നമ്മുടെ ജീവിതത്തിൽ, ആഹാരത്തിൽ, സംസ്കാരത്തിൽ, കാലാവസ്ഥയിൽ തുടങ്ങി നിരവധി കാര്യങ്ങളിൽ കുന്നുകൾക്കും പർവതങ്ങൾക്കും വലിയ പങ്കുണ്ട്. കേരളത്തെ ഇത്രയേറെ സുന്ദരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് കിഴക്ക്​ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമാണെന്ന് കൂട്ടുകാർക്കറിയാമല്ലോ. ചുറ്റോടു ചുറ്റും ഉയർന്നും താഴ്ന്നും കിടക്കുന്ന മലനിരകൾ അത്രയേറെ ഭംഗിയുള്ളതാണ്.

ചൈനയിലെ സുവോക്‌സി താഴ്വരയോട് ചേർന്നുകിടക്കുന്ന ഹുനാൻ പ്രവിശ്യയിലെ ഷാങ്‌ജിയാജി(Zhangjiajie)യിൽ ആരിലും കൗതുകമുണർത്തുന്ന മലനിരകൾ സ്ഥിതി ചെയ്യുന്നുണ്ട്. ടിയാൻസി(Tianzi) എന്ന പേരിലാണവയറിയപ്പെടുന്നത്. അവതാർ സിനിമയിലെ ഹല്ലേലൂയ കുന്നുകൾ കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ? വായുവിലേക്കുയർന്നുപൊങ്ങി മൂടൽമഞ്ഞിൽ പാറിനിന്ന ആ കുന്നുകൾക്ക് പ്രചോദനമായത് ടിയാൻസി പർവതങ്ങളാണ്.

പർവതം എന്നറിയപ്പെടുന്നുണ്ടെങ്കിലും മാനംമുട്ടെ ഉയരത്തിൽ സ്തൂപങ്ങൾ കണക്കെ നിരന്നുനിൽക്കുന്ന പാറക്കൂട്ടങ്ങളാണ് ഇവിടത്തെ കൗതുകമുള്ള കാഴ്‌ച. നോക്കെത്താ ദൂരത്തോളം നിറഞ്ഞുകിടക്കുന്ന മൂവായിരത്തോളം സൂചിമലകൾ 12000 ഏക്കറിലായി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4142 അടി (1262 മീറ്റർ ) ഉയരത്തിലാണ് ഇവിടത്തെ പ്രധാന കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഒന്നിനു പിറകെ ഒന്നായി ഉയർന്നുനിൽക്കുന്ന പർവതങ്ങളുടെ ഈ കൂട്ടം സന്ദർശകരിൽ ആശ്ചര്യമുളവാക്കുന്നു.

മഞ്ഞുകാലത്ത് ഇവയെല്ലാംതന്നെ കോടമഞ്ഞിൽ മൂടുമ്പോൾ അവതാർ കുന്നുകളെ ഓർമിപ്പിക്കും വിധം അണിഞ്ഞൊരുങ്ങി നിൽക്കുന്നു. 300 ദശലക്ഷത്തിലധികം വർഷത്തെ അവസാദശിലയിൽ നിന്നുള്ള മണ്ണൊലിപ്പി​െൻറ ഫലമായി രൂപം കൊണ്ട ഈ പർവതനിരകൾ മുൻകാലത്ത് ഒരു സമുദ്രമായിരുന്നു എന്ന ഗവേഷകരുടെ കണ്ടെത്തലാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ഇരുപത്തിയഞ്ച് മൈലുകളോളം വ്യാപിച്ചുകിടക്കുന്ന ഇവിടത്തെ പർവതനിരകൾ ജലപ്രവാഹത്തി​െൻറയും മണ്ണൊലിപ്പി​െൻറയും സവിശേഷതകൊണ്ട് രൂപത്തിലും ഉയരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ചൈനയിലെ നാഷനൽ ഫോറസ്​റ്റ്​ സർവിസ് പരിപാലിച്ചുവരുന്ന ടിയാൻസി പർവതം സിയാങ് ഡാകുൻ എന്ന കർഷകനിൽ നിന്നാണ് ആ പേര് സ്വീകരിച്ചത്. തുജിയ ഗോത്രവിഭാഗത്തിൽപെട്ട അദ്ദേഹം ചൈനയിലെ ഭരണവർഗത്തിനെതിരെ പോരാടുകയും പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുകയും ടിയാൻസി (സ്വർഗപുത്രൻ) എന്ന പേര് സ്വയം സ്വീകരിക്കുകയും ചെയ്തിരുന്നു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട ഇവിടത്തെ

പർവതനിരകളിലെ വ്യൂ പോയൻറുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മിനിബസുകൾ സർവിസ് നടത്തുന്നുണ്ട്. മുകളിലേക്കും താഴേക്കും ഷട്ടിൽ സർവിസുകൾ നടത്തുന്ന ബസുകളാണിവ. മുകളിലേക്കുള്ള എൻട്രി ടിക്കറ്റെടുത്താൽ അതുപയോഗിച്ച് മൂന്നു ദിവസം യാത്ര ചെയ്യാവുന്നതാണ്. ഷാങ്‌ജിയാജി പട്ടണത്തിൽനിന്ന്​ ബസോ ടാക്സിയോ പിടിച്ചുവേണം ഇവിടേക്കെത്താൻ. ഒരു മണിക്കൂറാണ് യാത്രദൈർഘ്യം. ബസിലാണെങ്കിൽ ഏകദേശം പതിനഞ്ച് യുവാനും ടാക്സിയിലാണെങ്കിൽ നൂറ് യുവാനും നൽകണം.

Tags:    
News Summary - do you know where is the avatar mountains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.