പത്തനാപുരം: നയനമനോഹര കാഴ്ചകളുമായി പട്ടാഴി ദേശത്ത് തല ഉയര്‍ത്തി നില്ക്കുന്ന പാറക്കൂട്ടങ്ങൾ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. കിഴക്കന്‍ മേഖലയുടെ വിസ്മയക്കാഴ്ചകളുടെ വിദൂരദൃശ്യമാണ് പട്ടാഴിയുടെ പാറക്കൂട്ടങ്ങള്‍ നല്‍കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവരും കുടുംബസമേതം ഉല്ലസിക്കാനെത്തുന്നവരും ഒരുപോലെ ആകർഷിക്കുന്ന സ്ഥലം.
പട്ടാഴി ഗ്രാമപഞ്ചായത്തിലെ പുലിച്ചാണി പാറ, ഉളക്കപ്പാറമല, കുളപ്പാറ മല, കാട്ടാമല പാറ, പുലിക്കുന്നുമല, മൊട്ടപ്പാറ എന്നിങ്ങനെ അടുത്തടുത്തുള്ള മലകളിലായി കിടക്കുന്ന പാറക്കൂട്ടങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം സാധ്യതകൾ ഏറെയാണ്.
പാറകളുടെ ആകൃതിയും വലുപ്പവുമനുസരിച്ചാണ് ഓരോന്നിനും പേരുകള്‍ നല്‍കിയിരിക്കുന്നത്. പാറകളുടെ മുകളില്‍ കടുത്ത വേനലിൽ പോലും വറ്റാത്ത കുളങ്ങള്‍ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് നാട്ടുകാരുടെ നീരുറവയാണ്. മിക്ക പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയും നുരഞ്ഞ് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും സഞ്ചാരികളുടെ മനം നിറക്കും.
ഇതിനു പുറമെ, പാറകളില്‍ അധിവസിക്കുന്ന കുരങ്ങുകൾ, മയിലുകള്‍ എന്നിവയെ അടുത്ത് കാണാനുള്ള അവസരം കൂടിയുണ്ട്. പാറകള്‍ക്ക് മുകളില്‍ കൂട്ടത്തോടെ എത്തുന്ന മയിലുകൾ പീലി വിടർത്തിയാടുന്നത് സ്ഥിരംകാഴ്ചയാണ്. ഉളക്കപാറമലയുടെ മുകളില്‍ ഒരു ഗ്രാമഭംഗിയാണ് പ്രകൃതി പുനഃസൃഷ്ടിച്ചിരിക്കുന്നത്.
കൊച്ചുകൊച്ചു പാറകൾ ചേർന്നൊരു ഗ്രാമംപോലെ തോന്നിക്കും. പട്ടാഴിയുടെ ഐതിഹ്യവുമായി ഇഴപിണഞ്ഞ് കിടക്കുന്നതിനാല്‍ പല പാറകളും വിശ്വാസവും ഐതിഹ്യവും നിറഞ്ഞ് നില്ക്കുന്നു. പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് ചുറ്റും കൽവിളക്കുകൾ സ്ഥാപിച്ച് പ്രദേശവാസികൾ ആരാധന നടത്തുന്നുണ്ട്. വര്‍ഷങ്ങൾ മുമ്പുവരെ പുലികളുടെ വിഹാരകേന്ദ്രമായിരുന്നത്രെ പുലിക്കുന്നുപാറ.
മലയുടെ അങ്ങിങ്ങ് കാണുന്ന ഒട്ടേറെ ഗുഹകള്‍ക്ക് സമാനമായ ഭാഗങ്ങള്‍ ഇതിനു തെളിവാണ്. വശങ്ങള് ഉയരത്തില്‍ നിൽക്കുന്ന പാറയുടെ മുകളിലേക്ക് റോപ് വേ സ്ഥാപിക്കാനും സാധ്യതയുണ്ട്. വിദൂരക്കാഴ്ച ആസ്വദിക്കാനിഷ്ടപ്പെടുന്നവർക്ക് ഏറെ ഹൃദ്യമാണ് പാറക്കൂട്ടങ്ങള്‍. പത്തനാപുരം, അടൂർ താലൂക്കുകളുടെ ഒട്ടുമിക്ക പ്രദേശങ്ങളും പാറകളുടെ മുകളില്‍നിന്നാല്‍ വിദൂരതയിൽ കാണാമെന്നതും പ്രത്യേകത.
അച്ചൻകോവിൽ, പട്ടാഴി തീർഥാടന ടൂറിസത്തിന്റെ ഭാഗമായി ടൂറിസം പദ്ധതിയിൽപെടുത്തി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. റോക്ക് ടൂറിസം സാധ്യതകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയിലെത്തിക്കാന്‍ പ്രമോഷന് കൗണ്‍സില്‍ നാട്ടുകാര്‍ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.