മുന്നറിയിപ്പ് ബോഡുകളും സുരക്ഷ ഉദ്യോഗസ്ഥരും ഇല്ലാത്തതാണ് പ്രധാന കാരണം. ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ നീന്തൽ അറിയാവുന്നവരും അപകടത്തിൽപെടുന്നുണ്ട്.

കാഞ്ഞാറിലെ വാട്ടർഷെഡ് തീം പാർക്കിന് സമീപം വിശ്രമിച്ച ശേഷം പരന്ന് കിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് പലപ്പോഴും അപകടം. കാഴ്ചയിൽ ആഴവും ഒഴുക്കും തോന്നില്ല. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. 2022 സെപ്റ്റംബർ 17ന് കാഞ്ഞാർ പാലത്തിന് സമീപം ചങ്ങനാശ്ശേരി അറയ്ക്കൽ അമൻ ഷാബു (23), കോട്ടയം താഴത്തങ്ങാടി ജാസ്മിൻ മൻസിൽ ഫിർദോസ് (20) എന്നിവർ മുങ്ങി മരിച്ചതാണ് ഒടുവിലെ സംഭവം.

മുമ്പ് ഇടുക്കി കാണാനെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിൻസ് മുങ്ങി മരിച്ചതും ഇതിന് സമീപമാണ്. നാലുവർഷം മുമ്പ് എഫ്.എ.സി.ടി ജീവനക്കാരൻ ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. കാഞ്ഞാറിലെ ഇതേ കടവിന് സമീപമാണ് 2020 സെപ്റ്റംബറിൽ ജലനിധി ജോലിക്കായി എത്തിയ ചീനിക്കുഴി ബൗണ്ടറിക്ക് സമീപം കട്ടയ്ക്കൽ ജോണിന്റെ മകൻ മോബിൻ (19) മുങ്ങി മരിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ഡാമിന് സമീപം മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർഥി അശ്വിൻ മുങ്ങി മരിച്ചിരുന്നു. 2020 ഡിസംബറിൽ മലങ്ക ടൂറിസം പ്രദേശത്ത് നടൻ അനിൽ നെടുമങ്ങാടും മുങ്ങി മരിച്ചു. ഇത്രയേറെ മരണങ്ങൾ സംഭവിച്ചിട്ടും മുന്നൊരുക്കങ്ങളും പ്രതിരോധ മാർഗങ്ങളും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല.

ഇലവീഴാപ്പൂഞ്ചിറയിലേക്ക് ടാർ വീഴാ റോഡ്

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയെ സംരക്ഷിക്കാനും നടപടിയില്ല. ഗതാഗതയോഗ്യമായ റോഡ് ഒരുക്കിയാൽ മാത്രം ആയിരക്കണക്കിന് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം. റോഡ് തകർന്നിട്ടും ഓഫ് റോഡ് സവാരി നടത്തി നൂറുകണക്കിന് സഞ്ചാരികൾ പൂഞ്ചിറ കണ്ട് മടങ്ങുന്നുണ്ട്.

10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ റോ​ഡ്

ഇലവീഴാപ്പൂഞ്ചിറക്കുള്ള റോഡിൽ 1.5 കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാനുള്ളത്. 11 കിലോമീറ്ററുള്ള കാഞ്ഞാർ -കൂവപ്പള്ളി -ചക്കിക്കാവ് - ഇലവീഴാപ്പൂഞ്ചിറ -മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റർ ഏറെക്കാലമായി തകർന്ന് കിടക്കുകയായിരുന്നു. മാണി സി. കാപ്പൻ എം.എൽ.എ ഇടപെട്ട് കോട്ടയം ജില്ല അതിർത്തിയിൽ വരുന്ന റോഡ് ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ചു.

ഇടുക്കി ജില്ലയുടെ ഭാഗമായ ഒന്നര കിലോമീറ്ററാണ് ശേഷിക്കുന്നത്. ഇടുക്കിയിലെത്തുന്നവരും കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിലെത്തി ഇലവീഴാപ്പൂഞ്ചിറക്ക് പോകണ്ട ഗതികേടിലാണ്. ഒന്നര കിലോമീറ്റർ പൂർത്തിയാക്കിയാൽ വാഗമൺ യാത്രക്കാർക്ക് നാല് കിലോമീറ്റർ യാത്രചെയ്താൽ ഇലവീഴാപ്പൂഞ്ചിറയിലെത്താം. ഇതോടെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുള്ളവർക്ക് 10 കിലോമീറ്ററിലേറെ ലാഭിക്കാം.

സമുദ്ര നിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറ. ഇവിടെനിന്ന് നോക്കിയാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ കാണാം. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാത്തതാണ് പേരിന് കാരണമായി പറയുന്നത്. താഴ്‌വരയിലെ തടാകത്തില്‍ ഇലകള്‍ വീഴാറില്ല. എല്ലാ കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന അന്തരീക്ഷം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപ്പൂഞ്ചിറ സമ്മാനിക്കുന്നത്.

(തുടരും)

Tags:    
News Summary - Malankara looking for the other side of development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.