കുറച്ചു ദിവസം ഞാൻ ഗോവയിലായിരുന്നു. തമിഴ്നാട്ടുകാരായ വലിയൊരു സംഘം സഹയാത്രികർക്കൊപ്പം. ഹോട്ടൽ ഡോർമെട്രിയിൽ നൂറോളം പേർ. പാതിരയോളം സംസാരം, ചിരി, ബഹളം.
അതിരാവിലെ, ടൂർ മാനേജർ അറിയിച്ച സമയത്ത് എല്ലാവരും തയാറായി നിൽക്കണമെന്നാണ് ചട്ടം. എന്നും, കൂട്ടത്തിൽ ആദ്യം ഉണർന്നു കുളിച്ചൊരുങ്ങി തയാറാവുന്നതൊരു വൃദ്ധനായിരുന്നു. സേലത്തുനിന്ന് വന്നതാണ്. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു ഒറ്റ നോട്ടത്തിൽ അറിയാം.
രണ്ടു നടത്തവടികളിൽ ഊന്നി ബുദ്ധിമുട്ടിയാണ് സഞ്ചാരം, വിറച്ചു വിറച്ച്... ഓരോ ചുവടിലും, 'ഇപ്പോൾ വീണുപോകുമോ..?' എന്നു പേടി തോന്നും. ബസിെൻറ പടികൾ കയറാൻ ആരെങ്കിലും സഹായിച്ചാലേ പറ്റൂ.
സേലത്തുനിന്നുതന്നെയുള്ള ഒരാളാണ് കൈത്താങ്ങ്. സഹായം വേണ്ടപ്പോൾ എവിടെയായാലും അയാളുടെ പേര് ഉറക്കെ വിളിക്കും. ആ ചെറുപ്പക്കാരൻ ഓടിയെത്തി സന്തോഷത്തോടെ കൈപിടിക്കും.
രാവിലെ ആദ്യത്തെ ആളായി ഒരുങ്ങി ഭക്ഷണവും കഴിച്ചു ബസിൽ കയറിയിരിക്കും. ബസ് അമ്പലങ്ങളിലും പള്ളികളിലും ബീച്ചുകളിലും എത്തുമ്പോൾ ഏറ്റവും ഒടുവിലത്തെ ആളായി വിറച്ചു വിറച്ച് ഇറങ്ങും. എല്ലാവരും പോയിവരുന്നതുവരെ ബസിെൻറ വാതിൽചവിട്ടുപടിയിൽ ഏകനായി ഇരിക്കും.
എവിടേക്കും വരാൻ വയ്യ. എങ്കിലും എപ്പോഴും ആദ്യത്തെ ആളായി ബസിെൻറ മുമ്പിൽ, ആദ്യ സീറ്റിൽ...
എല്ലാവരും വടക്കൻ ഗോവയിലെ, ശാന്താദുർഗാ ക്ഷേത്രത്തിെൻറ പടവുകൾ കയറി പോയപ്പോഴും താഴെ ദൂരെയായി പാർക്ക് ചെയ്തിരുന്ന ബസിെൻറ വാതിൽപ്പടിയിൽ അദ്ദേഹം ഇരുന്നു.
"വരുന്നോ? ഞാൻ കൈ പിടിക്കാം…"
"വേണ്ടാം തമ്പി. ഇങ്കേയിരുന്താലും സാമിയെ കുമ്പിടലാം" (വേണ്ട. അവിടെയിരുന്നാലും തൊഴാമെന്ന്...)
ശരിയാവും. മലമുകളിലെ ആ ശ്രീകോവിലിൽ അമ്മദൈവമാണല്ലോ. ദൂരങ്ങളൊന്നും തടസ്സമാവില്ല.
എല്ലാവരും ബാഗാ ബീച്ചിൽ തിമിർക്കുമ്പോഴും ബസിന്റെ വാതിൽപ്പടിയിൽതന്നെ.
"ഒരിടത്തും വന്നില്ലല്ലോ?" ഞാൻ ചോദിച്ചു.
"മണലിൽ നടക്കാൻ ബുദ്ധിമുട്ടാണ്. വീണുപോകും. സാരമില്ല, കടലിൽ ഇറങ്ങാൻ പറ്റുന്നില്ലെങ്കിലും കരവരെ ഞാൻ വന്നില്ലേ?" പിന്നെ ചിരി. എെൻറ അമ്പരപ്പു കണ്ട് പൊട്ടിച്ചിരി.
ഒരിടത്തും വന്നില്ല. വരാൻ കഴിയുന്ന ആരോഗ്യമുണ്ടെന്നു തോന്നാത്തതിനാൽ ഞാൻ നിർബന്ധിച്ചില്ല. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടമുള്ള ബോം ജീസസ് പള്ളിയിൽ മാത്രം വന്നു. എന്നിട്ടും വരിനിൽക്കുമ്പോൾ ചോദിച്ചു, "പിന്നിലുള്ളവർക്കു എന്റെ പതിയേയുള്ള നടത്തം ബുദ്ധിമുട്ടാകുന്നുണ്ടോ?"
ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായ സെ കത്തീഡ്രലിലും വന്നില്ല. അകലെ പുൽത്തകിടിയിൽ ഇരുന്നു. ഇന്ത്യയിലെ വലിയ പള്ളികളിൽ ഒന്നാണെന്ന് പറഞ്ഞപ്പോൾ മറുപടി, "ഇവിടെ ഇരിക്കുമ്പോഴാണ് ആ വലുപ്പം മനസ്സിലാകുന്നത്…"
പക്ഷേ, സായാഹ്നത്തിൽ എല്ലാവരും ഉല്ലാസനൗകയിൽ കയറിയപ്പോൾ ഏറെ ബുദ്ധിമുട്ടി ഒപ്പം കൂടി. സഹായിയോട് നേരത്തെ പറഞ്ഞു ഉറപ്പിക്കുന്നത് കേട്ടു, "എത്ര ബുദ്ധിമുട്ടിയാലും നീ എന്നെ ബോട്ടിൽ കയറ്റണം…"
നല്ല മഴയായിരുന്നു. ബുദ്ധിമുട്ടി പിടിച്ചുകയറി ഉല്ലാസനൗകയിൽ മുകൾത്തട്ടിൽ ഇരുന്നു നീങ്ങുമ്പോൾ എന്നോട് പറഞ്ഞു, "ഇതിനു തീരെ വേഗതയില്ലല്ലോ…"
നൗകയ്ക്ക് അകലെയായി കാസിനോകൾ വർണ്ണവിളക്കുകൾ തെളിയിച്ചു കിടന്നു.
"ടൂർ മാനേജർ നമ്മളെ ആ കപ്പലുകളിലേക്ക് കൊണ്ടുപോകുമോ?"എന്നോട് ചോദിച്ചു.
"ഇല്ല, അതിനുള്ളിൽ കയറാൻ വലിയ പണം കൊടുക്കണം..."
"എന്താ അതിനുള്ളിൽ…? അനിയൻ പോയിട്ടുണ്ടോ?"
"ഒരിക്കൽ ഞാൻ പോയിട്ടുണ്ട്. അതിനുള്ളിൽ പലതരം ചൂതാട്ടക്കളികൾ, നൃത്തം, പാട്ട്, മദ്യം…" ഞാൻ വിശദീകരിച്ചു.
ചിരിയോടെ, സ്വകാര്യമായി ചെവിയിൽ പറഞ്ഞു:
"അനിയൻ നാളെയോ മറ്റോ ആരുമറിയാതെ അതിൽ പോകുന്നുണ്ടെങ്കിൽ എന്നെയും കൊണ്ടുപോകണം."
പോകുന്നില്ലെന്ന് തലയാട്ടി ഞാൻ ചിരിച്ചു.
യാത്രയുടെ അവസാന രാത്രി. ഡോർമെട്രിയിൽ മഴത്തണുപ്പും ലഹരിയും. ആരോ ഉച്ചത്തിൽ പ്രഖ്യാപിച്ചു, "നമ്മുടെ അടുത്ത യാത്ര വടക്കോട്ട്. ഹരിദ്വാറിലേക്ക്, ഋഷികേശിലേക്ക് , അതിനുമപ്പുറം ഗംഗോത്രിയിലേക്ക്….''
ചുരുണ്ടുകിടക്കുകയായിരുന്ന വൃദ്ധൻ വേഗം എണീറ്റു, "ഞാനുമുണ്ട്. നിങ്ങൾ എന്നെയും കൊണ്ടുപോകുമോ?"
"നിങ്ങൾ വരുമെങ്കിൽ നിങ്ങളെ ഞാൻ ചുമന്നാണെങ്കിലും കൊണ്ടുപോകും…" സ്ഥിരം സഹായിയായ ആ ചെറുപ്പക്കാരൻ വിളിച്ചുപറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു.
ആ വൃദ്ധസഞ്ചാരിക്കു വലിയ സന്തോഷമായി എന്ന് തോന്നുന്നു. " ഞാൻ വരും … എന്തായാലും ഞാൻ വരും…" പലതവണ ആവർത്തിച്ച് പറഞ്ഞുകൊണ്ടു വീണ്ടും ചുരുണ്ടുകൂടി.
ട്രെയിനിൽ ആയിരുന്നു മടക്കം. ഇനിയൊരിക്കലും ഒന്നിച്ചുകൂടാൻ ഇടയില്ലാത്ത ആ സംഘത്തോട് യാത്ര പറഞ്ഞു ഞാൻ കോഴിക്കോട് ഇറങ്ങി.
ഇറങ്ങും മുമ്പ് എന്നോട് പറഞ്ഞു:
"അനിയാ, നമ്മുടെ കൂട്ടത്തിൽ ഏറ്റവും മടിപിടിച്ചു കിടക്കുന്നതും ഏറ്റവുമൊടുവിൽ തയ്യാറാവുന്നതും നിങ്ങളായിരുന്നു."
ഞാൻ ചിരിച്ചു.
"ഹരിദ്വാറിലേക്ക് ഞങ്ങൾ പോകുമ്പോൾ അനിയൻ എന്തായാലും വരണം. മടികാരണം വരാതിരിക്കരുത്. നമുക്ക് ഒന്നിച്ചു ഗംഗയിൽ മുങ്ങണം...''
ഞാൻ തല കുലുക്കി.
രണ്ടു വാക്കിങ് സ്റ്റിക്കുകളിൽ ഊന്നി നടന്നുനടന്ന് തീവണ്ടിയുടെ വാതിലിൽ എത്തി യാത്ര പറഞ്ഞു. ഞാൻ കൈ വീശി. ആ യഥാർത്ഥ സഞ്ചാരിയുമായ തീവണ്ടി കൂകിപാഞ്ഞു പോയി, ഒട്ടും കിതയ്ക്കാതെ.
ആ ചോദ്യം ഉള്ളിൽ നിറഞ്ഞു, "കടലിൽ ഇറങ്ങാൻ പറ്റുന്നില്ലെങ്കിലും കരവരെ ഞാൻ വന്നില്ലേ?"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.