നിലമ്പൂർ: കോവിഡ് നിയന്ത്രണഭാഗമായി നീലഗിരിയിൽ ജില്ല ഭരണകൂടം ഏർപ്പെടുത്തിയ ഇ-പാസ് യാത്രക്കാരെ ഏറെ വലക്കുന്നു. കേരളത്തിലേക്ക് വരാൻ ജാഗ്രത പോർട്ടിൽ പേര് രജിസ്റ്റർ ചെയ്താൽ മതിയെന്നിരിക്കെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാണ്. നീലഗിരി ജില്ല ഭരണകൂടം നിയന്ത്രണത്തിൽ ഇളവനുവദിക്കാൻ ഇപ്പോഴും തയാറല്ല.
എന്നാൽ, നാടുകാണി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിരവധി യാത്രക്കാർ വരുന്നുമുണ്ട്. ചെക്ക്പോസ്റ്റിന് ചേർന്ന് കൂണുകൾ പോലെ മുളച്ചുപൊന്തിയ ഓൺെലെൻ സെൻററുകൾ ഇ-പാസിെൻറ മറവിൽ യാത്രക്കാരെ പിഴിയുകയാണ്. ഒരാൾക്ക് 20, 50, 100 എന്ന തരത്തിൽ ആളുകൾക്കനുസരിച്ചാണ് ഇവർ ഫീസ് വാങ്ങുന്നത്. അറിയാവുന്നവർക്ക് മൊബൈൽ ഫോണിലൂടെ ഇ-പാസ് എടുക്കാമെങ്കിലും സാധാരണ ഫോൺ കൈവശമുള്ളവർക്ക് ഇത് സാധ്യമല്ല.
എന്നാൽ, ഇ-പാസെടുത്ത് തമിഴ്നാട്ടിൽ പ്രവേശിക്കുന്നവർക്കും മടങ്ങുന്നവർക്കും മറ്റ് നിരീക്ഷണമൊന്നും സർക്കാർ ഏർപ്പെടുത്തുന്നുമില്ല.
നീലഗിരി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ മാത്രമാണ് കോവിഡ് നിയന്ത്രണ ഭാഗമായി ഏർപ്പെടുത്തിയ ഇ-പാസ് ഇപ്പോഴും നിർബന്ധമായുള്ളത്. ടൂറിസം മേഖലയായതിനാൽ സഞ്ചാരികൾ ധാരാളമായെത്തുന്നത് കണക്കിലെടുത്താണ് നിയന്ത്രണം പിൻവലിക്കാത്തതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, ഇതേ സർക്കാർ നീലഗിരി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്.
നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇനി ഇ-പാസ് വേണ്ടെന്ന തരത്തിൽ കഴിഞ്ഞദിവസം ചില തമിഴ് പത്രങ്ങളിലും പ്രാദേശിക ചാനലുകളിലും വാർത്ത വന്നിരുന്നു. തുടർന്ന് നാടുകാണിയിലെത്തിയ നിരവധിപേർ പാസില്ലാത്തതിനാൽ ചെക്ക്പോസ്റ്റ് കടക്കാനാവാതെ മടങ്ങി. വാർത്ത ശരിയല്ലെന്നും നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാണെന്നും ജില്ല കലക്ടർ ഇന്നസെൻറ് ദിവ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.