അരൂക്കുറ്റി: രാജഭരണകാലത്ത് അരൂക്കുറ്റി കൊച്ചി രാജ്യത്തിെൻറ ഭാഗമായിരുന്നു. ചരിത്രാവശിഷ്ടങ്ങൾ നശിക്കുമ്പോഴും അക്കാലത്തെ ഓർമകൾ നിലനിർത്തി വേമ്പനാട്ട് കായലിൽ നൂറ്റാണ്ടുകൾക്കുമുമ്പ് രൂപംകൊണ്ട മാടുകൾ എന്നറിയപ്പെടുന്ന തുരുത്തുകൾ ഇന്നുമുണ്ട്.
1750ൽ മാർത്താണ്ഡവർമ രാജാവിെൻറ ദളവയായിരുന്ന രാമയ്യൻ ദളവയാണ് ഇന്നത്തെ അരൂക്കുറ്റി ഉൾക്കൊള്ളുന്ന ഭാഗം തിരുവിതാംകൂറിെൻറ ഭാഗമാക്കിയത്. തന്ത്രപ്രധാനമായ കൊച്ചിയുടെയും തിരുവിതാംകൂറിെൻറയും അതിർത്തി സ്ഥലമായി ഇവിടെ അതിരുകുറ്റി നാട്ടി.
അതിരുകുറ്റി ലോപിച്ചാണ് അരൂക്കുറ്റിയായത്. തിരുവിതാംകൂറിൽനിന്ന് പോകുന്നതും വരുന്നതുമായ ചരക്കുകൾ പരിശോധിക്കാനും ചുങ്കം ഈടാക്കാനും ചൗക്ക സ്ഥാപിക്കപ്പെട്ടതോടെ അരൂക്കുറ്റിയുടെ പ്രതാപം ഉയരുകയായിരുന്നു. സർക്കാർ ജീവനക്കാരും കച്ചവടസ്ഥാപനങ്ങളാലും അരൂക്കുറ്റി തിരക്കേറിയ വാണിജ്യ പട്ടണമാകുകയായിരുന്നു. രാജാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വരുമ്പോൾ താമസിക്കാൻ എട്ട് കോട്ടയോടെയുള്ള കൊട്ടാരവും ഇവിടെ സ്ഥാപിച്ചിരുന്നു.
അതെല്ലാം ഓരോന്നായി നശിക്കുകയാണ്. എക്സൈസ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, ഖജനാവ് മുതലായവയും ജലയാനങ്ങൾ, യാത്രക്കാർ, ചരക്ക് കൈമാറ്റങ്ങൾ എല്ലാംകൂടി അരൂക്കുറ്റിയെ പ്രതാപത്തിൽ എത്തിച്ചു. ചുങ്കം പിരിക്കാൻ ജലയാനങ്ങൾ അടുപ്പിക്കാനും ചരക്ക് വഞ്ചികൾ കെട്ടുന്നതിനുമായി കായൽ തുരന്ന മണ്ണിട്ട് നികത്തിയതാണ് മാട്ട (തുരുത്ത്) എന്നറിയപ്പെട്ട ചെറുദ്വീപുകൾ. മൂന്നു മാട്ടകളാണ് ഇങ്ങനെ രൂപപ്പെട്ടത്.
1950 മുതലാണ് ജനവാസം തുടങ്ങിയത്. അന്ന് രണ്ട് കുടുംബങ്ങളാണ് ചേക്കേറിയത്. രണ്ടുവർഷംകൂടി കഴിഞ്ഞപ്പോൾ ഭൂമിയില്ലാത്ത പലരും ഇവിടേക്കെത്താൻ തുടങ്ങി. 1956ൽ അന്നത്തെ സർക്കാർ ഭൂനയബിൽ (കുടികിടപ്പ് ബിൽ) പാസാക്കിയതോടെ കൂടുതൽ കുടുംബങ്ങൾ എത്തി. 20 വർഷംമുമ്പ് വൈദ്യുതിയും 10 വർഷം മുമ്പ് കുടിവെള്ളവും ലഭ്യമായതോടെ സൗകര്യങ്ങൾ വർധിച്ചു. അതിനുമുമ്പ് വരെ വീട്ടിലെ സ്ത്രീകൾ വഞ്ചിയിലാണ് കുടിവെള്ളം കൊണ്ടുവന്നിരുന്നത്.
സ്വകാര്യവ്യക്തികൾ മാട്ടയിൽ പിടിമുറുക്കിയതോടെ ഇവിടുത്തെ സ്ഥലങ്ങൾ അവരുടെ കൈവശമായി. കിഴക്കേ മാട്ട പൂർണമായും സ്വകാര്യവ്യക്തിയുടേതായി. നടുവിലെ മാട്ടയിലും ഭൂരിഭാഗവും സ്വകാര്യവ്യക്തികളുടെ അധീനതയിലാണ്. പേക്ഷ, ഏതാനും കുടുംബങ്ങൾ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. തീരദേശ നിയമം പാസായതോടെ സ്വകാര്യവ്യക്തികളുടെ താൽപര്യവും കുറഞ്ഞു.
സഞ്ചാരികളെ ആകർഷിക്കണം-കെ.കെ. പ്രഭാകരൻ, ചിറ്റേഴത്ത് (അരൂക്കുറ്റി പഞ്ചായത്ത് മുൻ പ്രസിഡൻറ്)
കായലോര ടൂറിസം സജീവമായിട്ടും ഏറെ സാധ്യതകളുള്ള ഈ ദ്വീപുകൾക്ക് വികാസം പ്രാപിക്കാറായിട്ടില്ല. സാധ്യതകൾ മനസ്സിലാക്കിയ റിയൽ എസ്റ്റേറ്റുകാർ പ്രകൃതിരമണീയമായ ചെറുദ്വീപുകൾക്ക് വിലയിട്ടപ്പോൾ 47 കുടുംബങ്ങളിൽ 41ഉം കരയിലേക്കൊഴിയുകയായിരുന്നു. ബോട്ടുജെട്ടി വികസിപ്പിച്ച് തീരദേശ വിശ്രമ കേന്ദ്രമാക്കുന്നതിൽ ലക്ഷങ്ങൾ ചെലവാക്കിയിട്ടും പ്രയോജനമില്ല. കൊച്ചിയുമായി അടുത്ത് കിടക്കുന്നതിനാൽ സഞ്ചാരകേന്ദ്രവും വഞ്ചിവീടുകളും ആരംഭിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കണം. ദ്വീപുകളും കരയും തമ്മിൽ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ നടപ്പാതകൾ നിർമിക്കണം. സ്പീഡ് ബോട്ട് മത്സരം, വള്ളംകളി മത്സരം, നീന്തൽ മത്സരം എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തണം.
തീരദേശ നിയമം പൊളിച്ചെഴുതണം-ആഗി ജോസ് കുരിശിങ്കൽ (അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറ്)
നിലവിലെ തീരദേശ നിയമം അരൂക്കുറ്റി മേഖലയുടെ വികസനസാധ്യതകളെ ഇല്ലാതാക്കി. വർഷങ്ങൾക്കപ്പുറം മാടുകൾ കല്ലുകെട്ടി സംരക്ഷിച്ചതും കുടിവെള്ളം എത്തിച്ചതും ഇലക്ട്രിസിറ്റി ലൈനുകളും നൽകി ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത് ഇച്ഛാശക്തിയുള്ള സർക്കാറായിരുന്നു. വികസനസാധ്യതകളെ തകിടം മറിച്ച് തീരദേശ ദൂരപരിധിയിൽ അടയിരിക്കുന്ന സർക്കാറുകളുടെ നിലപാടുകളിൽ മാറ്റം വരണം. നാടിെൻറ ആവശ്യം പരിഗണിച്ച് ദൂരപരിധി 20 മീറ്ററായി ചുരുക്കണമെന്ന പ്രമേയം ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ചിട്ടും നടപടികൾ ഇഴയുകയാണ്. വേഗ ബോട്ട് എത്തുന്നതോടെ അരൂക്കുറ്റിക്ക് പ്രതാപം വീെണ്ടടുക്കാനാവും.
മാട്ടേൽ നിവാസികളെ കൈവിടരുത്- വിദ്യാ രഞ്ജിത്ത് , വാർഡ് മെംബർ
വേഗ ബോട്ട് അടുപ്പിക്കാൻ കായലിൽ ഡ്രഡ്ജിങ് ആരംഭിച്ചപ്പോൾതന്നെ ദ്വീപ് വാസികളുടെ കുടിവെള്ളമാണ് മൂന്നുമാസത്തോളം മുട്ടിയത്. കുടിവെള്ള പൈപ്പ് പൊട്ടിയതാണ് കാരണം. സ്വകാര്യ വ്യക്തി 60,000 രൂപ ചെലവിട്ടാണ് അത് പുനഃക്രമീകരിച്ചത്. വേഗ ബോട്ട് ഓടുന്നതോടെ കൽക്കെട്ടുകൾ തകർന്ന് ശക്തമായ ഓളം വീടുകളിലേക്ക് അടിക്കും. ഇവരുടെ സുരക്ഷക്ക് കരിങ്കൽ ഭിത്തി കെട്ടുകയും അവരെ പുനരധിവസിപ്പിക്കുകയും വേണം.
ദ്വീപ് നിവാസികളെ സംരക്ഷിക്കണം-സരിഗ സത്യൻ, മാട്ടേൽ നിവാസി
വികസനത്തിന് ദ്വീപ് നിവാസികൾ ഒരിക്കലും എതിരല്ല. ദ്വീപിനെയും ദ്വീപ് നിവാസികെളയും സംരക്ഷിക്കുന്ന വികസനമാണ് വേണ്ടത്. അരൂക്കുറ്റിയിലേക്ക് നിലവിലുള്ള ബോട്ട് ചാല് ഒഴിവാക്കി ചെറിയ സമയലാഭത്തിനാണ് മാട്ടേൽ തുരുത്തുകളുടെ നടുവിലൂടെ പുതിയ ചാല് നിർമിക്കാൻ തുനിയുന്നത്. ഡ്രഡ്ജിങ് പ്രവർത്തനങ്ങൾ ചെറുദ്വീപുകളുടെയും മത്സ്യത്തൊഴിലാളികളായ ദ്വീപ് നിവാസികളുടെയും നിലനിൽപിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല ദ്വീപിലുള്ള മണ്ണും നഷ്ടമാകും. മൂന്നുമാസം കുടിവെള്ളത്തിന് കഷ്ടപ്പെട്ട ദ്വീപ് നിവാസികളുടെ സമരം ഫലം കാണാതെ വന്നപ്പോൾ ഇവർ പിരിച്ചെടുത്ത 60,000 രൂപ വാട്ടർ അതോറിറ്റിയിൽ കെട്ടിവെച്ചശേഷമാണ് താൽക്കാലികമായി അറ്റകുറ്റപ്പണിപോലും നടന്നത്. പിറന്ന മണ്ണിനെ സംരക്ഷിക്കാനും ജീവിക്കാനുമായാണ് മാട്ടേൽ ദ്വീപ് നിവാസികൾ ന്യായമായ പേരാട്ടം നടത്തുന്നത്.
സർക്കാർ ഇടപെടൽ വേണം-സി.കെ. ഇല്യാസ് , ചെറുതുരുത്തി, അരൂക്കുറ്റി
മത്സ്യത്തൊഴിലാളികളായ ആറോളം കുടുംബങ്ങളാണ് നിലവിൽ താമസിക്കുന്നത്. അവരും കൂടി മാറിയാൽ അതൊരു ജനവാസമില്ലാത്ത ദ്വീപാകും. കരഭൂമിയിൽ വീടും സ്ഥലവും വാങ്ങാൻ പര്യാപ്തമായ തുക നിലവിലെ സ്ഥലം വിറ്റാൽ ലഭിക്കാത്തതിനാലാണ് അവർ ദ്വീപ് വിടാത്തത്. മൂന്ന് ദ്വീപിനും 20 വർഷം മുമ്പ് കെട്ടിയ കൽക്കെട്ടാണുള്ളത്. ടൂറിസം മേഖലയിലെ വികസന സാധ്യതകൾ സർക്കാർ ഏറ്റെടുത്ത് നടത്തണം. നിലവിലെ കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മാറ്റണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണ്.
വീണ്ടും ചർച്ചയായി തുരുത്ത്
വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവിസായ വേഗ ബോട്ട് അരൂക്കുറ്റിയിൽ അടുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളാണ് മാട്ടേൽ ദ്വീപ് വീണ്ടും ചർച്ചയായത്. വർഷങ്ങൾക്കുമുമ്പ് ബോട്ട് സർവിസ് ഉണ്ടായിരുന്നപ്പോൾ ഉണ്ടായ ചാല് മാറ്റി, വേഗ ബോട്ടിനായി സമയലാഭത്തിനും സൗകര്യത്തിനുമായി വേറെ ചാലുകീറാൻ തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ചാല് കീറുമ്പോഴുണ്ടാകുന്ന മണ്ണ് സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്. മണ്ണ് മാട്ടേലുകാർക്ക് അവകാശപ്പെട്ടതാണെന്ന് അവർ വാദിക്കുമ്പോൾ അങ്ങനെ നൽകാൻ വകുപ്പില്ലായെന്നാണ് ജില്ല അധികാരികളുടെ ഭാഷ്യം. ഈ തർക്കമിപ്പോൾ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. ടൂറിസം മേഖലകൾക്ക് ഉണർവ് പകർന്ന് പ്രകൃതിരമണീയമായ ഈ ദ്വീപുകൾ കൊച്ചിയോട് ചേർന്നാണ് കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.