തീമഴപെയ്ത ഭൂമിയിലേക്ക്

പുതിയ കാഴ്ചകളും അനുഭവങ്ങളും പ്രദാനംചെയ്യുന്ന യാത്രകളെ എന്നെന്നും പ്രണയിച്ചിരുന്ന എനിക്ക് ജീവിതത്തിന്‍െറ വ്യത്യസ്ഥ മുഖങ്ങള്‍ കാട്ടിത്തന്ന ഒരു കാസര്‍കോട് യാത്രയുടെ അനുഭവചിത്രങ്ങള്‍ വരച്ചിടാതെ വയ്യ..! ഈ യാത്രക്ക് മുമ്പുവരെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയുള്ള അറിവുമാത്രമായിരുന്നു. അസാധാരണ വലുപ്പമുള്ള തലയുള്ളവര്‍, നാക്ക് പുറത്തേക്കുന്തിയവര്‍, ഉറക്കമില്ലാത്തവര്‍, ശരീരം മുഴുവനും വ്രണമുള്ളവര്‍, അപസ്മാരം, ബുദ്ധിമാന്ദ്യം... ഇങ്ങനെ ഒരു നാട്ടിലെ വലിയൊരു വിഭാഗം ‘ജീവികള്‍’,  ജീവിക്കാനുള്ള തങ്ങളുടെ അവകാശംപോലും നിഷേധിക്കപ്പെട്ട് തീരാവേദന കടിച്ചിറക്കുന്നു. 13,000ത്തിലേറെ ഏക്കറില്‍ പരന്നുകിടക്കുന്ന കശുമാവിന്‍തോട്ടങ്ങളില്‍ ഇല്ലാത്ത കീടത്തെ തുരത്താന്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തീമഴയായി പെയ്തിറങ്ങിയപ്പോള്‍ കേട്ടുകേള്‍വിപോലുമില്ലാത്ത രോഗങ്ങള്‍ക്കൊപ്പം നശിച്ചത് ഒരു നാടിന്‍െറ ജൈവസമ്പത്തുകൂടിയായിരുന്നു. 
ഇത്തരം കേട്ടറിവുകള്‍ മനസ്സിനെ വല്ലാതെ കുത്തിനോവിക്കാന്‍ തുടങ്ങിയപ്പോള്‍ നേരിട്ടല്ളെങ്കിലും മനുഷ്യകുലത്തില്‍ പിറന്നു എന്ന ഒറ്റക്കാരണംകൊണ്ട് ഈ ദുരിതത്തിന് ഞാനും ഉത്തരവാദിയല്ളേ എന്ന തോന്നല്‍ വല്ലാതെ ശല്യപ്പെടുത്തിത്തുടങ്ങി. 
ഒന്നും ചെയ്യാന്‍ സാധിച്ചില്ളെങ്കിലും ഞാന്‍ കൂടെയുണ്ട് എന്ന് മനസ്സാ അവരോട് പറയാന്‍ ആയിരിക്കണം ഇങ്ങനെ ഒരു യാത്രയെക്കുറിച്ചാലോചിച്ചത്. അറിയില്ല! എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിശ്ശബ്ദവിലാപം ചിത്രങ്ങളിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫര്‍ മധുരാജിന്‍െറ ചിത്രങ്ങള്‍. പോരാട്ടത്തിന്‍െറ മുന്‍നിരയില്‍ത്തന്നെ നിലയുറപ്പിച്ചിട്ടുള്ള ഡോ. അംബികാസുതന്‍ മങ്ങാടുമായുള്ള പരിചയം. അദ്ദേഹത്തിന്‍െറ  ദുരിതബാധിതരുടെ ജീവിതം തുറന്നുകാണിക്കുന്ന, പാരിസ്ഥികാവബോധം ഉണര്‍ത്തുന്ന ‘എന്‍മകജെ’ എന്ന നോവല്‍. ഇതെല്ലാം എന്നെ ഈ യാത്രയില്‍ കൊണ്ടത്തെിച്ചു. 
യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഉയര്‍ന്ന  പുരികക്കൊടികള്‍ കണ്ടില്ളെന്നുനടിച്ച് ഞാന്‍ ബാഗ് പാക് ചെയ്തു. സ്റ്റേഷനില്‍ അംബികാസുതന്‍ മാഷ് എത്താമെന്ന് ഏറ്റിരുന്നു. ട്രെയിന്‍  വൈകിയത്തെിയിട്ടും അക്ഷമ  കൂടാതെ മാഷവിടെയുണ്ടായിരുന്നു. ഒരുപക്ഷേ, അക്ഷമ നഗരജീവിതത്തിന്‍െറ മാത്രം പ്രത്യേകതയാണോ..? നേരെ ചെന്നത് ‘സ്നേഹവീട്ടി’ലേക്ക്. വൈകിയ വേളയിലും അവര്‍ കാത്തിരിക്കുന്നു; എറണാകുളത്തുനിന്നും അവരെ കാണാനത്തെുന്ന ടീച്ചര്‍ക്കായി...! 
അണിഞ്ഞൊരുങ്ങിനില്‍ക്കാന്‍ ഇഷ്്ടമുള്ള, പെട്ടെന്ന് സങ്കടവും സന്തോഷവുംവരുന്ന നീഷ്മ, മൗനിയായ മനാഫ്,  ഇരുന്നിടത്തുനിന്ന് അനങ്ങാന്‍വയ്യെങ്കിലും നീഷ്മയും സമീറയുമൊക്കെയായി കളിക്കാന്‍ താല്‍പര്യം കാണിക്കുന്ന സതീഷ്, തമാശകള്‍ പറയുന്ന ശ്രീകാന്ത്, ഇങ്ങനെ പ്രായമായിട്ടും കുഞ്ഞുങ്ങളുടെ മനസ്സുള്ള അവരുടെ നിഷ്കളങ്കമായ ആഹ്ളാദത്തില്‍ പങ്കുചേരുമ്പോഴും മനസ്സിലെവിടെയോ ഒരു വിങ്ങലായിരുന്നു. ഇവരും സാധാരണ കുട്ടികളെ പോലെ കളിച്ചുചിരിച്ച് മാതാപിതാക്കളുടെ പ്രതീക്ഷയായി വളരേണ്ടവരായിരുന്നില്ളേ? എന്തു തെറ്റിനാണ് ഇവര്‍ ശിക്ഷ അനുഭവിക്കുന്നത്? 
അത്താഴപ്പട്ടിണിക്കാരായ മാതാപിതാക്കള്‍ക്ക് ഇതുപോലെ മുഴുവന്‍സമയ പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ വലിയ ഒരു ചോദ്യചിഹ്നമാണ്. പല വീടുകളിലും ഇത്തരം കുഞ്ഞുങ്ങളുണ്ട് എന്ന ഒറ്റക്കാരണത്താല്‍ പിതാക്കള്‍ ഉപേക്ഷിച്ചുപോകുന്ന സാഹചര്യവുമുണ്ട്.  ഈ സാഹചര്യത്തിലാണ് അമ്പലത്തറ ഗ്രാമത്തില്‍ ‘സ്നേഹവീട്’ ഒരു പരിഹാരമാകുന്നത്. ജോലി കഴിഞ്ഞത്തെുന്നതുവരെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും എന്ന ആശ്വാസം അവര്‍ക്ക്  നല്‍കുന്ന സാന്ത്വനം ചില്ലറയല്ല. തന്‍െറ വിപ്ളവാദര്‍ശങ്ങളെല്ലാം മാറ്റിവെച്ച് അഹോരാത്രം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുകയും പ്രതിഷേധപരിപാടികള്‍ ആസൂത്രണംചെയ്ത് സര്‍ക്കാറിനെ എന്നും ഇതിനെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ എന്ന നാട്ടുകാരുടെ കൃഷ്ണേട്ടനാണ് ഈ സ്നേഹവീടിന്‍െറ നെടുന്തൂണ്‍. 
‘എന്‍മകജെ’ എന്ന നോവലിന്‍െറ പരിസരങ്ങളിലൂടെ ഒരു യാത്ര നടത്തണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ മാഷും കൃഷ്ണേട്ടനും അതിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തുതന്നു. കൂട്ടിന് മുനീസയും. കുട്ടികള്‍ മനസ്സില്ലാമനസ്സോടെ വീടുകളിലേക്ക് പോകാന്‍ തുടങ്ങുന്നു. 
വീട്ടിലെ ഒറ്റപ്പെടലും ഇവിടത്തെ സ്നേഹപൂര്‍ണമായ പരിചരണവുമാണ് അവരെ സ്നേഹവീട്ടില്‍ പിടിച്ചുനിര്‍ത്തുന്നത്. സ്നേഹവീട് ഇപ്പോഴും ബാലാരിഷ്ടതകള്‍ പിന്നിട്ടിട്ടില്ല...വീടുപൂട്ടി ഞങ്ങള്‍ മുനീസയുടെ വീട്ടിലേക്ക്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പറക്കളായി വീട്ടില്‍  എം. ഹസൈനാരുടെ ഭാര്യ നബീസ. അവര്‍ക്കും  മറ്റു കുടുംബാംഗങ്ങള്‍ക്കും  അതിഥിയും ആതിഥേയനുമൊന്നുമില്ല. എല്ലാവരും വീട്ടുകാര്‍! ഒരു നഗരജീവിയുടെ ഒൗപചാരികതയുടെ മുഖംമൂടി അഴിഞ്ഞുവീഴാന്‍ താമസമൊന്നും ഉണ്ടായില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അത്താഴം. അതിനുശേഷം വരാന്തയില്‍ ഒരു വട്ടമേശ സമ്മേളനം. നബീസുമ്മ വളരെ ചെറുപ്പത്തില്‍ കല്യാണം കഴിഞ്ഞ്  കൂട്ടുകുടുംബത്തിലേക്ക് വന്നതും എട്ടു മക്കളെ വളര്‍ത്തിക്കൊണ്ടുവന്ന വിശേഷങ്ങളും പങ്കുവെച്ചു.
പിറ്റേന്നു രാവിലെ എട്ടുമണിയായപ്പോഴേക്കും ‘സ്വര്‍ഗ’യിലേക്ക് തിരിച്ചു. റോഡിന്‍െറ  സ്ഥിതി എല്ലായിടത്തും ഒരുപോലെയാണല്ളോ എന്ന ആത്മഗതം ഇത്തിരിയുറക്കെയായിപ്പോയി! പലയിടങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുന്നു. ‘നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ അല്ളേ? പെരിയ, ചെര്‍ക്കളം, ബദിയടുക്ക തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍  പിന്നിട്ട് ‘സ്വര്‍ഗ്ഗ’യിലേക്ക്... മുന്നോട്ടു പോകുന്തോറും കുറഞ്ഞുവരുന്ന ഗതാഗതവും നിബിഢ വനങ്ങളും സിനിമാദൃശ്യങ്ങളെ ഓര്‍മിപ്പിച്ചു. റോഡ് പേരിനുമാത്രം. സ്വര്‍ഗയില്‍ കൂട്ടിന് ശ്രീനിവാസ ഉണ്ടാകും എന്ന് അംബികാസുതന്‍ മാഷ് പറഞ്ഞിരുന്നു. 
‘എന്‍മകജെ’യുടെ രചനാകാലത്ത് ആ നാടിന്‍െറ ആത്മാവ് തൊട്ടറിയാന്‍ നാടിന്‍െറ മുക്കും മൂലയും ചരിത്രവും ഭൂമിശാസ്ത്രവും ഭാഷയുടെ പ്രത്യേകതകളുമെല്ലാം അറിയുന്ന ശ്രീനിവാസയുടെ സഹകരണം മാഷ് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ‘സ്വര്‍ഗ’ ടൗണില്‍ അദ്ദേഹം ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടൗണ്‍ എന്നാല്‍ മൂന്നുനാല് ചെറിയ കടകള്‍, ഒരു പോസ്റ്റോഫിസ്, യാത്രക്കാരെയും പ്രതീക്ഷിച്ചുനില്‍ക്കുന്ന ഒന്നുരണ്ട് ഓട്ടോറിക്ഷകള്‍... കന്നടയില്‍ ബോര്‍ഡ് വെച്ച, പുറപ്പെടാന്‍ തയാറായിനില്‍ക്കുന്ന ബസ്... ഇവയുടെയൊക്കെ മട്ടുംമാതിരിയും ഒന്നു വേറത്തെന്നെയാണ്. ‘എന്‍മകജെ’ എന്ന നോവലിന്‍െറ പരിസരങ്ങള്‍ ഒന്ന് കാണണം. കൂടെ മാഷ് നിര്‍ദേശിച്ചപ്രകാരം ശീലാവതിയെ കാണണം.  ഇതെല്ലാം ശ്രീനിവാസയെ അറിയിച്ചു. അതോടെ, യാത്രയുടെ വഴികാട്ടിയായി അദ്ദേഹം. പിന്നീടുള്ള യാത്രയില്‍ നല്ളൊരു വിവര്‍ത്തകനും വഴികാട്ടിയും കൂടിയാണ് താന്‍ എന്ന് തെളിയിച്ചു. നന്നായി നടക്കാനുണ്ട് എന്ന് ആദ്യമേ  മുന്നറിയിപ്പ് തന്നിരുന്നു. 
ആദ്യം ശീലാവതിയുടെ വീട്ടില്‍ പോകാം എന്ന് അദ്ദേഹം നിര്‍ദേശിച്ചതുപ്രകാരം നേരെ എന്‍മകജെയിലേക്ക് വിട്ടു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശം... ജനസാന്ദ്രത തീരെ കുറവ്, റോഡുകള്‍ ദയനീയമായ അവസ്ഥയില്‍. കാടിന്‍െറ  പച്ചപ്പിലും കുളിര്‍മയിലും ശാന്തമായ മനസ്സ് പരാതിപറച്ചില്‍ അവസാനിപ്പിച്ചു. ഒരു കുന്നിന്‍ ചെരുവില്‍ കാര്‍ നിര്‍ത്തി. ഇനി കീഴ്പ്പോട്ട് ചെങ്കുത്തായ ഇറക്കം. മുനീസക്ക് നടക്കാന്‍ പറ്റുമോ എന്ന് ഭയന്നു. പക്ഷേ, തീയില്‍ കുരുത്തത് വെയിലത്ത് വാടുമോ എന്ന് അവള്‍ ഉറച്ച ചുവടുകളിലൂടെ എന്നോട് ചോദിച്ചു. ‘ബിരിണ്ട’കുടിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ വഴിയില്‍ പുണാര്‍പുളിമരം ശ്രീനിവാസ ചൂണ്ടിക്കാണിച്ചു. അതിന്‍െറ കായ ഉണക്കിയെടുത്താണ് എന്‍മകജെയുടെ മാത്രം പാനീയം ആയ ‘ബിരിണ്ട’യുടെ സത്ത് വാറ്റിയെടുക്കുന്നത്.
കുത്തനെയുള്ള ഇറക്കത്തില്‍ കാലുറപ്പിച്ച് ശ്രദ്ധിച്ചു നടക്കുന്നതിനിടയില്‍ താഴേക്കു ചൂണ്ടി ശീലാവതിയുടെ വീട് കാണിച്ചുതന്നു. ശരിക്കും കുഴിയില്‍ വീടുവെച്ചപോലെ! ഇറങ്ങാന്‍ പടവുകള്‍ പ്രതീക്ഷിച്ച ഞങ്ങള്‍ക്കുമുന്നില്‍ മരങ്ങളുടെ വേരുകള്‍ സഹായികളായി. മുന്നോട്ടുവെച്ച കാല്‍ പിന്‍വലിക്കാനില്ളെന്ന് മുനീസയും. രണ്ടും കല്‍പിച്ച് ഇറങ്ങി. മുനിഞ്ഞുകത്തുന്ന ട്യൂബ് ലൈറ്റിന്‍െറ വെളിച്ചമുള്ള സ്വീകരണമുറി... മുറിയിലാകമാനം അടുക്കളയിലെ വിറകടുപ്പില്‍നിന്നുയരുന്ന പുക. അവിടെ കട്ടിലില്‍ ഒരു കുഞ്ഞിനെ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന മുഖം. വാടിത്തളര്‍ന്ന് ചേമ്പിന്‍തണ്ടുപോലെ കൈകാലുകള്‍. ഇറങ്ങിയതിന്‍െറ ആയാസത്തില്‍ കൂടിയ നെഞ്ചിടിപ്പ് നിന്നുപോയപോലെ ഒരു വിമ്മിട്ടം.  ഉടനെ വരുന്നു  കുഞ്ഞിന്‍െറ തുളുവില്‍ ഉള്ള ചോദ്യം ‘എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് വിഷമം തോന്നുന്നുണ്ടോ’.
ആ കട്ടിലിന്‍െറ ഓരത്ത് അറിയാതെ ഇരുന്നുപോയി. അടുത്തുനില്‍ക്കുന്ന അവളുടെ വൃദ്ധയായ അമ്മ ദേവകിയുടെ നിറഞ്ഞ കണ്ണുകള്‍. മനുഷ്യകുലത്തില്‍ ജനിച്ചു പോയല്ളോ എന്ന് ആത്മനിന്ദ തോന്നിയ നിമിഷങ്ങള്‍. പ്രൈമറി ക്ളാസിലായിരുന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന ഹെലികോപ്റ്റര്‍ പെയ്യിച്ച ‘മഴ’യില്‍ കുതിര്‍ന്ന് അവളുടെ ശരീരം വളര്‍ച്ച മറന്നു! അന്നുരാത്രി തുടങ്ങിയ പനി അവളുടെ വിധിയെഴുതി! അന്നു മുതല്‍ വെറും കിടക്കപ്പായ മാത്രമായി ശരണം. അടുത്തിടെ അംബികാസുതന്‍ മാഷ്, ഇപ്പോള്‍ കിടക്കുന്ന ആ കട്ടില്‍ കൊടുക്കുന്നതു വരെ.  എന്‍െറ കുഞ്ഞിന് നല്ലത് വരുത്തണേ എന്ന സ്നേഹവാത്സല്യങ്ങള്‍  നിറഞ്ഞ പ്രാര്‍ഥനയോടെ കുഞ്ഞിനെ പരിപാലിക്കുന്ന അമ്മമനസ്സുകളുടെ വര്‍ണച്ചിത്രങ്ങള്‍ ഇവിടെ അര്‍ഥശൂന്യമായി. എന്‍െറ കാലശേഷം ഇവളുടെ ഗതി എന്താകും എന്ന ആധിമാത്രം നിറഞ്ഞ ദേവകി എന്ന ഈ അമ്മയുടെ മനസ്സില്‍ ചോദ്യചിഹ്നം മാത്രമാണ് അവശേഷിക്കുന്നത്. ആശ്വാസവാക്കുകള്‍ വെറും ഒൗപചാരികതയാകും എന്നറിയാം. അതുകൊണ്ട് ഇനിയും കാണാം എന്ന് വാക്കുകൊടുത്ത് ഞങ്ങള്‍ മടങ്ങി. ഏറെനേരം മൗനം ഞങ്ങളുടെ ഇടയില്‍ തളംകെട്ടിനിന്നു. 
ഇനി സാക്കീജാല്‍ കാണാന്‍ പോകാം എന്ന ശ്രീനിവാസയുടെ നിര്‍ദേശം... ചെറിയ നാട്ടുവഴികളിലൂടെ കുറെ ദൂരം. ഒരു കവുങ്ങിന്‍തോട്ടത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി  നടക്കാന്‍ തുടങ്ങി. തികച്ചും ശാന്തമായ അന്തരീക്ഷം, തോട്ടിലൂടെ വെള്ളം ഒഴുകുന്നതിന്‍െറ ശബ്ദം മാത്രം. എന്‍ഡോസള്‍ഫാന്‍ ആകാശത്തളി നിര്‍ത്തിയതോടെ തങ്ങളും പതിയെ തിരിയെവരുന്നു എന്ന സൂചന നല്‍കി  പക്ഷികളുടെ കിളിനാദം, വെയിലില്‍ തിളങ്ങുന്ന പൂമ്പാറ്റച്ചിറകുകള്‍, ചെമ്പരത്തിച്ചെടികള്‍ വെട്ടിയൊതുക്കി ഉണ്ടാക്കിയ വേലികള്‍, മുള്ളുവേലികള്‍ അപൂര്‍വം. ഇത് എന്‍മകജെയുടെ മാത്രം സവിശേഷതയാണ്. മുള്ളുകളില്ലാത്ത എപ്പോഴും പുഷ്പ്പിക്കുന്ന അതിര്‍ത്തികള്‍, യാത്രികനെ മുള്ളുകള്‍കൊണ്ട് കയറിപ്പിടിക്കുകയില്ല, അപരിചിതന്‍ ആണെങ്കിലും വിടര്‍ന്ന പൂച്ചിരികള്‍ കൊണ്ട് സ്വാഗതംചെയ്യും. പക്ഷേ, നാം അവരുടെ ജീവിതത്തില്‍ മുള്ളുകള്‍ വിതച്ചില്ളേ? തീരാവ്യഥകള്‍ സമ്മാനിച്ചില്ളേ?
മനസ്സുകൊണ്ട് നോവലിലൂടെയും ശരീരം കൊണ്ട് യാഥാര്‍ഥ്യത്തിലൂടെയും ഒഴുകുകയായിരുന്നു. ‘കോടങ്കിരി തോടിന്‍െറ കരയിലുള്ള സാക്കീജാല്‍. സത്യപ്പടി... സത്യത്തിന്‍െറ  16 പടികള്‍. അതിലൂടെ കയറിവന്ന് സത്യം പറയണം. അസത്യമാണ് പറയുന്നതെങ്കില്‍ പടികള്‍ തിരിച്ചിറങ്ങാന്‍ ആയുസ്സുണ്ടാവില്ല. ‘സത്യത്തിന്‍െറ നാടാണ് എന്‍മകജെ; കുന്നുകളുടെയും. നൂറായിരം കുന്നുകള്‍. ഒന്നിനോട് ചേര്‍ന്ന് മറ്റൊന്ന്! ഈ സത്യത്തിന്‍െറ  നാട്ടില്‍ ഞാന്‍ എന്‍ഡോസള്‍ഫാന്‍ ഇരയാണ്, എനിക്ക് ശാരീരിക വൈകല്യങ്ങള്‍ ഉണ്ട് എന്ന സത്യം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളുമായി, കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനായി നിരന്തരം കലക്ട്രേറ്റ്പടികള്‍ കയറിയിറങ്ങുന്ന അമ്മമാരുടെ അതിജീവനം ഈ സത്യത്തിന്‍െറയും വിശ്വാസത്തിന്‍െറയും ബലത്തില്‍ തന്നെയാണ്.
സാക്കീജാലിന് തൊട്ടടുത്തുള്ള ശ്രീധര ഭട്ടിനെ കൂടി കണ്ടിട്ടുപോകാം എന്നായി ശ്രീനിവാസ. തോടിന് കുറുകെ ഇട്ടിരിക്കുന്ന കവുങ്ങിന്‍പാലത്തിലൂടെ ആ വീട്ടിലേക്ക്. മുന്നില്‍ത്തന്നെ തിണ്ണയോട് ചേര്‍ന്ന്  മധ്യവയസ്സിനോടടുത്ത നിറവികാരതമുറ്റുന്ന മുഖത്തോടെ ഒരു മനുഷ്യരൂപം. അപരിചിതരെ കണ്ട് നായ നിര്‍ത്താതെ കുരക്കുന്നു. അകത്തുനിന്ന് അല്‍പം കൂനിയ ശരീരവുമായി ഒരു വൃദ്ധ വന്നു.  ശ്രീനിവാസ അവരോട് എന്തോ പറഞ്ഞു. അവര്‍ ഞങ്ങളെ അകത്തേക്ക് കൂട്ടി. ഒരു ചെറിയ മുറി, കട്ടിലില്‍ ഒരു ആണ്‍കുട്ടി നീണ്ടുനിവര്‍ന്ന്് കിടക്കുന്നു. ആ കിടപ്പ് തുടങ്ങിയിട്ട് നാളേറെയായി. അസുഖക്കാരിയായ സഹോദരി ജോലി ചെയുതുണ്ടാക്കുന്നതാണ് ആ കുടുംബത്തിന്‍െറ ഏക വരുമാനം. മുന്നില്‍ തിണ്ണയോട് ചേര്‍ന്നിരിക്കുന്നത് ജന്മനാ മാനസിക വൈകല്യമുള്ള ചേട്ടന്‍. അച്ഛന്‍ വാര്‍ധക്യത്തിന്‍െറ അവശതയില്‍...
നോവലിലെ നായക കഥാപാത്രം നീലകണ്ഠന്‍െറ  വാക്കുകള്‍ കാതില്‍ മുഴങ്ങി.’ ചരിത്രത്തില്‍നിന്ന് മനുഷ്യന്‍ ഒരു പാഠവും പഠിക്കുന്നില്ല. അതെന്നെ വല്ലാതെ ദുഖിപ്പിക്കുന്നു. മൃഗങ്ങളില്‍ ഏറ്റവും നീചന്‍ മനുഷ്യനാണ്. അന്യന്‍െറ വീഴ്ചയിലാണ് അവനേറ്റവും രസിക്കുന്നത്. കാലം കഴിയുന്തോറും മനുഷ്യനെന്താണ് കൂടുതല്‍ കൂടുതല്‍ സ്വാര്‍ഥനാകുന്നത്?’  ഇവര്‍ക്കു നേരെ ക്രൂരത കാട്ടിയ മനുഷ്യജാതിയില്‍ ഉള്ള ഒരു പറ്റം നന്മവറ്റിയിട്ടില്ലാത്ത മനുഷ്യര്‍ തന്നെയാണ് ഇവര്‍ക്കുവേണ്ടി പോരാടുന്നത് എന്ന സത്യം മറക്കുന്നില്ല...
നോവലിന്‍െറ കഥ നടക്കുന്ന ജടാധാരി മലയും കാവും കാണണം എന്നുണ്ടായിരുന്നു. എങ്കിലും, ദുഷ്കരമായ ആ യാത്ര ഒഴിവാക്കി ജടാധാരിയുടെ മൂലസ്ഥാനം കണ്ട് തൃപ്തിപ്പെട്ടു. സ്വര്‍ഗയില്‍ തിരിച്ചത്തെി. ഒരു ഹോട്ടലിന്‍െറ കെട്ടുംമട്ടും ഇല്ലാത്ത ചെറിയ ഒരു ചായക്കടയില്‍ കയറി ഊണുകഴിച്ചു. ബിസിനസ് തന്ത്രങ്ങള്‍ ഒന്നും അറിയാത്ത ഒരു ഗ്രാമീണന്‍ നല്ല മനസ്സോടെ വിളമ്പിത്തന്ന ഗ്രാമത്തിന്‍െറ വിശുദ്ധിയില്‍ മനസ്സും വയറും നിറഞ്ഞു. ശ്രീനിവാസ യാത്രപറഞ്ഞു.
പെരിയ പഞ്ചായത്തില്‍ നടക്കുന്ന ഒരു മീറ്റിങ്ങില്‍ മുനീസക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും എന്ന വാഗ്ദാനംനല്‍കി തലസ്ഥാനത്തത്തെിയപ്പോള്‍ അത് 2011 വരെയുള്ള കടങ്ങള്‍ എന്ന് മാറിപ്പോയതിലെ രാഷ്ട്രീയ മറിമായത്തിനെതിരായി പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ് ഇവര്‍. അവരെ കാണാന്‍ചെന്ന ഈയുള്ളവളും അവരുടെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റി എന്ന് അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു. അവിടെനിന്ന് ഞങ്ങള്‍ മുനീസയുടെ സ്നേഹവീട്ടിലെ ചില കുഞ്ഞുങ്ങളുടെ വീടുകളിലും പോയി. എല്ലായിടത്തും ദുരിതത്തിന് ഒരേമുഖം; മാനസികവും ശാരീരികവുമായ വൈകല്യങ്ങളില്‍  തളര്‍ന്ന കുട്ടികള്‍. അപസ്മാരവും ഉറക്കമില്ലായ്മയും ഇവരില്‍ പലരെയും കൂടുതല്‍ തളര്‍ത്തുന്നു. അവര്‍ക്ക്  അല്‍പമെങ്കിലും  പരിരക്ഷ നല്‍കാന്‍ പൊടാപ്പാടുപെടുന്ന മാതാപിതാക്കള്‍. ചില വീടുകളില്‍ ഈ ദുരിതത്തില്‍നിന്ന് സ്വയം രക്ഷപ്പെടുന്ന ഭര്‍ത്താക്കന്മാര്‍. പിന്നെ മക്കള്‍ അമ്മമാരുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. ഈ അമ്മമാരുടെ നരകയാതന ആരറിയാന്‍..? 
ഏകദേശം ആറുമണിയോടെ വീട്ടില്‍ എത്തി, മനസ്സില്‍ അപ്പോള്‍ കണ്ടുമുട്ടിയ കുഞ്ഞുങ്ങളുടെ ചിത്രം മാത്രമായിരുന്നു, സംഭാഷണത്തിലും.   ഈ യാത്ര... ജീവിതത്തില്‍ ആദ്യമായി വിനോദത്തിന് വേണ്ടിയല്ലാതെ നടത്തിയ യാത്ര! ഒരിക്കലും മറക്കില്ല എന്നുപറഞ്ഞാല്‍ വെറും ഒൗപചാരികതയാകും. ഈ യാത്രാനുഭവങ്ങള്‍ പകര്‍ന്നുതന്ന അറിവ് ഒരു ഉത്തരവാദിത്തം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ജീവിതലക്ഷ്യത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവതിയാകും. അതിന് ഈശ്വരന്‍ എന്നെ അനുഗ്രഹിക്കും എന്ന വിശ്വാസത്തോടെ അനന്തമായ യാത്ര തുടരുന്നു.     
          •
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.