ആമയും മുയലും പന്തയം വെച്ച്, അഹങ്കാരം മൂത്ത് മുയൽ ഉറങ്ങിപ്പോയി ആമ ജയിച്ച കഥ കുട്ടിക്കാലം മുതലേ കേട്ടു പരിചയിച്ചതാണ്. വെള്ളത്തിലും കരയിലും ഒരേ പോലെ ജീവിക്കാൻ കഴിയുന്ന ആമകൾ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. കട്ടി കൂടിയ പുറന്തോടിനകത്തേക്ക് എളുപ്പം തലയും നാല് കാലുകളും വലിച്ചെടുത്ത് സുരക്ഷിതമാക്കാൻ കഴിയുന്ന ഈ കൂട്ടരിൽ ഇന്ന് 270 ഓളം സ്പീഷിസുകൾ ജീവിച്ചിരിപ്പുണ്ട്.
ആമകളിലെ അപൂർവ്വ കാഴ്ചയാണ് തലയിൽ പച്ചനിറത്തിലുള്ള കിരീടം ചൂടിയ ആമകൾ. മേരി റിവർ ടർട്ടിൽ എന്നാണ് ഈ ചങ്ങാതിയുടെ പേര്. ആസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ് സംസ്ഥാനത്തിന്റെ വടക്കു കിഴക്കൻ പ്രദേശത്തെ മേരി നദിയിൽ ഇവർ വസിച്ചു വരുന്നു. ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആമയാണ് മേരി ടർട്ടിലുകൾ. കറുപ്പ്, ചുവപ്പ്, ബ്രൗൺ തുടങ്ങിയ വർണങ്ങളിൽ ഇത്തരം ആമകളെ കണ്ടു വരുന്നു. പുറം തോടിൽ കാണപ്പെടുന്ന പച്ച നിറത്തിലുള്ള മുടിയാണ് ഇവയെ മറ്റുള്ള ആമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആദ്യ നോട്ടത്തിൽ ഭംഗിയുള്ള പച്ച കിരീടം ചൂടിയ ആമയെ ആണ് നമുക്ക് കാണാൻ സാധിക്കുക. പ്രത്യേക തരം ആൽഗകളാണ് ഈ പച്ച മുടിനാരുകൾ.
വെള്ളത്തിലും കരയിലും ഒരുപോലെ ശ്വസിക്കാൻ കഴിയുന്ന ഇവരുടെ ശ്വസനം നടക്കുന്നത് ജനനേന്ദ്രിയങ്ങളിലൂടെയായതിനാൽ ശ്വസിക്കാനായി പ്രത്യേകം വെള്ളത്തിനു മുകളിലേക്ക് വരേണ്ട ആവശ്യമില്ല. അൻപത് സെന്റി മീറ്ററോളം നീളം ആമകളുടെ പുറം തോടിനുണ്ടാകും. വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങൾക്കാവട്ടെ രണ്ട് മുതൽ മൂന്ന് സെന്റിമീറ്റർ വരെ നീളവുമുണ്ട്. പ്രായ പൂർത്തിയാവാൻ പെൺ ആമകൾക്ക് 25 വർഷവും ആൺ ആമകൾക്ക് 30 വർഷവും സമയമെടുക്കും. ആൺ ആമകൾ തമ്മിൽ കൂടുതൽ സമയവും ആക്രമണ സ്വഭാവം കാണിക്കാറുണ്ട്.
1960-70 കാലഘട്ടങ്ങളിൽ മേരി റിവർ ടർട്ടിലുകളെ വളർത്തു മൃഗങ്ങളെ വിൽക്കുന്ന കടകളിൽ വിൽപനക്ക് വെക്കാറുണ്ടായിരുന്നു. 40 ദശലക്ഷം വർഷത്തോളം പഴക്കമുള്ള പരിണാമ ചരിത്രമുള്ള ഇവരെ ഒരിക്കൽ സിഡ്‌നിയിലെ കടലാമ ഗവേഷകനായ ജോൺ കാനിന്റെ ശ്രദ്ധയിൽപ്പെടുകയും അവയുടെ ഉറവിടം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. 20 വർഷമാണ് അദ്ദേഹം അതിനായി ചെലവഴിച്ചത്. അവസാനം അദ്ദേഹത്തിന്റെ അന്വേഷണം മേരി നദിയിൽ ചെന്നെത്തുകയും ചെയ്തു. ശാസ്ത്രലോകം ഇന്ന് ഏറെ പ്രാധാന്യം നൽകുന്ന മേരി ടർട്ടിലുകൾ ആസ്‌ട്രേലിയയിലെ വെസ്േറ്റൺ സ്വാംപ് കടലാമക്ക് ശേഷം വംശനാശ ഭീഷണി നേരിടുന്ന രണ്ടാമത്തെ ആമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.