തമിഴ്നാട്ടിലേക്ക് ഇ-പാസ്; ഓൺെലെൻ കേന്ദ്രങ്ങൾ യാത്രക്കാരെ പിഴിയുന്നു
text_fieldsനിലമ്പൂർ: കോവിഡ് നിയന്ത്രണഭാഗമായി നീലഗിരിയിൽ ജില്ല ഭരണകൂടം ഏർപ്പെടുത്തിയ ഇ-പാസ് യാത്രക്കാരെ ഏറെ വലക്കുന്നു. കേരളത്തിലേക്ക് വരാൻ ജാഗ്രത പോർട്ടിൽ പേര് രജിസ്റ്റർ ചെയ്താൽ മതിയെന്നിരിക്കെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാണ്. നീലഗിരി ജില്ല ഭരണകൂടം നിയന്ത്രണത്തിൽ ഇളവനുവദിക്കാൻ ഇപ്പോഴും തയാറല്ല.
എന്നാൽ, നാടുകാണി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിരവധി യാത്രക്കാർ വരുന്നുമുണ്ട്. ചെക്ക്പോസ്റ്റിന് ചേർന്ന് കൂണുകൾ പോലെ മുളച്ചുപൊന്തിയ ഓൺെലെൻ സെൻററുകൾ ഇ-പാസിെൻറ മറവിൽ യാത്രക്കാരെ പിഴിയുകയാണ്. ഒരാൾക്ക് 20, 50, 100 എന്ന തരത്തിൽ ആളുകൾക്കനുസരിച്ചാണ് ഇവർ ഫീസ് വാങ്ങുന്നത്. അറിയാവുന്നവർക്ക് മൊബൈൽ ഫോണിലൂടെ ഇ-പാസ് എടുക്കാമെങ്കിലും സാധാരണ ഫോൺ കൈവശമുള്ളവർക്ക് ഇത് സാധ്യമല്ല.
എന്നാൽ, ഇ-പാസെടുത്ത് തമിഴ്നാട്ടിൽ പ്രവേശിക്കുന്നവർക്കും മടങ്ങുന്നവർക്കും മറ്റ് നിരീക്ഷണമൊന്നും സർക്കാർ ഏർപ്പെടുത്തുന്നുമില്ല.
നീലഗിരി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ മാത്രമാണ് കോവിഡ് നിയന്ത്രണ ഭാഗമായി ഏർപ്പെടുത്തിയ ഇ-പാസ് ഇപ്പോഴും നിർബന്ധമായുള്ളത്. ടൂറിസം മേഖലയായതിനാൽ സഞ്ചാരികൾ ധാരാളമായെത്തുന്നത് കണക്കിലെടുത്താണ് നിയന്ത്രണം പിൻവലിക്കാത്തതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, ഇതേ സർക്കാർ നീലഗിരി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്.
നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇനി ഇ-പാസ് വേണ്ടെന്ന തരത്തിൽ കഴിഞ്ഞദിവസം ചില തമിഴ് പത്രങ്ങളിലും പ്രാദേശിക ചാനലുകളിലും വാർത്ത വന്നിരുന്നു. തുടർന്ന് നാടുകാണിയിലെത്തിയ നിരവധിപേർ പാസില്ലാത്തതിനാൽ ചെക്ക്പോസ്റ്റ് കടക്കാനാവാതെ മടങ്ങി. വാർത്ത ശരിയല്ലെന്നും നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാണെന്നും ജില്ല കലക്ടർ ഇന്നസെൻറ് ദിവ്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.