കാസർകോട്: വലിയപറമ്പ് ഗ്രാമപഞ്ചായത്തില്‍ 'വാട്ടര്‍ സ്ട്രീറ്റ്' പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ജനകീയമായി ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയം. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെയുള്ള ജല സംരക്ഷണമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ലക്ഷ്യം.കനാലുകളും വിവിധ ജലാശയങ്ങളും ആഴംകൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
ജലാശയങ്ങളുടെ സംരക്ഷണത്തിനായി വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കും. ഇത്തരത്തില്‍ സംരക്ഷിക്കുന്ന ജലാശയങ്ങള്‍ ചെറുതോണികള്‍ക്കും കയാക്കിങ്ങിനും അനുയോജ്യമാക്കിയെടുത്ത് ഈ മേഖലയിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. കരകളില്‍ പച്ചക്കറി, ഔഷധ സസ്യങ്ങള്‍ എന്നിവ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കും. ഫുഡ്കോര്‍ട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ആരംഭിച്ച് വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരേപോലെ ആകര്‍ഷിക്കാനാണ് പദ്ധതി.
പുഴയും തോണികളിലെ യാത്രയും മീന്‍പിടിത്തവും എല്ലാം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഒപ്പം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രത്യേകതകളായ കല്ലുമ്മക്കായ, കക്കവാരല്‍ തുടങ്ങിയവ കാണാനും അതില്‍ ഏര്‍പ്പൊടാനും അവസരമുണ്ടാക്കും. സഞ്ചാരികള്‍ക്ക് മത്സ്യബന്ധനം നടത്താനും സൗകര്യമൊരുക്കും.
നാടന്‍ വള്ളങ്ങളില്‍ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ച് നവീകരിക്കും. ഇവ സഞ്ചാരികള്‍ യാത്രക്കായി ഉപയോഗിക്കും. ചെറുവള്ളങ്ങളില്‍ ലഘുഭക്ഷണവും മറ്റു വസ്തുക്കൾ വില്‍ക്കാനുമുള്ള സൗകര്യവും ഒരുക്കും. പദ്ധതി മാടക്കാലില്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ മാടക്കാല്‍ പ്രദേശമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജനുവരിയോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കണക്കുകൂട്ടുന്നത്.
കാസർകോട്: സുനാമി സാധ്യതയെ നേരിടാൻ യുനെസ്കോ പദ്ധതി ജില്ലയിലും. ദുരന്തങ്ങളെ നേരിടാൻ തീരദേശ സമൂഹത്തെ ശക്തിപ്പെടുത്താനുള്ള സുനാമി റെഡി പദ്ധതിക്ക് ഡിസംബര്‍ 16ന് വലിയപറമ്പില്‍ തുടക്കമാകും.ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുനെസ്കോ വിഭാവനം ചെയ്ത പദ്ധതിയില്‍ ജില്ലയില്‍ വലിയപറമ്പിനെയാണ് തിരഞ്ഞെടുത്തത്. ആറ് തീരദേശ ജില്ലകളിലെ ആറ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടിയും മോക്ഡ്രില്ലും നടക്കും. തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ് വലിയപറമ്പ ഗ്രാമപഞ്ചായത്തിനെ പദ്ധതിക്കായി തിരഞ്ഞെടുത്തത്.പരിപാടിയുടെ സംഘാടകസമിതി രൂപവത്കരണയോഗം വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.
പ്രസിഡന്റ് വി.വി.സജീവന് ചെയര്‍മാനായും വൈസ് പ്രസിഡന്റ് പി.ശ്യാമള വൈസ് ചെയര്‍മാനായും സെക്രട്ടറി എം.പി. വിനോദ്കുമാര്‍ കണ്‍വീനറായും സംഘാടകസമിതി രൂപവത്കരിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന് യോഗം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കാസർകോട്: കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ 'വേഗ സീ' കുട്ടനാട് മോഡല്‍ ടൂറിസം ബോട്ടുകള്‍. രാമന്തളി കോട്ടപ്പുറം ജലപാതയിലാണ് അത്യാധുനിക ബോട്ടില്‍ സഞ്ചരിക്കാന്‍ അവസരമൊരുങ്ങുന്നത്. ഇതിനായുള്ള പ്രാഥമിക റൂട്ട് സര്‍വേ നടത്തി. വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് മെക്കാനിക് എന്‍ജീനിയര്‍, ട്രാഫിക് സൂപ്രണ്ട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഒരേസമയം യാത്ര ബോട്ടായും വിനോദ സഞ്ചാരികള്‍ക്കുള്ള ബോട്ടായും വേഗയെ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ എട്ടു പേരടങ്ങുന്ന സംഘത്തിന് പുരവഞ്ചിയില്‍ സഞ്ചരിക്കാന്‍ കുറഞ്ഞത് 10000 രൂപയാണ് നിരക്ക്. ശീതികരിച്ച മുറികളില്‍ 600 രൂപയും ശീതികരിക്കാത്ത മുറികളില്‍ 400 രൂപയുമാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. 50, 75, 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന വേഗ ബോട്ടുകളാണ് ജില്ലയില്‍ പരിഗണിക്കുന്നത്. പ്രത്യേക യാത്ര പാക്കേജും ഒരുക്കാന്‍ ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.