നാസികൾക്കെതിരെ യുദ്ധം നയിക്കാൻ പരിശീലിപ്പിച്ച നായ്ക്കൾ

ലെയ്ക്ക എന്ന നായ്ക്കുട്ടിയെ അറിയില്ലേ? ഗുരുത്വാകർഷണം മറികടക്കുമ്പോൾ ജീവജാലങ്ങൾക്ക് എന്ത് സംഭവിക്കും എന്നറിയാൻ സോവിയറ്റ് യൂനിയൻ സ്പുട്നിക്2ൽ ബഹിരാകാശത്തെത്തിച്ച നായ്ക്കുട്ടി. ലോകചരിത്രത്തിൽ ഇത്തരം പരീക്ഷണങ്ങൾക്ക് മാത്രമല്ല, യുദ്ധത്തിനും മനുഷ്യൻ നായ്ക്കുട്ടിയെ ഉപയോഗിച്ചിരുന്നു. രണ്ടാം ലോക യുദ്ധകാലത്താണ് സംഭവം. സോവിയറ്റ് യൂനിയൻ യുദ്ധത്തിന് ഉപയോഗിക്കുന്നതിനായി പരിശീലിപ്പിച്ചെടുത്ത ഇവ ടാങ്ക് വേധ നായ്ക്കൾ അഥവാ, നായ് മൈനുകൾ എന്നാണറിയപ്പെടുക. ജർമൻ ടാങ്കുകൾക്ക് നേരെയായിരുന്നു നായ് മൈനുകൾ ഉപയോഗിച്ചുള്ള ആക്രമണം.

ആഹാരം നൽകാതെ കൂട്ടിലടച്ച ഈ നായ്ക്കളെ ടാങ്കുകൾക്കും യുദ്ധവാഹനങ്ങൾക്കും കീഴിൽ ആഹാരം തേടാൻ പരിശീലനം നൽകും. നിർത്തിയിട്ടിരിക്കുന്ന ഈ വാഹനങ്ങൾക്ക് സമീപത്തുനിന്ന് ആഹാരം ലഭിക്കുമെന്ന് അവ കരുതുന്നു. ഇങ്ങനെ പരിശീലനം നേടിയ നായ്ക്ക​ളുടെ ​ദേഹത്ത് സ്ഫോടകവസ്തുക്കളും മരംകൊണ്ടുള്ള ദണ്ഡും കെട്ടിവെക്കും. തുടർന്ന്

ഇവയെ ജർമൻ ടാങ്കുകളുടെ സമീപത്തേക്ക് തുറന്നു വിടും. ആഹാരം തേടി നായ്ക്കൾ ടാങ്കിനടുത്തേക്ക് നീങ്ങുകയും അവയുടെ ശരീരത്തിൽ ഘടിപ്പിച്ച മരംകൊണ്ടുള്ള ദണ്ഡ് ടാങ്കുകളിൽ തട്ടി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയും ചെയ്യും.

Hundeminen എന്നായിരുന്നു ജർമൻകാർ ഈ നായ്ക്കളെ വിളിച്ചിരുന്നത്. ഇത്തരത്തിൽ മുന്നൂറോളം ടാങ്കുകൾ ഇവ പ്രവർത്തനരഹിതമാക്കിയതായാണ് കണക്കുകൾ. എന്നാൽ, ഫലപ്രദമായ ഒരു​ പ്രതിരോധ മാർഗമായിരുന്നില്ല ഈ രീതി. പലപ്പോഴും ​സോവിയറ്റ് സൈന്യത്തെതന്നെ ഇവ ആക്രമിച്ചിരുന്നു. കൂടാതെ ടാങ്കുകളുടെ ശബ്ദം കേട്ട് പിന്തിരിഞ്ഞോടുകയും ചെയ്തിരുന്നു.

എങ്കിലും നായ്ക്കൾക്കെതിരെ കാര്യമായി പോരാടാൻ നാസി സേനകൾക്ക് സാധിച്ചിരുന്നില്ല. നായ്ക്കൾ ടാങ്കിന്റെ അടിവശത്തേക്ക് ചെന്നെത്തുന്നതിനാൽ പെട്ടെന്ന് അവയെ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു. ടാങ്കുകളുടെ മുകളിൽ ഘടിപ്പിച്ച മെഷീൻ ഗൺ ഉപയോഗിച്ച് അവയെ നേരിടാനും സാധിച്ചില്ല. അവക്ക് പേവിഷബാധയുണ്ടോ എന്നതും ജർമൻ സേനയെ അലട്ടിയിരുന്നു. തീ തുപ്പുന്ന തോക്കുകൾ (Flame Throwers) നായ്ക്കൾക്കെതിരെ ഫലപ്രദമായി പ്രയോഗിച്ചെങ്കിലും ചില നായ്ക്കൾ അവയെ ഒന്നും കൂസാതെ ആഹാരം തേടി ടാങ്കുകളുടെ സമീപ​മെത്തിയിരുന്നു.

Tags:    
News Summary - Anti tank dogs Soviet military dog training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.