അപ്പത്താനികളുടെ ഗ്രാമത്തിലേക്കാണ് യാത്ര. അരുണാചൽപ്രദേശിലെ സുബാൻസുരി ജില്ലയുടെ ആസ്ഥാനമായ സീറോഗ്രാമമാണ് അപ്പത്താനികൾ എന്ന ആദിവാസിഗോത്രത്തിന്റെ തലസ്ഥാനം. ഉയർന്നമലകൾക്കിടയിലെ നിരന്ന പാടശേഖരങ്ങൾ നിറഞ്ഞ മനോഹരപ്രദേശമാണ് ഭാരതത്തിലെ കിഴക്ക് ടിബറ്റൻ അതിർത്തിൽ സ്ഥിതിചെയ്യുന്ന സീറോഗ്രാമം. വലിപ്പം കൊണ്ട് ഏഷ്യയിലെ രണ്ടാമത്തെ വലിയ ആദിവാസി കോളനിയായ ഹോങ്ബസ്തിയിലും സീറോഗ്രാമത്തിലുമായി അപ്പത്താനികൾ താമസിക്കുന്നു. ആദി, നിഷി ഹിൽസ്മിരി തുടങ്ങിയ നാല്പതോളം ആദിവാസി ഗോത്രങ്ങൾ അരുണാചലിൽ ഉണ്ടെങ്കിലും ഏറ്റവും വലിയ സമൂഹം അപ്പത്താനികൾ തന്നെ. അതിദുർഘടമായ മലമ്പാതകൾ താണ്ടിവേണം ഇവിടെ എത്താൻ. അതുകൊണ്ട് പൊതുവേ യാത്രികർ സുബാൻസരി ജില്ല സന്ദർശനത്തിനു തിരഞ്ഞെടുക്കാറില്ല മാത്രവുമല്ല, വർഷത്തിൽ ഭൂരിപക്ഷം മാസങ്ങളിലും സീറോയിൽ അതിശൈത്യമായിരിക്കും. ഇന്ത്യക്കാർക്ക് പരിചിതമല്ലെങ്കിലും അപൂർവ്വതകൾ നിറഞ്ഞ ഈ ആദിവാസി ഗ്രാമവും കോളനിയും പുറം ലോകത്തിനു ഇന്ന് അപരിചിതമല്ല.
യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പരിഗണിക്കപ്പെടാനുള്ള ചുരുക്കപ്പട്ടികയിൽ ഹോങ്ബസ്തി സ്ഥിതി ചെയ്യുന്ന സീറോവില്ലേജ് 2012 ൽ കയറിപ്പറ്റി. എട്ടുവർഷം നീണ്ടു നിൽക്കുന്ന പരിഗണനാപരിശോധനകൾ പാരീസ് ആസ്ഥാനമായ യുനെസ്കോ നടത്തിവരുന്നു. മത്സ്യവും നെൽകൃഷിയും തിനയും മാറിമാറി കൃഷിചെയുന്ന അപൂർവ്വ മാതൃകയിലുള്ള കൃഷിരീതിയാണ് ഇവിടുത്തെ ആദിവാസികൾ നടത്തുന്നത്. യന്ത്രങ്ങളും മൃഗങ്ങളും കൃത്രിമവളങ്ങളും ഉപയോഗിക്കാതെ അമേരിക്കയ്ക്കും ജപ്പാനും തുല്യമായ ‘ഊർജ്ജക്ഷമതയുള്ള’ കൃഷിരീതി നൂറ്റാണ്ടുകളായി തുടരുന്നു എന്നതാണ് സീറോ ഗ്രാമത്തിന് ഹെറിറ്റേജ് പട്ടികയിൽ കയറിപ്പറ്റുവാൻ സഹായിച്ചത്.
അധ്വാനവും ഉല്പാദനവും തമ്മിള്ള നേർ അനുപാതമാണ് കൃഷിയുടെ ഊർജ്ജക്ഷമത അളക്കുന്ന സൂചിക. ആധുനിക കൃഷിരീതികളും കൃത്രിമവളങ്ങളും അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളും ഉപയോഗിക്കുന്ന അമേരിക്കയുടെയും ജപ്പാന്റേയും കാർഷികഊർജ്ജക്ഷമത 1:01 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം അപ്പത്താനികളുടെ അരുണാചൽ മാതൃകയുടെ ഊർജ്ജക്ഷമത 1:7 ആണ് എന്നത് യുനെസ്കോ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നു. അപ്പത്താനികൾ പുലർത്തുന്ന പരമ്പരാഗതരീതികൾ സുസ്ഥിരവും കാര്യക്ഷമതയുമുള്ളതാണെന്ന് യുനെസ്കോയുടേ ഓൺലൈൻ വിവരശേഖരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതത്തിൽ ആദ്യസൂര്യകിരണങ്ങൾ എത്തുന്നത് അരുണാചൽ പ്രദേശിലാണ്. അതുകൊണ്ട് രാവിലെ നാലുമണിയാകുമ്പോഴേക്കും നന്നായി വെളിച്ചം വരികയും വൈകുന്നേരം അഞ്ചുമണിയോടെ ഇരുൾവീണു തുടങ്ങുകയും ചെയ്യും. സമുദ്രനിരപ്പിൽ നിന്നും ഉദ്ദേശം 5800 അടി ഉയരത്തിലുള്ള സീറോയിൽ ഒരു ചെറിയ എയർസ്ട്രിപ് ഉണ്ടെങ്കിലും ഉപയോഗശൂന്യമായ ഇവിടേക്ക് വർഷങ്ങളായി വിമാനങ്ങളൊന്നും പറക്കുന്നില്ല. ഇൻഡോ-ചൈന യുദ്ധകാലത്ത് സൈന്യത്തിനു വലിയ സഹായമായിരുന്ന റൺവേക്ക് ഇരുപുറവും തകരംമേഞ്ഞ വീടുകളാണിന്ന്. യുദ്ധസ്മാരകം എന്നപോലെ ഒരു ചെറിയ ആപ്പീസും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് റോഡുമാർഗ്ഗമല്ലാതെ സീറോയിൽ എത്താൻ മറ്റുവഴികളൊന്നും ഇല്ല.
അസമിെൻറ തലസ്ഥാനമായ ദിസ്പുരിൽ നിന്നും സർക്കാർ ബസിലാണ് ഞങ്ങൾ യാത്ര തിരിച്ചത്. ഉദ്ദേശം 12 മണിക്കൂർ നീണ്ട യാത്രയുടെ അവസാനം അസമിൻറെയും അരുണാചൽ പ്രദേശിന്റേയും അതിർത്തിയിലുള്ള നോർത്ത് ലക്കിൻപൂരിൽ ബസ് ഇറങ്ങി. ഏഴു സഹോദരികളെന്ന് വിളിക്കുന്ന വടക്ക്കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ആഹാരകാര്യങ്ങളിൽ നിഷ്കർഷയുള്ളവരായിരിക്കരുത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ലഭിക്കുന്ന ഭക്ഷണങ്ങളൊന്നും ഇവിടെ ലഭിക്കില്ല. അതുകൊണ്ട് തദ്ദേശീയരുടെ ഭക്ഷണരീതികളെ ആശ്രയിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. തലേദിവസം സന്ധ്യക്ക് ആരംഭിച്ച യാത്രയാണ്, കടുത്ത ക്ഷീണമുണ്ടെങ്കിലും ലോവർ സുബാസൻസുരി ജില്ലയുടെ തലസ്ഥാനമായ സീറോയിലെത്തിയതിനുശേഷം ആണ് വിശ്രമിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.. നോർത്ത് ലക്കിൻപൂരിൽ നിന്നും ഉദ്ദേശം മൂന്നു മണിക്കൂർ ടിബറ്റ് അതിർത്തിയിലേയ്ക്കു വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചാൽ സീറോയിൽ എത്തിച്ചേരാം.
പലതരം വിഭവങ്ങൾ ചേർന്ന ബിഹൂർ ജോല്പാൻ എന്ന അസമീസ് പരമ്പരാഗത പ്രഭാത ഭക്ഷണവും കഴിച്ച് യാത്ര തുടർന്നു. തൈരിനോപ്പം ചില മധുരപദാർത്ഥങ്ങളും അരികൊണ്ട് കൊഴുക്കട്ടയുമൊക്കെ ഉൾപ്പെട്ട ഭക്ഷണമാണിത്. ലക്കിൻപൂരിൽ നിന്നും സീറോയിലേയ്ക്കുള്ള ദുർഘടമായ മലമ്പാതയിലെ സഞ്ചാരത്തിനു ടാറ്റാ സുമോയാണ് പ്രധാന ആശ്രയം. സമയനിഷ്ഠയില്ലാതെ വല്ലപ്പോഴും എത്തുന്ന സ്റ്റേറ്റ് ട്രാസ്പോർട്ട് വാഹനം സന്ദർശകർക്കു പറ്റിയതല്ല. അസം അതിർത്തി പിന്നിടുമ്പോൾ കാലാവസ്ഥ മാത്രമല്ല, ഭൂപ്രകൃതിയും മാറി വരുന്നത് കാണാം. നിരന്ന പ്രദേശങ്ങൾ അവസാനിച്ച് അപൂർവ്വയിനം ചെടികളും ഓർക്കിഡുകളും നിറഞ്ഞ മലകൾക്കിടയിലെ ദുർഘടമായ മലമ്പാതയിലേക്ക് ഞങ്ങളുടെ സുമോ കടന്നു. വണ്ടിയിൽ കൂടുതലും തദ്ദേശീയരായ മധ്യവയസ്ക്കരാണ്. കടും ചുവപ്പ് പൂക്കൾ നിറഞ്ഞ പൂവരശുകൾ മലഞ്ചെരുവിൽ അവിടവിടെ ആയി കാണാം. റോഡ് യാത്ര സുഖകരമല്ലെങ്കിലും കുളിരുള്ള ശുദ്ധവായു നൽകുന്ന ഉന്മേഷവും സഹയാത്രികരുടെ വിചിത്രമായ ഭാഷയും വേഷവും നൽകുന്ന കൗതുകവും ക്ഷീണത്തെ അകറ്റി.
ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങളുടെ വാഹനം മലനിരകൾക്ക് മുകളിലെത്തി. നിരന്നു കിടക്കുന്ന നെല്പാടങ്ങൾക്കിടയിലൂടെ സീറോപ്പട്ടണത്തിലേക്ക് യാത്ര തുടർന്നു. വളരെ സൗമ്യപ്രകൃതരായ സഹയാത്രികർ. പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പൊതുവേ ശാന്തശീലരാണെന്ന് കശ്മീരിലെ ലഡാക്, ഉത്തർഘണ്ഡിലെ ജോഷിമഠ് തുടങ്ങിയ ഹിമാലയൻ പട്ടണങ്ങൾ സന്ദശിച്ചപ്പോൾ തോന്നിയത് ഇവിരെ കണ്ടപ്പോൽ ഉറപ്പാക്കി. ഞങ്ങളുടെ സഹയാത്രിക അപ്പത്താനി വൃദ്ധയുടെ മൂക്കുത്തിയാണ് യാത്രയിൽ കണ്ട പ്രധാന കൗതുകകാഴ്ച. പഴയ പത്ത് പൈസ വട്ടത്തിൽ കറുത്ത തിളക്കമില്ലാത്ത രണ്ട്മൂക്കൂത്തികൾ, ചുക്കി ചുളിഞ്ഞതെങ്കിലും സുന്ദരമായമുഖം മുഴുവൻ പച്ചകുത്തി വികൃതമാക്കിയിരിക്കുന്നു. പിറ്റേന്ന് പരിചയപ്പെട്ട തച്ചോ എന്ന ചെറുപ്പക്കാരനാണ് മുഖം വികൃതമാക്കുന്നതിന്റെ രഹസ്യം പങ്കുവച്ചത്.
സ്ത്രീകൾ അധ്വാനികളായതുകൊണ്ടും, സുന്ദരികളായതുനിമിത്തവും, ബ്രിട്ടീഷുകാരും മറ്റു ഗോത്രത്തിലുള്ളവരും സീറോയിലെ സ്ത്രീകളെ വീട്ടു ജോലിക്കും ലൈംഗിക ചൂഷണങ്ങൾക്കുമായി പിടിച്ചുകൊണ്ട് പോകുമായിരുന്നുവത്രേ. ദുഷ്ടന്മാരായ പെൺറാഞ്ചികളികളിൽ നിന്നും രക്ഷനേടുന്നതിനു വേണ്ടി സ്ത്രീകൾ പച്ചകുത്തി മുഖം വികൃതമാക്കുകയും, തടിക്കഷ്ണം കൊണ്ട് ഉണ്ടാക്കിയ വലിയ മൂക്കൂത്തി ധരിക്കുകയും ചെയ്യുമായിരുന്നുവത്രെ!. മറ്റു പല ആചാരങ്ങളും എന്നപോലെ, കാലം മാറിയിട്ടും, അപ്പത്താനി സ്ത്രീകൾ ഇന്നും മൂക്കൂത്തിയും മുഖത്തെ പച്ചകുത്തലും തുടർന്നു പോരുന്നു. എങ്കിലും പുതിയ തലമുറയിൽ പെടുന്നവർ ഇപ്പോളിതൊന്നും ചെയ്യാറില്ല എന്ന് തച്ചൊ അവകാശപ്പെട്ടു. സ്ത്രീകൾ പൊതുവെ കഠിനാധ്വാനികളും പുരുഷന്മാർ അലസന്മാരുമാണ് എന്നതാണ് അപ്പത്താനിവർഗ്ഗത്തിന്റെ പൊതു സ്വഭാവം!
വെളുത്തനിറവും പതിഞ്ഞ മൂക്കും ഉള്ള മംഗ്ളോയിഡ് വംശത്തിൽ പെട്ടവരാണ് അരുണാചൽ വാസികൾ. രൂപത്തിലും ഭാഷയിലും സംസ്ക്കാരത്തിലും ദൈവവിശ്വാസത്തിൽ പോലും ദക്ഷിണേന്ത്യയിലെ ഇരുണ്ടനിറമുള്ള ദ്രാവിഡഗോത്രത്തിൽപ്പെട്ടവരുമായി കിഴക്കൻ സംസ്ഥാനത്തിലെ ആദിവാസികൾക്ക് ഒരു സാദൃശ്യവുമില്ല. ഭാരതീയർ അവകാശപ്പെടുന്ന നാനാത്വത്തിന്റെ വൈപുല്യം ഗ്രഹിക്കണെങ്കിൽ ദക്ഷിണേന്ത്യക്കാർ കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുക തന്നെ വേണം.
അരുണാചൽ പ്രദേശിലെ മുഴുവൻ ജനങ്ങളും പട്ടികവർഗ്ഗമായിട്ടാണ് സർക്കാർ പരിഗണിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ ഭൂമിയും പട്ടികവർഗ്ഗക്കാരുടെ ഉടമസ്ഥയിലായതുകൊണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് അരുണാചലിൽ സ്ഥലം വാങ്ങുവാനോ കെട്ടിടങ്ങൾ സ്വന്തമാക്കാനോ കഴിയില്ല. മാത്രവുമല്ല, രാജ്യത്തിന്റെ അതിർത്തിയിലുള്ള സംസ്ഥാനമായതുകൊണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അരുണാചൽ പ്രദേശിൽ പ്രവേശിക്കണമെങ്കിൽ മുൻകൂർ ആയി അനുമതി പത്രം (Inner line Permit)വാങ്ങേണ്ടതുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ പട്ടിക ജാതി-ഗിരിവർഗ്ഗ സംരക്ഷണ നിയമങ്ങൾ പോലെ വെറും നോക്കുകുത്തി നിയമങ്ങളല്ല, അരുണാചപ്രദേശിലേത് എന്നു സാരം.
ഉച്ചയ്ക് മുൻപ് ഞങ്ങൾ സീറോ പട്ടണത്തിലെത്തി. പട്ടണത്തോട് ചേർന്ന് നെൽപാടത്തിന്റെ നടുവിൽ മുളകൊണ്ട് പണിത ഒരു കൊച്ചുകുടിൽ ആണ് ഞങ്ങളുടെ താമസസ്ഥലം. കേരളീയർക്കു തെങ്ങ് എന്നതുപോലെയാണ് അരുണാചൽ പ്രദേശിലുള്ളവർക്കു മുള. മുള ഉണക്കി പൊളിച്ച്നിരത്തി വീടിന്റെ ഭിത്തികൾ നെയ്ത് ഉണ്ടാക്കുന്നു, മിച്ചം വരുന്നവ വിറകായി ഉപയോഗിക്കും. മുളയുടെ മുളച്ചു വരുന്ന വെളുത്ത നിറത്തിലുള്ള മുളങ്കൂമ്പ് (ബാംബൂ ഷൂട്ട്) അരുണാചൽ വാസികളുടെ ഒരു പ്രധാന ആഹാരമാണ്.
ചെറിയ വിശ്രമത്തിനു ശേഷം ക്ഷീണമുണ്ടെങ്കിലും പട്ടണം കാണുവാനിറങ്ങി. ഇരുനിലകെട്ടിടങ്ങൾ അപൂർവ്വം, പ്രധാന റോഡുകൾ കഴിഞ്ഞാൽ എല്ലാം മൺപാതകൾ. വളരെ കുറച്ച് വാഹനങ്ങൾ മാത്രം. ചുറ്റുമുള്ള മലകൾ നിറയെ മുളങ്കാടുകളാണ്. നിത്യോപയോഗ വസ്തുക്കളും പച്ചക്കറികളും വിൽക്കുന്ന ചന്തയിൽ കാഴ്ചകൾ ആരേയും അൽഭുതപ്പെടുത്തുന്നവയാണ്. കച്ചവടക്കാർ ബഹുഭൂരിപക്ഷവും സ്ത്രീകൾ. കൊച്ചുകുഞ്ഞുങ്ങളെ തുണിമാറാപ്പിൽ ശരീരത്തോട് ചേർത്ത് വച്ച്കെട്ടി പ്രസരിപ്പോടെ കച്ചവടം നടന്നുന്ന സുന്ദരികളായ അമ്മമാർ.
ഒരു വശത്ത് ഉണങ്ങിയ എലികളെ മുളങ്കമ്പിൽ കൊരുത്ത് അട്ടിയിട്ട് വച്ചിരിക്കുന്നു. ഒരു ജോഡി ഉണക്ക എലികൾക്ക് നൂറു രൂപയാണ് വില. മുളങ്കുറ്റിയിൽ പുഴുങ്ങിയ എലിപ്പുട്ട് ഉണ്ടാക്കി കഴിക്കുന്നത് അപ്പത്താനികളുടെ വിശേഷപ്പെട്ട ആഹാരമാണ്. വലിയ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും വെട്ടി നുറുക്കി തൂക്കി വിൽക്കുന്നതും സ്ത്രീകൾ തന്നെയാണ്.
സീറോ സന്ദർശനത്തിൽ ഞങ്ങളുടെ സഹായത്തിനായി രണ്ടു അപ്പത്താനി ചെറുപ്പക്കാരെ അവിടുത്തെ സ്ഥിരതാമസക്കരനായ മലയാളി പരിചയപ്പെടുത്തി തന്നു- തച്ചോയും ലാസയും, അത്യാവശ്യം നന്നായി ഇംഗ്ളീഷും ഹിന്ദിയും സംസാരിക്കുന്ന ചെറുപ്പക്കാർ. അവരുടെ സഹായത്തോടെ പട്ടണം ചുറ്റി നടന്നു കണ്ടു. പാമ്പും പട്ടിയും എലിയുമൊക്കെ അവർ ഭക്ഷിക്കും. പുതിയ വന സംരക്ഷണ നിയമത്തിൽ എലി പിടിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുകൊണ്ട് പച്ച എലിയിറച്ചി ചന്തയിൽ കിട്ടില്ലത്രേ. എങ്കിലും ഉണക്ക എലി വിൽക്കുന്നതിൽ നിരോധനം ഇല്ല എന്ന് ലാസ അറിയിച്ചു.
ഗവേഷണത്തിനുവേണ്ടി വന്നുതാമസിക്കുന്ന സർവ്വകലശാല വിദ്യാർത്ഥികളും പട്ടാളക്കാരും അല്ലാതെ പുറത്തു നിന്നും ആരും തന്നെ വരാറില്ലാത്തതുകൊണ്ട്, സീറോയിൽ നല്ല ഹോട്ടലുകളോ, ഭക്ഷണശാലകളൊ ഇല്ലെന്നു തന്നെ പറയാം. എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുകൊണ്ടും, പുറത്തുള്ളവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടും, മനോഹരമായ ഈ പ്രദേശം ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടില്ല. ഇല്ലെങ്കിൽ സ്വദേശികളായ ഗിരിവർഗ്ഗക്കാർ എന്നേ ആട്ടിപ്പായിക്കപ്പെടുമായിരുന്നു!
വൈകുന്നേരം നെൽപ്പാടങ്ങൾ സന്ദർശിക്കുവാനിറങ്ങി. ‘ആ കാണുന്നതാണ് ധാൻഘർ’ തച്ചോ ദൂരേക്ക് കൈ ചൂണ്ടി. പാടത്തിന്റെ നടുക്ക് ഒറ്റപ്പെട്ട് നിൽക്കുന്ന വീട് പോലുള്ള ഒരു കെട്ടിടം. ധാൻഘർ എന്താണെന്നും തച്ചോ വിശദീകരിച്ചു തന്നു. അപ്പത്താനികൾ കൃഷിസ്ഥലത്തും നിന്നും ദൂരെ കൂട്ടംചേർന്ന് കോളനികളായി വസിക്കുന്നവരാണ്. തടിയും മുളയും കൊണ്ട് പണിയുന്ന ഇത്തരം കോളനികളിൽ പണ്ടു കാലത്ത് അഗ്നിബാധ സാധാരണ സംഭവമായിരുന്നുവത്രേ. തീപിടുത്തമുണ്ടായാലും ആഹാരസാധനങ്ങൾ നശിച്ചു പോകാതിരിക്കാൻ കോളനിയിൽ നിന്നും ദൂരെ കൃഷിയിടത്തിന്റെ നടുവിൽ ഒരു ധാന്യപുര പണിത് ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്നു. അത്തരം പാണ്ടികശാലകളെയാണ് ധാൻഘർഎന്ന് വിളിക്കുന്നത്.
നെൽകൃഷിയും മത്സ്യകൃഷിയും മാറിമാറി ചെയ്യുകയും പാടങ്ങൾക്കിടയിൽ വീതിയുള്ള ബണ്ട് കെട്ടി അതിൽ തിനയും ചോളവും കൃഷിചെയ്യുന്ന ഒരു പ്രത്യേകതരം കാർഷികസംസ്ക്കാരമാണ് അപ്പത്താനികൾ നൂറ്റാണ്ടുകളായി തുടരുന്നത്. മൃഗങ്ങളുടെയും മനുഷ്യരുടെയും ജൈവഅവശിഷ്ടങ്ങൾ തിരികെ പാടത്തു തന്നെ നിക്ഷേപിക്കുന്നതുകൊണ്ട് രാസവളപ്രയോഗത്തിന്റെ ആവശ്യം നേരിടുന്നില്ല.. സൂര്യനേയും ചന്ദ്രനേയും ദൈവമായി കാണുന്ന കർഷകർ കൃഷി ഒരു ആരാധനയായും കൃഷിഭൂമി ദേവാലയസമാനവുമായി കരുതുന്നു. കാടുകൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് ഇവർ വച്ച് പുലർത്തുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് പ്രധാനമായും മുളയെ അല്ലാതെ മറ്റു മരങ്ങളെ ആശ്രയിക്കുന്നില്ല. അതുകൊണ്ട് നൂറ്റാണ്ടുകൾക്കു മുൻപ് ഉണ്ടായിരുന്ന വനം പൂർണ്ണമായി സംരക്ഷിക്കപ്പെടുകയും ജലസ്രോതസുകൾ വറ്റിപൊകാതെയുമിരിക്കുന്നു എന്ന് തച്ചോയും ലാസയും വിശദീകരിച്ചു. ചെറിയ തോടുകൾ എല്ലാ പാടത്തിന്റെ വരമ്പുകൾക്കിടയിലൂടെയും ഒഴുകുന്നുണ്ട്. എല്ലാവർക്കും സമൃദ്ധിയായി ജലം ലഭിക്കുന്നതിനാൽ തർക്കങ്ങളും ശത്രുതയും ഇവരുടെ ഇടയിൽ പതിവില്ല.
ബുലിയാംഗ് എന്ന ഗ്രാമസഭകളാണ് അപ്പത്താനികളുടെ പ്രാദേശികവും ഗോത്രപരവുമായ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുന്നത്. സർക്കാർ നിയമ സംവിധാനങ്ങളേക്കാൾ കാര്യക്ഷമമായി പരിഹരിക്കുന്ന ഗ്രാമസഭകൾ സർക്കാർവക ബജറ്റ് തുകകൾ ചിലവഴിക്കുന്നതിനും വികസന പ്രാർത്തനങ്ങൾക്ക് മാർഗ നിർദ്ദേശം നൽകുന്നതിലും കാര്യമായ പങ്കു വഹിക്കുന്നു. അധികാരപ്രയോഗത്തിലുപരിയായി സമവായ രീതികളിൽ വിശ്വസിക്കുന്ന സൗമ്യപ്രകൃതരാണ് അപ്പത്താനികളെന്ന് തച്ചോ അഭിമാനത്തോടെ പറഞ്ഞു
കേരളം എന്നൊരു സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുള്ളതല്ലതെ അവർക്ക് ദക്ഷിണേന്ത്യയേപ്പറ്റി കാര്യമായ ജ്ഞാനമില്ല. യൂറോപ്യൻ രാജ്യങ്ങളേപ്പോലെ വികസിച്ച ഒരു പ്രദേശം എന്നാണ് അവരുടെ ധാരണ. യാത്രാ ക്ഷീണം നിമിത്തം അന്നത്തെ സന്ദർശനങ്ങൾ അവസാനിപ്പിച്ചു. ഹോങ് ബസ്തി സന്ദർശനം അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു.
പിറ്റേന്ന് ഹോങ് ബസ്തിയിലേക്കുള്ള യാത്രയിലും തച്ചോയും ലാസയും അനുഗമിച്ചു. ഹോങ് വില്ലേജിലേക്ക് സ്വാഗതം എന്ന ഒരു കൂറ്റൻ കമാനം ഗ്രാമത്തിന്റെ കവാടത്തിൽ സന്ദർശകരെ എതിരേൽക്കുന്നു. തകരം മേഞ്ഞ ഒരേമാതൃകയിലുള്ള നൂറുകണക്കിനു വീടുകൾ നിരനിരയായി പണിതിരിക്കുന്നു. നിലത്തു നിന്നും അല്പം ഉയരത്തിൽ മുളയും കാട്ടുകമ്പുകളും ഉപയോഗിച്ച് തട്ടുകൾ പണിത് അതിന്റെ മുകളിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കൃഷിഭൂമിയും വീടുമായി ഒതുങ്ങി കഴിയുന്ന അവർക്ക് വാഹനങ്ങളുടെ ആവശ്യമുണ്ടാകാറില്ല. നിരവധി പടികൾ കയറിവേണം വീടിനുള്ളിലെത്തുവാൻ. തച്ചോയുടെ സ്നേഹിതന്റെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു. വിശാലമായ ഒരു ഹാൾ. ഒരു വശത്ത് കൊട്ടയും വട്ടിയും വലിയ കത്തികളും ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നു. തറയിൽ ഉയരമുള്ള ഉരലും ഉലക്കയും. വീടിനുള്ളിലെ കാഴ്ചകൾ നമ്മുടെ പഴയകാല കർഷക ഗൃഹങ്ങളെ ഓർമ്മിപ്പിച്ചു. എല്ലാ വീടുകളും ഒരേ മാതൃകയിലാണ്.
ഹാളിന്റെ നടുക്ക് വലിയ തീക്കുണ്ഡം. രാത്രിയിൽ അതിനു ചുറ്റും തീകാഞ്ഞിരുന്ന് വീട്ടുകാർ കുശലം പറയും. അപ്പോങ് എന്ന നെല്ല് പുളിപ്പിച്ച വീര്യം കുറഞ്ഞ മദ്യം കുടിക്കും, ചിലർ അവിടെ തന്നെ കിടന്നുറങ്ങും. തീയുടെ മുകളിൽ പഴയകാലത്തെ വീടുകളിൽ ഉണ്ടായിരുന്ന ചേരുപോലെ വലിയ ഒരു തട്ട്, അതിന്റെ മുകളിൽ വലിയ ഇറച്ചി തുണ്ടങ്ങളും മെയിസും ഉണങ്ങാനിട്ടിരിക്കുന്നു. ഇടക്കിടക്ക് അവയിലോരോന്നും തീയിലിട്ടു ചുട്ടു തിന്നാണ് സായാഹ്ന ചർച്ചകൾ കുടുംബത്തിനുള്ളിൽ അരങ്ങേറുന്നത്.
കൃഷിയും കുടുംബവുമായി ലളിത ജീവിതം നയിക്കുന്ന മനുഷ്യർ. എല്ലാവരും നല്ല ആരോഗ്യമുള്ളവരായും പ്രസന്നവദനരായും ഇരിക്കുന്നു. അപ്പത്താനിയാണ് പ്രധാന ഭാഷ എങ്കിലും, ഹിന്ദിയും ഇംഗ്ലീഷും പുതിയ തലമുറക്കാർ നന്നായി ഉപയോഗിക്കുന്നു. സൂര്യ-ചന്ദ്രന്മാരെ ആരാധിക്കുന്ന ഡോണി- പോളോ മതവിശ്വാസികളാണ് അപ്പത്താനികളിൽ ഭൂരിപക്ഷവും. 30 ശതമാനത്തോളം ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനികളും, നാമമാത്രമായി ഹിന്ദുക്കളും ബുദ്ധമതക്കാരും അപ്പത്താനികൾക്കിടയിലുണ്ട്.
വലിപ്പം കൊണ്ട് ഏഷ്യയിലെ രണ്ടാമത്തെ ആദിവാസികോളനി ആണെങ്കിലും ഏറ്റവും നന്നായി ആസൂത്രണം ചെയ്യപ്പെട്ട കോളനി എന്ന പേര് ഹോങ്ബസ്തിക്ക് സ്വന്തമാണ്. എല്ലാ വീടുകളും റോഡിന് അഭിമുഖമായി പണിതിരിക്കുന്നു. പുതിയ തലമുറയിൽപെട്ടവർ എല്ലാവരും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയവരാണ്. ആഘോഷങ്ങളും ഉത്സവങ്ങളും കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ടവയാണ്. 500 വർഷങ്ങൾക്ക് മുമ്പ് അരുണാചലിലിലേക്ക് കുടിയേറിയവരാണ് അപ്പത്താനികൾ എങ്കിലും അവരെപ്പറ്റി എഴുതപ്പെട്ട ചരിത്രം ഇല്ലെന്ന് തന്നെ പറയാം. ഇതുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലാണ് വെള്ളക്കാർ അരുണാചലിൽ എത്തുന്നത്.
ഉത്സവങ്ങൾക്കും അതിഥി സൽക്കാരത്തിനും ഉപയോഗിക്കുന്ന പ്രധാന ലഹരി പാനീയമായ ‘അപ്പോംഗ്’ മിക്ക വീടുകളിലും സ്വന്തമായി ഉണ്ടാക്കുന്നു. തിനയും അരിയും വറുത്തശേഷം പുളിപ്പിച്ച് അരിച്ച് എടുക്കുന്ന പാനീയമാണ് അപ്പോംഗ്.
കേരളത്തിലെ ആദിവാസികോളനികളിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത രീതികളാണ് അരുണാചലിൽ പുലർത്തുന്നത്. പരമ്പരാഗത കൃഷിരീതിയും ആചാരങ്ങളും പൂർണ്ണമായി സംരക്ഷിക്കൊണ്ടുള്ള വികസനമാണ് സീറോയിൽ. ബുലിയാംഗ് ഗ്രാമസഭകൾ അപ്പത്താനികളുടെ സംസ്ക്കാരം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേക്കാൾ അപ്പത്താനികളെ സംരക്ഷിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടലുകളാണ് ബുലിയാംഗ് നിർവഹിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഒരു ആദിവാസി സെറ്റിൽമെന്റിൽ ജീവിച്ച് വളർന്ന എെൻറ പരിചയം വച്ച് അരുണാചൽ വാസികൾ വളരെ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നവരാണെന്ന് പറയാതെ വയ്യ. ഇടുക്കിയിലെഹൈറേഞ്ച് കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തിൽ മലകയറി ചെന്നവരേക്കാൾ കൂടുതൽ കൃഷി സ്ഥലവും മെച്ചപ്പെട്ട വീടുകളും അക്കാലത്ത് ആദിവാസികൾക്ക് ഉണ്ടായിരുന്നു. ആദിവാസികളുടെ പരമ്പരാഗത വീടുകൾക്ക് പകരം കല്ലുകൊണ്ട് ഭിത്തികെട്ടി ഓടുമേഞ്ഞ വീടുകൾ സർക്കാർ നിർമ്മിച്ച്നൽകി. അത്തരം വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുവാൻ സർക്കാരിനു കഴിയാതെവന്നു, സ്വന്തമായി ചെയ്യുവാൻ ആദിവാസികൾക്ക് പ്രാവീണ്യവുമില്ല. ഇടിഞ്ഞു പൊളിഞ്ഞ് ചോർന്ന വീടുകളുടേ മൂലയിലേക്ക് അവർ ഒതുങ്ങികൂടി. കൃഷിഭൂമികൾ അന്യാധീനപ്പെട്ടു, .പ്രാകൃതരെങ്കിലും സമൃദ്ധമായി ജീവിച്ചിരുന്ന ഒരു സമൂഹം കൂടുതൽ ദാരിദ്ര്യത്തിലേക്ക് നീങ്ങി. കുടിയേറ്റക്കാരുടെ രണ്ടാം തലമുറ നഗരങ്ങളിലേക്ക് തിരിച്ച് ഇറങ്ങുമ്പോൾ ആദിവാസികൾ കൂടുതൽ കൂടുതൽ കാടിനുള്ളിലേക്ക് തള്ളി നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പെൺകുട്ടികളെ കൂടുതൽ പ്രാകൃതമായ ഊരുകളിലേക്ക് വിവാഹം കഴിച്ച് അയക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പക്ഷേ, അരുണാചൽ പ്രദേശിലെ ആദിമവാസികളുടെ കൃഷി രീതിയും സംസ്ക്കാരവും ഭാഷയും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നടക്കുന്നുകൊണ്ടിരിക്കുന്നത്. പരിഷ്കൃതർ എന്നവകാശപ്പെടുന്നവർ അപരിഷ്കൃതരുടെ മേൽ അടിച്ചേൽപ്പിക്കുന്ന വികസനമല്ല, അവരുടെ കൂടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സുസ്ഥിരവികന മാതൃകയാണ് അരുണാചൽ കാണിച്ച് തരുന്നത്.
അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലേക്കുള്ള മടക്കയാത്രയിൽ അപ്പത്താനികളുടെ സൗമ്യപ്രകൃതിയും, ലളിത ജീവിതവും ജീവിതാഭിമുഖ്യവും മനസിൽ തങ്ങിനിന്നു. ദീർഘയാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് അരുണാചൽപ്രദേശ്. ഇങ്ങനെയും ചിലർ നമ്മുടെ രാജ്യത്ത് ജീവിക്കുന്നു എന്നും, വികസനം ഇങ്ങനെയും ആകാം എന്നതും നമ്മളും അറിഞ്ഞിരിക്കെണ്ടത് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.