കാഴ്​ചയുടെ പറുദ്ദീസയാണീ ഹൈദരാബാദ്​

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവുകൾക്കായുള്ള പ്രയാണം. ഈ കണ്ട സ്ഥലങ്ങളിലൊക്കെ പോയിട്ട് എന്തു കി ട്ടാനാ? ഇങ്ങനെ പൈസ ചിലവാക്കി യാത്ര ചെയ്തിട്ടെന്തിനാ? ഇതിനു മാത്രം പൈസ നിങ്ങൾക്കെവിടുന്നാ? കൂടെ ആരുമില്ലാതെ ഒറ്റക്ക് പോയാൽ ശരിയാകുമോ? ബാഗും തൂക്കി യാത്ര പുറപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും വീട്ടിൽ നിന്നു കേൾക്കുന്ന സ്ഥിരം പല്ലവി അന്ന് ആ ഹൈദരാബാദ് യാത്രയിൽ ഞാനും കേട്ടു. നമ്മുടെ സുരക്ഷയെ മുൻ നിർത്തിയുള്ള സ്​നേഹപൂർണമായ കരുതലാണ്​ ആ ചോദ്യങ്ങൾക്ക്​ പിന്നിലെന്ന്​ അറിയാമെങ്കിലും യാത്രയോടുള്ള മുഹബത്ത്​ അങ്ങനെ മനസ്സിൽ നിറഞ്ഞ്​ തുളുമ്പി നിൽക്കുമ്പോൾ ചോദ്യ കർത്താക്കൾക്ക്​ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു​െകാണ്ട്​ യാത്രക്ക്​ ഒരുങ്ങുകയാണ്​ ചെയ്തത്​​​.

ആകാശ യാ​ത്ര ഒരു സ്വപ്​നമായി മനസ്സിലുണ്ടായിരുന്നു. പൊതുവേ പിശുക്കിയായിരുന്ന ഞാൻ ആ മോഹം തീർക്കാൻ ഏതെങ്കിലും ഒരു ഭാഗ​േത്തക്ക്​ വിമാന യാത്രയാവാമെന്നായിരുന്നു കരുതിയിരുന്നത്​. എന്നാൽ കൂടിയാലോചനകൾക്കും പ്ലാനിങ്ങിനുമൊടുവിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര വിമാനത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അതെ, കന്നി വിമാനയാത്ര. രാവിലെ 7.30 നായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ്. രണ്ട്​ മണിക്കൂർ ആകാശത്തിലൂടെ സ്വപ്​ന യാത്ര. പുറത്തെ കാഴ്​ചകൾ കാണാൻ വിൻഡോ സീറ്റ്​ പ്രത്യേകം ചോദിച്ചു വാങ്ങിയിരുന്നു. മുകളിൽ നീലാകാശവും താഴെ അപ്പൂപ്പൻ താടി പോലെയും വലിയ പഞ്ഞിക്കെട്ടു പോലെയും തൂവെള്ള മേഘ പടലങ്ങൾ ഒഴുകി നീങ്ങുന്ന കാ​ഴ്​ച.. സൂര്യരശ്​മികൾ അരിച്ചിറങ്ങുമ്പോൾ പല കുറി നിറം മാറിയും മങ്ങിയും പ്രകൃതി വർണ വിസ്​മയ കാഴ്​ചയാൽ ഞങ്ങളെ രസിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്ലൈറ്റിൽ നിന്ന് ചിത്രങ്ങളും വീഡിയോയും എടുക്കാൻ ഞങ്ങൾ മറന്നില്ല. യാത്രക്കാരെ ആകാശമാർഗം കിറു കൃത്യമായി വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതിൽ എത്ര മനുഷ്യരുടെ കൂട്ടായ പരിശ്രമമാണുള്ളത്​...

ട്രാവൽ ഏജൻസിയുടെ പാക്കേജ്​ എടുത്ത്​ പോയതിനാൽ ഞങ്ങൾക്കുള്ള കാറും ഡ്രൈവറും വിമാനത്താവളത്തിൽ എത്തിയിരുന്നു. പിന്നീടങ്ങോട്ടുള്ള യാത്രയിൽ ഹിന്ദിയെയും ഇംഗ്ലിഷിനെയും ഞാൻ വല്ലാതങ്ങു ബഹുമാനിച്ചു പോയി. ഹിന്ദിക്കാരനായ ഡ്രൈവർ സമദ്​ ഭായിയോട്​ ഏട്ടൻ കട്ടക്ക് പിടിച്ചു നിന്നു.
ആദ്യം ഗോൽക്കൊണ്ട ഫോർട്ടിലേക്കാണ് ഞങ്ങൾ യാത്ര തിരിച്ചത്. കുറച്ചങ്ങോട്ട്​ കയറിയപ്പോൾ പതിയെ ഉൾവലിഞ്ഞ എന്നെ ഏട്ടൻ പിടിച്ചു കയറ്റി. ഇനിയങ്ങോട്ട് എന്ത് എന്നുള്ള ആവേശത്തിൽ അറിയാതെ ഞങ്ങൾ പടികൾ കയറി അവസാനിപ്പിച്ചു. മഞ്ഞു കട്ടകൾ കൊണ്ടു തീർത്തൊരു ലോകമായിരുന്നു ഹൈദരാബാദിലെ സ്നോ വേൾഡ്. പിന്നിട് ഞങ്ങൾ അവിടെക്കാണ് ലക്ഷ്യം വെച്ചത്. മഞ്ഞു ലോകത്തെക്ക് കയറിയത് ആ വേശത്തോടെയായിരുന്നു. അവിടുന്നു തരുന്ന വേഷങ്ങളിൽ അകത്തേക്ക് കയറിയ എനിക്ക് അര മണിക്കൂറേ അവിടെ പിടിച്ചു നിൽക്കാനായുള്ളൂ. പൊതുവെ ചായ പ്രാന്തനായ ഏട്ടൻ അവിടുന്ന് ഇറങ്ങിയ ഉടൻ എനിക്കൊരു ചൂടു ചായ വാങ്ങി തന്നു. ആ തണുപ്പിൽ നിന്നു മുക്തി നേടാൻ അതേ മാർഗമുണ്ടായിരുന്നുള്ളൂ.

ഗോൽക്കൊണ്ട കോട്ട

ലുംബിനി പാർക്കി​​​െൻറ മനോഹാരിതയും ഹുസൈൻ സാഗർ തടാകത്തിലെ ബോട്ടിങ്ങും പ്രത്യേകം എടുത്തു പറയേണ്ട കാര്യങ്ങളാണ്​. തടാകത്തിനരികിൽ ദലൈലാമയുടെ ഭീമൻ പ്രതിമയുണ്ട്​. മുമ്പ്​ മൈസൂരിൽ കണ്ട ലേസർ ഷോയെക്കാൾ വ്യത്യസ്​തവും ആകർഷകവുമായിരുന്നു അവിടുത്തെ ലേസർ ഷോ. രാവിലെ നേരത്തെ എഴു​ന്നേറ്റതി​​​െൻറ ക്ഷീണം ആ രാത്രിയിൽ ഞങ്ങൾ ഉറങ്ങി തീർത്തു. പിറ്റേന്ന്​ 8.30ക്ക് ഇറങ്ങണമെന്നും രാമോജി ഫിലിം സിറ്റിയിലേക്ക്​ ഒന്നര​ മണിക്കൂറോളം യാത്ര വേണമെന്നും ഡ്രൈവർ ഞങ്ങളോട്​ പറഞ്ഞിരുന്നു. രാവിലെ ഉറക്കമുണർന്ന ഞങ്ങൾ ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം എട്ട്​ മണി. പിന്നെ ഒന്നും നോക്കിയില്ല ഒരു ഓട്ടമായിരുന്നു.

ദലൈലാമയുടെ പ്രതിമ

ഫിലിം സിറ്റിയിൽ ഒരു വൻ ജനാവലി തന്നെയുണ്ടായിരുന്നു. ഏകദേശം ഒരു 11 മണിയോടെ ഞങ്ങൾ അകത്ത്​ പ്രവേശിച്ചു. ഉടനെ അവിടുത്തെ ബസിൽ കയറി ഞങ്ങൾ കാഴ്​ചയുടെ പറുദ്ദീസയിലേക്ക്​ കടന്നു. ഡാർക്ക് ഷോയിലേക്കാണ് ആദ്യം കയറിയത്. അവിടെ ഞങ്ങൾക്ക് മുമ്പിലുണ്ടായത് ഇരുട്ടിലെ വിസ്മയം തന്നെയായിരുന്നു. വിവിധ നിറങ്ങളിൽ, വെളിച്ചത്തിൽ തിളങ്ങുന്ന വസ്​ത്രമണിഞ്ഞുള്ള കലാകാരൻമാരുടെ പ്രകടനം. മനുഷ്യരാണോ ആനിമേഷൻ ആണോ എന്ന്​ തോന്നിപ്പോക​ുന്ന അവതരണം. ഇരുട്ടിനു പിന്നിൽ കുറച്ച് മനുഷ്യരുടെ പ്രയത്നമായിരുന്നു ഞങ്ങളെ സന്തോഷിപ്പിച്ചതെന്ന്​ ഷോയ്ക്ക് ശേഷമാണ്​ മനസിലായത്.

വിശന്നു വലഞ്ഞ്​ കാൽ തളർന്നു തുടങ്ങി. ഫിലിം സിറ്റിക്കകത്തേക്ക്​ പുറത്തു നിന്ന്​ ഭക്ഷണം കൊണ്ടു പോകരുതെന്ന നിബന്ധനയുള്ളതിനാൽ അതിനകത്തെ റെസ്​റ്റോറൻറിൽ നിന്നു തന്നെ ഭക്ഷണം കഴിക്കാൻ ഞങ്ങൾ നിർബന്ധിതരായി. ഹോട്ടലിലാണെങ്കിൽ കാലു കുത്താൻ ഇടമില്ല. മുന്നിലെ വിലവിവര പട്ടിക വായിച്ചപ്പോൾ തന്നെ വയറ്റിലുള്ള ഭക്ഷണം ഒരു വിധം ദഹിച്ചിരുന്നു. ബിരിയാണി ഐറ്റംസ് മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്​. തലേ ദിവസം എ​​​െൻറയും വയറി​േൻറയും സ്വസ്​ഥത കളഞ്ഞ ബിരിയാണി ഓർമ വന്നുവെങ്കിലും മറ്റ്​ വഴിയില്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് 450 രൂപയുടെ മട്ടൺ ബിരിയാണി വാങ്ങി ഞങ്ങൾ പങ്കിട്ടു കഴിച്ചു.

വീണ്ടും നടത്തം. നടന്ന് ദാഹിച്ചു വലഞ്ഞ ഏട്ട​​​െൻറ മുമ്പിൽ കൂൾ ഡ്രിഗ്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ഒരു ലൈം വാങ്ങിയാലോ എന്ന് ഏട്ടൻ, ഞാൻ പിന്നെ എന്തിനും ഒ.കെ ആണല്ലോ. 30 രൂപയുടെ ലൈം ഓർഡർ ചെയ്​തിട്ട്​ കിട്ടിയത്​ ഗ്ലാസിഴെലാഴിച്ച സ്പ്രറ്റ്. അറിയാൻ പാടില്ലാത്ത ഭാഷയായതുകൊണ്ട്​ പ്രതിഷേധം രേഖപ്പെടുത്താതെ മനസ്സിലൊതുക്കി. ബാഹുബലി സിനിമയുടെ സെറ്റിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ബാഹുബലി സെറ്റിലെത്തിയപ്പോൾ ആ സിനിമയിലെ ഓരോ സീനുകളും മനസിലേക്കെത്തി. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തി​​​െൻറ ഭാഗങ്ങൾ നേരിട്ട് അനുഭവിക്കാൻ പറ്റിയതിൽ അതിയായ സന്തോഷം തോന്നി. സിനിമയിൽ കണ്ടതെല്ലാം മുമ്പിൽ പ്രത്യക്ഷമായ കാഴ്ച ഹൃദയ സ്​പർശിയായിരുന്നു.

ചെന്നൈ എക്സ്പ്രസ് ചിത്രത്തിലെ റെയിൽവേ സ്റ്റേഷൻ ഫിലിം സിറ്റി​യിലിട്ട സെറ്റ്​ ആണെന്ന്​ കണ്ടറിഞ്ഞപ്പോൾ ഒരു സിനിമക്ക് പിന്നിലെ ഊർജം എത്ര വലുതാണെന്ന്​ തിരിച്ചറിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരുന്നു അവയുടെ നിർമാണം. വിവിധ സ്വഭാവത്തിലുള്ള ഗ്രാമങ്ങളും നഗരങ്ങളുമ വരെ അവിടെ നിർമിച്ചു വെച്ചിട്ടുണ്ടായിരുന്നു. സ്​റ്റേജ്​ ഷോയും പരേഡും തുടങ്ങി കാഴ്​ചയുടെ ഉത്സവം തന്നെയായിരുന്നു ആസ്വദിച്ചറിഞ്ഞത്​. ഏകദേശം എട്ട്​ മണി ആയ​േതാടെ ഫിലിം സിറ്റിയിൽ നിന്ന്​ തിരിച്ചു കയറി.

ചാർമിനാർ

മൂന്നാം ദിവസം രാവിലെ ഉണർന്ന ഞങ്ങളിൽ ടൂർ അവസാനിക്കുന്നതി​​​െൻറ തെല്ലൊരു വിഷമം ഉണ്ടായിരുന്നു. ബിർലാ മന്ദിറും സലാർജങ്​ മ്യൂസിയവും കണ്ട ശേഷം മക്കാ മസ്ജിദ്​ കാണാനെത്തിയ ഞങ്ങൾക്ക് അവിടെ കയറാനായില്ല. ദുപ്പട്ട ഇല്ലെന്നു പറഞ്ഞ് സെക്യുരിറ്റി എന്നെ പുറത്താക്കി. പിന്നീട്​ ചാർമിനാറി​ന്​ മുന്നിലെത്തി. നാലു മിനാരങ്ങളുള്ള പള്ളി എന്നാണ് ചാർമിനാർ എന്ന പേരിനർഥം. പേര് പോലെ തന്നെ നാല് മിനാരങ്ങളാണിതിനുള്ളത്. ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാജനം ചെയ്തതിൻറെ സ്മരണാർത്ഥം 1591 ൽ കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ചാർമിനാർ നിർമ്മിച്ചത്. 2012ൽ ഈ സ്മാരകം ലോക ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്​. നാല് മിനാരങ്ങൾ നാല് ഖലീഫമാരെ പ്രതിനിധാനം ചെയ്യുന്നതായാണ് വിശ്വാസം. മിനാരത്തിനകത്ത് 149 പടികൾ.. 151 അടിയാണ് ചാർമിനാറി​​​െൻറ ഉയരം. ചാർമിനാറിന്​ മുകളിൽ നിന്ന്​ നോക്കിയാൽ അതിനു മുന്നിലെ തെരുവ്​ പൂർണമായും കാണാനാകും. തിരക്കേറിയ തെരുവിൽ അന്നന്നത്തെ അന്നത്തിന്​ വേണ്ടി ഉറക്കെ വില വിളിച്ചു പറഞ്ഞ്​ സാധനങ്ങൾ വിൽക്കുന്ന തെരുവ്​ കച്ചവടക്കാർ, കുറഞ്ഞ വിലക്ക്​ വാങ്ങാനായി വില പേശുന്ന ഉപഭോക്താക്കൾ, കാഴ്​ചക്കാർ എന്നു തുടങ്ങി തെരുവി​​​െൻറ വശ്യത അനുഭവിച്ചറിയാനാകും.

ഓരോ യാത്രകളും ഓരോ ലക്ഷ്യ സാക്ഷാത്​ക്കാരമാണ്​. ഈ കൊച്ചു ഭൂമിയിലെ ചുരുങ്ങിയ ദിവസങ്ങൾ എങ്ങനെയാണു ജീവിച്ചു തീർക്കേണ്ടതെന്ന്​ നാമോരോരുത്തർക്കും കൃത്യമായ കാഴ്​ചപ്പാട്​ വേണം. ആ കാഴ്​ചപ്പാടിനനുസരിച്ച്​ പ്രവർത്തിക്കണം. പൗലോ കൊയ്​ലോ ആൽകെമെസ്റ്റിൽ പറഞ്ഞത് പോലെ നമ്മുടെ ലക്ഷ്യത്തിലെത്താന്‍ അതികഠിനമായി നാം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഈ ലോകം തന്നെ നമ്മെ സഹായിക്കും.

Tags:    
News Summary - hyderabad journey -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.