വിവിധ നിറങ്ങളാൽ അലങ്കരിച്ച ഏറ്റവും മനോഹരമായ പ്രകൃതിദത്ത വിസ്മയം. അതാണ് ഇറാനിലെ അലാഡഗ്ലർ മലനിരകൾ. ഏതോ ഒരു ചങ്ങാതി വ്യത്യസ്തമായ നിറങ്ങളാൽ വരച്ചതുപോലെയാണ് ഈ മലയുടെ കിടപ്പ്. ഏകദേശം 15 മില്യൺ വർഷം പഴക്കമുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്ന ഈ മലനിരകൾ ഇറാനിലെ അഹർ, ഖാജെ എന്നീ നഗരങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്.
ഇറാനിലെ പ്രധാനയിടമായ അഹർ നഗരത്തിൽ നിന്നും തബ്രിസ് നഗരപ്രദേശത്തേക്ക് പോകും വഴി മലനിരകളുടെ നിറങ്ങൾ മാറിവരുന്നത് കാണാനാകും. തബ്രിസ് നഗരത്തിലേക്ക് എത്താൻ ആവുമ്പോഴേക്കും ആരെയും മയക്കുന്നതരത്തിലുള്ള നിറങ്ങളാൽ സമ്പന്നമായ മലനിരകളാണ് മുന്നിൽ പ്രത്യക്ഷപ്പെടുക.
ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 630 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അലാഡഗ്ലർ മലനിരകളുടെ അടുത്തെത്താം. ക്വാസ്വിൻ - സൻജൻ -തബ്രിസ് -അഹർ റോഡ് മാർഗം ഏഴു മണിക്കൂർ സഞ്ചരിച്ചാൽ അലാഡഗ്ലറിലെത്താനാകും. തബ്രിസിലെ പ്രാദേശിക ഭാഷയനുസരിച്ച് 'അലാ' എന്നാൽ വർണങ്ങളാൽ നിറഞ്ഞവയെന്നും 'ഡാഗ് ' എന്നാൽ മലനിരകൾ എന്നുമാണ് അർഥം. ചുവപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്, ചാരനിറം, പാസ്റ്റൽ നിറങ്ങൾ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ അഴകൊരുക്കിയ ഈ കാഴ്ച ആരെയും അത്ഭുതപ്പെടുത്തും.
ദശലക്ഷക്കണക്കിന് വർഷങ്ങളായി ധാതുക്കളും മണൽക്കല്ലും തമ്മിലുണ്ടായ രാസപ്രവർത്തനം മൂലമാണ് ഇങ്ങനെ വിവിധ വർണങ്ങളിൽ മലനിരകൾ കാണപ്പെടാൻ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. സൂര്യപ്രകാശമേൽക്കുന്നതോടെ മലനിരകൾ സ്വർണവർണം പോലെ തിളങ്ങിനിൽക്കും. മഞ്ഞ, ചുവപ്പ്, നിറങ്ങളിലുള്ള ധാതുക്കൾ ഈ പ്രദേശത്തെ മണ്ണിൽ കൂടുതലുള്ളതിനാൽ അവയ്ക്ക് സൂര്യപ്രകാശത്തെ കൂടുതൽ തിളക്കത്തോടെ പ്രതിഫലിപ്പിക്കാനാവും. അസ്തമയ സമയത്ത് ആരുടേയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് അലാഡഗ്ലർ സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.