സൂര്യൻ സ്വന്തം അക്ഷത്തിൽ ഭ്രമണം ചെയ്യുന്നുണ്ടല്ലോ. അത് നമുക്ക് ഭൂമിയിൽനിന്ന് നിരീക്ഷിക്കാൻ സാധിക്കുമോ?
ഒറ്റവാക്കിൽ പറഞ്ഞാൽ സൂര്യൻ ഭ്രമണം ചെയ്യുന്നത് നമുക്ക് ഭൂമിയിൽനിന്ന് നിരീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ, മറ്റു ചില രീതികളിൽ സൂര്യെൻറ ഭ്രമണം നമുക്ക് തിരിച്ചറിയാൻ സാധിക്കും. നാം സൂര്യനെ നിരീക്ഷിക്കുമ്പോൾ അതിെൻറ ഉപരിതലത്തിൽ ചില വേളകളിൽ ചില കറുത്ത പുള്ളികൾ കാണാറുണ്ട്. ഈ കറുത്ത പുള്ളികളാണ് സൗരകളങ്കങ്ങൾ (Sun spots). ഇവയുടെ നിരീക്ഷണത്തിലൂടെയാണ് സൂര്യെൻറ ഭ്രമണം നമുക്ക് തിരിച്ചറിയാനാകുക (സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാൻ പാടില്ല, ഗുണമേന്മയുള്ള ഫിൽറ്ററുകളിലൂടെയല്ലാതെ സൂര്യനെ നോക്കിയാൽ അത് കണ്ണിന് അപകടം വരുത്തും).
സൂര്യെൻറ ഉപരിതലത്തിലുള്ള താപനില താരതമ്യേന കുറഞ്ഞ പ്രദേശങ്ങളാണ് സൗരകളങ്കങ്ങൾ. ഇവക്ക് ഏതാനും ഭൂമികളുടെ വരെ വലുപ്പമുണ്ടാകാം. സൂര്യെൻറ ഉപരിതല താപനില ഏകദേശം 6,000 കെൽവിൻ ആണ്. 4,000 മുതൽ 4,500 വരെ കെൽവിൻ ഉപരിതലതാപനിലയുള്ള പ്രദേശങ്ങളാണ് നാം കറുത്ത പുള്ളികളായി കാണുന്ന സൗരകളങ്കങ്ങൾ. സൂര്യനിൽ നടക്കുന്ന ശക്തമായ കാന്തിക പ്രക്രിയകളാണ് ഈ പ്രദേശങ്ങളിലെ താപനില കുറയാൻ ഇടയാക്കുന്നത്. ഒരു ഭീമൻ വാതകഗോളമായ സൂര്യെൻറ വിവിധഭാഗങ്ങൾ വ്യത്യസ്ത വേഗത്തിൽ ഭ്രമണം ചെയ്യുന്നതിനാൽ കാന്തികബലരേഖകൾ കെട്ടുപിണഞ്ഞു പോകുന്നതാണ് സൗരകളങ്കങ്ങളെ സൃഷ്ടിക്കുന്നത്.
10 മീറ്റർ വ്യാസമുള്ള ഒരു പന്ത് ഒരു അക്ഷത്തിൽ സ്ഥിരവേഗത്തിൽ ഒട്ടും തന്നെ കുലുങ്ങാതെയും ചായാതെയും ചരിയാതെയും ഒരിടത്തുനിന്ന് ഭ്രമണം ചെയ്യുന്നു എന്നു സങ്കൽപിക്കുക. ഈ പന്തിെൻറ എല്ലാ ഭാഗത്തും ഒരേ നിറമാണെങ്കിൽ 100 മീറ്റർ അകലെ നിന്ന് നോക്കിയാൽ നിങ്ങൾക്ക് അതിെൻറ ഭ്രമണം മിക്കവാറും തിരിച്ചറിയാനാവില്ല. എന്നാൽ, ഈ പന്തിെൻറ മധ്യരേഖയിൽ ഒരു പപ്പടത്തിെൻറ അത്രയും വട്ടമുള്ള ഒരു പൊട്ട് ഒട്ടിച്ചാലോ? അതിെൻറ സ്ഥാനമാറ്റം നിരീക്ഷിക്കുന്നതിലൂടെ നമുക്ക് പന്തിെൻറ ഭ്രമണം തിരിച്ചറിയാം. ഒപ്പം ഒരു ഭ്രമണത്തിന് എത്ര സമയമെടുക്കുന്നു എന്നും മനസ്സിലാക്കാം. ഇതുപോലെ സൗരമുഖത്തുള്ള കളങ്കങ്ങളുടെ സ്ഥാനമാറ്റം നിരീക്ഷിച്ച് നമുക്ക് സൂര്യെൻറ ഭ്രമണവും അതിനെടുക്കുന്ന സമയവും തിരിച്ചറിയാം.
1608ൽ ഹാൻസ് ലിപ്പർഷെ ടെലിസ്കോപ് കണ്ടു പിടിച്ചു. പിന്നീട് സ്വയം ടെലിസ്കോപ്പുണ്ടാക്കിയ ഗലീലിയോ ഗലീലി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അത് മാനത്തേക്ക് തിരിച്ചുവെച്ചു. 1610ൽ ടെലിസ്കോപ്പിൽ ഫിൽറ്റർ ഘടിപ്പിച്ച് അദ്ദേഹം സൂര്യനെ നോക്കി സൗരകളങ്കങ്ങൾ വ്യക്തമായി കണ്ടു. പിന്നീട് പല ദിവസങ്ങളിൽ തുടർച്ചയായി സൗരകളങ്കങ്ങൾ നിരീക്ഷിച്ച ഗലീലിയോ അവയുടെ സ്ഥാനം ഒരേ ദിശയിൽ ക്രമമായി മാറുന്നത് കണ്ടു. ഇങ്ങനെ സ്ഥാനം മാറുന്ന കളങ്കങ്ങൾ ഏതാനും ദിവസങ്ങൾകൊണ്ട് സൂര്യെൻറ ഒരരികിൽ നിന്ന് മറ്റേ അരികിലെത്തുന്നു. പിന്നീട് ഏതാനും ദിവസം കാണാതാകുന്നു. വീണ്ടും ആദ്യ അരികിൽ പ്രത്യക്ഷപ്പെടുന്നു. ഇത് ക്രമമായി ആവർത്തിക്കുന്നു. നിരന്തരമായ നിരീക്ഷണത്തിലൂടെ 27 ദിവസങ്ങൾ കൊണ്ടാണ് ഇത് ആവർത്തിക്കുന്നത് എന്ന് ഗലീലിയോ കണ്ടു. അതിനർഥം സൂര്യൻ സ്വന്തം അക്ഷത്തിൽ 27 ദിവസം കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്നതാണെന്ന് ഗലീലിയോ അനുമാനിച്ചു.
സൂര്യഗ്രഹണ നിരീക്ഷണത്തിനുപയോഗിക്കുന്ന ഫിൽറ്റർ കണ്ണടകളുണ്ടെങ്കിൽ സൗരകളങ്കങ്ങളുടെ നിരീക്ഷണത്തിലൂടെ സൂര്യെൻറ ഭ്രമണം നിങ്ങൾക്കും തിരിച്ചറിയാനാകും. പക്ഷേ, വളരെ ശ്രദ്ധവേണം. സൂര്യകളങ്കങ്ങളുടെ നീണ്ടകാലത്തെ നിരീക്ഷണത്തിലൂടെ കാഴ്ചശക്തി ഏറക്കുറെ നഷ്ടപ്പെട്ട ആളായിരുന്നു വയോധികനായ ഗലീലിയോ എന്ന് നാം ഓർക്കണം. ഒട്ടുംതന്നെ പരിക്കില്ലാത്ത പുതിയതും ഗുണമേന്മയുള്ളതുമായ ഫിൽറ്റർ മാത്രമേ സൂര്യ നിരീക്ഷണത്തിന് ഉപയോഗിക്കാവൂ. ഒരേസമയം ഏതാനും സെക്കൻഡുകൾ മാത്രമേ നോക്കാവൂ. 11 വർഷങ്ങൾ ഇടവിട്ട് സൗരകളങ്കങ്ങളുടെ എണ്ണവും വലുപ്പവും വർധിക്കാറുണ്ട്. ടെലിസ്കോപ്പില്ലാതെ ഫിൽറ്റർ മാത്രം ഉപയോഗിച്ച് സൗരകളങ്കങ്ങളെ കാണാൻ സാധിക്കുക ഈ സമയങ്ങളിലാണ്. 2025 ജൂൈല മാസത്തിലാണ് ഇനി സൗരകളങ്കങ്ങളുടെ ഉച്ചത ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.