1939 സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ടാം ലോകയുദ്ധം ആരംഭിച്ചത്. 1945 സെപ്റ്റംബർ രണ്ടിന് അവസാനിച്ച ആ ചോരക്കളിയിൽ അറുപതിലേറെ രാജ്യങ്ങൾ അണിനിരന്നിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്റെ മുന്നേറ്റം തടയാൻ ടോക്യോ നഗരത്തിന് നാശനഷ്ടങ്ങളുണ്ടാക്കുന്ന പദ്ധതി അമേരിക്കൻ സൈനിക സേന തയാറാക്കിയിരുന്നു. ടോക്യോ നഗരം ബോംബ് വെച്ച് തകർക്കുക എന്നതായിരുന്നു പദ്ധതി.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന്റെ പത്നിയായ എലീനർ റൂസ് വെൽറ്റിന്റെ ചങ്ങാതിയായിരുന്ന ലൈറ്റിൽ എസ്. ആഡംസ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വവ്വാലുകളെ ഉപയോഗിച്ച് ബോംബാക്രമണം നടത്താൻ അമേരിക്കൻ സൈനിക സേന ഒരു പദ്ധതി തയാറാക്കി. ലക്ഷക്കണക്കിന് വവ്വാലുകളെ വിമാനമാർഗം ടോക്യോ നഗരത്തിൽ എത്തിക്കുക. ഒരു നിശ്ചിത സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുന്ന ചെറിയ തരം ബോംബുകൾ വവ്വാലുകളുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കും. നേരം പുലരുമ്പോൾ ഈ വവ്വാലുകൾ കെട്ടിടങ്ങളിലും മറ്റും കയറിപ്പറ്റുമെന്നും ബോംബുകൾ പൊട്ടിത്തെറിച്ച് ടോക്യോയിലെ നിർമിതികളും മനുഷ്യരും നശിക്കുമെന്നുമായിരുന്നു ആഡംസിന്റെയും അമേരിക്കൻ സൈനിക സേനയുടെയും കണക്കുകൂട്ടൽ.
ടോക്യോയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കോൺക്രീറ്റിനു പകരം മരം കൊണ്ടാണ് നിർമിച്ചതെന്നുള്ള വസ്തുത ആഡംസിനും കൂട്ടർക്കും അറിയാമായിരുന്നു. അതിനാൽ അവ എളുപ്പത്തിൽ തീപിടിച്ച് നശിക്കുമെന്ന് അവർ കണക്കുകൂട്ടി. ഈയൊരു പദ്ധതിക്ക് അമേരിക്കൻ പ്രഫസർ ആയ ഡോണൾഡ് ഗ്രിഫിൻ പ്രാധാന്യം നൽകുകയും അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റ് അംഗീകാരം നൽകുകയും ചെയ്തു.
പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് ഇതൊന്ന് പരീക്ഷിച്ചുനോക്കാൻ അമേരിക്കൻ സേന തീരുമാനിച്ചു. മെക്സിക്കൻ ഫ്രീ ടെയിൽഡ് ബാറ്റ് എന്ന ഇനം വവ്വാലുകളെ അവർ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു. അവയിൽ ടൈം ബോംബുകൾ ഫിറ്റ് ചെയ്ത് ഒരു നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളിലേക്ക് വിമാനത്തിൽ കൊണ്ടുവിട്ടു. എന്നാൽ, ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകൾ കയറിപ്പറ്റിയിരുന്നത്. അമേരിക്കയുടെ യുദ്ധോപകരണനിർമാണശാലയിലേക്കാണ് അവ കൂട്ടത്തോടെ പറന്നുചെന്നത്. വവ്വാലുകളിൽ ഘടിപ്പിച്ച ബോംബുകൾ പൊട്ടിത്തെറിക്കുന്നതിനു മുമ്പായി അവയെ പിടികൂടാനുള്ള ശ്രമം വിജയിക്കുകയും ചെയ്തില്ല. അങ്ങനെ അമേരിക്കയുടെതന്നെ പരീക്ഷണശാലകൾ വവ്വാലുകളെ ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ തകരുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. അങ്ങനെ വവ്വാൽ ബോംബ് പദ്ധതി അമേരിക്ക ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.