ആലപ്പുഴ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം തുറന്ന ആലപ്പുഴ ലൈറ്റ്ഹൗസ് കാണാൻ സഞ്ചാരികളുടെ വൻതിരക്ക്. രാവിലെ മുതൽ സഞ്ചാരികൾ വിവിധയിടങ്ങളിൽനിന്ന് ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൂടുതലായും എത്തിയത്. വൃത്താകൃതിയിൽ ചുവപ്പും വെള്ളയും കലർന്നനിറങ്ങളിൽ തിളങ്ങിനിൽക്കുന്ന ആലപ്പുഴയുടെ പൈതൃകസ്മാരകമായ വിളക്കുമാടത്തിൽ കയറിയാൽ ആലപ്പുഴ ബീച്ചും ബൈപാസും പട്ടണത്തിലെ കായലും നഗരത്തിലെ കെട്ടിടസമുച്ചയങ്ങളുമെല്ലാം ദൃശ്യമാകും.
കുത്തനെയുള്ള കോണിപ്പടികൾ കയറിയാണ് മുകളിലെത്തുന്നത്. പ്രായമായവരെ ഇത് ഏറെ വലച്ചു. ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്. അതിനാൽ ഒരാൾ കയറുകയും മറ്റൊരാൾ ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ് സഞ്ചാരം. ഇതിനൊപ്പം സജ്ജമാക്കിയ മ്യൂസിയത്തിലെ കാഴ്ചകളും ഹൃദ്യമാണ്. യുവാക്കൾ മുകളിലെത്തി സെൽഫിയെടുത്താണ് മടങ്ങിയത്.
രാവിലെ ഒമ്പതു മുതൽ 11.45വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 5.30വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 10 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് നിരക്ക്. മുകളിലെത്തി ഫോട്ടോയെടുക്കുന്നതിന് പ്രത്യേകനിരക്കും നൽകണം.
1960 ആഗസ്റ്റ് നാലിനാണ് നിലവിലെ സ്തംഭം ഉപയോഗത്തിൽവന്നത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിളക്കുമാടമായ ലൈറ്റ് ഹൗസ് 1862 ലാണ് സ്ഥാപിച്ചത്. അന്ന് വെളിച്ചെണ്ണ ഉപയോഗിച്ച് തെളിക്കുന്ന ദീപമായിരുന്നു. 1952 മുതൽ ഗ്യാസ് ഉപയോഗിച്ച് ഫ്ലാഷ് ചെയ്യുന്ന തരത്തിലുള്ള ദീപം നിലവിൽ വന്നു. 1960ൽ വൈദ്യുതി ലഭ്യമായതോടെ മെസേഴ്സ് ബി.ബി.ടി പാരിസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1998 ഏപ്രിൽ എട്ടിന് ഡയറക്ട് ഡ്രൈവ് സംവിധാനം ഉപയോഗിച്ചു. 1999ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക് വഴിമാറി.
ആറാട്ടുപുഴ: കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി വലിയഴീക്കൽ തീരത്തെ ലൈറ്റ് ഹൗസ് തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തിയത്. പുതിയ കാഴ്ചാനുഭവം ലഭിച്ചതിെൻറ സന്തോഷത്തിലായിരുന്നു അവർ.
ലെറ്റ് ഹൗസിൽ കയറിയാൽ കടലിന്റെയും കായലിെൻറയും സൗന്ദര്യം ആസ്വദിക്കാം. 41.26 മീറ്റർ ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെയാണ് ഇവിടെ ലൈറ്റ് ഹൗസ് ടവർ നിർമിച്ചത്. രാവിലെ ഒമ്പതുമുതൽ 11.45 വരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് 5.30 വരെയുമാണ് പ്രവേശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.