ഹരിയാന രജിസ്ട്രേഷന് നമ്പറുള്ള ഒരു ട്രെക്കിന്റെ ലൈറ്റു കാരണം കാറൊന്ന് പാളി. ഒരു നിമിഷനേരത്തേക്ക് എന്റെ കാഴ്ച മങ്ങിയോ എന്നൊരു സംശയം. ഉറക്കം വരുന്നുണ്ടോ എന്ന കുല്‍ദീപിന്റെ ചോദ്യം ഞാനൊരു ചിരിയില്‍ മായ്ച്ചുകളഞ്ഞു. ഹിമാലയത്തിലൂടെയുള്ള ഡ്രൈവിംഗ് എനിക്ക് അത്ര പരിചിതമല്ല. ബൈക്കിലൂടെ നിരവധി തവണ പോയിട്ടുണ്ടെങ്കിലും കാറില്‍ ആദ്യമായാണ്. ഇതെനിക്ക് യാത്രയപ്പിനുള്ള യാത്രയാണ്. യാത്രയെ ഒരു ലഹരിപോലെ കൊണ്ട് നടക്കുന്ന ഒരാള്‍ക്ക് സുഹൃത്തുക്കള്‍ ഇതി ലും മനോഹരമായ ഒരു യാത്രയപ്പ് എങ്ങനെ നല്‍കും. ഇന്നലെ രാത്രി ചാണ്ഡിഗഡില്‍ നിന്നും പുറപ്പെടുമ്പോള്‍ മനാലി വഴി ലഡാക് ആയിരുന്നു പ്ലാന്‍. എന്നാല്‍ രബിയുടെ നിര്‍ദേശപ്രകാരം "മമ്മിയെ" കാണാനുള്ള ഒരു യാത്രയായി അത് മാറുകയായിരുന്നു. ഹിമാലയം ഒളിപ്പിച്ചു വെച്ച അനേകം അത്ഭുതങ്ങളില്‍ ഒന്നാണ് മമ്മി.
നാര്ക്കണ്ഡയില് എത്തിയപ്പോഴേക്കും കൂട്ടുകാര്‍ എല്ലാവരും ഉണര്‍ന്നിരുന്നു. നാര്ക്കണ്ഡ ചെറിയ ഒരു ഹിമാലയന്‍ പട്ടണമാണ്. മഞ്ഞുകാലം കഴിഞ്ഞതിനാല്‍ പൂര്‍ണമായ മനോഹാരിതയിലേക്ക് ഹിമാലയന്‍ കാഴ്ചകള്‍ വന്നുതുടങ്ങുന്നതെ ഒള്ളൂ. നാര്ക്കണ്ഡയില് വച്ചു ചായകുടിച്ച ശേഷം ഡ്രൈവിംഗ് ഞാന്‍ രബിക്ക് കൈമാറി. വഴിയരികിലെല്ലാം അപ്പിള് കയറ്റിയ ലോറികളാണ്. ഹിമാചല്‍ പ്രദേശിന്റെ പ്രധാന വരുമാന മാര്‍ഗം ആപ്പിള്‍ കൃഷി തന്നെയാണ്. നാര്ക്കണ്ഡയിലെ ആപ്പിളുകള്‍ പ്രശസ്തമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കകാരനായ സാമുവല്‍ സ്റ്റോക്സ് സ്ഥാപിച്ച സ്റ്റോക്സ് ആപ്പിള്‍ ഫാമിലെ ആപ്പിളുകള്‍ക്ക് ഇന്നും അന്തരാഷ്ട്ര തലത്തില്‍ ആവശ്യക്കാര്‍ ഏറെയാണ
പഴയ ഹിന്ദുസ്ഥാന്‍ ടിബറ്റന്‍ റോഡിലെ റോഡിലെ ഡ്രൈവിംഗ് എനിക്കത്ര സുഖകരമായി തോന്നിയില്ല. ഈ പാതയിലൂടെ എത്രയോ തവണ ബൈക്കിലൂടെ പോയിരിക്കുന്നു. അന്നൊന്നും തോന്നാത്ത ഒരു ഉള്‍ഭയമാണ് ഇപ്പോഴുള്ളത്. പാറകള്‍ക്ക് അരഞ്ഞാണം എന്ന പോലെയാണ് റോഡിന്റെ കിടപ്പ്.
പലയിടത്തും തുരങ്കത്തിനോട് സമാനമായി പാറകള്‍ തള്ളിനിൽക്കുന്നു. താഴെ താഴ്ചയില്‍ സതുലജ്(സത് ലജ് )നദി ഒഴുകുന്നു. ഒരു നിമിഷത്തെ ശ്രദ്ധക്കുറവുപോലും കാറിനെ താഴ്ചയിലേക്ക് കൊണ്ടുപോകും. ഇന്ത്യയിലെ ഭീകരമായ റോഡുകളില്‍ ഒന്നാണ് ഹിന്ദുസ്ഥാന്‍ ടിബറ്റന്‍ റോഡ്. ഒരു കാലത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ അടയാളം കൂടിയാണിത്. രബിക്ക് ഇവിടെയൊക്കെ ഏതു വാഹനവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയും. അഗാധമായ ഗര്‍ത്തങ്ങളും, അപ്രതീക്ഷിത വളവുകളും ഏതു സമയത്തും ജാഗ്രത പാലിക്കാന്‍ ഓര്‍മ്മപെടുത്തുന്നു.
ആപ്പിള്‍ മരങ്ങളും ചെറിമരങ്ങളും നിറഞ്ഞ സരോഹനില് നിന്നാണ് ഭക്ഷണം കഴിച്ചത്. വീണ്ടും യാത്ര... ഏതു സമയത്തും മണ്ണിടിച്ചില്‍ പ്രതീക്ഷിക്കണമെന്നു പറയാതെ പറയുന്ന BRO തൊഴിലാളികള്‍. ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡിലെ ഏറ്റവും കഠിനമായതു സരാഹന് മുതല്‍ ആണെന്നു തോന്നുന്നു. കൂട്ടുകാരില്‍ പലരും നന്നായി ക്ഷീണിച്ചിട്ടുണ്ട്. ബസ്പ നദിയുടെ തീരത്ത്കൂടി ഞങ്ങള്‍ മുന്നോട്ടു പോയി. സത് ലജ് നദിയുടെ പോഷകനദിയാണ് ബസ്പ. മുന്നോട്ടുപോകുന്തോറും ഇതുവരെയുള്ള യാത്രാക്ഷീണമെല്ലാം പമ്പകടക്കുന്ന കാഴ്ചകളിലേക്ക് ഞങ്ങളിറങ്ങി. തണുത്ത കാറ്റടിച്ചു ഓരോരുത്തരും തണുത്തുവിറച്ചെങ്കിലും ഗ്ലാസ് താഴ്ത്താന്‍ ആരും കൂട്ടാക്കിയില്ല. ഹിമാലയം അതിന്റെ വന്യമായ സൗന്ദര്യം ഞങ്ങളുടെ മുന്പില് തുറന്നുതരികയായിരുന്നു.
സാന്ഗ്ലയില് നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഇന്നെവിടെ താമസിക്കും എന്ന് സംശയം ഉണ്ടായി. സാന്ഗ്ലയില് നിന്നും ചിത്കുല്‍ ആണ് ആദ്യം മനസില്‍ ഉണ്ടായിരുന്നത്. പക്ഷേ ഇനിയും മുപ്പതു കിലോമീറ്ററിലധികം യാത്ര ചെയ്യണം. എത്ര വൈകിയാലും ചിത്കുല്‍ തന്നെ താമസിക്കാം എന്ന് എല്ലാവരും തീരുമാനിക്കാന്‍ കാരണം കാഴ്ചകള്‍ നല്കിയ ലഹരി തന്നെയായിരുന്നു. തിബറ്റന്‍ ഭാഷയില്‍ സാന്ഗ്ല എന്നാല്‍ വെളിച്ചത്തിന്റെ വഴി എന്നാണ് അര്‍ഥം. അതിനെ അന്വര്ഥവമാക്കി ദൂരെ ഹിമാലയത്തില്‍ നിന്നും അസ്തമയസൂര്യന്റെ പ്രകാശം പ്രവഹിക്കുന്നുണ്ടായിരുന്നു. ടിബറ്റിനോട് വളരെ അടുത്തു കിടക്കുന്നതിനാല്‍ മുന്‍പ് ഇവിടെ പ്രവേശിക്കുന്നതിന് ഗവര്മെന്റില് നിന്നും അനുമതി വാങ്ങേണ്ടിയിരുന്നു. എന്നാല്‍ ടൂറിസത്തിന്റെ വളര്‍ച്ചയെ കരുതി പിന്നീടത് എടുത്തുകളഞ്ഞു. എങ്കിലും ഇന്‍ഡോ തിബറ്റന്‍ പോലീസിന്റെ കനത്ത നിരീക്ഷണത്തിലാണ് ഇവിടം.
ഇന്ത്യയുടെ അവസാനത്തെ ഗ്രാമമാണ് ചിത്കുല്‍. വഴിയരികില്‍ അതെഴുതിയ ബോര്‍ഡുകള്‍ പലതും ദ്രവിച്ചിരിക്കുന്നു. ഓരോ ഇരുമ്പ്പാലവും കഴിയുമ്പോള്‍ ഉള്ള ഇന്‍ഡോ തിബറ്റന്‍ പോലീസിന്റെ ടെൻറുകള്‍ മാറ്റിനിര്‍ത്തിയാല്‍ വഴിതീര്ത്തും വിജനമാണ്. പക്ഷേ മഞ്ഞണിഞ്ഞ ഹിമാലയവും, ബസ്പ നദിയുടെ സാമിപ്യവും, ഇടയ്ക്കിടെ കാണുന്ന പൂക്കൃഷിയും ആ വിജനതയെ ഇല്ലാതാക്കുന്നു. രക്ച്ചം എത്തിയപ്പോള്‍ ഇരുള്വീണുതുടങ്ങിയിരുന്നു. ഹിമാലയത്തിന്റെ മറവില്‍ സൂര്യന് മറയുന്ന രംഗം അതിമനോഹരമായിരുന്നു. ചിത്കുല്‍ എത്തുമ്പോള്‍ പൂര്‍ണമായും രാത്രി ആയി.
അതിരാവിലെ എഴുന്നേറ്റു ഉദയം കാണണം എന്നുണ്ടായിരുന്നെങ്കിലും കിടപ്പുസുഖം അതിനനുവദിച്ചില്ല. പക്ഷേ ഞാനൊഴികെ എല്ലാവരും ഉദയം കാണുകയും ചെയ്തു. എന്തൊരു മനോഹര ഗ്രാമമാണ് ചിത്കുല്‍. ബൈബിളില്‍ പറയുന്ന ഏദന്‍ തോട്ടം പോലെ. പക്ഷേ ചില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആ മനോഹരവില്ലേജിന്റെ ശോഭ കെടുത്തുന്നു എന്ന് പറയാതെ വയ്യ. ചിത്കുലിനെ പുണര്‍ന്നു ഒഴുകുന്ന ബസ്പ നദി കടന്നു ഞങ്ങള്‍ നടക്കാന്‍ ഇറങ്ങി.
നടത്തം അവസാനിച്ചത് സ്കൂളിലാണ്. അവസാന ഗ്രാമത്തിലെ അവസാന കെട്ടിടം ഒരു സ്കൂള്‍ അല്ലാതെ മറ്റെന്താണാവുക. ശൈത്യകാലം ആരംഭിക്കുമ്പോള്‍ ഗ്രാമവാസികള്‍ ചിത്കുല്‍ വിട്ടു മറ്റിടങ്ങളിലേക്ക് ചേക്കേറും. ശൈത്യം പൂര്‍ണതയില്‍ എത്തുമ്പോള്‍ സ്കൂളടക്കം ഈ ഗ്രാമം മുഴുവന്‍ മഞ്ഞിലാകും.
ചിത്കുലില്‍ നിന്നും തിരിച്ചുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല, പക്ഷേ പോവാതിരിക്കാന്‍ കഴിയില്ലല്ലോ. വന്നവഴി തന്നെ ഞങ്ങള്‍ തിരിച്ചുപോയി. വീണ്ടും സത് ലജ് നദിയുടെ അരികിലൂടെ യാത്ര. സുംടോയിലാണ് താമസിക്കാന്‍ ഉദേശിക്കുന്നത്. ഇവിടെ നിന്നും ഏകദേശം എട്ടുമണിക്കൂര്‍ യാത്രയുണ്ട്. കല്പയിലേക്ക് തിരിയുന്നതിന് മുന്‍പ് തന്നെ കാറിനു ഒരു അസ്വസ്ഥത തോന്നുന്നു എന്ന് രഹസ്യമായി രബി എന്നോട് പറഞ്ഞു. രഹസ്യമായി പറയാനുള്ള കാരണം കുല്‍ദീപ് അടക്കമുള്ള സുഹൃത്തുകള്‍ക്ക് യാത്രയോട് ഒട്ടും അഭിനിവേശമില്ലത്തവരാണ്. ഇതിനിടയില്‍ വാഹനത്തിനു എന്തെങ്കിലും തകരാറ് വരുകയെന്നതു അവരെ സംബധിച്ച് ഉള്‍കൊള്ളാന്‍ പ്രയാസമായിരിക്കും.
വളഞ്ഞും പുളഞ്ഞുമുള്ള പാതയില്‍ കാറിനെ നിയന്ത്രിക്കാന്‍ രബി വല്ലാതെ പ്രയാസപെടുന്നുണ്ടെന്നു അവന്റെ മുഖഭാവത്തില്‍ നിന്നും മനസിലാകുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഒന്ന് രണ്ടു തവണ നിര്‍ത്തിയിട്ട ട്രെക്കൂകാരുടെ അടുത്തു പോയി അവന് എന്തോ അന്വേഷിക്കുകയും ചെയ്തു. യംതാങ്ങില് വെച്ചാണ് ഒരു വര്‍ക്ക്ഷോപ്പ് കണ്ടെത്താന്‍ കഴിഞ്ഞത്. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമായിരുന്നില്ല കാറിന് സംഭവിച്ചിരുന്നത്.
രാത്രിയിലോ അടുത്ത ദിവസം രാവിലെയോ ശരിയാക്കി തരാം എന്നാണ് പറയുന്നത്. ഞാന്‍ രബിയെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദിഗ്ധഘട്ടത്തെ അവനങ്ങനെ മറികടക്കും എന്നെനിക്കു അറിയണമായിരുന്നു. ആപ്പിള്‍ ഇറക്കി വന്ന ഒരു ട്രെക്കിലേക്ക് ഞങ്ങളോട് കയറാന്‍ പറഞ്ഞിട്ട് രബി പറഞ്ഞു, ഇവിടെ അടുത്തു നാക്കോ എന്നൊരു ഗ്രാമമുണ്ട്, അവിടുത്തെ മൊണാസ്ട്രിയില്‍ പോയി പ്രാര്‍ഥിച്ചാല്‍ മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരും ട്രക്കില്‍ കയറി. ട്രെക്ക് നീങ്ങിതുടങ്ങിയപ്പോയാണ് കുല്‍ദീപിന് ഒരു സംശയം "അതിനെന്തിനാണ് ട്രക്കില്‍ പോകുന്നത്, കാറില്‍ പോയ്ക്കൂടെ "
അതിനുമുണ്ട് രബിക്ക് ഉത്തരം, ആ ഭാഗങ്ങളില്‍ കാര്‍ പോവില്ലെത്രേ. നാക്കോയില്‍ നിന്നു വരുന്ന കാറുകള്‍ കണ്ടിട്ട് പോലും രബിയുടെ ഉത്തരത്തില്‍ എല്ലാവരും സംത്യപ്തരായി. നാക്കോ ഗ്രാമത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി ഹോട്ടലുകള്‍ ഉണ്ട്. ഗ്രാമത്തില്‍ നിന്നും നോക്കിയാല്‍ ദൂരെ കിന്നോര്‍ കൈലാസം കാണാം. നാക്കോ കിന്നോറിന്റെ ഭാഗമാണെങ്കിലും ഭൂമിശാസ്ത്രപരമായി സിപ്തിയോട് ചേര്‍ന്നാണ് നാക്കോയുടെ കിടപ്പ്. അതുകൊണ്ട് തന്നെ ഒരു വരണ്ട ഭൂപ്രദേശമാണിത്. നാക്കോ ഗ്രാമത്തിലെ തടാകത്തിനോട് ചേര്‍ന്ന ഒരു ഭാഗത്ത് ടെന്റ് അടിച്ചാണ് ഞങ്ങള്‍ താമസിച്ചത്. തടാകത്തിനെ ചുറ്റിയുള്ള മരങ്ങള്‍ തടാകത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനു മാറ്റ് കൂട്ടി. രാത്രി ഭക്ഷണവുമായി വന്ന ആളോട് രബി കുറച്ചു നേരം സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നഷ്ടമായ കിന്നോര്‍ കൈലാസത്തിലെ ഉദയം കണ്ടുകൊണ്ടാണ് ഉണര്‍ന്നത്. മൊണാസ്ട്രികാണാന് ഞാന്‍ പോയില്ല. തിരിച്ചുവന്നവരുടെ മുഖത്തു മോക്ഷം കിട്ടിയ സന്തോഷമൊന്നും എനിക്ക് കാണാനും കഴിഞ്ഞില്ല. നാക്കോയിലേക്ക് കാര്‍ എത്തിച്ചു നല്‍കുന്നതിനെ കുറിച്ചാണ് ഇന്നലെ രാത്രി സംസാരിച്ചതെന്നു കാര്‍ എത്തിയപ്പോയാണ് മനസിലായത്. ഇനി സുംടോയില് നിര്‍ത്തണ്ട കാര്യമില്ല. ഗ്യൂ വില്ലേജിലെ മൊണാസ്ട്രി പുതുക്കിപണിതിരിക്കുന്നു. അതിനകത്താണ് മമ്മി ഇരിക്കുന്നത്. മുന്‍പ് മറ്റൊരു മൊണാസ്ട്രിയിലായിന്നു.
1975 ഇലെ ഒരു ഭൂകമ്പത്തിനു ശേഷം മണ്ണുമാറ്റികൊണ്ടിരിക്കുമ്പോയാണ് മമ്മിയെ കണ്ടെത്തുന്നത്. കാര്‍ബണ്‍ കാലഘട്ട നിര്‍ണ്ണയത്തില്‍ ഗവേഷകര്‍ ഈ മമ്മിക്കു 500-600 വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ് പറയുന്നത്. അത്ഭുതകരമായ കാര്യം ഈ മമ്മി കേടുകൂടാതെ നിലനിര്‍ത്താന്‍ ഒരു തരത്തിലുള്ള രാസവസ്തുക്കളും ഉപയോഗിച്ചിട്ടില്ല എന്നതാണ്.
വര്‍ഷത്തില്‍ പകുതിയും മഞ്ഞുപുതഞ്ഞു കിടക്കുന്ന ഇവിടുത്തെ കാലാവസ്ഥയാകാം മമ്മി സംരക്ഷിക്കപെടാനുള്ള കാരണമായി ഗവേഷകര്‍ പറയുന്നത്. കാരണം എന്ത് തന്നെയായാലും ഗ്യൂ ഗ്രാമത്തിനു ഈ മമ്മി സങ്ങാ ടെന്സിന് ബുദ്ധസന്യാസിയാണ് അവര്‍ക്കീ സന്യാസി ജീവിക്കുന്ന ദൈവമാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പിവിടെ പ്ലേഗ് എന്ന മഹാമാരി വന്നെന്നും സന്യാസിയുടെ ആത്മാവ് ഉടലില്‍ നിന്നും വേര്‍പെട്ട് ഒരു മഴവില്ലായി മാറി പ്ലേഗിനെ ഇല്ലാതാക്കി എന്നുമാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.