കാരാട്: വീട്ടിൽ നിന്നിറങ്ങുമ്പോൾ കിലോമീറ്ററുകൾ നീളുന്ന യാത്ര മനസ്സിലുറപ്പിച്ചിരുന്നില്ല സഹീറും ഫാദിയും. ഒറ്റ ദിവസം കൊണ്ട് തിരിച്ചെത്തുമെന്ന് തീരുമാനിച്ച് ആരംഭിച്ച സൈക്കിൾ യാത്ര അവസാനിപ്പിച്ചത്, 16 ദിവസം കൊണ്ട് ആയിരത്തിലധികം കിലോമീറ്റർ പൂർത്തിയാക്കിയ ശേഷം. ഫാറൂഖ് കോളജ് കെട്ടിൽ ഹൗസ് കാക്കി വീട്ടിൽ മുഹമ്മദ് സഹീറും സുഹൃത്ത് തിരുത്തിയാട് വടക്കേ ചാനത്ത് ഫാദി ജിയാദുമാണ് രക്തദാന സന്ദേശവുമായി സൈക്കിളിൽ കോഴിക്കോട് മുതൽ കന്യാകുമാരി വരെ സഞ്ചരിച്ചത്.
ഒന്നര വർഷം മുമ്പ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതോടെയാണ് രക്ത ദാന പ്രവർത്തനങ്ങളുമായി സഹീർ ബന്ധം പുലർത്തിത്തുടങ്ങിയത്. തനിക്കാവശ്യം വന്ന നാല് യൂനിറ്റ് രക്തം സംഘടിപ്പിക്കാൻ സുഹൃത്തുക്കൾ നടത്തിയ ശ്രമമാണ് സഹീറിന് രക്തദാന പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. എട്ട് മാസത്തോളം വീട്ടിൽ വിശ്രമത്തിലിരിക്കേ തന്നെ രക്ത ദാന പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ചികിത്സ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ സ്വയം രക്ത ദാനത്തിനും സന്നദ്ധനായി.
ആഗസ്റ്റ് 16നാണ് തീരദേശത്തിലൂടെ തിരൂർ വരെ സുഹൃത്ത് ഫാദി ജിയാദുമൊത്ത് ഒരു യാത്ര തീരുമാനിച്ചത്. തിരൂരിലെത്തിയപ്പോൾ കുറച്ച് കൂടി നീട്ടി തൃശൂരിലവസാനിപ്പിക്കാമെന്നായി. പിന്നീട് ഓരോ ലക്ഷ്യങ്ങളിൽ നിന്നുമത് ദീർഘിച്ച് അവസാനം കന്യാകുമാരിയിലവസാനിപ്പിച്ചാണ് മടങ്ങിയത്.
വലിയ സുഹൃദ് വലയമുണ്ടായിരുന്നതിനാൽ ഭക്ഷണത്തിനും മുട്ടുണ്ടായില്ല. മുമ്പിൽ സ്ഥാപിച്ച ബോർഡ് കണ്ട് അടുത്തെത്തുന്നവരോടെല്ലാം ഇരുവരും രക്ത ദാനത്തെ കുറിച്ച് വാചാലരായി. യാത്രക്ക് മുമ്പു തന്നെ എഫ്.എൻ.സി.ടിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് സഹീർ വീണ്ടും തിരുവമ്പാടിയിലെ കോവിഡ് സെന്ററിൽ സന്നദ്ധ പ്രവർത്തനത്തിലാണ്. പൂർത്തിയാക്കിയിട്ടില്ലാത്ത യാത്രയുടെ അടുത്ത ഘട്ടം മംഗലാപുരത്തേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.